Slider

കോങ്കണ്ണ്

0

കോങ്കണ്ണ്
👀 👀 👀 👀
വിവാഹശേഷം ആദ്യമായി ബന്ധുവീട്ടിൽ പോകുന്ന ചടങ്ങിന് അനിയേട്ടനേം കൂട്ടി പോകണമെന്ന് പറഞ്ഞപ്പോൾ ദേഷ്യം വന്നതാ. എന്റെ മനസ്സറിഞ്ഞ പോലെ, അനിയേട്ടൻ തന്നെ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ആശ്വാസമായി
അയൽപക്കകാരും ബന്ധുക്കളുമായി എത്ര ആളുകൾ ഉണ്ടാകും. അനിയേട്ടന്റെ നോട്ടങ്ങൾക്കുള്ള അവരുടെയൊക്കെ ചോദ്യങ്ങൾക്കും ചിരികൾക്കും മുന്നിൽ ഒന്നുമല്ലാതായി പോകുന്നത് ഞാനല്ലേ
"നിന്റെ മുറ ചെറുക്കന്റെ നോട്ടം ശരിയല്ലല്ലോ പെണ്ണെ'' എന്ന കമൻറുകളിൽ പകച്ചുപോയപ്പോഴൊക്കെ വെറുത്തു തുടങ്ങിയതാ ആ നോട്ടം
വല്യപ്പച്ചിയുടെ മരണശേഷം പന്ത്രണ്ട് വയസ്സുള്ളപ്പോൾ അച്ഛൻ അനിയേട്ടനെ കൊണ്ടുവന്നതാ. പഠിയ്ക്കാൻ മിടുക്കനായതു കൊണ്ട് പഠിച്ച് അടുത്തുള്ള ടൂട്ടോറിയൽ കോളേജിൽ അധ്യാപകനുമായി
അച്ഛന്റെ മരണശേഷം അമ്മക്ക് താങ്ങും തണലുമായതിനാൽ എന്നെ അനിയേട്ടനെ കൊണ്ട് കല്ലാണം കഴിപ്പിക്കണമെന്ന് അമ്മ നിർബന്ധിച്ചപ്പോൾ എതിർത്തതും ആ നോട്ടം ശരിയല്ലാത്തത് കൊണ്ടായിരുന്നു.
അങ്ങിനെ എന്റെ വിവാഹവും ചടങ്ങുകളും ഓരോന്നായി കഴിഞ്ഞു.ബിസിനസ്സുകാരനായ ഭർത്താവിന് ഒന്നിനും സമയമില്ലാതായപ്പോൾ എല്ലാ കാര്യങ്ങൾക്കും അനിയേട്ടനെ തന്നെ ആശ്രയിക്കേണ്ടതായി വന്നു.
ഭർത്താവിന്റെ ബിസിനസ്സ് സാമ്രാജ്യം അന്യരാജ്യങ്ങളിലേക്കും പടർന്നു പന്തലിച്ചു.
മീറ്റിംങുകൾക്കും യാത്രകൾക്കുമിടയിൽ ഞാൻ എന്നത് ഒരു നിശബ്ദ സത്യമായി അവശേഷിച്ചു.
ഒരു കുരുന്നു മോഹം എന്റെ മനസ്സിൽ മാത്രമായി വളർന്നുതുടങ്ങിയിരുന്നു. ഡോക്ടറെ കാണിച്ചുവോ എന്നുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം പറയാനാവാതെ എത്ര വർഷങ്ങൾ
ഒറ്റപ്പെടലിന്റെ വേദന ഞാൻ ശരിക്കും അനുഭവിച്ചു തുടങ്ങി. അപശകുനമെന്നുള്ള പിറുപിറുക്കലുകൾ കേൾക്കാനാവാതെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോഴാണ് എന്നിലേക്ക് നീളുന്ന ഒറ്റ കണ്ണിന്റെ സാമീപ്യം ഞാൻ കൊതിച്ചു തുടങ്ങിയത്
വിയർപ്പുരുണ്ട ചുരുട്ടിപ്പിടിച്ച കൈയിലെ മിഠായിയുടെ മധുരം ഞാൻ അറിഞ്ഞു. മഴയിലേക്ക് ഓടിയിറങ്ങുമ്പോൾ ചേർത്തണയ്ക്കുന്ന ആ ശക്തിയും , നനഞ്ഞൊഴുകുമ്പോൾ ഉടലളവുകൾ തേടാതെ എന്റെ കണ്ണിലേക്ക് ഊർന്നിറങ്ങുന്ന ആ ഒറ്റ കണ്ണിലെ പ്രണയകാവ്യവും തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് ബാല്യത്തിലേക്കും കൗമാരത്തിലേക്കും തിരിച്ചെത്തുവാൻ കൊതിച്ച നിമിഷങ്ങളായിരുന്നു
"മോളെ , നിന്നെ കൊണ്ടുവരാൻ അനിമോൻ വരുന്നുണ്ട് "
കേൾക്കേണ്ട താമസം. എന്തൊക്കെയോ മനസ്സിലുറപ്പിച്ച പോലെ തയ്യാറായി നിന്നു. കണ്ണിലെ കൺമഷിക്ക് കറുപ്പു കുറഞ്ഞുവോ.. നെറ്റിയിലെ പൊട്ടുകൾ മാറ്റി മാറ്റി വെച്ചിട്ടും തൃപ്തിവരാതെ ഞാനും.
ആരെ കാണിക്കാനാ എന്ന് കണ്ണാടിയെന്നെ കളിയാക്കി തുടങ്ങിയപ്പോൾ നാണം കൊണ്ട് മുഖം ചുവക്കുന്നതും ഞാനറിഞ്ഞു.
ഉമ്മറത്ത് അനിയേട്ടന്റെ ശബ്ദം കേട്ടപ്പോഴേക്കും പതിവില്ലാതെ ഒരു ഹൃദയതാളം കേട്ടു തുടങ്ങി
തല ഉയർത്താതെ പുറത്തെത്തിയപ്പോൾ "എന്തു പറ്റി നിനക്ക് " എന്ന ചോദ്യം എന്നെ ഉണർത്തി
എന്നും നോക്കാനറച്ചിരുന്ന ആ കണ്ണിലേക്ക് എന്റെ കണ്ണുകൾ തേടിയെത്തിയപ്പോഴേയ്ക്കും എന്നിലേക്ക് നീട്ടി പിടിച്ച ഒരു ഫോട്ടോയിലായിരുന്നു അനിയേട്ടന്റെ കണ്ണുകൾ
"എന്റെ സ്കൂളിലെ ടീച്ചറാണ്. ഈ മാസം തന്നെ നടത്തണമെന്നാ... അമ്മ നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു "
ജീവിത യാഥാർത്ഥ്യങ്ങളിൽ തിരിച്ചറിവ് നഷ്ടപ്പെട്ട കലണ്ടറുകൾ പിന്നെയും മാറി മറഞ്ഞു.
യാന്ത്രിക ജീവിതത്തിന്റെ ഈ ഇരുളടഞ്ഞ ഒറ്റമുറിയിൽ ആ വികലമായ എന്റെ കാഴ്ചപ്പാട് തിരുത്താനാകാതെ ഞാനും

Mini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo