# കനവുകൾക്കുമപ്പുറം #
നിലാവുള്ള ആ രാത്രിയിൽ കടൽത്തീരത്ത് കൂടി ഹരിയോടൊപ്പം അവൾ നടന്നു.. അവൾ പറയുന്നതൊക്കെയും ഹരി സാകൂതം കേട്ടുകൊണ്ടിരുന്നു.. ആ നനുത്ത കാറ്റിൽ പറക്കുന്ന മുടിയിഴകൾ കോതിയൊതുക്കിക്കൊണ്ട് അവൾ കരയിലേക്ക് അടുക്കുന്ന വെള്ളിത്തിരമാലകളെ നോക്കി നിന്നു.. ഹരി ആ പൊടി മണലിൽ കൈകൾ രണ്ടും തലയ്ക്ക് പിന്നിൽ വച്ച് കണ്ണു ചിമ്മുന്ന നക്ഷത്രങ്ങളെ നോക്കിക്കിടന്നു.. അവനരികിലായി അവളും വന്നിരുന്നു.. കുറച്ച് നേരത്തേക്ക് അവർക്കിടയിലേക്ക് മൗനം കടന്നു വന്നു.. അതിനെ ഭഞ്ജിച്ചു കൊണ്ട് അവൾ പറഞ്ഞു. "വെള്ളി നിലാവ് പൊഴിച്ചു നിൽക്കുന്ന അമ്പിളിയോട് എനിക്ക് ഒറ്റക്കാലിൽ പാദസരം തീർക്കാൻ ഒരു ചീന്ത് ചോദിക്കണം. ഇന്ന് നമ്മളെ തഴുകിത്തലോടുന്ന നനുത്ത കാറ്റിനോട് ഈ കുളിരും സുഖമാണെന്ന് പറയണം ". ഹരി അത്ഭുതത്തോടെ അവളെ നോക്കി.. അവൾ നിലാവു പോലെ പുഞ്ചിരിച്ചു...
-------------------------------------
അവൾ കൃഷ്ണ. ജീവിതയാത്രയ്ക്കിടയിലാണ് അവൾ ഹരിയെ കണ്ടുമുട്ടുന്നത് .. ഒരിക്കൽ ഒരു നഗരത്തിലെ പ്രശസ്തമായ ഒരു ഐ ടി കമ്പനിയിൽ ഇന്റർവ്യൂ ന് പോയപ്പോൾ കണ്ടുമുട്ടിയതാണ് അവർ... സൗഹൃദ സംഭാഷണത്തിനിടയിൽ പരസ്പരം പരിചയപ്പെടുകയും ജോലി സംബന്ധമായ കാര്യങ്ങൾ അറിയാൻ നമ്പർ കൈമാറുകയും ചെയ്തിരുന്നു.. അന്നേ ദിവസം അവർ പിരിഞ്ഞെങ്കിലും ഒരാഴ്ച്ചയ്ക്ക് ശേഷം ഹരി അവളെ വിളിച്ചു.. പങ്കെടുത്ത ഇന്റർവ്യൂവിൽ അവന് സെലക്ഷൻ കിട്ടിയെന്നും രണ്ടു ദിവസത്തിന് ശേഷം അവൻ ജോലിക്ക് ജോയിൻ ചെയ്യുമെന്നും പറയുവാനായിരുന്നു അത്.. അന്നത്തെ ഇന്റർവ്യൂവിൽ താനും സെലക്ട് ചെയ്യപ്പെട്ടന്നും രണ്ടു ദിവസത്തിനുള്ളിൽ താനും ജോലിക്ക് ജോയിൻ ചെയ്യുമെന്നും അവളും അറിയിച്ചു.. രണ്ടു ദിവസത്തിനു ശേഷം ജോലി സ്ഥലത്ത് കാണാമെന്ന് പറഞ്ഞ് ഹരി ഫോൺ വച്ചു..
രണ്ടു ദിവസത്തിന് ശേഷം കൃഷ്ണ ജോലിക്ക് ജോയിൻ ചെയ്തു. അതേ ബിൽഡിംങ്ങിൽ രണ്ടാമത്തെ നിലയിലായിരുന്നു ഹരിയുടെ ഓഫീസ് . അഞ്ചു മണിക്ക് അവൾ ഓഫീസ് വിട്ടിറങ്ങുമ്പോൾ ഹരി പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു .. അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു..
''ജോലി കിട്ടിയ ചിലവൊന്നും ഇല്ലേ "? അവൻ അവളോട് ചോദിച്ചു..
"ചിലവ് ഉണ്ട്.. എന്റെ ആദ്യ സാലറി കിട്ടുമ്പോഴേക്കും എന്റെ വക ചിലവ് . ഇന്ന് ഹരിയുടെ ചിലവ് . അതു കൊണ്ട് വാ നമുക്ക് ഒരു കോഫി കുടിക്കാം ..'' അവൾ പറഞ്ഞു ..
രണ്ടു പേരും അടുത്ത കോഫി ഷോപ്പിൽ കയറി കോഫിക്ക് ഓർഡർ ചെയ്തതിന് ശേഷം അവിടെ ടേബിളിനോട് ചേർന്ന കസേരയിൽ ഇരുന്നു.
ജോലിക്ക് ജോയിൻ ചെയ്ത ആദ്യത്തെ ദിവസത്തെ കുറിച്ചും ജോലിയുടെ സ്വഭാവത്തെക്കുറിച്ചും ഹരി അവളോട് ചോദിച്ചു. ആദ്യ ദിവസമായതുകൊണ്ടും ആരേയും പരിചയമാകാത്തതു കൊണ്ടും മാത്രമേ ബുദ്ധിമുട്ടുള്ളൂ എന്ന് അവളും പറഞ്ഞു. സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തെ ജില്ലയിൽ നിന്ന് വന്ന താൻ ഇവിടെ ഒരു ബന്ധുവിന്റെ വീട്ടിലാണ് താമസമെന്ന് ഹരി അവളെ അറിയിച്ചു. താനിവിടെ അടുത്ത് തന്നെയാണെന്നും വീട്ടിലുള്ളവരെ കുറിച്ചും കൃഷ്ണ പറഞ്ഞു.. അതിനടയിൽ എത്തിയ കോഫി കുടിച്ചു കൊണ്ട് കുറച്ച് കാര്യ കൂടി സംസരിച്ചത് ശേഷം അവർ യാത്ര പറഞ്ഞിറങ്ങി..
പിന്നീടുള്ള ഓരോ ദിവസങ്ങളിലും അവർ കൂടുതൽ കൂടുതൽ അടുത്തു ..പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. ആകർഷകമായ മുഖവും, ഹരിയുടെ സൗമ്യതയുള്ള പെരുമാറ്റവും ,സംസാരവും ഓഫീസിലെ മറ്റുള്ളവരെക്കാൾ അവളെ ആകർഷിച്ചു.ഹരിയുടെ ചെറുപ്പകാലത്തെ കുറിച്ചും അമ്മയെയും അച്ഛനെയും സഹോദങ്ങളെയും പറ്റി അവളോട് പറഞ്ഞു .. ജീവിതത്തിൽ നേരിടേണ്ടി വന്ന കാര്യങ്ങളെ പറ്റി.. സ്കൂൾ ജീവിതത്തെ പറ്റി.. കൂട്ടുകാരെ പറ്റി..പഠിക്കുന്ന കാലത്ത് ഒപ്പം നിൽക്കേണ്ട കൂട്ടുകാർ അവന്റെ ഇല്ലായ്മ കണ്ട് മനപ്പൂർവ്വം അകറ്റി നിർത്തിയത് പറയുമ്പോൾ ഹരിയുടെ മനസിലെ വിങ്ങൽ അവൾക്ക് കാണാമായിരുന്നു. ഇന്ന് അവർക്കൊക്കെയും ഒരു പടിമേലെയാണ് താന്നെന്ന് പറയുമ്പോൾ അവന്റെ കണ്ണുകളിൽ ആത്മവിശ്വാസം തുടിച്ചിരുന്നു..
ജീവിതത്തിലെ സൗഭാഗ്യങ്ങൾ എല്ലാം നഷ്ടപ്പെട്ട് ... ഒന്നുമില്ലായ്മയെ ധൈര്യത്തോടെ നേരിട്ട ആ നിമിഷത്തെപ്പറ്റി .. ആസ്വദിച്ചു നടക്കേണ്ട കൗമാരയ്യവനങ്ങൾ കുടുംബത്തിന് വേണ്ടി മറന്നതിനെ പറ്റി .. ഇതൊന്നും പറയുമ്പോഴും അവന്റെ വാക്കുകളിൽ നിരാശയോ ദുഃഖമോ ഒന്നുമില്ലായിരുന്നു .. ആത്മവിശാസവും അഭിമാനവും അവന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു.. "അന്നത്തെ ഒന്നുമില്ലായ്മയാണ് എന്റെ ജീവിതത്തിൽ എല്ലാം നേടിത്തത്തന്നത് .. അന്നങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞാനിന്ന് ഒന്നുമാകില്ലായിരുന്നു "എന്ന് ഹരി പറയുമ്പോൾ ആ വാക്കുകളിലെ ഊർജ്ജം അവളിലേക്ക് കൂടി പകർന്നു കിട്ടിയിരുന്നു .. അച്ഛനെ കുറിച്ച് ..അമ്മയെ കുറിച്ച്...സഹോദരിയെ കുറച്ച് .. പിന്നെ അവന്റെ ദേവിയെ കുറിച്ച്..അവളെ പറ്റി പറയുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങിയുരുന്നു .. തന്റെ മോശം അവസ്ഥയിലും തന്നെ വിട്ടു പോകാതെ ഇന്നും തനിക്ക് വേണ്ടി മാത്രം കാത്തിരിക്കുന്ന അവളെ പറ്റി പറയുമ്പോൾ അവളോട് ഉള്ള അഗാധമായ സ്നേഹം അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞു ..
അവൾക്കുമുണ്ടായിരുന്നു പറയാൻ.. സാധാരണ ഒരു കുടുംബത്തിലെ മൂത്ത മകൾ.. തനിക്ക് താഴെ ഒരു അനിയനും അനിയത്തിയും .. അച്ഛൻ അമ്മ.. പഠിച്ചു ജോലി വാങ്ങണം സ്വന്തം കാലിൽ നിൽക്കണം എന്നായിരുന്നു ആഗ്രഹം. തന്നെ നല്ല സുഹൃത്തായി കാണുന്ന, എല്ലാം തുറന്ന് പറയാൻ കഴിയുന്ന, മനസ്സിനിണങ്ങിയ ഒരാളെ വിവാഹം കഴിക്കണം .. അതൊക്കെ മാത്രമായിരുന്നു കൃഷ്ണയുടെ ആഗ്രഹങ്ങൾ ..
അങ്ങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും തമാശകളുമൊക്കെയായി അവരുടെ ദിവസങ്ങൾ കടന്നു പോയി.. ഇതിനിടെ അവളെപ്പോഴോ ഹരിയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ..
അങ്ങനെ ഒരു ദിവസം സംസാരത്തിനിടയിൽ ഹരിയോട് കൃഷ്ണ ചോദിച്ചൂ.. ഞാനൊന്നു ചോദിച്ചാൽ ഹരി പിണങ്ങുമോ?
അവൻ ചോദ്യരൂപേണ അവളെ നോക്കി..
"എനിക്കൊന്ന് പ്രണയിക്കണം ..ഞാൻ ഹരിയെ പ്രണയിച്ചോട്ടെ? "
"എനിക്കൊന്ന് പ്രണയിക്കണം ..ഞാൻ ഹരിയെ പ്രണയിച്ചോട്ടെ? "
അവൻ ഒരു നിമിഷം അന്തം വിട്ട് അവളെ നോക്കി..
"കടൽ കാണാത്ത പെൺകുട്ടിയിലെ അന്നയെ പോലെ .. ഉപാധികളൊന്നുമില്ലാതെ... ഒരു കരാർ അടിസ്ഥാനത്തിൽ ".. അവൾ തുടർന്നു ..
ഹരി ഒന്നു പുഞ്ചിരിച്ചു.. " ശരി കേൾക്കട്ടെ എന്തൊക്കെയാണ് നിന്റെ കരാറുകൾ "
ഒന്നിനും നിർബന്ധിക്കരുത്.. അവരോട് മിണ്ടരുത് ഇവരോട് മിണ്ടരുത് എന്നൊന്നും പറയരുത്. എപ്പോഴും നിന്നെ മാത്രം വിചാരിച്ചിരിക്കണം എന്ന് പറയരുത്. എന്നും കൃത്യസമയത്ത് ഫോൺ ചെയ്യാൻ പറയരുത്. ഉമ്മ തരുമോ എന്ന് ചോദിക്കരുത്.. പിന്നെ സാൾട്ട് ആന്റ് പെപ്പർ സിനിമയിലെ പോലെ .. "ഹലോ മോളെ ഇന്ന് ഏത് ഡ്രസ്സാ ഇട്ടിരിക്കുന്നേ" എന്നൊന്നും ചോദിക്കരുത്... പിന്നെ ഏറ്റവും പ്രധാനം മുഖപുസ്തകത്തിന്റെ പാസ്സ് വേഡും ചോദിക്കരുത്.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞ് നിർത്തി...
ഇതെല്ലാം കേട്ട് .. "ഇതിലും ഭേദം ഞാൻ ഒരു സർവ്വേ കല്ലിനെ പ്രണയിക്കുന്നതാണ് നല്ലത് " എന്ന ഹരിയുടെ മറുപടി കേട്ട് അവൾ പൊട്ടിച്ചിരിച്ചു.. ചിരിക്കുന്ന അവളെ നോക്കിയിട്ട് എന്തോ പറയാൻ വന്ന ഹരിയെ അവൾ തടഞ്ഞു..
"ഹരി.. എനിക്കറിയാം നീയെന്താണ് പറയുക എന്ന് ..നിനക്ക് നിന്റെ ദേവിയെ അല്ലാതെ മറ്റാരെയും പ്രണയിക്കാൻ കഴിയില്ല.. അത് ഞാൻ മനസ്സിലാക്കുന്നു .. പിന്നെ ഒരിക്കലും അന്നയെ പോലെ ആവാൻ എനിക്കും ഒരിക്കലും കഴിയില്ല.. "
നീ പറഞ്ഞത് ശരിയാണ് കൃഷ്ണേ.. എനിക്ക് എന്റെ ദേവിയെ അല്ലാതെ മറ്റാരെയും പ്രണയിക്കാൻ കഴിയില്ല.. നീ അന്നയെ പോലെ ആണെങ്കിലും എനിക്കൊരിക്കലും അതിന് കഴിയില്ല. കാരണം സ്നേഹത്തിന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥനാണ്..എല്ലാവരേയും പോലെ ..
"ശരിയാണ് ഹരി.. എനിക്കും ഒരിക്കലും അന്നയാകാൻ കഴിയില്ല.. അതുപോലെ ചിന്തിക്കാനും പ്രണയിക്കാനും അന്നയ്ക്ക് മാത്രമേ കഴിയൂ..അന്നയെ പോലെ അന്ന മാത്രം .. എന്നോ എപ്പോഴോ തന്റെ സ്വാർത്ഥത കൊണ്ടും പിടിവാശികൾ കൊണ്ടും നഷ്ടപ്പെട്ടു പോയ കുറെ നല്ല നിമിഷങ്ങളെപ്പറ്റി അവർ വൃഥാ ചിന്തിച്ചു നെടുവീർപ്പിട്ടു .. എന്നിട്ടു പറഞ്ഞു ..
"എങ്കിൽ ശരി പ്രണയം വേണ്ട .. എന്നും നമുക്ക് നല്ല സുഹൃത്തുക്കളായിരിക്കാം."
അവളുടെ കണ്ണുകളിലെ ഭാവം കണ്ടിട്ടാണോ എന്തോ ഹരി പറഞ്ഞു.. " "ഇല്ല കൃഷ്ണ ഒരിക്കലും കഴിയില്ല.. ഒരു സ്ത്രീക്കും പുരുഷനും എല്ലാ കാലവും നല്ല സുഹൃത്തുക്കളായിരിക്കാൻ കഴിയില്ല.. എപ്പോഴെങ്കിലും ചിന്തകൾ വഴി മാറും. വികാരങ്ങൾക്ക് അടിമപ്പെടും."
അത് കേട്ട് കുറച്ച് നേരം നിശബ്ദമായി എന്തോ ചിന്തിച്ചിട്ട് അവൾ പറഞ്ഞു. "അത് കാലം തെളിയിക്കട്ടെ.." അതു പറയുമ്പോൾ അവളുടെ ഭാവം മറ്റൊന്നായിരുന്നു എന്നത് അവൻ ശ്രദ്ധിച്ചു.
ഋതുഭേദങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി .. ദിവസങ്ങൾ കഴിയുന്തോറും ആ സൗഹൃദത്തിന് ആഴം കൂടി വന്നു.. ഹരി എപ്പോഴും നല്ല സുഹൃത്തായും എട്ടനായും ചില സമയങ്ങളിൽ തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന ഗുരുവായും അവളുടെ കൂടെ നിന്നു.. മറ്റെന്തിനേക്കാളും അവൾ ആ സൗഹൃദം ഇഷ്ടപ്പെട്ടിരുന്നു..
അന്നൊരു വൈകുന്നേരം അവൾ ഹരിയെ കണ്ടുമുട്ടുമ്പോൾ അവൻ വളരെ സന്തോഷത്തിലായിരുന്നു .. മുൻപ് പങ്കെടുത്ത ഇന്റർവ്യൂ യിൽ താൻ സെലക്ടായി എന്നും ഒരു അമേരിക്കൻ ഐടി കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചുവെന്നും അവൻ അവളോട് പറഞ്ഞു. അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.. അടുത്ത ആഴ്ച്ച തന്നെ ജോലിക്ക് ജോയിൻ ചെയ്യണം...തന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകാൻ പോകുന്നു .. അച്ഛന്റെ സ്ഥാനത്ത് നിന്ന് അനിയത്തിയുടെ വിവാഹം നടത്തണം .. നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കണം. അവസാനം ആഗ്രഹിച്ചവളെ സ്വന്തമാക്കണം.. അവന്റെ സന്തോഷത്തിൽ അവളും പങ്കു ചേർന്നു..
ഒരു മേശയ്ക്കിരുവശവും ഇരുന്ന് ഓരോ ഐസ്ക്രീമും കഴിച്ച് ആ സന്തോഷം പങ്കിടുമ്പോൾ അവൾ അവനോട് ചോദിച്ചു.. "ഹരി .. നിന്നെ എനിക്ക് ഇഷ്ടമാണെന്ന് നിനക്ക് അറിയാം. ഞാൻ മുൻപ് പലരെയും കണ്ടിട്ടുണ്ട് .. ഒരു നേരമ്പോക്കിന് വേണ്ടിയും കാര്യസാധ്യത്തിന് വേണ്ടിയും സ്ത്രീകളെ സമീപിക്കുന്നവരെ .. കാര്യം കഴിഞ്ഞ് ഉപേക്ഷിക്കുന്നവരെ .. പക്ഷെ നീ ഞാൻ പ്രണയിക്കട്ടെ എന്ന് ചോദിച്ചിട്ടു പോലും.. നിനക്ക് വേണമെങ്കിൽ എന്നെ പറ്റിച്ചിട്ട് പോകാമായിരുന്നു .. പക്ഷെ നീ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല .. "
അവൻ ഒരു നിമിഷം ചിന്തിച്ചു .. എന്നിട്ട് പറഞ്ഞു ..
" കൃഷ്ണേ..ഇല്ലായ്മയിലും എന്റെ അച്ഛൻ പഠിപ്പിച്ച ചില നല്ല കാര്യങ്ങൾ ഉണ്ട്.. മനുഷ്യരെ മനുഷ്യരായി കാണാനും.. മറ്റുള്ളവരോട് നന്നായി ഇടപഴകാനും ..എനിക്കും അമ്മയും അനുജത്തി ഉള്ളതുകൊണ്ട് മറ്റു സ്ത്രീകളെ ബഹുമാനിക്കുവാനും .. പിന്നെ ചിലത് .. അത് പൈതൃകമായി കിട്ടിയ ചില നന്മകൾ അത് നമ്മുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ടാകും .. ഒരിക്കലും നമ്മളെ വിട്ട് പോകാത്ത നല്ല ഗുണങ്ങൾ..അതെല്ലാം മറന്ന് ഞാനെന്തെങ്കിലും തെറ്റ് ചെയ്താൽ എന്റെ അച്ഛൻ പഠിപ്പിച്ച മൂല്യങ്ങളോട് .. എന്റെ അച്ഛന്റെ ആത്മാവിനോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും .."
അതു കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ..ഹരിയെ തന്റെ ഏറ്റവും നല്ല സുഹൃത്തായി കിട്ടിയതിൽ അവൾക്ക് അഭിമാനം തോന്നി ..
------------------------------------------------------------
നാളെ രാവിലെ ഹരിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകണം.. വീട്ടിൽ ചെന്ന് മൂന്നാല് ദിവസങ്ങൾക്ക് ശേഷം അമേരിക്കയിലേക്ക് .. അതിന് മുൻപ് അവസാനമായി ഒന്നു കാണുവാൻ വേണ്ടിയാണ് ഹരിയോട് അവൾ കടൽത്തീരത്ത് വരാൻ പറഞ്ഞത് .. കരയെ പുൽകി മടങ്ങിപ്പോകാൻ വരുന്ന തിരമാലകളെ നോക്കിയിരിക്കുന്ന കൃഷ്ണയോട് ഹരി പറഞ്ഞു.. "നേരം ഒരുപാടായി നമുക്ക് പോകാം.. " ആ നനഞ്ഞ മണലിൽ നിന്ന് എഴുന്നേറ്റ് അവർ നടന്നു. കൃഷ്ണ ഒരക്ഷരം സംസാരിച്ചില്ല..
കൃഷ്ണേ.. നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു. എന്താണ് എന്ന ഭാവത്തിൽ അവൾ അവനെ നോക്കി.. അന്ന് ആദ്യമായി അവളുടെ രണ്ടു കൈകളും ചേർത്തു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.
"അന്ന് നീയെന്നോട് പറഞ്ഞു .. നമുക്ക് നല്ല സുഹൃത്തുക്കളാകാം എന്ന് .. അന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നു ഒരിക്കലും സ്ത്രീക്കും പുരുഷനും നല്ല സുഹൃത്തുക്കളാകാൻ കഴിയില്ല എന്ന് .. ഒരു സ്ത്രീയുടെ പ്രണയം നിറഞ്ഞ നോട്ടമോ..വാക്കുകളോ സ്പർശനമോ മതി ഒരു പുരുഷനെ വികാരാധീനനാക്കാൻ.. സാഹചര്യങ്ങൾ ഉണ്ടായിട്ടും നീയങ്ങനെ പെരുമാറിയില്ല .. ഒരുപാട് ഇഷ്ടമുണ്ടായിട്ടും നീയൊരിക്കലും എന്നോടുള്ള നിന്റെ ഇഷ്ടം പുറത്ത് കാണിച്ചില്ല. നീയെന്നെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കി.. നീയെനിക്ക് തെളിയിച്ചു തന്നു.. ഒരു സ്ത്രീക്കും പുരുഷനും എന്നും നല്ല സുഹൃത്തുക്കളായിരിക്കാം എന്ന സത്യം.. എന്നും എപ്പോഴും നീയെന്റെ നല്ല കൂട്ടുകാരി ആയിരിക്കും. ഞാൻ ലോകത്തിന്റെ ഏതു കോണിൽ പോയാലും എന്റെ വിശേഷങ്ങൾ ഞാനും നിന്റെ വിശേഷങ്ങൾ നീയും പങ്കുവയ്ക്കും .. അതു കൊണ്ട് ഈ വേർപിരിയൽ ഓർക്കുമ്പോൾ നീ സങ്കടപ്പെടരുത്.. ഇത് താല്ക്കാലികം മാത്രമാണ്.. നമ്മൾ തമ്മിലുള്ള അകലം കൂടിയാലും മനസ്സുകൾ തമ്മിലുള്ള അകലം കൂടില്ല. "
അവൾ പുഞ്ചിരിയോടെ തലയാട്ടി..
"എന്നാൽ വാ നമുക്ക് പോകാം."
അവളുടെ കൈവിട്ട് അവൻ മെല്ലെ നടന്നു.. തന്നിൽ നടന്നകലുന്ന തന്റെ പ്രിയ സൗഹൃദത്തെ നോക്കി അവൾ ഒരു നിമിഷം നിന്നു.. സ്വാന്തനിപ്പിക്കാനെന്ന പോലെ ഒരു കുഞ്ഞിളം കാറ്റ് അവളെ തഴുകി തലോടി കടന്നു പോയി... അപ്പോഴും അങ്ങാകാശത്ത് താരകക്കുഞ്ഞുങ്ങൾ ആ അപൂർവ്വ സൗഹൃദത്തെ നോക്കി കണ്ണു ചിമ്മുന്നുണ്ടായിരുന്നു .. കരയെ ചുംബിക്കാനെത്തിയ ആ വെള്ളിത്തിരമാലകൾ അവളുടെ ഒറ്റക്കാലിലെ പാദസരത്തിൽ വന്ന് ചുംബിച്ച് മടങ്ങിപ്പോയ്ക്കൊണ്ടിരുന്നു ..
ചിത്രദീപ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക