Slider

വേർപ്പിരിയാം.(കവിത)

0
വേർപ്പിരിയാം.(കവിത)
****************
വേർപ്പിരിയാം നമുക്കിനി സഖീ.
തനിച്ചായ്ഗമിക്കാം ഇരു പാതകളിലൂടെയായ്.
പരാതികളൊന്നും പറയാതെ
പിന്നിട്ട ജീവിതം മെല്ലെ മറക്കാം.
അണച്ചാലിംഗനം ചെയ്ത
കൈകൾ വിടർത്താം.
ചുറ്റി പിണഞ്ഞ ശരീരം അകറ്റാം
നീയാണ് ഞാനെന്നും,
ഞാനാണ് നീയെന്നും
ചൊല്ലി പഠിച്ചു പറഞ്ഞു ജീവിച്ചവർ
കൊല്ലുന്നതെന്തിനാണാത്മാവിനെ
സ്വയം കൊല്ലാതെ കൊല്ലാൻ
പിരിയാം പ്രിയസഖീ.!
പരസ്പരം പഴിചാരണ്ട തെറ്റുകൾ,
കുറ്റങ്ങളൊന്നും വിളിച്ചു പറയണ്ട.
ജീവന്റെ ജീവനായ് മാറിയ കാലത്തിൻ ജീവനുള്ള കാലം
ചിതയിലെറിഞ്ഞിടാം.
ചതിയെ പുണരാം സ്മൃതിയെ വെറുക്കാം.
വാലറ്റ വാഴ് വിന്റെ വേരറുത്തീടാം
നൂലറ്റ പട്ടം കണക്കെ പറക്കാം
കുറ്റബോധത്തിന്റെ വെണ്ണിലാ കിണ്ണത്തിൽ
തെറ്റുകളെല്ലാം പെറുക്കി വെക്കാം
ഉത്തമരി ലുത്തമനല്ല ഞാനെങ്കിലും
പുത്തരിയങ്കം കുറിച്ചതു ഞാനല്ല.!.
ഉത്തമിയായൊരു പെണ്ണായ് കഴിയുവാൻ
പറ്റാതെ പോയതെന്തെ നിനക്ക്.?
വറ്റാത്ത സ്നേഹത്തിൻ മാറിൽ
കഠാരയാൽ കുത്തി നീ ചുടുരക്തം
ഊറ്റിക്കുടിച്ചെന്റെ കരളും കടിച്ചെടുത്തോടിയതെന്തിന്.?
അടിച്ചോടിച്ചീടുവാൻ മാത്രമായ്
മിത്രമായ് നീയെന്റെ ചാരത്തണയണ്ട.
മിത്രമെന്നാൽ ചിത്രമല്ലെന്നറിയുക
ശത്രുവെനെഞ്ചിലടക്കിപ്പിടിക്കുക.
വസ്ത്രം വലിച്ചൂരി കീറിക്കളയുക
ചങ്ങലകൊണ്ട്കൈകാൽ ബന്ധിക്കുക.
ഇത്രയെങ്കിലും ചെയ്ത് ഞാനെന്ന
മിത്രത്തെ ശത്രുവായ് നീ തന്നെ
ചിത്രീകരിച്ചേക്കൂ.!
പരിഭവമില്ല പരാതികളില്ല.
പാണന്റെ പാട്ടിന്റെ അകമ്പടിയില്ല.
പുള്ളോർക്കുടത്തിന്റെ തേങ്ങലുമില്ല.
രണ്ടായ് പിരിയുമീ വഴിയോരപാതയിൽ
വഴിയാത്രക്കാരെ പോലെ പിരിയാം.!
ശിഷ്ടകാലത്തിന്റെ പുസ്തകം നോക്കി നീ
നഷ്ടബോധത്തിൻ കണക്കുതിരയുമ്പോൾ
വാലിട്ടെഴുതിയ കണ്ണിലെകണ്ണുനീർ കൊണ്ടൊരുകാട്ടാറൊഴുക്കിഒരുക്കിനീ
എൻ മുന്നിലൂടെ ഒഴുകാതിരിക്കുക.!!
££££££££££££££££££
അസീസ് അറക്കൽ
ചാവക്കാട്
##############
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo