Slider

കാത്തിരിപ്പ് ...

0

കാത്തിരിപ്പ് ...
കിടക്കയിൽ മലർന്നു കിടന്നു കൂർക്കം വലിച്ചുറങ്ങുന്ന കറുത്ത് തടിച്ച ശരീരം നോക്കി കൊണ്ടിരുന്നപ്പോൾ അവളിൽ അറപ്പ് നിറഞ്ഞു . പിന്നെ ഇന്നലെ ഉറക്കത്തിൽ അറിയാതെ കെട്ടിപിടിച്ചു പോയപ്പോൾ അയാളിൽ നിന്ന് കേട്ട ശകാരം ഓർമിച്ചപ്പോൾ തന്നോട് തന്നെ വെറുപ്പും തോന്നി. കല്യാണം കഴിഞ്ഞ ദിവസം മുതൽ ചേട്ടൻ ഇങ്ങനെ തന്നെയായിരുന്നു . അയാൾക്ക് തോന്നുമ്പോൾ മാത്രം ആസ്വദിക്കാനുള്ള ഒരു കളിപ്പാട്ടം പോലെ ......
വിരസമായ ആവർത്തനങ്ങളുടെ ഒരു ദിവസം കൂടി തന്നെ കാത്തിരിക്കുന്നത് അറിഞ്ഞു കൊണ്ട് ഒഴിവാക്കാൻ പറ്റാത്ത ദിനചര്യകളിലെക്കു സീതാലക്ഷ്മി ഉണർന്നെഴുന്നേറ്റു.
എട്ടു മണിക്ക് സ്കൂളിൽ എത്തേണ്ട മകൾ ഇനിയും എഴുന്നേറ്റിട്ടില്ല. അവളെ വിളിച്ചുണർത്തി ഒരുക്കാൻ തന്നെ ഒരു മണിക്കൂർ എടുക്കും. പിന്നെയുള്ള പ്രധാന ജോലി ഭക്ഷണം വെക്കലാണ്. എന്ത് വെച്ച് വിളമ്പിയാലും എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുന്ന ഭർത്താവ്. യാതൊരു അഭിപ്രായത്തിനും മിനക്കെടാത്ത ഭർത്താവിന്റെ അമ്മയും മകളും. അത് കൊണ്ട് തന്നെയാവും ഇപ്പോൾ പാചകത്തിൽ ഒരു താല്പര്യവും ഭയവും തോന്നാത്തത് . ദാമ്പത്യത്തിന്റെ ആദ്യ ദിനങ്ങളിൽ ഓരോ രാത്രിയും നാളെ എന്ത് പലഹാരം ഉണ്ടാക്കണം , ഊണിനു എന്തെല്ലാം കറികൾ ഉണ്ടാക്കണം എന്ന ചിന്തയിൽ മുഴുകിയായിരുന്നു കടന്നു പോയത് .ഇപ്പോൾ രാത്രികളിൽ ഒരു ഉൽകണ്ടയും കനവുകളും ഇല്ല . മനസ്സ് ഒരു വെള്ളത്തുണി പോലെ മടുപ്പിക്കുന്ന ശാന്തതയിലാണു. വല്ലപ്പോഴും മകളുടെ പരീക്ഷകൾ അടുക്കുമ്പോൾ മാത്രം ചെറിയ ഒരു വെപ്രാളം തോന്നും മനസ്സിൽ.
********
രണ്ടു നേരത്തെ ഊണിനുള്ള സാമ്പാറും ഉപ്പേരിയും മറ്റും പത്തു മണിയാവുമ്പോഴേക്കും ഉണ്ടാക്കി കഴിഞ്ഞു. നല്ല ക്ഷീണം , ഉച്ചയുണിനു മുൻപ് അല്പം ഒന്ന് മയങ്ങാം. ഒന്ന് മയങ്ങുമ്പോഴേക്കും ഫോൺ ബെല്ലടിച്ചു. വീട് മുഴുവൻ നിശബ്ദമായതു കൊണ്ട് അതിന്റെ ശബ്ദം വല്ലാതെ മുഴങ്ങി കേട്ടു.
"ഹലോ , ആരാണ് ?" ഉറക്കം നഷ്ടപ്പെട്ട നീരസം മറച്ചുവെച്ചു ഫോണെടുത്തു .
"സീതയല്ലേ ?" വളരെ പരിചയമുള്ള ശബ്ദം .
"അതെ , ആരാണ് ?"
"എന്റെ ശബ്ദം ഇത്ര വേഗം മറന്നു പോയോ ?" എങ്കിൽ പിന്നെ സംസാരിച്ചിട്ടു കാര്യമില്ല .."
"ഫോൺ വെക്കല്ലേ ദയവു ചെയ്തു എന്തെങ്കിലും സൂചന തരൂ "
"നിന്റെ മിഴികൾ നീലമിഴികൾ...."കേട്ട് മറന്ന ഒരു സിനിമാ ഗാനത്തിന്റെ ഈണം അപ്പുറത്ത് നിന്നും ഒഴുകി വന്നു .
ഷോക്കടിച്ചതു പോലെ ശരീരം ഒന്ന് വിറച്ചു . ഈശ്വരാ അരവിന്ദന്റെ ശബ്ദം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ . അവൻ തുടർന്നു "എനിക്കൊന്നു കാണണം , നാളെ ഞാൻ വരുന്നു നിന്നെ കാണാൻ , ഹലോ കേൾക്കുന്നില്ലേ??"
" ഹലോ , എങ്ങിനെയാണ് വരുന്നത് , എവിടെ വെച്ചാണ് കാണുക " ശബ്ദം വല്ലാതെ വിറച്ചെങ്കിലും ഒരു വിധം പറഞ്ഞൊപ്പിച്ചു .
"മൂന്നു മണിക്ക് സ്റ്റെഷനിൽ എത്തുന്ന പരശുറാമിൽ , കമ്പാർട്മെന്റ് ഒന്നും ഇപ്പോൾ പറയുന്നില്ല . ചെറിയ സ്റ്റെഷനല്ലെ ഞാൻ കണ്ടു പിടിച്ചു കൊള്ളാം . ബാക്കി സംസാരം നേരിൽ ..."
എന്തെങ്കിലും പറയാൻ കഴിയുന്നതിൻ മുൻപ് അവൻ ഫോൺ വെച്ചു . കോളേജ് കാമ്പസിലെ റൊമാന്റിക് രംഗങ്ങളും മറ്റും ഓർത്തു കൊണ്ട് വീണ്ടും മയങ്ങി പോയി.
കനവുകളിൽ മഴ പെയ്തിറങ്ങി .ഒരു കുടക്കീഴിൽ നടന്നു പോകുന്ന രണ്ടു മുഖങ്ങൾ.ചെവിക്കു കീഴെ തോളിൽ ഇടവിട്ട് തലോടുന്ന സിഗരറ്റിന്റെ മണമുള്ള ചുടുനിശ്വാസങ്ങൾ . ഇടയ്ക്ക് കുട തട്ടിപ്പറിച്ചെടുക്കുന്ന തണുത്ത കാറ്റ് നനയുന്ന ദേഹങ്ങളിൽ തണുപ്പ് കുത്തിവെക്കുന്നു . ചുരിദാറിന്റെ ഷാൾ എടുത്തു മുഖം തുടയ്ക്കുന്നു . തണുപ്പ് മാറ്റാൻ വേണ്ടി അടുത്ത സിഗരെറ്റ് എടുക്കുന്നത് കാണുമ്പോൾ മുഖം തിരിക്കുന്ന എന്നെ ചിരിപ്പിക്കാൻ വേണ്ടി പറയുന്ന കൊച്ചു ഫലിതങ്ങൾ ......
സ്കൂൾ വിട്ടു മകൾ വന്നു വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്. ഉറങ്ങിപോയതിൽ ചെറിയ കുറ്റബോധം തോന്നി. അവൾക്കു ഊണ് എടുക്കുമ്പോഴാണ് താനും ഉച്ചക്ക് ഒന്നും കഴിച്ചില്ലെന്ന് ഓർത്തത് . അവളുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കുമ്പോഴും മനസ്സ് പഴയ കാലങ്ങളിൽ തന്നെയായിരുന്നു.
*********
രാവിലെ പതിവിലും അല്പം നേരത്തെ എഴുന്നേറ്റു കണ്ണാടിയുടെ മുന്നില് നിന്ന് നരച്ച മുടിയിഴകൾ ഒന്നൊന്നായി തിരഞ്ഞുപിടിച്ച് പിഴുതു കളയാൻ ശ്രമിക്കുന്ന തന്നെ ഒരു അത്ഭുതജീവിയെ പോലെ നോക്കുന്ന ഭർത്താവിനെ അവൾ തീർത്തും അവഗണിച്ചു . പിന്നെ മായ്ച്ചാലും മായില്ലെന്ന് അറിയാമായിരുന്നിട്ടും കണ്തടങ്ങളിലെ കറുപ്പുനിറത്തിനു മേലെ അവൾ ഏതോ ഒരു എണ്ണ പുരട്ടി തടവിക്കൊണ്ടിരുന്നു . പിന്നെ ദിനവും വിളിച്ചുണർത്തുന്ന അലാറം മുഴങ്ങിയപ്പോൾ പതിവ് ജോലികളിൽ മുഴുകി .എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ വീണ്ടും ഓർമ്മകൾ .....
റോസ് ആയിരുന്നു അരവിന്ദന്റെ ഇഷ്ടനിറം . വസ്ത്രങ്ങൾ അടുക്കിവെച്ച പെട്ടിയിൽ നിന്ന് ഓരോന്നായി എടുക്കുമ്പോൾ അവൾ ഓർത്തു. ചെറിയ റോസാപ്പൂക്കളുടെ ഡിസൈൻ ഉള്ള ഒരു സാരി പെട്ടെന്ന് തിരഞ്ഞെടുക്കാൻ പറ്റിയപ്പോൾ മനസ്സ് നിറഞ്ഞു. ഒരു മൂളിപ്പാട്ട് പാടി കുളിമുറിയിലേക്ക് നടക്കുന്ന തന്നെ ഒരപരിചിതയെന്നൊണം നോക്കുന്ന അമ്മയുടെ കണ്ണുകൾ അവൾ ഗൌനിച്ചില്ല .
*********
സ്റ്റെഷൻ വരാന്തയിൽ എങ്ങോട്ട് നോക്കിയാലും ആകാംഷ നിറഞ്ഞ മുഖങ്ങളാണ്. പ്ലാട്ഫോമിന്റെ അറ്റത്ത് നിന്ന് വടക്കോട്ടും തെക്കോട്ടും നോക്കുന്ന കണ്ണുകൾ . അനൗൻസ്മെന്റ് ഉയരുമ്പോൾ എഴുന്നേറ്റു ശ്രദ്ധ കൊടുക്കുന്ന ചെവികൾ . ഇടയ്ക്കിടെ ബാഗുകളുടെ എണ്ണം തിട്ടപ്പെടുത്തുന്ന വിരലുകൾ...
ട്രെയിനിന്റെ അനൗൺസ്മെന്റ് ഉയർന്നപ്പോൾ സ്വന്തം ഹൃദയമിടിപ്പ് അവൾക്കു കേൾക്കാൻ തുടങ്ങി . പിന്നെ ട്രെയിൻ ഇറങ്ങിയ ഓരോ മുഖങ്ങളിലും തിരയാൻ തുടങ്ങി അതേ മന്ദഹാസം , തുളച്ചു കയറുന്ന അതേ കണ്ണുകൾ ...
കുറച്ചു കഴിഞ്ഞപ്പോൾ വെളുത്ത ചിരിയുമായി അല്പം ദൂരെ നിന്നിരുന്ന ഒരു ചെമ്പൻ മുടിക്കാരൻ പതിയെ അടുത്തെത്തി , പിറകെ വളരെ മോഡെൺ ആയി വസ്ത്രങ്ങൾ ധരിച്ചു ഒരു മെലിഞ്ഞ പെണ്ണും രണ്ടു കുട്ടികളും .
അരവിന്ദനെ തനിക്കു മനസ്സിലായില്ല എന്നതിനെക്കാളും അവളെ വിഷമിപ്പിച്ചത് അവനിൽ കണ്ട മാറ്റങ്ങളായിരുന്നു .
പ്രായം വെള്ള പൂശിയതു മറയ്ക്കാനെന്ന വണ്ണം മുടി മുഴുവൻ ചെമ്പിച്ച നിറം കൊടുത്തിരിക്കുന്നു. മുട്ടിനു അൽപം താഴെ വരെയെത്തുന്ന പാന്റ്സ് എന്ന് പറയാൻ പറ്റാത്ത ഒരു കാലുറ. വ്യംഗ്യമായ അർത്ഥം മറഞ്ഞുകിടക്കുന്ന ഇംഗ്ലീഷ് വാചകങ്ങൾ പ്രിന്റ് ചെയ്തിരിക്കുന്ന കടും കളറിലുള്ള ഒരു ടീ ഷർട്ട്. അടുത്ത് വന്നപ്പോൾ അവിടമാകെ വില കൂടിയ പെർഫ്യുമിന്റെ തീക്ഷ്ണ ഗന്ധവും യാത്ര സമ്മാനിച്ച മുഷിഞ്ഞ മണവും കലർന്ന് നിറഞ്ഞു .
ഓർമകളിൽ ഇടയ്ക്ക് മുറിഞ്ഞു പോയ ഒരു ചുംബനം
"ഇന്ന് നിന്നെ വേറെ എന്തോ മണക്കുന്നു ഇത് നിന്റെ ഗന്ധമല്ല "
പാതിയിൽ നിന്ന് പോയ ചുണ്ടുകളുടെ സ്പർശനത്തിന്റെ അതൃപ്തിയിൽ അവന്റെ വാക്കുകൾ. കൂട്ടുകാരി സമ്മാനിച്ച പെർഫ്യുമിന്റെ മണമായിരുന്നു പ്രശ്നം . "ഓരോ മനുഷ്യനും ഓരോ നിറവും ശബ്ദവും ഗന്ധം പോലും ഉണ്ടാകും . അതാണ് അവന്റെ അസ്തിത്വം ഈ ഗുണങ്ങളോട് കൂടിയാണ് നമ്മൾ ഒരാളെ സ്വീകരിക്കുന്നതും , സ്വീകരിക്കേണ്ടതും . ഇവിടെ അത് മറച്ചു വെക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും ...."
"ഇത് എന്റെ ഭാര്യ അരുണ " അവന്റെ ശബ്ദം ഭൂതായനതിലുള്ള മനസ്സിനെ തിരിച്ചുവിളിച്ചു .
സ്ലീവ് ലെസ് ടോപും ജീൻസും ധരിച്ചിരുന്ന അവളുടെ കക്ഷത്തിലെ വൃത്തി കെട്ട രോമങ്ങൾ കണ്ടപ്പോൾ തൊണ്ട വരെയെത്തിയ ഓക്കാനം അടക്കി പ്പിടിച്ചു .
"ഇവളാണ് എന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം , ശരിക്കും ഇവൾ സ്പോൺസർ ചെയ്തതു കൊണ്ടാണ് എനിക്ക് അമേരിക്ക കാണാൻ കഴിഞ്ഞത് തന്നെ." അയാളുടെ വാക്കുകളിലെ വിധേയത്വം വല്ലാതെ അമ്പരപ്പിച്ചു .
"ഡാർലിംഗ്, മീറ്റ് സീതാലക്ഷ്മി എന്റെ ....."
"മനസ്സിലായി ഡിയർ നിങ്ങളുടെ എക്സ് അല്ലെ ?"
എക്സ് എന്ന പ്രയോഗം വല്ലാതെ ചെറുതാക്കിയതായി തോന്നി .
"ഒരു പാട് കാലത്തിനു ശേഷം കണ്ടതല്ലേ , നമുക്ക് ഓരോ കോഫി കഴിച്ചു കൊണ്ട് സംസാരിക്കാം ." അയാൾ അനുവാദതിനെന്നൊണം ഭാര്യയെ നോക്കി .
"ഓ കെ , നോ പ്രോബ്ലം , ത്രീ തെർടി ആവുന്നതിനു മുൻപ് തിരിച്ചെത്തണം " അവൾ വാച്ച് കാണിച്ചു കൊണ്ട് ഓർമിപ്പിച്ചു.
"വരൂ " അരവിന്ദ് പ്ലാറ്റ്ഫൊർമിലെ ഒരു ചെറിയ കഫെയിലേക്ക് അവളെ ക്ഷണിച്ചു.
"ഇല്ല അരവിന്ദ് , പിന്നീടൊരിക്കലാവാം .മോൾ സ്കൂളിൽ നിന്ന് വരാറായി. വേഗം വീടിലെത്തണം പിന്നീടൊരിക്കലാവാം , പിന്നീട് എപ്പോഴെങ്കിലും ഇത് പോലെ കാണാൻ പറ്റിയാൽ ....."
ഇനിയൊരിക്കലും ഇങ്ങനെയൊരു കൂടിക്കാഴ്ച ഉണ്ടാവരുതേ എന്ന് മനസ്സിൽ പ്രാർഥിച്ചു കൊണ്ട് അവൾ പറഞ്ഞു
" നിൽകു സീത , നിന്നെ കാണാൻ വേണ്ടി മാത്രമാണ് ഇത്ര എഫെർട് എടുത്തു ഞാൻ ഇവിടെ വരെ വന്നത്. എന്നിട്ട് ....".
സ്റ്റേഷനിൽ നിന്ന് പുറത്തേക്കു കടക്കുമ്പോൾ അയാളുടെ ശബ്ദം പുറകിൽ പ്ലാറ്റ്ഫൊർമിലെ ശബ്ദങ്ങളോടൊപ്പം അലിഞ്ഞലിഞ്ഞില്ലാതായി. ഒരു സ്വപ്നം പോലെ അവന്റെ മുഖവും മറഞ്ഞു .
***********
പുതിയതായി മുളച്ച നരച്ച മുടിയിഴകൾ കാണാതെ , കണ്ണുകൾക്ക് താഴെ ഏറി വരുന്ന ഇരുണ്ട നിറത്തെ ക്കുറിച്ച് വേവലാതിപ്പെടാതെ സീതാലക്ഷ്മി ഉണർന്നെഴുന്നേറ്റു. വിരസമായ ആവർത്തനങ്ങളുടെ ഒരു ദിവസം കൂടി തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞു കൊണ്ട് ഒഴിവാക്കാൻ കഴിയാത്ത ദിനചര്യകളിലേക്കു ......
കഥ ജിതേഷ് പൊയിലൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo