നീർക്കുമിളകൾ
--------------------------
--------------------------
അന്ന് ഞാൻ എട്ടാം ക്ലാസ്സിലെ വാർഷികപരീക്ഷ കഴിഞ്ഞുനിൽക്കുകയായിരുന്നു.വീടിനടുത്തുള്ള ക്ഷേത്രത്തിൽ കുടിയിരുത്ത് മഹോത്സവം തുടങ്ങിയസമയം.. ദേവിയെ പ്രധാന ക്ഷേത്രത്തിൽനിന്നും മാറ്റി വീടിനടുത്തുള്ള പാടത്തു ഓല കൊണ്ടുമറച്ച ഒരിടത്തേക്ക് കുടിയിരുത്തും..ആ ചടങ്ങു കഴിഞ്ഞാൽ ഞങ്ങൾ കുട്ടികൾ ആ പരിസരം വിട്ടു മാറില്ല. തോറ്റം പാട്ടും, സിനിമ പാട്ടുമൊക്കെയായി ഒരാഘോഷം തന്നെയായിരിക്കും. കുപ്പിവളയും മുത്തുമാലയുമൊക്കെ വിൽക്കാനായി കുറേപേരെത്തും.. ബലൂൺ കച്ചവടക്കാർ വേറെ.. അങ്ങനൊരു ദിവസം ഞാനും കൂട്ടുകാരികളുമായി സന്ധ്യക്ക് ദീപാരാധന തൊഴാനായി പോകുന്ന സമയം ഞങ്ങൾക്കെതിരെയായിമനുവേട്ടൻ വരുന്നുണ്ടായിരുന്നു. മനുവേട്ടൻ അമ്മയുടെ കൂട്ടുകാരിയുടെ മകൻ.. വലിയ പഠിത്തക്കാരൻ.. ടൗണിലേതോ കോളേജിൽ ബി.എസ്.സി ക്കു പഠിക്കുന്നു എന്ന് മാത്രമറിയാം.. ഞങ്ങൾക്ക് തൊട്ടുമുന്നിലായി എത്തിയതും മനുവേട്ടൻ പോക്കറ്റിൽ നിന്ന് ഒരു മുത്തുമാലയെടുത്തു എനിക്ക് നേരെ നീട്ടി.. പരിചയമുണ്ടെങ്കിലും മാല വാങ്ങാൻ ഒരു മടിതോന്നിയിരുന്നു. "വേണ്ട".. എന്നും പറഞ്ഞ് ഞാൻ അല്പം വേഗത്തിൽ നടന്നു.. കൂട്ടുകാരികൾ എന്തൊക്കെയോ പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു.. പിറ്റേദിവസംഅമ്മുമ്മയോടൊത്താണ് ക്ഷേത്രത്തിലേക്ക് പോയത്.. പുഷ്പാഞ്ജലി നടത്താൻ രസീത് എഴുതാൻ പോയപ്പോൾ മനുവേട്ടൻ അവിടുണ്ട്.എന്റെ പേര് അമ്മുമ്മ പറഞ്ഞപ്പോൾ തന്നെ പേരും നാളും എഴുതിയ രസീത്അമ്മുമ്മയ്ക്കു കിട്ടിക്കഴിഞ്ഞിരുന്നു.. എന്റെ നക്ഷത്രമൊക്കെ ഇയാൾക്കെങ്ങനെ അറിയാമെന്നു ആലോചിച്ചു ഞാൻ അമ്മുമ്മയുടെ മുഖത്തേക്കുനോക്കിയപ്പോൾ അതെ ചോദ്യഭാവത്തോടെ അമ്മുമ്മയും നിൽക്കുന്നുണ്ടായിരുന്നു..
അന്ന് രാത്രി കാക്കാരിശ്ശി നാടകം കാണാൻ വേണ്ടി ഞങ്ങൾ പോയപ്പോഴും അല്പം മാറി യിരുന്നു മനുവേട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നു.. അവസാന ദിവസം താലപ്പൊലിയും വിളക്കുമുണ്ടാകും.. ഞാനുമുണ്ടായിരുന്നു താലപ്പൊലിക്ക്.. പൊന്മാൻ നിറത്തിലെ പാട്ടുപാവാടയും ബ്ളൗസുമായിരുന്നു വേഷം.. അന്ന് മനുവേട്ടൻ ഒരു വലിയ ക്യാമറയുമായി എന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും അതിനിട കൊടുക്കാതെ ഞാൻ ഒഴിഞ്ഞുമാറി.
അങ്ങനെ ഉത്സവം കഴിഞ്ഞു.. സ്കൂൾ തുറക്കാൻ ഏകദേശം ഒരുമാസം ബാക്കിയുണ്ട്.. പുസ്‌തകങ്ങളൊക്കെ കിട്ടിക്കഴിഞ്ഞിരുന്നു.. അപ്പോഴാണ് എനിക്ക് കണക്കിനും സയൻസിനും ട്യൂഷൻ വേണമെന്ന തോന്നൽ അമ്മക്കുണ്ടായത്..അടുത്തുതന്നെ പഠിത്തക്കാരനായ ഒരാൾ ഉള്ളപ്പോൾ എന്തിനു ദൂരേക്കുവിടണമെന്നു ചിന്തിച്ചിട്ടാകും അടുത്ത ദിവസം മുതൽ ട്യൂഷന് മനുവേട്ടന്റെ വീട്ടിലേക്കു പോകേണ്ടിവന്നു.. പോകാൻ ആദ്യം ഒന്ന് മടിച്ചെങ്കിലും ഒടുവിൽ സമ്മതിക്കേണ്ടി വന്നു. അവരുടെ വീട്ടിൽ ആകെ മൂന്നുപേർ.. 'അമ്മ,ചേച്ചി, മനുവേട്ടൻ...
ചേച്ചി ജാതകദോഷമുള്ളതുകൊണ്ടു വിവാഹമൊന്നും നടക്കാതെ നിൽക്കുന്നു. രാവിലെ സ്കൂളിൽ പോകും മുൻപാണ് ട്യൂഷൻ.. കുളിച്ചു തലയിൽ തോർത്തും ചുറ്റിയാണ് അങ്ങോട്ടേക്ക് ഓടുന്നത്.. പഠിത്തം കഴിഞ്ഞാൽ എന്നെ ഒരുക്കുന്ന ജോലി ചേച്ചിക്കാണ്. അന്ന് തലമുടി ധാരാളമുണ്ടായിരുന്നത്കൊണ്ടുതന്നെ മര്യാദക്ക് അതൊന്നു കെട്ടിവെക്കാൻ പരസഹായം വേണമായിരുന്നു.. ഒരുങ്ങിക്കഴിയുമ്പോൾ ചോറുപാത്രവുമായി എന്റെ അനിയനവിടെയുണ്ടാകും..
അങ്ങനെയിരിക്കെ ഒരു ദിവസം മനുവേട്ടന്റെ ചേച്ചിക്ക് വിവാഹം ഒത്തുവന്നു.. ഒരു പോലീസ് ഉദ്യോഗസ്‌ഥൻ. എല്ലാർക്കും സന്തോഷമായി...
മനുവേട്ടനായിരുന്നുഏറെ ഉത്സാഹം. ഓടി നടന്നു എല്ലാരേയും ക്ഷണിച്ചു. അങ്ങനെ വിവാഹത്തലേന്നാ ഏന്റെ വീട്ടിലുള്ളവരുടെ കൂടെ ഞാനും പോയി.. എല്ലാരും പെണ്ണിന്റെ ആഭരണവും ഡ്രെസ്സുമൊക്കെ കാണുന്ന തിരക്കിലായിരുന്നു. ഞാൻ വെറുതെ വരാന്തയിൽ നിന്നു. അവിടെകുറെ പെണ്ണുങ്ങളിരുന്നു മുല്ലപ്പൂവ് കോർക്കുന്നുണ്ടായിരുന്നു. പൊടുന്നനെ ചറപറാന്നു ഫ്ലാഷ്..
മനുവേട്ടനായിരുന്നുഏറെ ഉത്സാഹം. ഓടി നടന്നു എല്ലാരേയും ക്ഷണിച്ചു. അങ്ങനെ വിവാഹത്തലേന്നാ ഏന്റെ വീട്ടിലുള്ളവരുടെ കൂടെ ഞാനും പോയി.. എല്ലാരും പെണ്ണിന്റെ ആഭരണവും ഡ്രെസ്സുമൊക്കെ കാണുന്ന തിരക്കിലായിരുന്നു. ഞാൻ വെറുതെ വരാന്തയിൽ നിന്നു. അവിടെകുറെ പെണ്ണുങ്ങളിരുന്നു മുല്ലപ്പൂവ് കോർക്കുന്നുണ്ടായിരുന്നു. പൊടുന്നനെ ചറപറാന്നു ഫ്ലാഷ്..
മനുവേട്ടൻ വാശിതീർക്കാനെന്നപോലെ എന്റെ ഫോട്ടോയെടുത്തു തകർക്കുന്നു. ഞാനോടി അമ്മയെ വട്ടം ചുറ്റി നിന്നു. അപ്പോഴാണ് അവിടൊരു കുപ്പിഗ്ലാസ്സിനുള്ളിൽ കുറെ പേനകൾക്കൊപ്പം ആ മുത്തുമാല ഞാൻ കണ്ടത്.. ആരും കാണാതെ ഞാനതു കൈകളിലൊളിപ്പിച്ചു.. രാത്രി ഏറെ ഇരുട്ടി ഞങ്ങൾ വീട്ടിലേക്കുപോന്നു.
പിറ്റേന്ന് രാവിലെ ഒരു നിലവിളി കേട്ടാണ്ഞാൻ ഉണർന്നത്.. അമ്മുമ്മ നെഞ്ചത്തടിച്ചു കരയുന്നു.. ഞാൻ മുറ്റത്തേക്ക് നോക്കിയപ്പോൾ എല്ലാരും മനുവേട്ടന്റെ വീട്ടിലേക്കു ഓടുകയാണ്.. ഞാനും ഓടി..അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച.. നിലത്തു മലർന്നു കിടക്കുന്ന മനുവേട്ടൻ.. തലക്കുപിന്നിൽ നിന്നും ചെറുതായി ചോര ഒഴുകുന്നുണ്ട്.. വിവാഹം പ്രമാണിച്ച് ചുവരിലെന്തോ മിനുക്കുപണി നടത്താൻ ഏണി വെച്ച് കയറിയതാണ്.. മലർന്നടിച്ചു വീണു..ആരൊക്കെയോ കൂടി മനുവേട്ടനെആശുപത്രിയിൽ എത്തിച്ചു.പക്ഷെ വീണപ്പോൾതന്നെ മരണം സംഭവിച്ചുവത്ര.. പക്ഷെ ചേച്ചിയുടെ വിവാഹം മുടങ്ങിയില്ല.. ആ പോലീസുകാരൻ നിലത്തിരുന്നു അനിയനെ കെട്ടിപ്പിടിച്ചുകരയുന്ന ചേച്ചിയുടെ കഴുത്തിൽ താലിചാർത്തി.. കൊട്ടും കുരവയും കേൾക്കേണ്ടതിനുപകരം അവിടെ നിറഞ്ഞു നിന്നതു തേങ്ങലുകൾ മാത്രം..
ഒരുപാടു സങ്കടം വരുമ്പോൾ എന്താന്നറിയില്ല എനിക്കൊരിക്കലും കരയാൻ പറ്റാറില്ല.. അതുകൊണ്ടുതന്നെ അന്ന് ഞാൻ കരഞ്ഞില്ല..ആ മുത്തുമാല എടുത്തപോലെതന്നെ ആ ഗ്ലാസ്സിനുള്ളിൽ കൊണ്ടുചെന്നിട്ടു.. അപ്പോഴും മേശപ്പുറത്തു ആ വലിയ കാമറ എന്നെയും നോക്കിയിരിക്കുന്നുണ്ടായിരുന്നു
Uma

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക