Slider

ചെറുപ്പക്കാരിയായ വിധവ

0
ചെറുപ്പക്കാരിയായ വിധവ
--------------------------------------------
കുഞ്ഞുങ്ങൾ രണ്ടും പുസ്തകത്തിന്റെ മുൻപിൽ ഇരുന്നു പാതി ഉറക്കം ആയി... അവരെ ഭക്ഷണം കഴിക്കാൻ വിളിക്കേണ്ട സമയം വൈകി... ഇന്നത്തെ ദിവസത്തിനു ഒരുപാട് പ്രേത്യേകതകൾ ഉണ്ട്... അവൾ മക്കളുടെ അരുകിൽ വന്നു അവരുടെ തലയിൽ തലോടി പറഞ്ഞു,
"മക്കൾ പുസ്തകം അടച്ചു വെച്ചോളൂ... നമ്മൾക്ക് അൽപ്പം കഴിഞ്ഞു ഭക്ഷണം കഴിക്കാം.. വാ അമ്മയുടെ കൂടെ മുറിയിലേക്ക് രണ്ടാളും, എന്നിട്ട് അമ്മയുടെ അടുത്ത് കുറച്ചു നേരം കിടക്കൂ..."
അവൾ മക്കളേയും കൂട്ടി മുറിയിലേക്ക് കടന്നു. സമയം 9 മണി കഴിഞ്ഞു. ഇരുട്ടിലേക്ക് വെളിച്ചം തുരന്നു മുറിയിലെ നിഴൽ അടിപ്പിച്ച ജാനാല അവൾ മെല്ലെ അടച്ചു കൊളുത്തിട്ടു..
ഷെൽഫിൽ ഇരുന്ന ഭർത്താവിന്റെ ഷർട്ട്‌ മടക്കി അവൾ തലയിണയിൽ വെച്ചു,. തല അതിലേക്കു വെച്ചു മക്കളെ രണ്ടാളേയും ചേർത്തു പിടിച്ചു അവൾ കിടന്നു.. മൂത്ത മകളോട് അവൾ ചോദിച്ചു,,,
"മോൾക്ക്‌ വലുതാവുമ്പോൾ എന്താവണം എന്നായിരുന്നു അച്ഛനോട് എപ്പോഴും പറയുക .."
കഴുത്തുയർത്തി നോക്കി കൊണ്ടു മകൾ പറഞ്ഞു
" അമ്മേ, എനിക്ക് ഡോക്ടർ ആവണം, പക്ഷേ ഇനി പറ്റില്ലെല്ലോ..... "
മകൾ മെല്ലെ വാക്കുകൾ മുറിച്ചു... മാറോടു ചേർന്ന് കിടന്ന ഇളയമകളുടെ തലയിൽ അവൾ ഉമ്മ വെച്ചു രണ്ടാളേയും ചേർത്തു ഒന്നൂടെ മുറുകെ പിടിച്ചു.
"മക്കൾക്കു ദൈവത്തെ കാണാൻ ആഗ്രഹം ഉണ്ടോ ??"
രണ്ടാളും ഒരുമിച്ചു പറഞ്ഞു
" ശരിക്കും കാണാൻ പറ്റുമോ ദൈവത്തെ ?"
" പറ്റും, ഇന്ന്‌ നിങ്ങൾ ഉറങ്ങി കഴിയുമ്പോൾ മാലാഖമാർ വരും, അവർ നിങ്ങളെ ദൈവത്തെ കാട്ടി തരും "
" സത്യാണോ അമ്മേ, ശരിക്കും....... കള്ളം പറയല്ലേ..... "
" സത്യം മക്കളേ.... "
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഭർത്താവിന്റെ ചിതയിലെ ചൂട് അവളിലേക്ക് അരിച്ചു കയറി...
ത്രിവേണി ചന്ദനത്തിരി പരത്തിയ ഗന്ധം അവളുടെ നാസികയിലേക്ക് വന്നു കൊണ്ടിരുന്നു.. ചിതയിലേക്ക് എടുക്കും മുൻപ്പ് കുഞ്ഞുങ്ങളെ കൊണ്ടു അരളിപ്പൂവു ഇട്ടു കൊടുക്കുമ്പോൾ അവൾ അലറി കരയുകയായിരുന്നു..... ഒരു ജന്മം മുഴുവൻ ഒപ്പം ഉണ്ടാകുമെന്ന് പറഞ്ഞയാൾ ഒറ്റ ദിവസം കൊണ്ടു തന്നേയും മക്കളേയും അനാഥർ ആക്കി പോയി......
ഒരിക്കലും വിശ്വസിക്കാൻ അവൾക്കു സാധിക്കുന്നില്ല, തന്റെ ഭർത്താവ് മരണപ്പെട്ടത്. മൂന്ന് മാസം അവൾ ഒറ്റയ്ക്ക് തന്റെ കുഞ്ഞുങ്ങളേയും കൊണ്ടു തള്ളി നീക്കി ജീവിതം..... ഒരു ബലമായി നിന്ന വീട്ടുകാരും ഇപ്പോൾ അകലം പാലിച്ചു തുടങ്ങി. ഇനി എങ്ങനെ ജീവിക്കണം എന്നൊരു പിടിയും അവളിൽ ഇല്ലാതായി.... ചെറുപ്പക്കാരിയായ വിധവ, രണ്ട് കുരുന്നു മക്കൾ.. നാട്ടിൽ പലരും എഴുത്തുകാരും നിരീക്ഷകരും ആയി തുടങ്ങി.. ചായകട മുതൽ ബസ്‌സ്റ്റോപ്പ് വരെ കൂടി നിൽക്കുന്നവർക്ക് അവളെ കുറിച്ച് കഥകൾ നെയ്യാൻ ഉത്സാഹം കൂടി...
അടഞ്ഞു കിടന്ന അയൽപക്കത്തെ ജനാലകൾ പാതി തുറന്ന് കർട്ടൻ മറഞ്ഞു കിടക്കുവാൻ തുടങ്ങി, മുറ്റത്ത്‌ ഒരു ഇലയനക്കം കേട്ടാൽ മതിലിനപ്പുറം ആയിരം തലകൾ പൊന്തുവാൻ തുടങ്ങി. ചൂളം വിളികളും കമന്റുകളും ഭിത്തിതുരന്നു അലതല്ലി..ചെറുപ്പക്കാർ മുതൽ വയസ്സൻമ്മാർ വരെ അവളുടെ മാറിടങ്ങളേയും നിതംബത്തേയും കുറിച്ച് സ്വപ്നം കാണുവാൻ തുടങ്ങി....
കഴിഞ്ഞാഴ്ച കുടുംബത്ത് നിന്നും അവളുടെ അനുജൻ വീട്ടിലേക്കു വന്നു.. അവൻ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ മുറ്റത്ത്‌ അയൽപക്കത്തെ സ്ത്രീ വന്നു "ഇവിടെ കറന്റ്‌ ഉണ്ടോ ജിഷേ "എന്ന് ചോദിച്ചു... അവൾ ഉണ്ടെന്ന് പറഞ്ഞു,
അവർ തിരിഞ്ഞ് നടക്കുമ്പോൾ വീടിനുള്ളിലേക്ക് കഴുത്തെത്തി നോക്കുന്നുണ്ടായിരുന്നു.. അവരുടെ വീട്ടിലെ ടീവിയിൽ നിന്നുമുള്ള ഉച്ചത്തിൽ ഉള്ള പാട്ട് അവൾക്കു കേൾക്കാമായിരുന്നു..... തന്റെ സ്വന്തം അനുജനെ പോലും അവർ അവളുടെ കാമുകൻ ആക്കി.. അതിന്മേൽ കഥകൾ പലതും അവർ എഴുതിക്കൂട്ടി പ്രചരിപ്പിച്ചു..
കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ വന്നുകൊണ്ടിരുന്ന അടുത്ത വീട്ടിലെ പെൺകുട്ടി ഇപ്പോൾ അവിടേക്ക് വരാറില്ല.. കഴിഞ്ഞ ദിവസം നടന്ന അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ കല്യാണം അവളെ അറിയിച്ചതുപോലും ഇല്ല...
സമൂഹം അവളെ മാറ്റി നിർത്തി വേട്ടയാടികൊണ്ടിരുന്നു... തന്റെ ഭർത്താവിനെ മാത്രം മനസ്സിൽ പൂജിച്ചു നടന്ന ഒരു വിധവയെ അടിച്ചമർത്തി വേശ്യാകഥകൾ നിരവതി പിറന്നുകൊണ്ടിരുന്നു...
അവൾ കുഞ്ഞുങ്ങളെ തന്റെ മാറിൽ നിന്നും എഴുന്നേൽപ്പിച്ചു.. അവർ ഉറങ്ങി തുടങ്ങിയിരുന്നു.. അവൾ അവരെ കൂട്ടി ഹാൾ മുറിയിലേക്ക് നടന്നു.. ഭക്ഷണം എടുത്ത് അവൾ അവരുടെ മുന്നിലേക്ക്‌ വെച്ചു...
"മക്കൾക്കു ഇന്ന്‌ അമ്മ വാരി തരാം. അവളുടെ കണ്ണുകൾ വിതുമ്പുകയായിരുന്നു, ശരീരം വിറകൊണ്ടു.., അവൾ ചോറ് ഉരുളയാക്കി അവരുടെ വായിലേക്ക് മെല്ലെ വെച്ചു കൊടുത്തു... അവളും അതിൽ നിന്നും ഉരുളകൂട്ടി കഴിച്ചു.. അവളുടെ കണ്ണുനീർ ചാല് പൊട്ടി ഒഴുകിക്കൊണ്ടിരുന്നു... അവൾ എണീറ്റു കുട്ടികളോട് ചേർന്നിരുന്നു.. അവരെ മുറുകെ കെട്ടിപിടിച്ചു... കുഞ്ഞുങ്ങൾ വിറയ്ക്കുവാൻ തുടങ്ങി,, അവരിലേ ശ്വാസത്തിന്റെ ചൂട് കൂടി... അവൾ പൊട്ടി കരഞ്ഞു....
" മാലാഖമാർ ഇപ്പോ വരും മക്കളേ, ഈ നരകത്തിൽ നിന്നും സ്വർഗത്തിലേക്ക് ദൈവത്തിന്റെ അടുക്കലേക്ക് നിങ്ങളെ കൂട്ടികൊണ്ട് പോകുവാൻ "
ഒഴിഞ്ഞ വിഷക്കുപ്പി അടുക്കള വാതിലിന്റെ കട്ടളപ്പടിയോടു ചേർന്ന് കിടന്നു.....
മഴതിമർത്തു പെയ്യുന്ന പിറ്റേ ദിവസത്തെ പകലിൽ മൂന്ന്പേരുടെയും ശവം ആംബുലൻസിലേക്ക് കയറ്റി... കുടനിവർത്തി പിടിച്ചു നാട്ടുകാരും ബന്ധുക്കളും ഓടി കൂടി വട്ടം നിന്നു....
"കഷ്ടമായിപ്പോയി " പരസ്പരം പറഞ്ഞു കൊണ്ടു അയല്പക്കത്തുള്ളവർ മുഖത്തോടു മുഖം നോക്കി... കൂട്ടത്തിൽ ഒരുത്തി അരിശം മൂത്ത് നീങ്ങി കൊണ്ടിരുന്ന ആംബുലൻസിൽ നോക്കി അവരോടായി പറഞ്ഞു
" പിഴച്ച പൊലയാടി, ആ കുട്ടികളേയും കൊന്നു.... "
രചന - ഷിബു കൊല്ലം

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo