Slider

കഥ : ഗൂഢാലോചന

0
കഥ : ഗൂഢാലോചന
രചന : അജ്മല്‍ സി കെ
' ഞാന്‍ കണ്ടതാടാ, അവന്റെ പോക്കറ്റില്‍ 500 ന്റെ പിടക്ക്ണ 2 നോട്ട്'
' എന്തായാലും ക്ലാസ് കഴിയട്ടെ നമുക്ക് അവനിട്ട് എട്ടിന്റെ പണി കൊടുക്കാം'
' ഹ ഹ ഹ എന്തായാലും ഉസ്മാനിക്കാടെ K.F.C ക്ക് 1000 രൂപേടെ കച്ചോടായി'
ഈ ഗൂഢാലോചന നടക്കുന്നത് ഞങ്ങടെ ക്യാമ്പസിലാണ്. അതും 2015ല്‍. അവന്റെ ഈ പിശുക്കില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്കിങ്ങനെ ഒരു ഗൂഢാലോചനയുടെ ആവശ്യമില്ലായിരുന്നു. പോക്കറ്റ് മണിയായ് കിട്ടുന്നതും അപ്പന്റേം അമ്മേടേം പോക്കറ്റീന്ന് അടിച്ച് മാറ്റിയ പൈസയുമായി ഞങ്ങള്‍ ഫ്രണ്ട്‌സ് പരസ്പരം ട്രീറ്റ് ചെയ്തും പെമ്പിള്ളേരെ വായ്‌നോക്കിയും കറങ്ങിയുമൊക്കെ അടിച്ച് പൊളിച്ച് നടക്ക്ണ കാലം. അന്നേ അവന്‍ കാര്‍ത്തിക്ക് ഞങ്ങള്‍ടെ കണ്ണിലെ കരടാണ്.
' അഞ്ചിന്റെ പൈസ അവന്‍ ഒരു മിഠായി വാങ്ങാന്‍ പോലും ചെലവാക്ക്ണത് കണ്ടവരില്ല'
' ശരിയാ, മണ്ടന്‍. സ്വന്തായിട്ടിട്ട് ചെലവാക്കുമില്ല. ഞങ്ങള്‍ക്കിട്ട് ട്രീറ്റ് തരേമില്ല. ഇങ്ങനെയുമുണ്ടോ കുട്ടികള്‍. അറുത്ത കൈക്ക് ഉപ്പു തേക്കാത്തവന്‍'
ഇങ്ങനെ പതിവ് ക്ലീശേ ഡയലോഗുകള്‍ അവന്‍ കേള്‍ക്കയും കേള്‍ക്കാതെയും ക്ലാസ് മുഴുവന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു. ആര്‍ക്കും ഒരു മറുപടിയും കാര്‍ത്തിക് കൊടുത്തില്ല. കേട്ടിട്ടും മറുപടി സ്വത്വസിദ്ധമായ ഒരു പുഞ്ചിരിയില്‍ ഒതുക്കി അവന്‍ തിരിഞ്ഞ് നടക്കും. അങ്ങനെ ഒരു ദിവസമാണ് ഞങ്ങടെ ഗ്യാങ്ങിലെ ഒരുത്തന്‍ അത് കണ്ടു പിടിച്ചത്. കാര്‍ത്തിക്കിന്റെ പോക്കറ്റില്‍ 500ന്റെ രണ്ട് നോട്ട്. കേട്ടപാതി കേള്‍ക്കാത്ത പാതി കാര്‍ത്തിക്കിന് പണി കൊടുക്കാന്‍ ഞങ്ങള്‍ 3 പേരും കൂടി തീരുമാനിച്ചു. ആ ഗൂഢാലോചനയാണ് തുടക്കത്തില്‍ നിങ്ങള്‍ കേട്ട ഡയലോഗുകള്‍.
ക്ലാസ് കഴിഞ്ഞ് കാര്‍ത്തിക്കിന്റെ തൊട്ടു പിറകെ ഞ്ങ്ങള്‍ 3 പേരും ഒന്നും അറിയാത്ത ഭാവത്തില്‍ വെച്ചു പിടിച്ചു. പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ എല്ലാ ഭാവവും ഞങ്ങളില്‍ ഉണ്ടെന്ന് വെറുതെ ഞങ്ങളങ്ങ് ധരിച്ചു. ഏതായാലും കെ.എഫ്.സിയുടെ മുമ്പിലെത്തിയതും അവനെ വട്ടം പിടിച്ച് ആ ബില്‍ഡിംങിനുള്ളിലേക്ക് തള്ളിക്കയറി. പണ്ട് കുട്ട്യോളെ ഒമിനി വാനിന്റെ ഡോര്‍ തുറന്ന് വലിച്ചു കയറ്റി തട്ടിക്കൊട്ടു പോകുന്ന പോലെ എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ നടന്നു.
' നിങ്ങളൊക്കെ എന്താണ് കാണിക്കുന്നത്. എന്നെ എന്തിനാ ഇതിനകത്തേക്ക് വലിച്ചിട്ടത്. എനിക്ക് പോകണം സമയം വൈകി.'
' പിന്നെ, കൊച്ചുകുട്ടിയല്ലെ താന്‍. ഒരു 15 മിനുട്ട് ഞങ്ങള്‍ക്കൊന്ന് കമ്പനി താടോ... എന്നിട്ട് താന്‍ പൊക്കോ'
ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്യുംമ്പോഴും വെട്ടിവിഴുങ്ങുമ്പോഴും അവന് ഒന്നും മനസ്സിലായിരുന്നില്ല. ഞങ്ങള്‍ 3 പേരേയും അവന്‍ മാറി മാറി നോക്കിക്കോണ്ടിരുന്നു. വെട്ടിവിഴുങ്ങി ഏമ്പക്കോം വിട്ട് കൈ കഴുകി പുറത്തിറങ്ങും മുമ്പ് അവന്റെ തോളില്‍ തട്ടി പറഞ്ഞു.
' ആ ബില്ലങ്ങ് അടച്ചേര്. കാശില്ലാന്നൊന്നും കള്ളം പറയരുത്. നിന്റെ പോക്കറ്റിലെ 1000 രൂപ ഞങ്ങള്‍ കണ്ടതാണ്. പിന്നെ അറുപിശുക്കന്‍ എന്ന പേര് തിരുത്താനുള്ള അവസരമായിട്ട് ഇത് കാണെടോ..'
തിരിഞ്ഞ് നോക്കാതെ കള്ളച്ചിരി ചിരിച്ച് പുറത്തേക്ക് നടക്കുമ്പോള്‍ കാര്‍ത്തിക്കിനിട്ട് പണി കൊടുത്തതിന്റെ ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍ 3 പേരും. പിന്നെ ഒരാഴ്ച്ചത്തേക്ക് അവന്‍ ക്ലാസില്‍ വന്നില്ല. എന്താണ് കാരണമെന്ന്് ആര്‍ക്കും അറിയില്ലായിരുന്നു.
' ചെലപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി 1000 രൂപ ചെലവഴിക്കേണ്ടി വന്നതില്‍ ദുഖം ആചരിക്കുകയാവും കാര്‍ത്തിക്ക്' എല്ലാരും പറഞ്ഞു.
പക്ഷെ തൊട്ടടുത്ത ദിവസം വേറെ ബാച്ചില്‍ പഠിക്ക്ണ രമേശാണ് പറഞ്ഞത്. കാര്‍ത്തിക്കിന്റെ കാലൊടിഞ്ഞ് കിടപ്പിലാണെന്ന്. എങ്ങനെ ഒടിഞ്ഞതാന്ന് അറിയില്ല.
' കിലുക്കത്തിലെ ഇന്നസെന്റ് പറഞ്ഞപോലെ. കാശ് പോയ വിശമത്തില്‍ കാല്‍ സ്വയം ഒടിച്ചതാവാനും സാധ്യതയുണ്ട്.'
രമേശ് ഇതും കൂടെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ക്ലാസ് മുഴുവന്‍ ആര്‍ത്തു ചിരിച്ചു. എന്തായാലും അവനെ ഒന്നു കാണാന്‍ പോകാമെന്ന് ഞങ്ങള്‍ മൂന്നു പേരും കൂടെ തീരുമാനിച്ചു. ക്ലാസ് കഴിഞ്ഞ് 3 പേരും കൂടെ ബൈക്കില്‍ ട്രിപ്പിളടിച്ച് അവന്റെ വീട് തപ്പിയിറങ്ങി. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒടുവിൽ അവന്റെ പണിതീരാത്ത വീടിന് മുമ്പിലെത്തി. ഉമ്മറത്ത് ഒരു വയസ്സായ സ്ത്രീ ഇരുന്ന് എന്തോ തുന്നുന്നു. ഞങ്ങളെ കണ്ടതും മനസ്സിലാവോത്തോണ്ടാവും
' ആരാ മക്കളെ, ഇങ്ങളെ ഇവിടൊന്നും മുമ്പ് കണ്ടില്ലല്ലോ' എന്നൊരു ചോദ്യം
' ചേച്ചീ ഞങ്ങള്‍ കാര്‍ത്തിക്കിന്റെ ഫ്രണ്ട്‌സാ, അവന് സുഖല്ല്യാന്ന് പറഞ്ഞപ്പോള്‍ ഓനെ കാണാന്‍ വന്നതാ'
' ആണോ, മക്കള് കയറിയിരിക്ക്, ഞാന്‍ ഓന്റെ അമ്മ ആണേ... ഓനുറങ്ങാണ് ഞാന്‍ വിളിച്ചിട്ട് വരാം.'
' അല്ലമ്മേ.. അവനെ വിളിക്കാന്‍ വരട്ടെ. എങ്ങനാ ഓന്റെ കാലൊടിഞ്ഞേ... എന്താ പറ്റിയെ ആക്‌സിഡന്റോ മറ്റോ ആണോ'
'ഹേയ് അല്ലന്നേ.. എനിക്ക് വേണ്ടി ഗുളികേം മരുന്നും വാങ്ങാന്‍ ഒനന്ന് 1000 രൂപയുമായാ കോളേജിലേക്ക് പോയേ.. അതെവിടെ വേച്ചോ ഓന് കളഞ്ഞു... അതിന്റെ സങ്കടത്തിലായിരുന്നു ഓന്‍. അല്ല, സങ്കടണ്ടാവും, രാത്രിയും പകലും ഇല്ലാത്ത സമയമുണ്ടാക്കി കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണേ..' ഇതും പറഞ്ഞ് ആ സ്ത്രീയൊരല്‍പ്പെ നെടുവീര്‍പ്പിട്ടു. ഉള്ളിലെ നടുക്കം പുറത്ത് കാണിക്കാതെ ഞങ്ങള്‍ അവരോട് ആകാംക്ഷയോട് ചോദിച്ചു. എന്നിട്ട് എന്തുണ്ടായി.
' അത്, അന്ന് രാത്രി ഓന്‍ കുറച്ചധികം സമയം കൂപ്പില് തടിപിടിക്കാന്‍ നിന്നു. കുറച്ച് ഗുളികേം മരുന്നിന്റേം പുറത്താണ് ഞാന്‍ ജീവന്‍ നിലനിര്‍ത്തുന്നത് അത് ഓനറിയാം അതോണ്ട് ഒറ്റയടിക്ക് കാശുണ്ടാക്കാന്‍ നോക്കിയതാ... പക്ഷെ ആരുടേയൊ കൈപ്പിഴവ് തടിക്കഷ്ണം ഒന്ന് ലോറിയില്‍ നിന്നുരുണ്ട് അവന്റെ കാലേല്‍ വീണു.'
'അപ്പോള്‍ കാര്‍ത്തിക്കിന്റെ അച്ഛന്‍ എവിടെ പോയി. പുള്ളി കുടുംബം ഒന്നും നോക്കില്ലേ.'
' പ്രശറും മൈഗ്രനും തൈറോയ്ഡ് തുടങ്ങി ഞാന്‍ രോഗങ്ങളുടെ ഒരു കൂടാരമായപ്പോള്‍ എന്നെ വേണ്ടാന്ന് പറഞ്ഞ് മറ്റൊരു പെണ്ണിനേം കെട്ടി നാടുവിട്ടതാ.. അന്ന് കാര്‍ത്തിക്ക് എട്ടില്‍ പഠിക്കാ'
' അപ്പോള്‍ കുടുംബത്തിന്റെ ചെലവൊക്കെ.. ' ഞങ്ങള്‍ പറഞ്ഞ് നിര്‍ത്തി.
' അത് അന്ന് മുതല്‍ ഇന്നുവരെ കാര്‍ത്തിക്കാണ് നോക്കുന്നത്. രാവിലെ 9 മണി വരെ സൊസൈറ്റിയില്‍ പണി.. അത് കഴിഞ്ഞ് വൈകുന്നേരം കൂപ്പില് 10 മണി വരെ ...അങ്ങനെ വിശ്രമമില്ലാതെ അവന്‍ ഓടിക്കോണ്ടിരിക്കാ... '
' അപ്പോള്‍ കുടുംബക്കാരാരും സഹായിക്കില്ലേ..'
' മക്കളേ കുടുംബവും ബന്ധവുമൊക്കെ പണമുള്ളിടത്തേ നിക്കോളു അതൊരു പൊതു തത്ത്വമാണ്. നിങ്ങളീ കാണുന്ന വീടില്ലേ.. അതാണിന്ന് വരേ അവന്‍ സ്വരുക്കൂട്ടിവെച്ച ഏക സമ്പാദ്യം... ഈ വീടിന്റെ ഓരോ തരിയിലും അവന്‍ നഷ്ടപ്പെടുത്തിയ ഉറക്കിന്റേയും വിയര്‍പ്പിന്റെയും മണമുണ്ട്.'
ടൈല്‍സിന്റേയും മാര്‍ബിളിന്റേയും പതുപതുത്ത പട്ടുമെത്തയുടേയും സുഖശീതളതയില്‍ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക് എന്ത് കൊണ്ടോ ആ പണി തീരാത്ത കരിപുരണ്ട വീട് ഒരു കൊട്ടാരമായി തോന്ന്. മനസ്സില്‍ കാര്‍ത്തിക്കിന്റെ സ്ഥാനം വല്ലാതെ വലുതാകുന്നതും അവരറിഞ്ഞു.
'മക്കള് അകത്തോട്ട് വാ കാര്‍ത്തിക്കിന്റെ റൂമിലേക്ക് പോകാം'
' അമ്മേ അത് വേണ്ട അവനുറങ്ങട്ടെ... ഞങ്ങളിപ്പോള്‍ വന്നത് മറ്റൊരു കാര്യത്തിനാ'
പോക്കറ്റില്‍ നിന്ന് മടക്ക് നിവരാത്ത ഏഴ് 1000 ന്റെ നോട്ടെടുത്ത് അമ്മയുടെ കൈയ്യില്‍ പിടിപ്പിച്ചു.
' അമ്മേ, ഇത് ഞങ്ങള്‍ കാര്‍ത്തിക്കിന്റെ കൈയ്യില്‍ നിന്ന് കടം വാങ്ങിയതാ. ഇത് അവന് തിരിച്ച് കൊടുക്കാനാ ഞങ്ങള്‍ വന്നത്, ഞങ്ങള്‍ക്കിപ്പോള്‍ ഒരല്‍പ്പം തിരക്കുണ്ട്. പോയിട്ട് പിന്നെ വരാം'
തിരിഞ്ഞ് നോക്കാതെ ഞങ്ങള്‍ ബൈക്കിനരികിലേക്ക് നടന്നു. ബൈക്കില്‍ കയറി കുറച്ച് ദൂരം പിന്നിട്ടിട്ടും ആരും ഒന്നും മിണ്ടുന്നില്ല. മൗനം ഭേദിച്ച് ഞാന്‍ ചോദിച്ചു.
'എടാ നമ്മള്‍ അടുത്ത മാസം ടൂര്‍ പോകാന്‍ സ്വരൂപിച്ച് വെച്ചിരുന്ന കാശാണ് ഞാന്‍ കാര്‍ത്തിക്കിന്റെ അമ്മക്ക് കൊടുത്തത്. ചെയ്തത് തെറ്റായെന്ന് തോന്നുന്നുണ്ടോ'
'രണ്ട് പേരും ഒന്നും പറഞ്ഞില്ല... പക്ഷെ അവര്‍ മനസ്സില്‍ പറയുന്നുണ്ടായിരുന്നു. നമ്മള്‍ ചെയ്തതില്‍ ഏറ്റവും ശരി ഇതു മാത്രമായിരുന്നു'
............... ശുഭം ............

Ajmal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo