പ്രിയപ്പെട്ട എന്റെ ഇക്കാക്ക്....
സുഖം ആണെന്ന് വിശ്വസിച്ചോട്ടേ... എനിക്കറിയാൻ പറ്റും ഞാനില്ലാത്ത നമ്മുടെ മക്കളില്ലാത്ത ആ ഒറ്റമുറിയിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന എന്റെ ഇക്കാക്ക് അവിടെ എത്രത്തോളം സുഖമായിരിക്കുമെന്ന്..
എങ്കിലും സുഖം തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കാനാണെനിക്കിഷ്ടം...
ഒരു പാട് കാലത്തെ എന്റെ ആഗ്രഹമാണ് മനസ്സിനുള്ളതെല്ലാം അതുപോലെ പകർത്തി ഒരു കത്തെഴുതി ഇക്കാക്ക് അയക്കണമെന്ന്...
ദിവസവും രണ്ട് നേരം ഫോണിൽ വിളിച്ച് എത്ര സംസാരിച്ചാലും ഒരു പൂർണ്ണതയിൽ എത്താൻ പറ്റാറില്ല..
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സുഖവിവരങ്ങൾ അന്വേഷിക്കുമ്പോൾ മനസ്സിനെ പിടിച്ചു കുലുക്കുന്ന ഒരു കാര്യം ഉണ്ടാവാറുണ്ട്... ഇക്ക അത് ശ്രദ്ധിക്കാറുണ്ടോ എപ്പോഴെങ്കിലും...?
മുത്തേ ഞാൻ വെച്ചോട്ടേ...ഡ്യൂട്ടിക്ക് പോവാറായി എന്ന് പറഞ്ഞ് എന്റെ സമ്മതത്തിനു വേണ്ടി കാത്തു നിൽക്കുന്ന ആ ഒരു നിമിഷം... ആ ഒറ്റ നിമിഷം കൊണ്ട് തന്നെ അത്രയും നേരം സംസാരിച്ചതൊക്കെ ഓർത്തൊരു നെടുവീർപ്പിടുന്ന ശ്വാസത്തിന്റെ ചൂട് എന്റെ കാതിൽ വന്ന് പതിയുമ്പോൾ അറിയാതെ നെഞ്ചൊന്ന് പിടയും...
ആ അവസ്ഥയിൽ എന്റെ ഇക്കാനെയൊന്ന് കാണാൻ അടുത്ത് വന്നൊന്ന് കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റിയിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു പോവും...
ഒരിക്കൽ ഇതു പോലെ ഒരു കത്തെഴുതാൻ വേണ്ടി പേപ്പറും പേനയും എടുത്തപ്പോഴാണ് നമ്മുടെ മോൾ എന്നോട് ചോദിച്ചത് ഉമ്മച്ചി ഉപ്പച്ചിക്ക് ലൗ ലെറ്റർ എഴുതാണോ എന്ന്... മൂന്നാം ക്ലാസ്സുകാരിയുടെ ആ വാക്കുകൾ എന്നെ ശരിക്കും അതിശയിപ്പിച്ചു...
കുഞ്ഞുമനസ്സിൽ കള്ളത്തരങ്ങൾ ഇല്ലെന്നു പറയുന്നത് എത്രയോ ശരിയാണല്ലേ ഇക്കാ...
കഴിഞ്ഞ തവണ ഇക്ക ലീവിന് വന്നപ്പോൾ നമ്മളൊരുമിച്ച് കഴിഞ്ഞ മുപ്പത് നാളുകൾ ഇക്ക ഓർക്കാറുണ്ടോ...?
സന്തോഷങ്ങളും കളി ചിരികളും മാത്രം തളം കെട്ടി നിന്നിരുന്ന നമ്മുടെ സ്വർഗ്ഗവീട്ടിലെ ആ മുപ്പത് നാളുകൾ...
ഒന്നര വർഷങ്ങൾക്കിപ്പുറവും ഈ വീട് സ്വർഗ്ഗമാണെങ്കിലും ഇക്ക കൂടെയില്ലാത്ത രാവുകളുണ്ടല്ലോ... അത് വല്ലാതെ എന്നെ നോവിപ്പിക്കാറുണ്ട്...
പകൽ സമയങ്ങളിലൊക്കെ വീട്ടു ജോലികളും മക്കളുടെ കൂടെ ചിലവഴിച്ചും ഒരു വിധം കഴിച്ചു കൂട്ടും...
നേരം ഇരുട്ടിയാൽ ഇക്കയുടെ ഓർമ്മകൾ എന്നെ വല്ലാതെ മത്തുപിടിപ്പിക്കാറുണ്ട്...
മധു വിധു നാളുതൊട്ട് നമ്മളൊരുമിച്ചു കഴിഞ്ഞ നാളുകളൊക്കെ കണ്ണിലൂടെ മിന്നിമാഞ്ഞു കൊണ്ടിരിക്കും...
ഉറക്കം വരാതെ തലയിണയെ ചേർത്ത് കിടക്കുമ്പോൾ ആ തലയിണക്കും ഇക്കാടെ അതേ ചൂരും ചൂടും അനുഭവപ്പെടാറുണ്ട്...
ഇതൊക്കെ വായിക്കുമ്പോൾ ഇക്കാക്ക് തോന്നും ഈ പെണ്ണിനെന്താ വട്ടാണോ എന്ന്...
എനിക്ക് വട്ടൊന്നുമല്ല ഇക്ക... എന്നെ പോലെ ഭർത്താക്കന്മാർ രണ്ട് വർഷത്തിലൊരിക്കൽ വിരുന്നുകാരനായി വന്നു പോവുന്ന എല്ലാ പെണ്ണുങ്ങളുടേയും അവസ്ഥ ഇതൊക്കെ തന്നെയാണ്...
കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ പോലും ഇക്ക എന്നോട് ഒരു കാര്യം പറഞ്ഞതോർക്കുന്നുണ്ടോ...?
ഒരു ഗൾഫുകാരന്റെ ജീവിതത്തിൽ ഒരുപാട് ആദ്യ രാത്രികൾ ഉണ്ടാവുമെന്ന്...
ശരിയാണ് നീണ്ട പത്തു വർഷത്തിനിടക്ക് ആ ഭാഗ്യം നമുക്കും കിട്ടി...
പക്ഷേ ആ ആദ്യരാത്രിയിലെ സന്തോഷത്തേക്കാൾ എത്രയോ വേദന തരുന്ന രാത്രികളാണ് ഇക്ക കൂടെയില്ലാത്ത രാത്രികൾ...
ഇതൊക്കെ വായിക്കുമ്പോൾ ഇക്ക മനസ്സിൽ കരുതുന്നുണ്ടാവും ഒറ്റപ്പെടലിന്റെ വേദന ഇവള് മാത്രേ അനുഭവിക്കുന്നുള്ളു എന്നും എനിക്ക് ഈ ഒറ്റപ്പെടലും വേദനയൊന്നും ഇല്ലേ എന്ന്...
അറിയാം ഇക്കാ... എന്നെക്കാൾ ഒറ്റപ്പെടൽ അനുഭവിക്കുന്നത് നിങ്ങളാണെന്ന്... എനിക്ക് കൂട്ടിന് മക്കളുണ്ട് വീട്ടുകാരുണ്ട് ബന്ധുക്കളുണ്ട്...
ഒരു സങ്കടം വന്നാൽ മക്കളെ കെട്ടിപ്പിടിച്ച് സങ്കടങ്ങൾ ഒഴുക്കിക്കളയാം...
ഒരു സങ്കടം വന്നാൽ മക്കളെ കെട്ടിപ്പിടിച്ച് സങ്കടങ്ങൾ ഒഴുക്കിക്കളയാം...
ഇക്കാക്ക് ഒരു സങ്കടം വന്നാൽ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഉറ്റവരും ഉടയവരൊന്നുമില്ല ആ നാട്ടിൽ എന്ന് എനിക്ക് മനസ്സിലാവാത്തതു കൊണ്ടല്ല...
മനസ്സു തുറന്നൊരെഴുത്ത് എഴുതണം.... ആ എഴുത്ത് വായിക്കുമ്പോൾ എന്റെ ഇക്കാടെ കണ്ണുകളിൽ എന്റെ രൂപം നിറഞ്ഞു നിൽക്കണം...
ദിവസവും രാത്രി ഉറങ്ങാൻ നേരത്ത് ഇതിലെ ഓരോ വരികളും ഇക്ക മനസ്സിലോർക്കണം...
ഇതെന്റെ മനസ്സാണ്...
പകരം വെക്കാനില്ലാത്ത എന്റെ മനസ്സ്...
പകരം വെക്കാനില്ലാത്ത എന്റെ മനസ്സ്...
ഒത്തിരി സ്നേഹത്തോടെ ദൂരെ ഒരു പാടു ദൂരെ നിന്ന് ഇക്കാടെ സ്വന്തം ഉണ്ടക്കണ്ണി...!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക