ഇവളൊക്കെ എന്തു ഫ്രണ്ടാലേ......ചമ്മന്തി
**************************
സുഹൃത്തുക്കളുടെ സ്നേഹത്തെകുറിച്ചു പറഞ്ഞാലും... നാളികേരച്ചമ്മന്തി കണ്ടാലും ദാ.... എനിക്കിവളെയാ ആദ്യം ഓർമ്മ വരാ...
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അവൾ എന്റെ ക്ലാസ്സിലേക്ക് പുതുതായി വന്നത്... കാണാൻ ഇച്ചിരി തൊലിവെളുപ്പുള്ള കാരണം അവൾക്കു അതിന്റെ നല്ല അഹങ്കാരവും ഉണ്ടെന്നാണ് എന്റെ ഒരു ഓർമ്മ.... ഉണ്ടാകും.. അവൾ അല്ലെ....
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ സ്കൂൾ ആയിരുന്നു...
കൊച്ചു കൊച്ചു കഴിവുകൾ കൊണ്ട് ഞാൻ ക്ലാസ്സിൽ ഒന്നു പൊങ്ങി നിന്ന കാലത്തായിരുന്നു അവളുടെ വരവ്... വേറൊന്നുമല്ല ചെറിയ ചെറിയ മോണോക്‌റ്റും മിമിക്രിയും ഒക്കെ..... പിള്ളേർക്കും ടീച്ചേഴ്സിനും ഒക്കെ ഒരു കാര്യമായിരുന്നു....
ഇവള് വന്നതോടു കൂടി എല്ലാം പോയി.... ഇവളും ഒരു മിമിക്രി ആയിരുന്നു... അവൾ വന്നതിനു ശേഷമാണ് വീരവാദങ്ങൾ ഒക്കെ ഞാൻ കേട്ടു തുടങ്ങിയത്... അവൾ അതാണ്.. ഇതാണ്... എന്നൊക്കെ.....
അവൾക്കു എന്നോട് നല്ല ദേഷ്യമായിരുന്നു.... എനിക്ക് പിന്നെ പറയണ്ടല്ലോ.... ക്ലാസ്സിൽ ഗ്രൂപ്പിസം ഉണ്ടാക്കാൻ വേണ്ടി മാത്രം വന്നതായിരുന്നു അവൾ... അവൾക്കു ഒരു ഗ്രൂപ്പ്.. അത് അവൾ വന്ന കുറച്ചു ദിവസം കൊണ്ട് ഉണ്ടാക്കി.... അവളുടെ ഉപ്പ കൊണ്ടുവരുന്ന ചെറിയ അത്തർ കുപ്പികളും മിട്ടായിയും കൊണ്ടവൾ എല്ലാവരെയും അവളിലേക്ക് കൊണ്ടുവന്നു...
ഞാനും വിട്ടുകൊടുത്തില്ല... എന്റെ കൂട്ടുകാർക്ക് ഇഷ്ട്ടമുള്ള അർജുന്റെ പടം ഞാനും വെട്ടി കൊണ്ട് കൊടുത്തു... കാരണം എന്റെ അച്ഛൻ ഗൾഫിൽ അല്ലാത്തതുകൊണ്ടും മിട്ടായിയൊന്നും മേടിക്കാൻ കാശില്ലാത്തതുകൊണ്ടും ഞാൻ അടുത്ത വീട്ടിലെ ചേച്ചി വരുത്തുന്ന മാസികയിൽ നിന്ന് അർജുനെയും കനകയെയും ഒക്കെ വെട്ടിയെടുത്തു കൂട്ടുകാർക്ക് കൊണ്ട് കൊടുത്തു... എന്നാലും അവൾടെ അത്തർ കുപ്പികൾക്ക് മുന്നിൽ അതൊക്കെ ഒന്നുമല്ലാതായി പോകുന്നത് ഞാൻ അറിഞ്ഞു...
എന്റെ കൂട്ടുക്കാർ എല്ലാം അവളിലേക്ക് പോകുമ്പോൾ.... അതോർത്തു ഞാൻ എന്നും രാത്രികളിൽ കരയുമായിരുന്നു... കരച്ചിലിന്റെ ശബ്ദം കേൾക്കാതിരിക്കാൻ ഞാൻ പുതപ്പ് എടുത്തു വായിൽ വയ്ക്കുമായിരുന്നു..
ഇത് കേട്ടു വന്നാൽ അമ്മയുടെ തല്ല് ഉറപ്പാണെന്ന് എനിക്കറിയാമായിരുന്നു...
ഇത് കേട്ടു വന്നാൽ അമ്മയുടെ തല്ല് ഉറപ്പാണെന്ന് എനിക്കറിയാമായിരുന്നു...
അങ്ങനെ ഒരു വെള്ളിയാഴ്ച്ച ദിവസം ഞാൻ എന്റെ ചോറ്റുംപാത്രമെടുത്ത് ഞാനും എന്റെ കൂട്ടുകാരും ഉണ്ണാൻ ഇരുന്നു... പാത്രം തുറന്നപ്പോൾ തന്നെ എന്റെ കണ്ണും വായയും സന്തോഷം കൊണ്ട് തുള്ളിചാടിയിരിക്കും.
എനിക്ക് ഇഷ്ട്ടപെട്ട നാളികേര ചമ്മന്തി.... ഈശ്വരാ.... അമ്മ ഒരു വാക്ക് മിണ്ടിയില്ല... ഇന്ന് പുട്ട് തിന്നുമ്പോൾ പോലും ഞാൻ കണ്ടില്ലല്ലോ അമ്മ ഉണ്ടാക്കിയ ചമ്മന്തി... അങ്ങനെ ചിന്തിച്ചിരിക്കാനുള്ള സമയമല്ല അതെന്നു എനിക്ക് മനസിലായി... കൂട്ടുകാരികളോട് അത് പറയും ചെയ്തു... അമ്മ തന്ന സർപ്രൈസിനെ പറ്റി... അവർക്ക് കുറച്ചു വീതിച്ചു നൽകി...
ഞാൻ ചോറിൽ ആ നാളികേര ചമ്മന്തി കൂട്ടി കുഴച്ചു... ചുമന്നു തുടുത്ത ആ ചോറിൽ നിന്നും ഒരു ഉരുള ആസ്വദിച്ചു ഇറക്കി.... എന്റമ്മോ... എന്തൊരു സ്വാദ്.... മൂന്നാമത്തെ ഉരുള വായിലേക്ക് ഇടുന്ന നേരം ഞാൻ കണ്ടു ജനാലയിൽ കൂടി അവളും കൂട്ടുകാരികളും കൈ കഴുകി വരുന്നത്....
എവിടെ പോയിരിക്കുകയായിരുന്നു ഇവള് എന്ന്....മനസ്സിൽ വിചാരിച്ചു അടുത്ത ഉരുള ഉരുട്ടാനുള്ള തത്രപ്പാടിലായിരുന്ന സമയത്താണ് അവളുടെ ചോദ്യം ഞാൻ കേട്ടത്....
ആരെങ്കിലും എന്റെ ചോറ്റുംപാത്രം എടുത്തിട്ടുണ്ടോ.. ?ഞാനും എല്ലാവരെയും നോക്കി... എടുത്തിട്ടുണ്ടോ എന്ന ചോദ്യ ഭാവത്തിൽ.... പോടീ... നിന്റെ ചോറ്റു പാത്രം ആർക്കു വേണമെടി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു....
ആരെങ്കിലും തെറ്റി എടുത്തിട്ടുണ്ടെങ്കിൽ പറഞ്ഞോട്ടാ... 64 പിള്ളേരുടെ ചോറ്റുപാത്രം ഒരുമിച്ചു വയ്കുന്നതല്ലേ... ചിലപ്പോൾ തെറ്റിയതാകാം... എന്നൊക്കെ അവൾ വിളിച്ചു പറയുന്നുണ്ട്.... അപ്പോൾ പിന്നേ അടുത്ത ഡയലോഗ് എന്നെ ഞെട്ടിച്ചു.....
എന്റെ ചോറ്റും പാത്രത്തിൽ നാളികേര ചമ്മന്തിയാണ്...ഇവിടെ ഇരിക്കുന്ന ചോറ്റും പാത്രത്തിൽ കടലയും അച്ചാറും.. !
ദേവിയെ...... !!!!!
അതു കേട്ട് എന്റെ തലയിലൂടെയും ശരീരത്തിലൂടെയും എന്തോ ഒന്ന് മിന്നി മറഞ്ഞു പോകുന്നപോലെ എനിക്ക് തോന്നി....
എന്റെ കൃഷ്ണ....
ആ ചോറ്റു പാത്രത്തിലേക്ക് നോക്കിയതും എന്റെ കണ്ണു മിഴിഞ്ഞു.... എന്റെ കടലയും അച്ചാറും.... അമ്മയോട് കടല വയ്ക്കണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു.... പക്ഷെ.....
അത് എന്റെ ചോറ്റു പത്രമാ.... നിന്റെ ഞാൻ തെറ്റി എടുത്തു... സോറി...
എന്ന് ഞാൻ പറയുമ്പോൾ എന്റെ ദേവിയെ... ഞാൻ അങ്ങനെ ഉരുകി പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു...
അവളുടെ ആ പരിഹാസച്ചിരി ഇപ്പോഴും എന്റെ കണ്മുൻപിൽ ഉണ്ട്...
നീ കഴിച്ചോ എന്റെ ചോറ് എന്ന് ഞാൻ പറഞ്ഞെങ്കിലും അവൾ ഒന്നും കേട്ടില്ല... വേണ്ട എന്ന് പറഞ്ഞു... അവളുടെ ചോറ് എന്നോട് കഴിച്ചോളാനും പറഞ്ഞു...
പിന്നേ അവൾക്കു എന്റെ ചോറ് വേണ്ടെങ്കിൽ പിന്നേ എനിക്കെന്തിനാ അവളുടെ ചോറ്... ഞാനും കഴിച്ചില്ല....
അവളുടെ ചോറ് കൊണ്ട് തട്ടിക്കളയുമ്പോൾ എന്റെ കണ്ണിൽ നിന്നും വീണ കണ്ണുനീർ ആരും കാണാതെ ഞാൻ തുടച്ചു....
എന്റെ ചോറ് ഞാൻ കളഞ്ഞില്ല... അത് ഞാൻ അതേപോലെ തിരിച്ചു കൊണ്ടു പോയി... കാരണം അതിന്റെ പിന്നിലെ കഷ്ടപ്പാട് എനിക്കറിയാമായിരുന്നു....
വീട്ടിൽ ചെന്ന് ആ ചോറ് തിന്നുമ്പോൾ അമ്മ എന്നോട് എന്താ ഉച്ചക്ക് കഴിച്ചില്ലേ എന്നു ചോദിച്ചു... ഉണ്ടായ കാര്യങ്ങൾ ഒക്കെ അമ്മയോട് പറയുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു നിന്റെ ചമ്മന്തി കൊതിയ ഇതെല്ലാം ഉണ്ടാക്കിയത്.. എന്തൊക്കെ കൂട്ടാൻ ഉണ്ടായാലും ചമ്മന്തി ഇല്ലാതെ പറ്റോ.... അവരൊക്കെ വലിയ ആളുകൾ ആവും... അവർ ഒന്നും നമ്മുടെ ചോറൊന്നും തിന്നില്ല എന്നൊക്കെ അമ്മ കിടന്നു പറയുന്നുണ്ടായിരുന്നു... ഞാനും അത് എന്റെ മനസ്സിനെ പറഞ്ഞു മനസിലാക്കി....
പക്ഷെ ആ ഒരു വർഷമേ എനിക്കവളെ സഹിക്കേണ്ടി വന്നുള്ളൂ....
അവൾക്കു ഒൻപത്തിലേക്ക് വരാൻ താല്പര്യമില്ലാത്ത കാരണം ടീച്ചേർസ് അവളെ എട്ടിൽ തന്നെ ഇരുത്തി....
എന്നാലും ഇപ്പോഴും ഈ നാളികേര ചമ്മന്തി ഉണ്ടാക്കുമ്പോൾ അവളെ ഓർമ വരാറുണ്ട്... അപ്പോൾ ഞാൻ ആ നാളികേരം ആ അമ്മിയിൽ നീട്ടി അരക്കും....
അവള് തിന്നൂല്യ... എന്നെ കൊണ്ട് തീറ്റിച്ചതുമില്ല.... അതാ അവളോട് ദേഷ്യം.....
രാഗി പ്രമോദ്
***************
***************

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക