Slider

ഫ്ലോറ

0
ഫ്ലോറ
---------
" non guardare a me come questo leo!!! ".
എന്നെയിങ്ങനെ നോക്കല്ലേ ലിയോ, ഞാൻ കരഞ്ഞുപോകും, ഞാനീ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടിട്ട് കുറേക്കാലമായി, ആർക്കും വേണ്ടാത്ത എന്തോ ഒരു വസ്തുവായി വെറുതെയിരുന്ന് ചിതലരിക്കുന്നു.
" ലിയോ, നീയെന്താണ് മിണ്ടാത്തത്?? ലിയോ ലിയോ !! ".
ഉപബോധത്തിന്റെ വലയിൽ കുടുങ്ങിയലഞ്ഞ ലിയോ പാതിമയക്കത്തിലാണ് പറഞ്ഞു തുടങ്ങിയത്.
പ്രിയപ്പെട്ട ലിസ, നിന്റെ കണ്ണുകൾ ഗൂഢമായ സൗന്ദര്യമാണ്, അതിൽ വിഷാദത്തിന് പ്രസക്തിയില്ല, ഒരിക്കലും!!!. നീ ചിരിച്ചു കൊണ്ടേയിരിക്കുക. നിനക്കറിയുമോ ലിസ, നിന്റെ കണ്ണുകളിൽ ഞാൻ കാമം കണ്ടെത്താറുണ്ട്, ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന രാത്രികളിൽ ഞാൻ നെയ്തുകൂട്ടിയ സ്വപ്നങ്ങളിലെ നിന്റെ നഗ്നതയിൽ എന്റെ രേതസ് വീണൊലിക്കാറുണ്ട്.
" ലിയോ, അരുത്!! ഞാനൊരമ്മയാണ്, മറ്റൊരാളുടെ ഭാര്യയാണ്, കാമത്തിന്റെ തീ ആളിപ്പടരുന്ന നിന്റെ കണ്ണുകൾ കൊണ്ടെന്നെ വീണ്ടും വീണ്ടും ഭോഗിക്കരുത്, എനിക്കിനിയും പിടിച്ചു നിൽക്കാനാവില്ല ".
ഇസബെല്ലയെയും സെസിലിയയെയും മനസ്സാൽ സ്വീകരിക്കാൻ എനിക്ക് കഴിയാത്തത് കൊണ്ടല്ലേ ലിസാ ഞാൻ നിന്നെയെന്റെ കൂടെക്കൂട്ടിയത്?? ഫ്രാൻസെസ്കോയുടെ കൂടെ ഞാനിവിടെ വന്ന ദിവസം വിരലിലണിഞ്ഞ മരതകമോതിരം മറയ്ക്കാൻ നീ പാടുപെടുന്നത് കണ്ടാണ് ഞാൻ നിന്നെ ശ്രദ്ധിച്ചത്.
ആൻഡ്രിയ നിന്റെ വലതുകൈയിൽ തൂങ്ങിയിരുന്നു. ആരാണ് ഈ കുട്ടിയെന്ന എന്ന എന്റെ ചോദ്യത്തിന് " ഫ്രാൻസെസ്കോയുടെ മകനെന്ന് " നീ പറഞ്ഞ ഉത്തരത്തിലുണ്ടായിരുന്നു ലിസയെന്ന നിന്റെ നോവുകൾ. ഫ്രാൻസെസ്കോ യഥാർത്ഥത്തിൽ നിനക്കാരാണ് എന്ന് ചോദിച്ചപ്പോൾ നീ ഒഴിഞ്ഞു മാറുകയും ചെയ്തു.
ലിയോ, അത് ഞാൻ വെറുതെ പറഞ്ഞതാണ് അന്ന്. ഫ്രാൻസെസ്കോ എന്റെ ഭർത്താവാണ്, എന്റെ കുഞ്ഞിന്റെ അച്ഛൻ.!!
ദുഃഖ ഭാരത്താൽ ലിസയുടെ മോതിരമിട്ട വിരൽ വിറച്ചു, കണ്ണുകൾ നിറഞ്ഞൊഴുകിയത് താഴെയിരുന്ന മഡോണ ലിറ്റയെ നനച്ചു. അപ്പോളുമവൾ എന്റെ ഫ്രാൻസെസ്കോ എന്ന് വിലപിച്ചു, പക്ഷെ ഫ്രാൻസെസ്കോ നിലത്ത് വിരിച്ചിട്ട പുതിയ പട്ടുവസ്ത്രത്തിന്റെ നൂലിഴകൾ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.
ലിയോ തുടർന്നു!! ലിസാ, എന്റെ പ്രിയമേ. നിന്റെ പുരികങ്ങളിൽ ഞാനെന്റെ കവിതകൾ രചിക്കട്ടെ, നിന്റെ കൺപീലികളിൽ ഞാൻ ചിത്രമെഴുതട്ടെ, അല്ലെങ്കിൽ വേണ്ട!! തേനൊഴുകുന്ന നിന്റെ മുഖം തന്നെ കവിതയാകുമ്പോൾ പുരികവും കൺപീലികളും ആർക്ക് വേണം!! കണ്ണീർ തുടക്കാതെ തന്നെ ലിസയുടെ മുഖത്ത് നിഗൂഢമായ പുഞ്ചിരി വിരിഞ്ഞു. ഞരമ്പുകൾ വലിഞ്ഞു മുറുകിയ കൈകൾ കൊണ്ട് ലിയോ ആ മുഖത്ത് സ്പർശിച്ചു.
" ലിയോ, ഞാൻ പോകുന്നു, ആരെങ്കിലും കാണും "
ലിസാ, എന്നെ തനിച്ചാക്കി പോകരുത്. നീയില്ലാതെയെനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, നിന്റെ സൗന്ദര്യത്തെ ഞാനത്ര മാത്രം സ്നേഹിച്ചു പോയി. കാതറീന കഴിഞ്ഞാൽ അല്ല കാതറീനയോടൊപ്പം തന്നെ എന്നെ സ്വാധീനിച്ചത് ലിസാ, നീയാണ്..
ലിസ തിരിഞ്ഞു നോക്കി, ലിയോ തുടർന്നു, കാതറീന എന്റെയമ്മയാണ് അഞ്ച് വയസ് വരെ മാത്രമേ അമ്മയെന്നെ നോക്കിയിട്ടുള്ളൂ, അമ്മയുടെ സ്നേഹം കിട്ടാതെ വളർന്ന എനിക്ക് നീയാരൊക്കെയോയാണ് ലിസാ!!. കഷണ്ടി കയറി തെളിഞ്ഞ ലിയോയുടെ തലയിൽ നിന്ന് വിയർപ്പ് പൊടിഞ്ഞിരുന്നു.
ലിസയൊന്നും പറയാതെ മഹാഗണി പടികളിറങ്ങി നടന്നു, നെഞ്ച് പൊട്ടുന്ന വേദനയോടെ ലിയോ മഡോണ ലിറ്റയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
കൂർക്കം വലിച്ചുറങ്ങുന്ന ഫ്രാൻസെസ്ക്കോയുടെ അരികിൽ മൗനമായി, ചിന്തകളെ താലോലിച്ച് കൊണ്ട് ലിസ കിടന്നു. ഇടയിലെപ്പോഴോ ഉറങ്ങിപ്പോയ ലിസയെ ആൻഡ്രിയ വിളിച്ചെഴുനേൽപ്പിച്ചു, നേരം പുലരാനിനി നാഴികകൾ പലത് കഴിയണം.
മുകളിലെ നിലയിൽ അപ്പോഴും കരച്ചിലവസാനിച്ചിരുന്നില്ല. മഡോണ ലിറ്റയൊന്നും മറുപടി പറഞ്ഞില്ല. ഉറക്കത്തിന്റെ ലാസ്യത്തിൽ ലിസ മുകളിലേക്ക് ചെന്നു, ലിസയെ കണ്ടതും ലിയോ എല്ലാം മറന്നു. പക്ഷെ ലിസ അവിടെ കണ്ടത്, ചരിച്ചു വെച്ചിരുന്ന ഒരു കടലാസിൽ പാതി രചിക്കപ്പെട്ട ഒരു ചിത്രമായിരുന്നു, വലത് കൈകൊണ്ട് മോതിരവിരൽ മറച്ച, ഗൂഢമായി ചിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം അതിനരികിലായി കുപ്പിയിൽ നിന്ന് ഒഴുകുന്ന വെള്ളത്തിന്റെ ചിത്രവും!!
" ലിയോ, എന്താണിത്?? ആരാണ് ഈ ചിത്രത്തിൽ "
സൂക്ഷിച്ച് നോക്ക് ലിസ, ഇത് നീയല്ലേ??
അല്ല ലിയോ, ഇത് പൂർണ്ണമായി ഞാനല്ല, പകുതി എന്റെ മുഖവും പകുതി നിന്റെ മുഖവുമാണ്!! എന്തിനാണ് നീയിത് വരച്ചത്? എന്തിനാണ് ഇതിന്റെ കൂടെ വെള്ളക്കുപ്പിയും?
അത് വെള്ളമല്ല ലിസ, ഹെല്ലെബോറും, ലില്ലിച്ചെടിയുടെ ഇലയും, കൊഴുപ്പും, തേനും, കോഴിമുട്ടയും ചേർത്ത വിഷമാണ്!! ഈ ചിത്രത്തിൽ നീയും ഞാനും ഒരുപോലെ ഇഴുകിച്ചേർന്നിരിക്കുന്നു, അതില്ലാതെയാകുന്ന ദിവസം ഇരുണ്ട് പോകാനായി ഞാനീ വിഷവും എന്റെ കൈയിൽ സൂക്ഷിക്കും.
ലിയോ!! അരുത്, എനിക്ക് കഴിയില്ല ഫ്രാൻസെസ്കോയെ വഞ്ചിക്കാൻ, എനിക്ക് കഴിയില്ല എന്റെ കുഞ്ഞിനെ വഞ്ചിക്കാൻ, എന്നെയൊന്ന് മനസിലാക്കൂ, ഞാൻ വെറുമൊരു പെണ്ണാണ്, ഒരു ഭാര്യയാണ്, അമ്മയാണ്. ഇസബെല്ലയെ പോലെ, സെസിലിയയെ പോലെ. എനിക്ക് ലിയോയെ അങ്ങനെ കാണാൻ കഴിയില്ല. എന്നെ മറന്നേക്കൂ. അപ്പോളേക്കും ബലിഷ്ഠമായ കൈകൾ കൊണ്ട് ലിയോ അവളെ കീഴ്‌പ്പെടുത്തി, ലിസയിലേക്ക് ലിയോ പടർന്നു കയറി. ലിയോ അവളിൽ പെയ്തൊഴിഞ്ഞു.
ദുഷ്ക്കാമത്തിന്റെ തേരോട്ടത്തിൽ വിശുദ്ധമെന്ന് അവൾ കരുതിയതെല്ലാം വീണുടഞ്ഞു. കീറിപ്പറിഞ്ഞ പട്ടുനൂലാടകൾ വാരിയുടുത്ത് കണ്ണീരൊഴുകിയ കവിളുകളുമായി ലിസ പടിയിറങ്ങി പോയപ്പോൾ ഇറ്റുവീണ രേതസിന്റെ ആലസ്യത്തിൽ ലിയോ മഡോണ ലിറ്റയെ നോക്കി ചിരിച്ചു, കാമത്തിന്റെ ദുഷിച്ച ഗന്ധമവിടെ നിറഞ്ഞിരുന്നു. പക്ഷെ മടിക്കുത്തിൽ നിന്ന് വിഷത്തിന്റെ കുപ്പി വഴുതിപ്പോയത് ലിയോ അറിഞ്ഞിരുന്നില്ല.
ഫ്രാൻസെസ്കോയുടെ കാലുകൾ അവളുടെ വിശുദ്ധമായ കണ്ണീർ കൊണ്ട് കഴുകിത്തുടച്ച് ആൻഡ്രിയയുടെ നെറുകയിൽ മുത്തം കൊടുത്ത്, പാറിക്കളിക്കുന്ന ജനൽമറയുടെ അരികിൽ നിന്ന് മുഖത്തേക്ക് ഒഴുകുന്ന കാറ്റിൽ അലിഞ്ഞവൾ ഹെല്ലെബോർ കലർത്തിയ കുപ്പി അധരങ്ങളിലേക്ക് ഒഴിക്കുമ്പോൾ മുകൾനിലയിൽ ലിയോ മൊണാലിസയെന്ന ചിത്രത്തിൻറെ അവസാന നിഗൂഢതയും എഴുതി ചേർക്കുകയായിരുന്നു. ഫ്ലോറൻസിലെ ഫ്രാൻസെസ്‌കോയുടെ കൊട്ടാരത്തിലപ്പോൾ മരണത്തിന്റെ മണം ഒഴുകി നടന്നു. അന്ന് ആൻഡ്രിയയുടെ പതിനാലാം ജന്മദിനമായത് യാദൃശ്ചികമായിരുന്നോ?
ഫിബിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo