Slider

ഞാനും അമ്മയും തമ്മിൽ

0

ഞാനും അമ്മയും തമ്മിൽ വഴക്കുണ്ടായാൽ അതൊരൊന്നൊന്നര വഴക്കായിരിക്കും. അങ്ങനെയൊരു പൊരിഞ്ഞ വഴക്കു കാലത്താണിത്. വഴക്കിന്റെയവസാനം അമ്മ എന്നോടു വീട്ടിൽ നിന്നിറങ്ങിപോകാൻ വരെ പറഞ്ഞു. ഞാനാണേൽ അപ്പൊത്തന്നെ ഒരു ബാഗുമെടുത്തിറങ്ങി. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ എങ്ങോട്ടു പോകണമെന്നോ എന്തുചെയ്യണമെന്നോ ഒരു പിടിയുമില്ല. നഗരത്തിലുള്ള കുറച്ചു സുഹൃത്തുക്കള വിളിച്ചുനോക്കി. ചിലർ സ്ഥലത്തില്ല. മറ്റു ചിലർക്ക് പല തിരക്കുകൾ. ജീവിതത്തിൽ ആരുമില്ലാതായതു പോലെ. അമ്മയോടുള്ള വാശി ഒരു വശത്ത്. ഏതാണ്ട് കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. അപ്പോഴാണ് ഒരു കിളിമാനൂർ ബസ് വന്നത്. നേരെ അതിൽക്കയറി കിളിമാനൂർ ടിക്കറ്റെടുത്തു. പോണ വഴിയിലൊന്നും എനിക്കു ചെന്നു കയറാൻ പറ്റിയ ഒരു വീടു പോലുമില്ല. എങ്കിലും ബസിന്റെ സൈഡ് സീറ്റിലിരുന്നു പുറത്തെക്കാഴ്ചകൾ കണ്ടു കിളിമാനൂരെത്തിയിട്ടു ബാക്കി തീരുമാനിക്കാം എന്നു എന്നോടു തന്നെ പറഞ്ഞുകൊണ്ടേയിരുന്നു.
ബസ് വെഞ്ഞാറമൂടെത്തി . പെട്ടെന്നാണ് ഞാൻ നാനിയെ ഓർത്തത്. അടുത്ത സുഹൃത്തിന്റെ അമ്മൂമ്മയാണ്. നാനിയ്ക്ക് ഞാനും കൊച്ചുമകളെപ്പോലെയാണ്. നാനിയെക്കുറിച്ചോർത്തപ്പോൾ ആകെയൊരാശ്വാസം തോന്നി.
കിളിമാനൂർ ബസ്സിറങ്ങി. വിശന്നിട്ടു നിക്കാൻ വയ്യാത്ത അവസ്ഥ. പഠിച്ചു കൊണ്ടിരുന്ന സമയമാണ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കാനുള്ള പൈസയൊന്നും കയ്യിലില്ല . ഒരുവിധം നാനിയുടെ അടുത്തെത്തി. നാനി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നെക്കണ്ടതും വലിയ സന്തോഷം. കുറേ നേരം വിശേഷങ്ങളൊക്കെ പറഞ്ഞു. എനിക്കാണേൽ സഹിക്കാനാവാത്ത വിശപ്പ്. ഊണു സമയം ഒക്കെ കഴിഞ്ഞു. ഇതിനിടയിൽ ഒന്നു രണ്ടു പ്രാവശ്യം നാനി ഞാൻ ചോറുണ്ടോയെന്നും ഞാനുവ്വെന്നും പറഞ്ഞിരുന്നു.
ഒരു മൂന്നു മണിയായിക്കാണും. നാനി പറഞ്ഞു, മോളിരിക്ക് ഞാനെന്തായാലും ചോറെടുക്കാം. ഞാൻ അപ്പോഴും വേണ്ടാ ഞാൻ കഴിച്ചിട്ടാ വന്നതെന്ന് കളവു പറഞ്ഞു കൊണ്ടേയിരുന്നു. എന്തിനാണന്നങ്ങനെ പറഞ്ഞതെന്നറിയില്ല. പക്ഷേ നാനി നിർബന്ധിച്ചു ചോറു തന്നു.
ഇടയ്ക്ക് വെള്ളമെടുക്കാനായി നാനി അടുക്കളയിലേക്ക് പോകുന്നേരം എന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് അമ്മയെയോർത്തു. അമ്മയരച്ചു തരുന്ന തേങ്ങാച്ചമ്മന്തിയുടെ സ്വാദോർത്തു.അപ്പോഴേയ്ക്കും എന്റെ വാശിയെല്ലാം മാറിയിരുന്നു.
പോകാന്നേരം ഞാൻ നാനിയെ കെട്ടിപ്പിടിച്ചു. പതുപതുത്ത ആ ശരീരത്തിനുളളിൽ വാത്സല്യം മാത്രമായിരിക്കാനേ തരമുള്ളൂ. സ്നേഹിക്കാൻ മാത്രമറിയാവുന്നൊരാന്മാവാണത്. കാരണം
അങ്ങനെയുള്ളവർക്കേ മറ്റൊരാളുടെ വിശപ്പിനെ തിരിച്ചറിയാനാകൂ.
Lekshmi Mayohi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo