ഇന്ന് വൈകീട്ട് ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ അങ്ങകലെ റോഡരുകിൽ ഒരു വലിയ ജനക്കൂട്ടം. എന്തോ അപകടം പോലെ.... മനസ്സിൽ അകാരണമായ എന്തോ ഒരു ഭയം തോന്നി. പക്ഷെ ആൾക്കൂട്ടത്തിന് അടുത്തേക്ക് എത്തുമ്പോഴേക്കും മനസ്സിലെ ഭയത്തിന്റെ അളവു കുറഞ്ഞു വന്നു. ആളുകൾ എന്തോ ശ്രദ്ധാപൂർവ്വം എന്തോ വീക്ഷിക്കുന്നതാണെന്ന് മനസ്സിലായി. അടുത്തേക്ക് വരുംതോറും ഏതോ പാട്ടിന്റെ താളാത്മകത കാതിലേക്ക് ഇമ്പമായി കടന്നു കയറി. ആൾക്കൂട്ടത്തിനടുത്ത് വണ്ടി പാർക്ക് ചെയ്ത് ഞാനും ആ ആൾക്കൂട്ടത്തിലൊരാളായി. അപ്പോഴാണ് ആ സംഗീതത്തിന്റെ ഉറവിടം ഞാൻ കണ്ടത്. വഴിയരികിൽ ഒരു ഓട്ടോയ്ക്ക് മുന്നിൽ നിന്ന് ഒരു മുത്തശ്ശി കരോക്കെ സംഗീതത്തിനോടൊപ്പം അതിന്റെ താളത്തിൽ ഈണത്തിൽ അലിഞ്ഞു ചേർന്ന് നാടൻ പാട്ടുകളും പഴയ ഇമ്പമാർന്ന മലയാളം പാട്ടുകളും പാടുന്നു. ഈയിടെ പലയിടങ്ങളിലും ഇതുപോലുള്ള സായാഹ്ന സംഗീത പരിപാടികൾ പലരുടേയും ചികിത്സയ്ക്കു വേണ്ടി പല സംഘടനകളും നടത്തുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അതിൽ നിന്നെല്ലാം വിഭിന്നമായിരുന്നു ഈ മുത്തശ്ശിയുടെ സംഗീതം. അവിടെ നിന്ന് പിന്തിരിഞ്ഞു പോരുവാൻ ആ മുത്തശ്ശിയുടെ സംഗീതം അനുവാദം തന്നില്ല. എന്റെ മനസ്സും... ആറോ ഏഴോ പാട്ടുകൾ 80 കഴിഞ്ഞ ആ കലാകാരി ഒറ്റ നിൽപ്പിൽ പാടുന്നു. മനസ്സിൽ അതിശയം തോന്നി. കൂടെ ചില ചോദ്യങ്ങളും.... ചുറുചുറുക്കുള്ള യുവ കലാകാരൻമാർക്ക് പോലും ഇത്രയധികം വ്യത്യസ്തമായ ഗാനങ്ങൾ ഒരുമിച്ച് ആലപിക്കാൻ സാധിക്കുകയില്ല. എന്നിട്ടും ആ മുത്തശ്ശി തളരാതെ ഇടറാതെ പാടുന്നു. എന്റെ മനസ്സിൽ ചോദ്യങ്ങൾ വളരുവാൻ തുടങ്ങി. അവസാന ഗാനത്തിന് മുൻപ് ഒരു അനൗൺസ്മെന്റ്. " അടുത്തതായി അവസാന ഗാനം. അത് കഴിഞ്ഞാൽ ഇവിടെ കൂടിയിരിക്കുന്ന ആരും പോകരുത്. ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട് " എന്ന് പറഞ്ഞു കൊണ്ട് മുത്തശ്ശി അവസാന ഗാനം പാടി. ഇതുവരെ ഞാൻ കേട്ടിട്ടില്ലാത്ത താളാത്മകമായ ഒരു നാടൻപാട്ട്.. പാട്ടിന്റെ പകുതി ആയപ്പോഴേക്കും ആൾക്കൂട്ടത്തിന്റെ എണ്ണം കുറയാൻ തുടങ്ങി. എല്ലാരും മനസ്സിൽ ഓർത്തിട്ടുണ്ടാവും :" ഇവിടെ തീരുന്നത് വരെ നിന്നാൽ എന്തെങ്കിലും കൊടുക്കേണ്ടി വരും" .... അതുകൊണ്ടാവാം അഞ്ചോ പത്തോ പേർ ഒഴിച്ച് ബാക്കി ഉള്ളവർ പാട്ടിന്റെ താളത്തിൽ കൈയടിച്ച് നടന്നകന്നത്. എങ്കിലും ചോദ്യങ്ങൾ അവശേഷിക്കുന്ന എന്റെ മനസ് എന്നെ അവിടെത്തന്നെ പിടിച്ചു നിർത്തി. ഗാനം അവസാനിച്ചപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രം.. എന്നെ പോലെ മനസിൽ ചോദ്യങ്ങൾ അവശേഷിപ്പിച്ചവരാകാം. ഞാൻ കാതോർത്തു മുത്തശ്ശി പറയുന്ന വാക്കുകൾക്കായി. പക്ഷെ അവസാന ഗാനത്തിന് ശേഷം ഒന്നും മിണ്ടാതെ മുത്തശ്ശി ഓട്ടോയ്ക്ക് ഉള്ളിലേക്ക് കയറി ഇരുന്നു. കൂടെ ഉണ്ടായിരുന്ന ഒരാൾ ഒരു ബക്കറ്റുമായി വന്നു. ആരൊക്കെയോ അതിലേക്ക് ചില്ലറയും രൂപയുമൊക്കെ ഇട്ടു കൊടുക്കുന്നുണ്ട്. പോക്കറ്റിൽ നിന്ന് ഒരു 10 രൂപ എടുത്ത് ആ ബക്കറ്റിലേക്കിട്ട് ഞാൻ ആ മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു. എന്നിട്ട് ചോദിച്ചു , "എവിടാ മുത്തശ്ശി ടെ വീട്?" പെട്ടെന്ന് മുഖമുയർത്തി ഉത്തരം വന്നു " കോട്ടയത്തിന് പോകുന്ന വഴിക്കാ "... "അപ്പോ പിന്നെ ഇവിടെ എന്തിനാ വന്നത്? എന്താ പാട്ടു കഴിഞ്ഞിട്ട് പറയാൻ ഉണ്ട് എന്ന് പറഞ്ഞത്?" ഞാൻ ചോദിച്ചു. " എന്നെ ഒന്നു സഹായിക്കോ മോനേ?" എന്റെ മുന്നിൽ കൈ കൂപ്പി കൊണ്ട് ആ മുത്തശ്ശി ചോദിച്ചു. ചുക്കിച്ചുളിഞ്ഞ ആ കവിളിലൂടെ കണ്ണുനീർ തുള്ളികൾ ഒഴുകുന്നു. എന്റെ ചോദ്യത്തിനുള്ള ഉത്തരം തേടി ഞാൻ വീണ്ടും ചോദിച്ചു.. " എന്താ ഞാൻ ചെയ്യണ്ടേ?" "മോനെ, എനിക്ക് കുറച്ച് പൈസ തരുമോ? ഗദ്ഗദത്തോടെ ആ മുത്തശ്ശി എന്നോട് ചോദിച്ചു. ആ ചോദ്യം കേട്ട പാടെ ബാക്കിയുള്ളവർ വലിഞ്ഞു. ത്രിശങ്കു സ്വർഗ്ഗത്തിൽ പെട്ട പോലെ ഞാൻ നിന്നു. എത്ര പണമാണ് അവർക്ക് വേണ്ടത് എന്ന് എനിക്കറിയില്ല.. എത്ര ചോദിക്കുമെന്നും..... എന്റെ മുഖത്തെ ഭാവങ്ങൾ കണ്ട് മുത്തശ്ശി പറഞ്ഞു "സാരമില്ല.... മോന് ഈ മുത്തശ്ശിയെ സഹായിക്കാൻ പറ്റില്ലാന്ന് അറിയാം.. എന്നാലും ചോദിച്ചുന്നേ ഉള്ളു". "എന്തിനാ മുത്തശ്ശിക്ക് പണം?" " എന്റെ പേരകുട്ടീടെ ചികിത്സക്കാ.. കുഞ്ഞിന് രണ്ടര വയസാ... വൃക്ക മാറ്റി വക്കണം.. അച്ഛൻ മരിച്ചു പോയ കുഞ്ഞിന് വേണ്ടി ഒന്നും ചെയ്യാൻ ആരുമില്ല. അതോണ്ടാ ഞാൻ പണം ചോദിച്ചെ..."ഒരു നിമിഷം എന്റെ മോനെ കുറിച്ച് ഞാനോർത്തു. സഹായിക്കണം എന്ന് മനസ് പറഞ്ഞു... പഴ്സ് എടുത്ത് നോക്കിയപ്പോൾ അഞ്ഞൂറിന്റെ നാലോ അഞ്ചോ നോട്ടുകൾ...എണ്ണിയില്ല.. പഴ്സ് കാലിയാക്കി മുഴുവൻ നോട്ടുകളും ആ മുത്തശ്ശിയുടെ വിറയ്ക്കുന്ന കൈകളിൽ വച്ചു കൊടുത്തു.. അതു കണ്ടപാടെ "മോനെ ദൈവം അനുഗ്രഹിക്കട്ടെ " എന്നു പറഞ്ഞ് ആ മുത്തശ്ശി തിരിഞ്ഞ് നടന്നു. തിരികെ വണ്ടി എടുത്ത് വീട്ടിലേക്കുള്ള യാത്രയിൽ മനസ് മുഴുവൻ ആ കുഞ്ഞായിരുന്നു. ലോകം മുഴുവൻ നേടി എന്ന് അഹങ്കരിക്കുന്ന മനുഷ്യന് മുൻപിൽ ഇതൊരു ഓർമ്മപ്പെടുത്തലാണ്... നാം എല്ലാം മനുഷ്യരാണ് എന്ന ഓർമ്മപ്പെടുത്തൽ...
Aneesh Udayabhanu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക