Slider

ഒരു നോവോർമ്മ

0
ഒരു നോവോർമ്മ
.....................................
സ്ക്കൂളിൽ സമരമുളള ദിവസങ്ങളിൽ കൂട്ടുകാരികളുടെ വീട്ടിലേക്കൊരു യാത്രയുണ്ട്.. കൃഷ്ണൻ മാഷുടെ ട്യൂഷൻ ക്ലാസ് ഒരു പാരയാണെങ്കിലും ഇങ്ങനെ ഹോം വിസിറ്റ്സ് പ്ലാൻ ചെയ്യുന്ന ദിവസങ്ങളിൽ മാഷെ സോപ്പിട്ട് (പെൺ കുട്ടികളില്ലാത്ത മാഷിന് ഞങ്ങളോട് വാൽസല്യമാരുന്നു..ഇത് മുതലാക്കിയാണ് )ഞങ്ങൾ യാത്രാ പദ്ധതി തയ്യാറാക്കുക..മാഷുടെ സമ്മതം കിട്ടിയാൽ പിന്നവിടെ നിൽക്കില്ല(അഥവാ മനം മാറിയാലോ പിന്നെ അടുത്ത സമരദിവസമാവാൻ കാത്തിരിക്കണ്ടേ).
അന്ന് ഷൈജയുടെ വീട്ടിലേക്ക്..ആദ്യായിട്ടായിരുന്നു ഷൈജയുടെ അമ്മയെ കാണുന്നത്..മെലിഞ്ഞു നേർത്ത് കോട്ടൺ സാരിയുടുത്ത് ചിരിച്ചോണ്ടൊരമ്മ..കുറെ സമയം സംസാരിച്ച് നല്ല കൂട്ടായി ഞങ്ങൾ..അമ്മയ്ക്ക് പറ്റിയ കൂട്ടാ മായ;രണ്ടാളും നോൺസ്റ്റോപ്പാ ഇനി അവരായി അവരുടെ പാടായീന്ന് പറഞ്ഞ് ഷൈജ അവിടേന്ന് മാറിയപ്പോഴും ഞങ്ങൾ സംസാരം തുടർന്നു.... പിന്നെയും ഇടയ്ക്ക് അമ്മയെകാണാനങ്ങോട്ട് പോകാറുണ്ടാരുന്നു..
സ്ക്കൂൾ കഴിഞ്ഞ് കോളേജിലെത്യപ്പൊ കോളേജിനടുത്തേക്ക് ഞങ്ങൾ വീടുമാറി..പുതിയ കോളേജും..ഫ്രണ്ട്സും..ഇടയ്ക്ക് കാണുമ്പൊ ഷൈജയോട് വിശേഷങ്ങൾ തിരക്കും..അമ്മയെ അന്വേഷിക്കും..
എം എ ലിറ്ററേച്ചറിൽ ഞാനും മലയാളത്തിൽ ഷൈജയുമായി പിന്നെയും ഞങ്ങൾ കണ്ടുമുട്ടി..കണ്ടാലൊക്കെ പറഞ്ഞുതീരാത്തത്ര വിശേഷങ്ങൾ..
ഫസ്റ്റ് ഇയർ പരീക്ഷയുടെ തിരക്കിൽ പ്രൊപ്പോസലും ഒരു പതിനേഴ് ദിവസത്തിനുള്ളിൽ എന്റെ കല്യാണവും.പരീക്ഷയുടെ ടെൻഷനിൽ കുറെ ഫ്രണ്ട്സിനെ മിസ്സായി..മൊബൈലും വാട്ട്സാപ്പും ഫേസ്ബുക്കുമില്ലായിരുന്നല്ലോ അന്ന്..മനസ്സ് മുഴുവൻ പരീക്ഷയാരുന്നു..ക്രിട്ടിസിസം പേപ്പർ(ഏറ്റവും വിഷമമുളളത് ഒന്നു പാസ്സായിക്കിട്ടാനുള്ള തത്രപ്പാടാരുന്നു).ഈ ചിന്തകൾക്കിടയിൽ എന്തോ അവരെ കല്യാണം വിളിക്കാൻ മറന്നു..
പിന്നെയും കോളേജിൽ കുറച്ചു നാൾ..കല്യാണം വിളിക്കാത്ത പരിഭവമൊക്കെ പിന്നെയും കണ്ടപ്പൊ അലിഞ്ഞില്ലാതായി..സെക്കണ്ടിയർ പൂർത്തിയാക്കും മുന്നെ പെട്ടെന്ന് ദുബായിലേക്ക് പറിച്ചു നടപ്പെട്ടു..പിന്നെ കത്തുകളിലൂടെ കുറച്ചു നാൾ സൗഹൃദം..പതുക്കെയതും കുറഞ്ഞു..
കുഞ്ഞുങ്ങളും തിരക്കുമായി കുറെ നാൾ..ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങിയ ശേഷം കുറെ തപ്പി നോക്കി ഷൈജയെയൊന്നും കണ്ടു പിടിക്കാൻ പറ്റീല..നിരാശയായിരിക്കുമ്പൊ ഒരു ദിവസം അപ്രതീക്ഷിതമായി അവളുടെ ഫേസ്ബുക്ക് ഐഡി കിട്ടി..അബുദാബീലവളുണ്ടെന്നറിഞ്ഞു..ഭർത്താവിനെ സോപ്പിട്ടൊരബുദാബി യാത്ര..പഴേ കാലത്തിലേക്ക് തിരിച്ചു പോയ പോലെ..അന്നവൾ പറഞ്ഞു..നിന്നെ എന്നും അമ്മ അന്വേഷിക്കാറുണ്ട്..അമ്മേടെ നമ്പർ തരൂ ഞാനീ വെക്കേഷനു വിളിക്കാമെന്നു പറഞ്ഞു നമ്പർ വാങ്ങി..അന്ന് അവൾ പറഞ്ഞു അമ്മ ഇവിടെ കുറെ പ്രാവശ്യം വന്നു..ആ സമയം നീ ഇവിടുണ്ടന്നറിഞ്ഞെങ്കിൽ തീർച്ചയായും കാണാൻ വന്നേനെ..അമ്മയ്ക്കത്ര ഇഷ്ട്ടാടാ നിന്നെ..ഇനി വന്നാൽ വരൂ ഷൈജാന്ന് പറഞ്ഞപ്പൊ അമ്മയ്ക്ക് ഈയ്യടുത്ത് ഒരു ഓപ്പറേഷൻ കഴിഞ്ഞെന്നും കുറച്ചു വയ്യായ്ക ഉണ്ടെന്നുമൊക്കെ അവൾ പറഞ്ഞു..തിരിച്ചു വരുമ്പൊ ഭർത്താവിനോട് ആ അമ്മയെപറ്റി കുറെ സംസാരിച്ചു..നാട്ടിലെത്യാൽ ഒന്നു കാണാൻ പോണം വിളിക്കണമെന്നൊക്കെ മനസ്സിലുറപ്പിച്ചു..
വെക്കേഷനു പിന്നെയും നാട്ടിലേക്ക്..ഇവിടെയിരിക്കുമ്പൊ..അങ്ങിനെയിങ്ങനെന്നൊക്കെ പ്ലാൻ ചെയ്യും..നാട്ടിലെത്തുമ്പൊ എല്ലാം തകിടം മറിയും..പാചകവും..ക്ലീനിങ്ങും ഔട്ടിങ്ങുമായി കുറച്ചു നാൾ തിരക്കായിപ്പോയി..പെട്ടന്നൊരു സന്ധ്യക്ക് വെറുതെയിരിക്കുമ്പൊ ഷൈജയുടെ അമ്മയെ വിളിക്കാമെന്നോർത്തു..
നമ്പർ ഡയൽ ചെയ്തു..ഫോണെടുത്തത് അമ്മയല്ല.പെട്ടെന്ന് പറഞ്ഞു ഒന്നു അമ്മയ്ക്ക് ഫോൺ കൊടുക്കാമോ..ഞാൻ മായയാ ഷൈജേടെ ഫ്രണ്ട്..ഓ മായേച്ചിയോ ഷൈജേച്ചിയും അമ്മയും പറഞ്ഞറിയാം..ഒരുപാട് പരിചയമുള്ള ആളെപ്പോലെ ഷൈജയുടെ ഞാനിതുവരെ കാണാത്ത ഏടത്യമ്മ..ഷൈജ പറഞ്ഞറിയാം..അമ്മയുടെ മോളിപ്പൊ ജയശ്രി ഏടത്യമ്മയാന്ന്..വിശേഷങ്ങൾ ചോദിച്ചു പിന്നെയും ഫോൺ അമ്മക്കു കൊടുക്കൂന്ന് പറഞ്ഞു..അയ്യോ മായേച്ചി അമ്മക്കു സംസാരിക്കാൻ പറ്റില്ല..കിടപ്പിലാ..ഞങ്ങൾ പറയുന്നത് മനസ്സിലാകും..ഇങ്ങോട്ടോന്നും പറയാൻ പറ്റില്ല.ഏച്ചി വിളിച്ചൂന്നു പറയാട്ടോ..എനിക്കാകെ വിഷമമായി..എന്റെ വീട്ടിലേക്ക് വിളിച്ചു..അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പൊ കുറച്ച് ആശ്വാസമായി..അമ്മ പറഞ്ഞത് നേരിട്ടു പോയിക്കാണാനാരുന്നു..
നേരിട്ടൊന്നു കാണാൻ പോകാന്നു കരുതി.. രാവിലെ ബ്രേക്ക്ഫാസ്റ്റുണ്ടാക്കുമ്പൊ അമ്മയുടെ കോൾ..
മോളിന്നു പേപ്പർ നോക്ക്യോ..ഇല്ലമ്മേ തിരക്കിലായിപ്പോയിന്നു പറയുമ്പൊ അമ്മ പറഞ്ഞു ..ഷൈജയുടെ അമ്മ പോയി മോളെ..പേപ്പറിലുണ്ട്..ഓടിച്ചെന്നു പേപ്പറെടുത്തു..സത്യമായിരുന്നു..കണ്ണു നിറഞ്ഞു..പേപ്പർ അവിടെയിട്ട് കിച്ചണിലേക്ക്..
ഇനി അവിടെയെത്തുമ്പൊ എല്ലാം കഴിയും..എന്നാലും പോകണം...
.രണ്ടു ദിവസത്തേക്ക് വീട്ടിൽ തിരക്കാരുന്നു..എല്ലാവരുടെയും കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനിടെ സ്വന്തം കാര്യങ്ങളോ ആശകളോ നിറവേറ്റാൻ പറ്റാത്തവരാണല്ലോ ഞങ്ങൾ സ്ത്രീകൾ...ഉച്ചത്തിലെന്നോട് സംസാരിക്കാൻ സരസ്വതി എന്ന പേരുള്ള അമ്മയില്ല..എന്നാലും അവിടെ അമ്മയുടെ ഓർമ്മകൾ ഉണ്ട്..എനിക്ക് പോയേ പറ്റൂന്ന് തോന്നി.. സഞ്ചയനദിവസം ഉച്ചക്ക് ശേഷം വേറൊരു ഫ്രണ്ട് ഷീബയെയും കൂട്ടിപ്പോയി..ഷൈജ അന്നു രാവിലെ തിരിച്ചു പോയിരുന്നു..അമ്മ കിടന്ന മുറിയിൽ ഏച്ചിമാരുണ്ട്..കുറച്ചു സമയം അവരോടോപ്പം.അകത്തെ മുറിയിലെവിടെയോ അമ്മയുടെ സംസാരം മുഴങ്ങുന്നുണ്ടെന്ന തോന്നൽ...
ഷൈജയുടെ ഏടത്യമ്മ അടുത്തു വന്നു..മായേച്ചി വിളിച്ചൂന്നു പറഞ്ഞിരുന്നു കേട്ടോ അമ്മയ്ക്ക് സന്തോഷമായിരുന്നു..പിന്നെയും നിറഞ്ഞു വന്നു കണ്ണുകൾ..അമ്മയുടെ ഭാഗ്യമായ ആ കുട്ടിയുടെ കൈകൾ ഒന്നമർത്തി പിടിച്ചു..രണ്ടു പേർക്കും മനസ്സിലായിരിക്കുന്നു ..അതു മതി..
അവിടെ നിന്നിറങ്ങുമ്പൊ ചെറിയ ഒരു ചാറ്റൽമഴ ..അമ്മയുടെ സ്നേഹം പോലെ..
വെക്കേഷൻ കഴിഞ്ഞു വന്നു ഷൈജയെ വിളിച്ചു..ഒന്നും പറയാൻ പറ്റിയില്ല...

ഞാൻ..എനിക്ക്..മുറിഞ്ഞു വീണ വാക്കുകൾ ..പിന്നെയൊന്നും പറയാൻ പറ്റിയില്ലെനിക്ക്.."സാരൂല്ല മായേ..അമ്മക്ക് മനസ്സിലാകും നിന്നെ...ഷൈജയുടെ വാക്കുകൾ..
നീ കാണാൻ വരാനിരുന്നതല്ലേ..അപ്പോഴേക്കും..
സാരമില്ല.."
കണ്ണീരിനിടയിലും അവളെന്നെ ആശ്വസിപ്പിക്കയാരുന്നു..
മനസ്സിലൊരിക്കലും മായാത്തൊരു മുറിവാണിതെന്നും...ഇന്നുമിതെഴുതുമ്പോഴും അറിയാതെ നിറയുന്നു കണ്ണുകൾ...ചില വേദനകൾ അങ്ങിനെയല്ലേ..തൂത്താലും തുടച്ചാലും മായില്ലല്ലോ..
വീണ്ടുമൊരു വെക്കേഷൻ...
നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാ ഞാൻ..അതിനിടയിലെവിടെയോ ആ അമ്മയെ ഓർത്തു...(അതിവിടെ കുത്തിക്കുറിച്ചൂന്നു മാത്രം..)...
മായ ദിനേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo