Slider

അച്ഛൻ എന്ന മജീഷ്യൻ

0
അച്ഛൻ എന്ന മജീഷ്യൻ..
 ******************************************
വിനുവേട്ടാ... എനിക്ക് ഒരു പച്ചസാരി എടുത്ത്കൊണ്ടുവരണേ... കുടുംബശ്രീയുടെ വാർഷികമാണ് അടുത്ത മാസം ..
ദേവൂട്ടി പറഞ്ഞത് കേട്ട് രാവിലെ ഇഡ്ഡലിയും, ചമ്മന്തിയും കഴിച്ചു കൊണ്ടിരുന്ന വിനുവിന്റെ തൊണ്ടയിൽ നിന്നും ഇഡ്ഡലി
 താഴോട്ട് പോകാൻ വിസമ്മതിച്ചു നിന്നു..
നീ ഒരു നീളമുള്ള തവി എടുത്ത്‌ കൊണ്ട് വരാമോ.. ?
ഇപ്പൊ തവിയെന്തിനാ വിനുവേട്ടാ.. ?
എന്റെ തൊണ്ടയിൽ കുരുങ്ങിയ ഇഡ്ഡലി ഒന്ന് കുത്തി ഇറക്കി വിടാനാ..
ഓ... വെള്ളം തന്നില്ലാരുന്നു അല്ലേ... !
ദേവൂട്ടി പെട്ടന്ന് പോയി വെള്ളം എടുത്തു കൊടുത്തു...
കഴിഞ്ഞ മാസമല്ലേ ദേവൂ ഒരു സാരി വാങ്ങിച്ചത്.. എല്ലാ മാസവും സാരി എടുത്ത്‌ തരാൻ എന്റെ അമ്മായിപ്പന്റെ തുണിക്കട അല്ലന്നും,നിന്റെ കെട്ടിയവൻ ഒരു തുണിക്കടയിൽ ജോലി ചെയ്യുന്നേ ഉള്ളുവെന്നും നീ എന്തേ മനസ്സിലാക്കുന്നില്ല മോളേ...
കഴിഞ്ഞ മാസം എടുത്ത സാരി ഒന്നുടുത്തതാ വിനുവേട്ടാ.. എടുത്ത്‌ തരാൻ പറ്റില്ലെങ്കിൽ അതങ്ങ് പറഞ്ഞാ പോരേ.. വെറുതെ ഇരിക്കുന്ന എന്റെ അച്ഛനും വിളിച്ചു.. എന്നെയും തെറി പറഞ്ഞു..
യ്യോ... നീ ചുമ്മാ വേണ്ടാത്തത് പറയല്ലേ ദേവൂ..
വേണ്ടാത്തതാണോ പറഞ്ഞേ..വിനുവേട്ടന്റെ അമ്മായി അച്ഛൻ ആരാ... ?എന്റെ അച്ഛൻ.. പിന്നെ ലാസ്റ്റുള്ള മോളേ എന്നുള്ള വിളിയിൽ മോളിനു മുൻപ് വിനുവേട്ടൻ മനസ്സിൽ എന്തെങ്കിലും ചേർത്തു കാണുമെന്നു എനിക്കറിയാം..
ഹും.. രാവിലെ തൊട്ട് ഒരു പട്ടിയെപ്പോലെ
ഇവിടെക്കിടന്നു പണിയെടുക്കുന്ന നമ്മൾക്ക് അല്ലേലും ഒരു വിലയില്ലല്ലോ..
വിനു കഴിച്ച പ്ലെയിറ്റും എടുത്ത്‌ അടുക്കളയിലേക്കു പോകുന്ന പോക്കിൽ ദേവൂട്ടി വിനുവിന് കേൾക്കാവുന്ന പോലെ പറഞ്ഞു..
അരിശത്തിൽ പാത്രം കഴുകികൊണ്ടിരുന്ന ദേവൂട്ടിയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു അവളുടെ കാതിൽ മുഖമമർത്തികൊണ്ട് വിനു ചോദിച്ചു ..
ഇളം പച്ചയാണോ... കടും പച്ചയാണോ കളർ വേണ്ടത്... ?
പച്ചയും വേണ്ട, ചുമലയും വേണ്ട.. ! സാർ അങ്ങോട്ട്‌ മാറിക്കേ..
വന്ന ചിരി അടക്കി കപട ദേഷ്യത്തിൽ ദേവൂട്ടി പറഞ്ഞു..
എന്നാലും.. പെട്ടന്ന് പറ പെണ്ണേ.. ബസ്സ്‌ ഇപ്പൊ വരും ഞാൻ പോകട്ടെ..
കടുംപച്ച.. ദേവൂട്ടി പറഞ്ഞു
ഊം.. ഒന്ന് മൂളിയിട്ട് വിനു ചോദിച്ചു..
വേറെ എന്തെങ്കിലും മേടിക്കാനുണ്ടോ... ?
ഒരു മാലയും,കമ്മലും പിന്നെ നാലഞ്ചു വളയും..എല്ലാം പച്ച..
മാലയും, വളയും ഒക്കെ സ്വർണ്ണം അയാൽ ഭവതിക്ക് വിഷമം ആകുമോ ആവോ.. ?
അങ്ങയുടെ ആഗ്രഹം പോലെ.. ഈ പാവത്തിന് എല്ലാം സമ്മതം.. ദേവൂട്ടി വിനയത്തോടെ പറഞ്ഞു..
ഇടാൻ ഇരുന്നോളേ.. ഞാൻ മേടിച്ചോണ്ട് വരാമേ.. വിനു തല കുലുക്കി പറഞ്ഞിട്ട് പോയി..
അന്ന് വൈകിട്ട് സ്കൂളിൽ നിന്നു വന്ന മാളൂസിനു ചോറ് കൊടുത്തു കൊണ്ടിരുന്നപ്പോഴാണ് മുറ്റത്ത്‌ ഒരു കാർ വന്നു നിന്നത് ..ആരാണാവോ കാറിൽ എന്നുള്ള ആകാംഷയോടെ ഇറങ്ങി ചെല്ലുമ്പോൾ രണ്ട് പേർ വിനുവിനേ താങ്ങി കാറിൽ നിന്നിറക്കുന്നു.. കാലിൽ പ്ലാസ്റ്ററിട്ടേക്കുന്നു...
വിനുവേട്ടാ.. യ്യോ ഇതെന്നാ പറ്റിയതാ.. ?
ദേവൂട്ടി ഓടിയിറങ്ങി ചെന്ന് ചോദിച്ചു..
ഒന്നുമില്ലടീ..ഒന്ന് വീണതാ.. !
ശ്ശോ..ഇതെങ്ങനെയാ വീണത്‌ ... ?
ദേവൂട്ടി കരഞ്ഞു കൊണ്ട് ചോദിച്ചു..
കടയിൽവെച്ച് സ്റ്റെപ്പിറങ്ങിയപ്പോൾ കാല് ഒന്ന് തെന്നിയതാ.. പേടിക്കാനൊന്നുമില്ല..അസ്ഥിക്ക് ചെറിയ ഒരു പൊട്ടൽ.. കാലിലെ ഈ കെട്ട് കണ്ട്‌ പേടിക്കണ്ട കേട്ടോ..
താങ്ങി പിടിച്ചിരുന്നവരിൽ ഒരാൾ പറഞ്ഞു..
അവർ താങ്ങി വിനുവിനെ അകത്തു കൊണ്ടിരുത്തി..വിനു ദേവൂട്ടിക്ക് എല്ലാവരെയും പരിചയപ്പെടുത്തി..
ഒന്ന് കടയുടെ മുതലാളി, ബാക്കി രണ്ടുപേരും കൂടെ ജോലി ചെയ്യുന്നവർ..
ഞാൻ ഇച്ചിരി കുടിക്കാൻ എന്തെങ്കിലും എടുക്കാം.. ?
ദേവൂട്ടി അടുക്കളയിലേക്ക്‌ നടന്നു..
ചായ എടുക്കുമ്പോൾ അകത്തു നിന്നും അവർ സംസാരിക്കുന്നതു ദേവൂട്ടി കേട്ടു..
രണ്ടു മാസം ആകുമെന്നല്ലേ ഡോക്ടർ പറഞ്ഞത്.. പ്ലാസ്റ്റർ എടുക്കാൻ..
മുതലാളി ചോദിക്കുന്നു..
അതേ.. അങ്ങനെയാ ഡോക്ടർ പറഞ്ഞത്..
വിനുവേട്ടന്റെ ശബ്ദം..
ശ്രീമതിക്ക് ജോലി വല്ലതും ഉണ്ടോ.. ?
ഏയ്‌... ഇല്ല..
രണ്ടുമാസം എങ്ങനെ കാര്യങ്ങൾ ഒക്കെ ഓടിക്കും വിനൂ..?
മുതലാളിയുടെ ചോദ്യത്തിന് ആരുടെയും മറുപടി കേൾക്കാനില്ല.. മുതലാളിയുടെ ശബ്ദമാണ് വീണ്ടും..
ഞാൻ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം പറയാം..
വിനുവിന് സുഖമാകുന്നതുവരെ ശ്രീമതിക്ക് കുഴപ്പമില്ലങ്കിൽ ജോലിക്ക് വരട്ടെ.. വരുമാനത്തിന് മുടക്കം വരില്ലല്ലോ .. അല്ലേൽ ഇനിയും ഒള്ള കടം എല്ലാം മേടിച്ചു കൂടുതൽ ബുദ്ധിമുട്ടാകും..വിനുവിന് അറിയാമല്ലോ എന്റെ അവസ്ഥ.. കടയിലെ കച്ചവടത്തിന്റ അവസ്ഥയും അറിയാം.. സഹായിക്കുന്നതിന് എനിക്ക് മനസ്സുണ്ട്.. പക്ഷേ മനസ്സുണ്ടായിട്ട് കാര്യമില്ലല്ലോ.. പണത്തിനു പണം വേണ്ടേ..
ആലോചിച്ചു തീരുമാനിച്ചാൽ മതി..
എല്ലാം കേട്ട് കൊണ്ടിരുന്ന ദേവൂട്ടി അവർ സംസാരം നിർത്തിയെന്ന് തോന്നിയപ്പോൾ ഉള്ളിൽ വന്ന ടെൻഷൻ അടക്കി ചിരിച്ചുകൊണ്ട് ചായയുമായി അങ്ങോട്ട്‌ വന്നു..
അവർ പോയി കഴിഞ്ഞതേ ദേവൂട്ടി ഓടി വിനുവിന്റെ അരികിലെത്തി..
എന്താ വിനുവേട്ടാ മുതലാളി പറഞ്ഞത്.. ?
എന്നേ ജോലിക്ക് വിടുന്ന കാര്യം..
അത്.. മുതലാളി ഒരഭിപ്രായം പറഞ്ഞതല്ലേ..
പുള്ളിക്കാരന് കാശ് കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി എല്ലാം.. ഇപ്പൊ ഹോസ്പിറ്റലിൽ കുറേ കാശായില്ലേ.. ഇനിയും കാശ് ചോദിക്കാതിരിക്കാനുള്ള പറച്ചിലാ.. പിന്നെ എന്റെ കാര്യങ്ങൾ എല്ലാം മുതലാളിക്കറിയാം..നീ ജോലിക്ക് പോകണല്ലോന്നോർത്തു ടെൻഷൻ അടിക്കണ്ട.. നമ്മുക്ക് എന്തേലുമൊക്കെ ചെയ്യാന്നേ..
രണ്ടു മാസം ചിലവിനുള്ള കാശ് വിനുവേട്ടന്റെ കയ്യിൽ ഉണ്ടോ.. ?
ദേവൂട്ടി ചോദിച്ചു..
എവിടുന്നാ പെണ്ണേ എന്റെ കയ്യിൽ കാശ്.. ?ശമ്പളം കിട്ടിയത് എല്ലാർക്കും വീതിച്ചു കൊടുത്തു.. ഇനിയും... നോക്കട്ടെ.. ആരോടേലും ചോദിച്ചു നോക്കാം..
വിനു ഫോൺ എടുത്ത്‌ രണ്ടു മൂന്നു പേരെ വിളിച്ചു.. ആരുടെയും കയ്യിൽ കാശില്ല..
ശമ്പളം കിട്ടിയിട്ട് മൂന്നു ദിവസമല്ലേ ആയുള്ളൂ.. ഇത്ര പെട്ടന്ന് എങ്ങനെയാ വിനുവേട്ടാ കാശെല്ലാം തീർന്നത്..
ദേവൂട്ടിയുടെ ചോദ്യത്തിന് വിനു ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..
നീ ഇച്ചിരി വെള്ളം എടുക്ക് കുടിക്കാൻ..
നോക്കട്ടെ.. എന്തെങ്കിലും വഴി ഉണ്ടാകും ദേവൂ..
അന്ന് മുഴുവനും ദേവൂട്ടിയുടെ മനസ്സിൽ പലവിധ സംശയങ്ങൾ ആയിരുന്നു..ശമ്പളം ഇത്ര പെട്ടന്ന് എങ്ങനെ തീർന്നു എന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു ഒരു പിടുത്തവും കിട്ടിയില്ല..കടയിൽ ഒത്തിരി പെണ്ണുങ്ങൾ ഒക്കെ ജോലി ചെയ്യുന്നുണ്ട്.. അവരിൽ ആരെങ്കിലും ആയി വല്ലോ ബന്ധവും ഉണ്ടോ ആവോ... എന്നാൽ മറ്റേ കാലും കൂടി ഞാൻ തല്ലി ഒടിക്കും..ഉറപ്പാ..
ദേവൂട്ടി മനസ്സിൽ പറഞ്ഞു..
രാത്രിയിൽ കിടക്കാൻ നേരത്ത് വിനു ദേവൂട്ടിയോട് ചോദിച്ചു..
എന്താ ദേവൂ നിനക്ക് ആകെയൊരു ടെൻഷൻ.. ?ജോലിക്ക് പോകുന്ന കാര്യമോർത്തിട്ടാണോ, ചിലവിനു കാശില്ലെന്നോർത്തിട്ടാണോ... ?
ഇത് രണ്ടുമല്ല എന്റെ ടെൻഷൻ എന്ന് അവൾക്കു മനസ്സിൽ തോന്നിയതെങ്കിലും, ദേവൂട്ടി പറഞ്ഞു..
വിനുവേട്ടാ ഞാൻ ജോലിക്ക്
പോയാലോ ..?
വേണ്ട പെണ്ണേ.. ഒന്നാമത് നിനക്ക് അറിയില്ലാത്ത ജോലി..പിന്നെ ദേവൂന് ഇഷ്ട്ടവുമില്ലല്ലോ..
ഇഷ്ട്ടം നോക്കിയിരുന്നാൽ വായിലോട്ടു വല്ലതും പോകുമോ.. പത്ത് പൈസ എടുക്കാനില്ല കയ്യിൽ.. പോകാമെന്നാ ഞാൻ വിചാരിക്കുന്നേ.. വിനുവേട്ടൻ മുതലാളിയെ വിളിച്ചുപറ നാളെ തൊട്ട് വരുമെന്ന്..
 ദേവൂട്ടി പറഞ്ഞ വാക്കുകൾ ഇച്ചിരി കടുപ്പിച്ചായിരുന്നെങ്കിലും വിനു ഒന്നും പറഞ്ഞില്ല.. തിരിഞ്ഞ് കിടന്നുറങ്ങുന്ന ദേവൂനേ നോക്കിയപ്പോൾ അവന്റെ മനസ്സിൽ ഒരു ചെറിയ വിഷമം തോന്നി..
കാശില്ലാത്തയാൽ സ്വന്തം ഭാര്യക്ക്‌ പോലും ദേഷ്യം വരുമെന്ന് വിനുവിന് മനസ്സിലായി.. കല്യാണം കഴിഞ്ഞിട്ട് ഏഴ് വർഷമായി.. ഇതുവരെ ഇങ്ങനെ ഒരവസ്ഥ വന്നിട്ടില്ല..
ഇന്നത്തെ വീഴ്ചയിൽ തന്റെ ഒരു കാലിനേ പരിക്ക് പറ്റിയുള്ളൂ.. നാളെ ഒരു ദിവസം പെട്ടന്ന് താൻ ഇല്ലന്നായിപ്പോയാൽ ദേവൂ ജീവിതത്തിനു മുൻപിൽ പകച്ച്‌ നിൽക്കാൻ പാടില്ല.. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ദേവൂ ജോലിക്ക് പോകുന്നത് നല്ലതാണെന്നു വിനുവിന് തോന്നി..
--------------------------------------------------------
പിറ്റേന്ന് ദേവൂ ജോലിക്ക് പോകാൻ ബസ്സ്‌ കാത്തു നിൽക്കുമ്പോൾ വില്ലേജ്ആഫീസറുടെ ഭാര്യ സുനന്ദ സ്കൂട്ടറിൽ വന്ന് അവളുടെ അടുത്തു നിർത്തി..
ഇതെങ്ങോട്ടാ ദേവൂട്ടി രാവിലെ.. ?
ഞാൻ ജോലിക്ക് പോകുവാ സുനന്ദാ..
വിനുവേട്ടൻ ഒന്ന് വീണു..അസ്ഥിക്കു പൊട്ടലുണ്ട്.. രണ്ട് മാസം റസ്റ്റ്‌ എടുക്കണം.. തൽക്കാലം ഞാൻ വിനുവേട്ടന് പകരം പോകാമെന്ന് വിചാരിച്ചു..
ഓഹോ... എന്നാലും നിന്നെ ജോലിക്ക് വിട്ടോ വിനു.. ?
പിന്നെന്തു ചെയ്യും..നൂറുകൂട്ടം കാര്യങ്ങൾ ഉള്ളതല്ലേ.. അന്നന്ന് കിട്ടുന്നത് കൊണ്ട് കഴിഞ്ഞുപോകുന്നവരല്ലേ ഞങ്ങളൊക്കെ.. അത് ഒരു ദിവസം മുടങ്ങിയാൽ തന്നെ പ്രശ്നമാ.. പിന്നെ രണ്ട് മാസത്തെ കാര്യം പറയാനുണ്ടോ.. ¡
ഞാൻ ടൌണിൽ വരെ ഉണ്ടായിരുന്നു കാര്യം.. എനിക്ക് പുറകിൽ ഒരാളെ ഇരുത്തിപോകാനുള്ള ബാലൻസ് ആയില്ല ഇനിയും.. അല്ലേൽ ദേവൂട്ടിയേ കൂടെ കൊണ്ട് പോകാമായിരുന്നു..
അത് സാരമില്ല.. ബസ്സ്‌ ഉണ്ടല്ലോ.. സുനന്ദ പൊക്കോളൂ ...
സുനന്ദാ പോയപ്പോൾ ദേവൂട്ടിക്ക് അരിശമാണ് വന്നത്..ആഫീസറുടെ ഭാര്യയെന്നുള്ള അഹങ്കാരമാ..കെട്ടിയോൻ നാട്ടുകാരുടെ കയ്യിൽ നിന്നും കൈക്കൂലി മേടിച്ചു കൂട്ടുന്നുണ്ട്.. പിന്നെ അവൾക്കെന്താ.. ഞാൻ ജോലിക്ക് പോകുന്നതിനു എനിക്കും, എന്റെ കെട്ടിയവനും ഇല്ലാത്ത വിഷമമാ അവൾക്ക്.. എന്റെ ഈശ്വരാ അവളുടെ സ്കൂട്ടറിന്റെ ടയർ പഞ്ചറാകണമേ...
ബസ്സിൽ കേറിയിട്ടു തന്റെ കാലുകൾ നിലത്തല്ലന്നു മാത്രം അവൾക്കു മനസ്സിലായി.. അത്രക്ക് തിരക്ക്.. ഒന്ന് ബ്രേക്ക്‌ ചവിട്ടുമ്പോഴേക്കും കൈയുടെ ഒരം പറിഞ്ഞ്‌ പോകുന്നപോലെ.. എങ്ങനെയൊക്കെയോ ടൌണിൽ ചെന്നു ബസ്സിറങ്ങി.. സാരി അഴിഞ്ഞു താഴെ പോയില്ലന്നേ ഉള്ളൂ.. മുടിയൊക്കെ ഭ്രാന്തിയുടെ പോലെ..ദേവൂട്ടിക്ക് ശരിക്കും സങ്കടം വന്നു..
കടയിൽ ചെന്നപ്പോൾ എല്ലാവരും വിനുവിന്റെ ഭാര്യ എന്നുള്ള പരിഗണനയിൽ എല്ലാം പറഞ്ഞു തന്നു.. എല്ലാവർക്കും നൂറ് നാവാ വിനുവേട്ടനേ കുറിച്ച് പറയുമ്പോൾ.. എന്നാലും പെണ്ണുങ്ങൾ പറയുമ്പോൾ അവൾ ഒരു സംശയക്കണ്ണോടെയാ നോക്കിയത്.. ഇതിലേതെങ്കിലും ആയി കണക്ഷൻ ഉണ്ടോന്നു അറിയില്ലല്ലോ..
വൈകിട്ട് ജോലി കഴിഞ്ഞു ബസ്സിൽ തിരിച്ചു വരുമ്പോൾ രാവിലത്തെ ടെൻഷൻ മാറിയെന്നു അവൾക്കു തോന്നി...
കുറച്ചു ദിവസം കൊണ്ട് എല്ലാം ശരിയാകുമെന്നവൾ പ്രതീക്ഷിച്ചു..
ദിവസങ്ങൾ കടന്നുപോയി.. ശമ്പളം കിട്ടുന്ന ദിവസമായി.. ശമ്പളം എണ്ണിക്കൊണ്ട് നിന്നപ്പോളാണ് കൂടെ ജോലി ചെയ്യുന്ന ഒരാൾ വന്ന് പറഞ്ഞത്..
ചേച്ചീ.. ആ പലിശക്കാര് വന്നിട്ടുണ്ട്.. പലിശ ചോദിക്കുന്നു..വിനുവേട്ടൻ പറഞ്ഞില്ലാരുന്നോ.. ?
ഇല്ല... ദേവൂട്ടി കണ്ണ് മിഴിച്ചു..
രണ്ടായിരം രൂപാ അവർക്കു കൊടുക്കണം..
അവൾ പെട്ടന്ന് പൈസ എടുത്ത്‌ കൊടുത്തു..
കടയിൽ നിന്നും ഇറങ്ങുമ്പോഴാണ് വിനുവേട്ടന്റെ സുഹൃത്ത്‌ രാജുവിനെ കണ്ടത്...
അവർക്ക് പലിശക്കാശ് കൊടുത്തല്ലേ..
ഉവ്വ്... ദേവൂട്ടി പറഞ്ഞു..
ഈ പ്രാവശ്യം കൊടുക്കണ്ടാരുന്നു.. വിനു എന്നോട് പറഞ്ഞതാരുന്നു.. അവന്മാര് വന്ന സമയത്ത് ഞാൻ ഗോഡൗണിൽ ആയിരുന്നു..
ദേവൂട്ടിയോട് പലിശ കൊടുക്കുന്ന കാര്യം വിനു പറഞ്ഞാരുന്നോ... ?ഇല്ലല്ലോ.. ?
ഇല്ല... ഇവരുടെയൊക്കേ കയ്യിൽ നിന്നും മേടിച്ചിട്ടുണ്ടന്നുള്ള കാര്യം പോലും ഞാനിപ്പൊഴാ അറിയുന്നത്..
എന്നോട് പറഞ്ഞ കാരണം ആയിരിക്കും
പറയാതിരുന്നത്.. ദേവൂട്ടിയുടെ അനിയത്തിയുടെ കല്യാണത്തിന് മേടിച്ച കാശിന്റെ പലിശയാ..നിങ്ങൾ ഒന്നും അറിഞ്ഞു വിഷമിക്കണ്ടന്നോർത്താരിക്കും ഒന്നും പറയാതിരുന്നത്..വിനു ഒരു പാവമാ.. ദേവൂട്ടിയും, കൊച്ചും മാത്രമേ ഉള്ളൂ അവന്റെ മനസ്സിൽ..ഇങ്ങനെ കുടുംബത്തെ സ്നേഹിക്കുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല.. ഒരു ചായ കുടിച്ചുപോലും രണ്ട് രൂപാ കളയില്ല..
ഞാൻ ഇതെല്ലാം പറഞ്ഞൂന്നു അവനറിയണ്ട കേട്ടോ... എന്നേ വഴക്ക് പറയും.. പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ പറയാൻ മടിക്കണ്ട.. വിനുവിനെ ഞങ്ങൾക്ക് എല്ലാം അത്രക്ക് ഇഷ്ട്ടമാ..
എന്നാ ദേവൂട്ടി പൊക്കൊ.. എന്റെ സ്വഭാവം ഇങ്ങനെയാ.. സംസാരിക്കാൻ തുടങ്ങിയാൽപിന്നെ നിർത്തില്ല...
വീട്ടിലേക്കുള്ള ബസ്സിൽ ഇരിക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു.. വിനുവേട്ടനേ ചിലപ്പോളെങ്കിലും സംശയിച്ചല്ലോ എന്നോർത്തപ്പോൾ അവൾക്കു സഹിച്ചില്ല.. നെഞ്ച് പൊട്ടിപോകുന്നപോലെ തോന്നുന്നു .. രാജു പറഞ്ഞതെല്ലാം വീണ്ടും, വീണ്ടും ചെവിയിൽ മുഴങ്ങുന്നു..
തന്റെ അനിയത്തിയുടെ കല്യാണത്തിന് ഒരു ലക്ഷം കൊടുക്കണമെന്നു പറഞ്ഞതല്ലാതെ.. കാശുണ്ടോന്നോ.. അല്ലേൽ എവിടുന്നുണ്ടായന്നോ ഒന്നും താൻ ചോദിച്ചില്ല.. മോൾക്കും, തനിക്കും ഇടക്ക് പലഹാരങ്ങൾ മേടിച്ചു കൊണ്ടുവരും, വിനുവേട്ടന് കൊടുത്താൽ ഞാൻ കടയിൽ നിന്നും കഴിച്ചെന്നായിരിക്കും മറുപടി.. ഇപ്പോൾ ഒരു ചായ പോലും കുടിക്കാറില്ലന്നു കേട്ടപ്പോൾ.. ഇത്ര നാളും കൂടെ കഴിഞ്ഞിട്ട് താൻ വിനുവേട്ടനേ മനസ്സിലാക്കിയില്ല.. വല്ലവരും പറയേണ്ടി വന്നു വിനുവേട്ടന് തങ്ങളോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ.. ഒന്നും മനസ്സിലാക്കാതെ എപ്പോഴും നൂറാവശ്യങ്ങൾ പറയുന്നതിലാരുന്നു തന്റെ ശ്രെദ്ധ മുഴുവനും..എങ്കിലും ഇന്നുവരെ തന്നോടു ദേഷ്യപ്പെട്ടിട്ടില്ല.. എല്ലാം സാധിച്ചു തന്നിട്ടേ ഉള്ളൂ.. വീണ്ടും നിറഞ്ഞുവന്ന കണ്ണുകൾ അവൾ ആരും കാണാതിരിക്കാൻ സാരിതലപ്പ് കൊണ്ട് തുടച്ചു..
നേരത്തെ മേടിച്ചിരിക്കുന്നതിലോട്ട് വരവ് വെക്കാൻ ആയിരം കട്ട് ചെയ്തിട്ടാണ് ശമ്പളം കിട്ടിയത്.. രണ്ടായിരം പലിശക്കാരൻ കൊണ്ടുപോയി.. ഇനി പലചരക്കുകട, പച്ചക്കറി,പാൽ,... ഇതെല്ലാം കൂടി കൊടുക്കാൻ തന്റെ കയ്യിലുള്ള കാശ് തികയില്ലന്നു അവൾക്കു തോന്നി..അടുത്ത ശമ്പളം കിട്ടണമെങ്കിൽ ഒരു മാസം നീണ്ടു നിവർന്നു കിടക്കുന്നു..
കഴിഞ്ഞമാസം ശമ്പളം കിട്ടിയിട്ട് മൂന്ന് ദിവസം കൊണ്ട് എങ്ങനെ തീർന്നു എന്ന തന്റെ ചോദ്യത്തിനുള്ള ഉത്തരം തനിക്കിപ്പോൾ കിട്ടിയിരിക്കുന്നു..
ബസ്സിൽനിന്നിറങ്ങി അവൾ ഓടുവാരുന്നു..
ഓടിച്ചെന്നു വിനുവിന്റെ കവിളിൽ മുഖമമർത്തി അവൾ ഏങ്ങലടിച്ചു കരഞ്ഞു.. എത്ര ചോദിച്ചിട്ടും ഒന്നും പറയാതെയുള്ള കരച്ചിൽ കണ്ട്‌ വിനുവിന് ആകെ ടെൻഷൻ ആയി.. നൂറ് സംശയങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു..
ആവർത്തിച്ചുള്ള ചോദ്യത്തിനു ദേവൂട്ടി വിനുവിന്റെ രണ്ട് കൈകളും എടുത്ത്‌ തന്റെ കവിളിൽ അടിപ്പിച്ചു..
വിനുവേട്ടൻ എന്താ എന്നോട് ഒന്നും പറയതിരുന്നേ.. ആർക്കൊക്കെയാ വിനുവേട്ടാ ഇനിയും കാശ് കൊടുക്കാനുള്ളത്..ഇതൊന്നും അറിയാതെ ഞാൻ വിനുവേട്ടനേ എന്തുമാത്രം വിഷമിപ്പിച്ചു..
ഇത്രയേ ഉള്ളോ കാര്യം... ഇതൊക്കെ ആരാ നിന്നോട് പറഞ്ഞത്...?രാജുവാ.. ?
നിന്റെ കരച്ചിൽ കണ്ടപ്പോൾ ഞാനോർത്തല്ലോ നിന്നെ വല്ലവരും പീഡിപ്പിക്കാൻ ശ്രമിച്ചെന്നു.. എല്ലാം നഷ്ട്ടപ്പെട്ടു പോയവളെപ്പോലെയല്ലേ കിടന്നു കരയുന്നേ..
അവൾ അവന്റെ തുടയിൽ ഒരു കിഴുക്ക് കൊടുത്തോണ്ടു പറഞ്ഞു...
വിനുവേട്ടന് എല്ലാം തമാശയാ..എനിക്ക് എന്റെ ചങ്ക് പൊട്ടിപോകുവാ..എന്റെ വിവരക്കേടിനു അത് വേണം, ഇത് വേണം എന്നൊക്കെ പറയുമ്പോൾ വിനുവേട്ടന് ഒന്ന് പറയാൻ മേലായിരുന്നോ എന്നോട്... ?
എന്റെ പെണ്ണേ..നിനക്കും, കൊച്ചിനും വേണ്ടിയല്ലേ ഞാൻ ജീവിക്കുന്നേ.. ഇച്ചിരി ബുദ്ധിമുട്ടിയാണേലും അതൊക്കെ സാധിച്ചു തരുന്നതല്ലേ എന്റെ സന്തോഷം..
കുറച്ചു കടമുണ്ടന്നുള്ളത് നേരാ..അതിന് നീ ഇത്ര വിഷമിക്കണ്ട കാര്യമൊന്നുമില്ല എന്റെ ദേവൂ..
അവൾ കയ്യിലിരുന്ന കാശ് എടുത്ത്‌ കൊടുത്തിട്ട് ചോദിച്ചു..
ഈ കാശ് വെച്ച് എല്ലാർക്കും എങ്ങനെ കൊടുക്കും..പലചരക്കുകടയിലും, പച്ചക്കറിക്കടയിലും കൊടുത്താൽ തീർന്നു.. പിന്നെ പാൽ, പത്രം, മീൻകാരൻ, കുടുംബശ്രീയിലെ അടവ് ... എന്താ വിനുവേട്ടാ ചെയ്യുന്നേ... ?
എന്റെ ദേവൂ.. നീ പോയി ഒരു പേപ്പറും, പേനയും എടുത്തോണ്ട് വാ..
അവൾ നോക്കിയിരുന്നു...
ഓരോത്തിടത്തും കൊടുക്കണ്ട കാശ് ആ പേപ്പറിൽ എഴുതുന്നത് .. അവസാനം പച്ചസാരി എടുക്കാനായിട്ടുള്ള കാശും മാറ്റിവെച്ചു, ബാക്കി രണ്ടായിരം രൂപാ അവളുടെ കയ്യിൽ കൊടുത്തപ്പോൾ.... തുറന്നിരുന്ന അവളുടെ വാ അടച്ചു കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് വിനു ചോദിച്ചു..
ഇപ്പൊ ശരിയായോ എല്ലാം... വിനു ചോദിച്ചു..
അവൾ കാണുവായിരുന്നു കുടുംബനാഥൻ എന്ന മജീഷ്യനെ..ഒന്നിനും തികയില്ല എന്ന് കരുതിയ തന്റെ കയ്യിൽ ഇതാ ബാക്കി രണ്ടായിരം രൂപാ..
അവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു.. വിനു തന്റെ കരവലയത്തിനുള്ളിൽ അവളേ ചേർത്തു പിടിച്ചു..അന്നുവരെ അനുഭവിക്കാതിരുന്ന സുരക്ഷിതത്തിന്റെ... മനസ്സിലാക്കിയ സ്നേഹത്തിന്റെ നിർവൃതിയിൽ അവൾ കണ്ണുകൾ അടച്ചു..
(ഓരോ അച്ഛനും ഓരോ മജീഷ്യന്മാരാണ്.. ഒന്നുമില്ലായ്മയിൽനിന്നു അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്ന.. ഒരിടത്തും കുറ്റവും, കുറവും വരാതെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന മജീഷ്യൻ.. എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും കുടുംബത്തിനുവേണ്ടി എല്ലാം ഉള്ളിലൊതുക്കി..നീറുന്ന മനസ്സ് ആരും കാണാതെ അടച്ചുവെച്ചു പുറമേ പുഞ്ചിരിക്കുന്ന സ്നേഹമാണച്ഛൻ..പക്ഷേ എല്ലാം ഉള്ളിലൊതുക്കാതെ കുടുംബത്തിൽ എല്ലാം തുറന്ന് സംസാരിക്കുന്നത് നല്ലതല്ലേ.. ? പങ്കാളിയും, മക്കളും തങ്ങളുടെ പരിധി മനസ്സിലാക്കി ജീവിക്കുമ്പോൾ വലിയ ബാധ്യതകളിൽ പെടാതിരിക്കാൻ ഇത് ഉപകരിക്കും.. കുടുംബത്തിനുവേണ്ടി സ്വയം ഉരുകിയൊലിച്ച് പ്രകാശം പരത്തുന്ന എല്ലാ കുടുംബനാഥന്മാർക്കും വേണ്ടി സമർപ്പിക്കുന്നു.. )
By..... ബിൻസ് തോമസ്‌....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo