Slider

അനാഥ

0

അനാഥ
********
"നന്ദേട്ടാ.. നന്ദേട്ടാ.... ഇത് എന്ത് ഉറക്കമാ... ഒന്ന് എഴുന്നേറ്റേ.... "
"എന്താടി പെണ്ണേ.. "
"ഇത് എന്താ നന്ദേട്ടാ സമയം പോകുന്നില്ലല്ലോ... ഒന്ന് നേരം വെളുത്താൽ മതിയായിരുന്നു... "
"ഇത് ഇപ്പൊ എത്രാമത്തെ തവണയാ എന്നെ ഇങ്ങനെ വിളിച്ച് ഉണർത്തുന്നത്.. നീ ആ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് കിടന്ന് ഉറങ്ങിക്കേ..."
"ഉറങ്ങാനോ എനിക്ക് അടുക്കളയിൽ ജോലി ഉണ്ട്.. ഇനി കിടന്നാൽ ശരിയാകില്ല.."
"ഈ പാതിരാത്രി രണ്ട് മണിക്ക് നിനക്ക് അടുക്കളയിൽ എന്താ പെണ്ണേ പണി."
"എന്താ പണിയെന്നോ.. എന്തൊക്കെ പലഹാരം ശരിയാക്കാൻ ഉണ്ടെന്നോ.. നന്ദൂട്ടിയ്ക്ക് എന്തൊക്കെയാ ഇഷ്ടം എന്നറിയില്ലല്ലോ. അതുകൊണ്ട് എല്ലാം ശരിയാക്കണം. ഞാൻ അങ്ങോട്ട് ചെല്ലട്ടെ... "
"ടി പെണ്ണേ... ഇവിടെ വന്ന് കിടക്കടി.... "
"നന്ദേട്ടൻ കിടന്നോ... ഞാൻ പോയി അതൊക്കെ ശരിയാക്കട്ടെ... "
അവൾ അടുക്കളയിലേക്ക് പോയി
"ഈ പെണ്ണിന്റെ ഒരു കാര്യം... നിങ്ങൾക്ക് അറിയമോ എത്ര നാളയെന്നോ എന്റെ ഗൗരിയെ ഇത്ര സന്തോഷത്തിലും ഉത്സാഹത്തിലും ഞാൻ കണ്ടിട്ട്? നിങ്ങൾ ചിന്തിക്കുന്നുണ്ടാകും എന്താ വിശേഷം. ഉറക്കമില്ലാതെ ഇത്രയും പലഹാരങ്ങൾ ഒക്കെ ആർക്കാ ഉണ്ടാക്കുന്നത് എന്നൊക്കെ ല്ലേ... അതൊക്കെ ഉണ്ട്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നാളെ ഞാനും അവളും അച്ഛനും അമ്മയും ആകാൻ പോകുവാ.. അതിന്റെ സന്തോഷത്തിൽ ആണ് എന്റെ ഗൗരികുട്ടി... നമ്മുടെ പുന്നാര മോൾക്ക് വേണ്ടിയാ ഈ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കുന്നേ.. ഇപ്പോൾ നിങ്ങൾക്ക് വീണ്ടും സംശയം ആയിക്കാണും നാളെ ജനിക്കുന്ന കുട്ടിയ്ക്ക് വേണ്ടി എന്തിനാ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കുന്നത് എന്നല്ലേ.. അതേയ്.. അവൾ ജനിച്ചിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു.. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ ഉറ്റവരാൽ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചോമന. നാളെ അവൾ നമുക്ക് സ്വന്തമാക്കാൻ പോവുകയാ നമ്മുടെ നന്ദൂട്ടിയായി....
എന്റെ ഗൗരിയും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടു അനാഥാലയത്തിൽ വളർന്ന ഒരു പെൺകുട്ടിയാണ്. അമ്മയുടെയും അച്ഛന്റെയും സമ്മതത്തോടെ തന്നെയാ ഞാൻ എന്റെ ഗൗരിയെ എന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചതും. കല്യാണം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ അച്ഛനെ ഒരു കാറപടകടത്തിന്റെ രൂപത്തിൽ വിധി ഞങ്ങളിൽ നിന്നും തട്ടിയെടുത്തു. വിധി തട്ടിയെടുത്തത് അച്ഛന്റെ ജീവൻ മാത്രമല്ലായിരുന്നു എന്റെ ഗൗരിയുടെ സന്തോഷങ്ങളും കൂടിയായിരുന്നു. ജനനദിവസവും ജന്മനക്ഷത്രവും ഇല്ലാത്ത അവളുടെ ജാതകദോഷമാണ് അഛന്റെ മരണത്തിന് കാരണമെന്ന് അമ്മയും കൂടപ്പിറപ്പുകളും ബന്ധുക്കളും വിധിയെഴുതി. തുച്ഛമായ ആ കാലയളവിൽ അവൾ അനുഭവിച്ച സ്നേഹത്തിന്റെ നൂറിരട്ടി ദുഃഖം അവൾ അനുഭവിച്ചു തീർത്തു എന്നാലും ആരോടും ഒരു പരിഭവവും അവൾ കാണിച്ചില്ല. എന്തിന് ഈ എന്നോട് പോലും ഇതുവരെയും ആരുടേയും ഒരു കുറ്റവും കുറവും പരിഭവവും എന്റെ പെണ്ണ് പറഞ്ഞിട്ടില്ല.
അവളുടെ സ്നേഹത്താൽ അമ്മയുടെ ദേഷ്യവും പരിഭവവും എല്ലാം മാറിവരുന്ന സമയത്ത് വിധി വീണ്ടും ഞങ്ങളെ പരീക്ഷിച്ചു. എങ്ങനെ എന്നല്ലേ... കല്യാണം കഴിഞ്ഞാൽ എപ്പോൾ കുട്ടികളുണ്ടാകണമെന്ന് തീരുമാനിക്കുന്നത്‌ ദമ്പതിമാർ അല്ലല്ലോ നാട്ടുകാർ അല്ലേ.. അങ്ങനെ നാട്ടുകാരുടെ പ്രതിനിധിയായി അടുത്ത വീട്ടിലെ വത്സലച്ചേച്ചി അവതരിച്ചു.
"കല്യാണം കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞല്ലോ ജാനകിയേച്ചിയെ... മരുമോൾക്ക് വിശേഷം ഒന്നുമായില്ലേ..."
എന്ന ചോദ്യം അവളുടെ സന്തോഷങ്ങൾ എല്ലാം വീണ്ടും തല്ലി കെടുത്തി. അമ്മ അവളെ വീണ്ടും വെറുക്കാൻ തുടങ്ങി. സഹോദരങ്ങൾക്ക് എല്ലാവർക്കും കുട്ടികളായത് മുതൽ അവൾ മച്ചിയായി... ഗൗരി എന്ന് വിളിച്ചതിനെക്കാളും കൂടുതൽ മച്ചിപ്പെണ്ണ് എന്നാണ് അമ്മ അവളെ കൂടുതൽ വിളിച്ചിട്ടുണ്ടാവുക. ഒരു ആഘോഷങ്ങൾക്കും അവളെ പങ്കെടുക്കാൻ സമ്മതിക്കാതെ അവളെ വീട്ടിൽ തളച്ചിട്ടു. എന്തിന് ഒരു വീട്ടിൽ താമസിക്കുന്ന സഹോദരിയുടെ കുഞ്ഞിന്റെ നാല്പതുക്കെട്ടിന് പോലും അവളെ പങ്കെടുപ്പിച്ചില്ല.. എന്തിന് ആ കുഞ്ഞിനെ ഒന്ന് എടുക്കാനോ ലാളിക്കാനോ പോലും ആരും സമ്മതിച്ചിരുന്നില്ല. ഒരു ദിവസം ആരും കാണാതെ കുഞ്ഞിനെ എടുത്തു എന്നും പറഞ്ഞു എന്റെ അമ്മയും സഹോദരങ്ങളും കൂടി ആ പാവത്തിനെ കൊല്ലാതെ കൊന്നു.
നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇത്രയൊക്കെ ആയിട്ടും ഞാൻ എന്താ പ്രതികരിക്കാത്തതെന്ന്...അമ്മയോട് ഇതുവരെയും ഞാൻ എതിർത്ത് സംസാരിച്ചില്ല. അവളെ വിഷമിപ്പിക്കുന്നതിനെ പറ്റി ഇതുവരെയും അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല. എന്താന്നല്ലേ... അവൾ.... അവൾ മാത്രമാണ് അതിന് കാരണം. ആ ഒരു കാര്യം മാത്രമേ അവൾ എന്നോട് ഇതുവരെയും ആവിശ്യപെട്ടിട്ടുള്ളൂ. പക്ഷെ കഴിഞ്ഞ ഒരു ദിവസം അവളെ ഉപേക്ഷിക്കാൻ എന്റെ അമ്മ എന്നെ ഉപദേശിച്ചപ്പോൾ സഹോദരിയുടെ വീട്ടുകാരുടെ മുന്നിൽ വെച്ച് അവളെ മച്ചിയെന്നു വിളിച്ചു പരിഹസിച്ചപ്പോൾ ഞാൻ പൊട്ടിത്തെറിച്ചു. അവൾ തടഞ്ഞിട്ടും അതുവരെ എനിക്കും അവൾക്കും മാത്രം അറിയാവുന്ന ആ രഹസ്യം. അവൾ മച്ചി അല്ല ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത നിർഭാഗ്യവാൻ ഞാൻ ആണെന്ന സത്യം എല്ലാവരും കേൾക്കെ വിളിച്ചു പറഞ്ഞു.പിന്നീട് അമ്മ കാണിച്ച സ്നേഹം ഒന്നും വകവെയ്ക്കാതെ അവളുടെ കൈയും പിടിച്ചു ആ വീട്ടിൽ നിന്നും ഇറങ്ങി.
മക്കൾ ഇല്ല എന്ന് പറഞ്ഞു വിഷമിക്കുന്നവരേക്കാൾ കൂടുതൽ കുട്ടികൾ മാതാപിതാക്കൾ ഇല്ല എന്ന സങ്കടത്തിൽ അനാഥാലയങ്ങളിൽ കഴിയുന്നുണ്ട്. നമുക്കും ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന ചിന്ത ഗൗരി തന്നെയാ മുന്നോട്ട് വെച്ചത്. പിന്നെ വേറൊന്നും ചിന്തിച്ചില്ല ആ തീരുമാനവുമായി മുന്നോട്ട് പോയി. ആ തീരുമാനത്തിന്റെ ഫലമായാണ് നാളെ നമ്മുടെ നന്ദൂട്ടി ഇങ്ങോട്ട് വരുന്നത്.. നാളെ മുതൽ അവളുടെ കളിയും ചിരിയും കൊലുസിന്റെ കൊഞ്ചലും കൊണ്ട് ഈ വീട് നിറയും. അതിനായി ഉറങ്ങാതെ തയ്യാറെടുക്കുകയാണ് ഞാനും എന്റെ ഗൗരിയും. എന്നാലും അമ്മയെയും മറ്റുള്ളവരെയും പിരിഞ്ഞ സങ്കടം ഇപ്പോഴും അവളുടെ ഉള്ളിൽ ഉണ്ട്. അവൾക്ക് മാത്രം അമ്മയുടെയും അച്ഛന്റെയും സ്നേഹം അനുഭവിക്കാൻ ഭാഗ്യമില്ലല്ലോ എന്ന് എപ്പോഴും വിഷമിക്കാറുമുണ്ട്. അതിനും ഞാൻ ഒരു പരിഹാരം കണ്ടിട്ടുണ്ട്... നാളെ അനാഥാലയത്തിൽ നിന്നും നമ്മുടെ നന്ദൂട്ടി മാത്രമല്ല ഈ വീട്ടിലേയ്ക്ക് വരുന്നത്. എന്റെ സഹോദരങ്ങളാൽ ഉപേക്ഷിക്കപ്പെട്ട എന്റെ അമ്മയും കൂടെയാണ്. പഴയ സ്വഭാവം എല്ലാം മാറി സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ പഴയ അമ്മയായി. അമ്മ വരുന്ന കാര്യം ഞാൻ അവളോട് പറഞ്ഞിട്ടില്ല കേട്ടോ.. അത് അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ അല്ലേ...
"നന്ദേട്ടാ.... ഒന്നിങ്ങു വന്നേ... "
ഈ പെണ്ണിന്റെ ഒരു കാര്യം. ഞാൻ പോയി അടുക്കളയിൽ എന്തെങ്കിലും ഒക്കെ സഹായിച്ചു കൊടുക്കട്ടെ... പാവം ഒറ്റയ്ക്ക് ചെയ്യുകയാ എല്ലാം.... ഇടയ്ക്കൊക്കെ ഭാര്യമാരെ അടുക്കളയിൽ സഹായിക്കുന്നതും നല്ലതാട്ടോ... അപ്പോ ഞാൻ അങ്ങോട്ട് ചെല്ലട്ടെ....
ആസിയ അൽഅമീൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo