അമ്മയാവുന്നേരം..
ആകാംഷയുടെ ഉച്ചസ്ഥായിയിൽ പടപടാ മിടിക്കുന്ന ഹൃദയവുമായി ഞാൻ രണ്ടാമത്തെ വര തെളിയുമോ ഇല്ലയോ എന്ന് നോക്കി നിൽക്കുകയാണ്... പറഞ്ഞു വരുന്നത് യൂറിൻ പ്രെഗ്നൻസി ടെസ്റ്റിനെപറ്റിയാണ്... സ്ട്രിപ്പിനുള്ളിൽ സാമ്പിൾ ഒഴിച്ച് കാത്തുനിന്ന എനിക്ക് വികാരവിചാരങ്ങളുടെ ഒരു വേലിയേറ്റം സമ്മാനിച്ചുകൊണ്ട് ആ രണ്ടാമത്തെ പർപ്പിൾ വരയും തെളിഞ്ഞു...കാത്തുനിന്ന പ്രിയതമന് ടെസ്റ്റ് സ്ട്രിപ് കാട്ടിക്കൊടുക്കുമ്പോ സന്തോഷമോ സങ്കടമോ... ? ആവേശമോ .. ആശങ്കയോ... ? ലജ്ജയോ... അഭിമാനമോ.. ?ഇതിൽ ഏത് വികാരമാണ് മുന്നിട്ടു നിന്നത് എന്നെനിക്കു നിശ്ചയമില്ല... കുറച്ചു നേരത്തേക്ക് എനിക്ക് ഒരു മരവിപ്പായിരുന്നു... ഞങ്ങൾ ആഗ്രഹിച്ച പ്രെഗ്നൻസിയാണിത്... എത്രയും പെട്ടന്ന് ഫാമിലി കംപ്ലീറ്റ് ചെയ്തു സെറ്റിൽ ആവണമെന്നത് ഞങ്ങളുടെ തീരുമാനമാണ്... അതുകൊണ്ടുതന്നെയാണ് കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിയുമ്പോൾ തന്നെ മൂന്നാമതൊരാളെ എത്രയും പെട്ടെന്ന് കൂടെകൂട്ടാൻ ഞങ്ങൾ തയ്യാറായത്...
എന്നാലും പെട്ടന്ന് വയറ്റിൽ കുഞ്ഞു ജീവൻ ഉണ്ട് എന്ന സത്യം എന്നെ ആകെ അസ്വസ്‌ഥയാക്കി.... ചിന്തകൾ തിരമാലകൾ പോലെ മനസ്സിൽ ആഞ്ഞടിക്കുന്നു... അതെ എന്റെ ജീവിതം മാറിമറിയുകയാണ്... ഈ നിമിഷം മുതൽ ഞാൻ ഒരമ്മയാണ്... എന്റെ ജീവൻ പങ്കിടുന്ന മറ്റൊരു ജീവൻ എന്റെയുള്ളിൽ... ആ ജീവനെ വളർത്തിയെടുക്കാൻ എന്റെ ശരീരം ഇനിയുള്ള ഒൻപതു മാസങ്ങളിൽ നന്നായി പണിപ്പെടും .. അതിനിടയിൽ ഞാൻ വണ്ണം വയ്ക്കും.. എന്റെ തൂക്കം കൂടും... എന്റെ ആകാരം തന്നെ മാറിപ്പോകും... അങ്ങനെയങ്ങനെ ഒന്നിനു പിറകെ ഒന്നായി ആകുല ചിന്തകൾ എന്നെ കീഴടക്കി... തുടര്ന്നുള്ള ഒരാഴ്ചക്കാലം ഞാൻ ചിന്തയിൽത്തന്നെയായിരുന്നു ...
എന്റെ പ്രിയതമൻ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനായി കാണപ്പെട്ടു... പതിയെ പതിയെ എന്റെ ചിന്തകൾക്കും മാറ്റം വന്നുതുടങ്ങി... ഉള്ളിലുള്ള കാണാൻപറ്റാത്ത കുഞ്ഞു ജീവനോട് ഒരു അലിവ്... പാവം... അതിനെ ഞാൻ വേണ്ടത്ര ശ്രദ്ധിച്ചില്ലല്ലോ എന്നൊരു കുറ്റബോധം.. പിന്നെ മെഡിക്കൽ ചെക്കപ്പ്, രക്ത പരിശോധന, സ്കാനിംഗ് അങ്ങനെ പതിവ് ഗർഭകാല ചടങ്ങുകൾ... കഴിക്കാൻ അയൺ, കാൽസ്യം ഫോളിക്കാസിഡ് ഗുളികകളും...
ചണ്ഡീഗഡിലെ വാടക വീട്ടിൽ ഇപ്പോൾ ഞങ്ങൾ മൂന്നുപേർ... ഞാൻ, കെട്ടിയോൻ പിന്നെ ഞങ്ങളുടെ പിറക്കാനിരിക്കുന്ന കുഞ്ഞും.. ആഴ്ചകളെണ്ണി കാത്തിരിക്കവെഎന്റെയുള്ളിൽ അവൻ വളരുകയാണ്... ഒപ്പം ഒരു നൂറു കുഞ്ഞു സ്വപ്‌നങ്ങൾകൊണ്ട് ആകാശക്കോട്ട കെട്ടി ഞങ്ങൾ അവനെ ഞങ്ങളുടെ ഹൃദയങ്ങളിലും വളർത്തിക്കൊണ്ടിരുന്നു...
ഓക്കാനം, വിശപ്പില്ലായ്‌മ, ക്ഷീണം, നടുവേദന, ശ്വാസം മുട്ടൽ, തെരുതെരെയുള്ള മൂത്രശങ്ക ആദിയായ ഗര്ഭകാലാരിഷ്ടതകൾ എന്നെ വശം കെടുത്തവേ പാത്രം കഴുകിയും തുണിയലക്കിയും വെച്ചു വിളമ്പിയും എന്റെ കെട്ടിയോനും വശംകെട്ടു... വീർത്തു വരുന്ന വയറിൽ നോക്കി കിന്നാരം പറഞ്ഞും കുഞ്ഞുമ്മകൾ നല്കിയും കെട്ടിയോൻ കുഞ്ഞിനെ കൊഞ്ചിക്കുമ്പോ ചീർത്തു വരുന്ന കവിളിണകളും തൊലി വരണ്ടു കറുത്ത കൈകാലുകളും വയറ്റിൽ തെളിഞ്ഞു വരുന്ന വെള്ളി വരകളും നോക്കി ഞാൻ നെടുവീർപ്പിട്ടുകൊണ്ടിരുന്നു... ഉച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോൾ ഞെട്ടി കൈകാലുകളിളക്കിയും പപ്പ കൊഞ്ചിക്കുമ്പോ വയറ്റിൽ മെല്ലെ ചവിട്ടിയും രാത്രിയിൽ ഉള്ളിൽകിടന്നുരുണ്ടുമറിഞ്ഞും എന്റെ കുഞ്ഞാവ അവന്റെ സജീവസാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു... അങ്ങനെ കാത്തിരുന്നും സ്വപ്നം കണ്ടും മാസം എട്ടായി...സെൻട്രൽ ഗവണ്മെന്റ് സർവീസിൽ ആറുമാസം മറ്റേർണിറ്റി ലീവ് ഉള്ളതിനാലും വയറിന്റെ അസാധാരണ വലിപ്പവും വർദ്ദിച്ചുവരുന്ന അവശതകളും എന്നെ വിശ്രമിക്കാൻ നിർബ്ബന്ധിതയാക്കിയതിനാലും സുഗമമായ പ്രസവശുശ്രൂഷകൾക്ക് നാട്ടിൽ നിൽക്കുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടതിനാലും ഞങ്ങൾ നേരത്തെതന്നെ ചണ്ഡീഗഡിൽ നിന്നും നാട്ടിലേക്കു പോവാൻ തീരുമാനിച്ചു.. എഴുത്തുകുത്തുകളും നൂലാമാലകളും മെഡിക്കൽ ചെക്കപ്പും പൂർത്തിയാക്കി നൂറ്റിയെൺപതു ദിവസത്തെ അവധി വാങ്ങി...
സീറ്റ് ബെൽറ്റും ഇട്ട് ഇടുങ്ങിയ സീറ്റിൽ മൂന്നാല് മണിക്കൂർ കുത്തിപ്പിടിച്ചിരിക്കേണ്ട ബുദ്ധിമുട്ടോർത്ത് വിമാനയാത്ര ഒഴിവാക്കിയ ഞാനും പ്രിയതമനും സമ്പർക്ക്രാന്തി എക്സ്പ്രസ്സിന്റെ ത്രീ ടയർ എ സി കംപാർട്മെൻറിൽ അങ്ങനെ തൃശൂർക്കു പുറപ്പെട്ടു... സഹയാത്രികരുടെ ഔദാര്യത്തിൽ ടോയ്ലെറ്റിനടുത്തുള്ള സീറ്റും സ്വന്തമാക്കി... ആകെയുള്ളൊരു പ്രശ്നം ഇടക്കിടെയുള്ള മൂത്രമൊഴിക്കാൻ പോക്കാണ്... വിറച്ചും കുലുങ്ങിയും നീങ്ങുന്ന ബോഗിക്കുള്ളിൽ ബാലൻസ് ചെയ്തും കമ്പിയിൽ മുറുക്കെ പിടിച്ചും നിറവയറുമായി 'ത്രിശങ്കു സ്വർഗ്ഗത്തിൽ' നിന്നു 'കാര്യം സാധിച്ചും' ഞാൻ നന്നേ വിഷമിച്ചു.. യാത്രതുടരവേ ഞാൻ ഒരു കാര്യം മനസ്സിലാക്കി... ഗർഭിണിയായിരിക്കുക എന്നത് സുഖമുള്ള ഒരേർപ്പാടാണ്... !! ചുറ്റുമുള്ളവർക്കെല്ലാം എന്താ ഒരു കരുതൽ.. സ്നേഹം... ആരെന്തു കഴിക്കുമ്പോഴും ഒരു പങ്ക് ഈ ഗർഭിണിക്ക് ഓഫർ ചെയ്യും... ചോദിക്കുന്നതിനു മുൻപ് സീറ്റ് ഒഴിഞ്ഞു തരും... കാണുമ്പോ തന്നെ വഴിയൊതുങ്ങിതരും... കൊള്ളാം... ആ യാത്ര അങ്ങനെ സുഖകരമായി തൃശൂർ സ്റ്റേഷനിൽ അവസാനിക്കുമ്പോ ഞാൻ ആലോചിച്ചു ഒരു 'നിത്യഗർഭിണി'യായി ഇരിക്കാൻ വല്ല സ്കോപ്പുമുണ്ടാവുമോ എന്ന്... എന്നാൽ ഇടിഞ്ഞുതുടങ്ങിയ വയറും അമ്മച്ചിതാറാവിനെപ്പോലുള്ള നടത്തവും ഓർത്ത് ഞാൻ ആ പാഴ്മോഹം അടിച്ചമർത്തി...
പിന്നെ കെട്ടിയോൻ വീട്ടുകാരുടെ സ്നേഹപരിചരണങ്ങളാസ്വദിച്ച രണ്ടു നാലു ദിനങ്ങൾ... പുളിയൂണു കല്യാണത്തിനു പലഹാരക്കൊട്ടകളുമായെത്തിയ സ്വന്തക്കാരോടൊപ്പം മന്ത്രകോടിയുടുത്തു പടിയിറങ്ങുമ്പോ എന്തിനെന്നറിയാതെ ഇടനെഞ്ചു വിങ്ങി....
യാത്ര... വണ്ടിയിൽ ഒരേയിരുപ്പിലുള്ള യാത്ര എന്നെ കൂടുതൽ അവശയാക്കി.. എന്നാൽ വീട്ടിലെത്തിയതും എന്റെ മൂഡാകെമാറി.. ചക്ക വേവിച്ചതും ചെമ്പു പുഴുങ്ങിയതും ഏത്തപ്പഴവും തുടങ്ങി നത്തോലി വറത്തതും.. കക്കയിറച്ചിയും.. പോത്തു വരട്ടിയതും വരെ ഇഷ്ടമുള്ളതെല്ലാം ഒന്നുരണ്ടാഴ്ചക്കുള്ളിൽ അടിച്ചുകേറ്റി എന്റെ തടി പിന്നെയും കൂടി.. ചെത്തിപ്പുഴ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മോളി ഡോക്ടറുടെയടുത്തു ചെക്കപ്പിന് ചെന്നപ്പോഴാണ് പണി കിട്ടി എന്നു ഞാനറിഞ്ഞത്... വെയിറ്റ് കൂടിയത് എന്റെ മാത്രമല്ല... കൊച്ചിന്റെ കൂടിയാണ്... അവനും കേറിയങ്ങ് തടി വെച്ചൂന്നും ആയതിനാൽ നോർമൽ ഡെലിവറി പ്രയാസമായിരിക്കുമെന്നും ഡോക്ടർ പറഞ്ഞു നിർത്തുമ്പോ മമ്മിയുടെ മുഖത്ത് ആശങ്ക നിറയുന്നത് ഞാൻ കണ്ടു... എന്റെയുള്ളിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത ആനന്ദവും... പ്രസവ മുറികളിലെ ഭീകര രംഗങ്ങളും വേദനയാൽ പുളയുന്ന ഗർഭിണികളുടെ പരാക്രമങ്ങളും ജോലിയുടെ ഭാഗമായി കണ്ടു പരിചയിച്ച എനിക്ക് ഒരു സിസേറിയൻ ഡെലിവറി മതി എന്ന് ഞാൻ പണ്ടേ ആഗ്രഹിച്ചതാണ്... കാത്തിരിപ്പിനൊടുവിൽ എന്റെ ഡേറ്റ് തൊട്ടടുത്തെത്തി ... നേരത്തെ റെഡിയാക്കി വച്ചിരുന്ന ബാഗുമെടുത്തു ആശുപത്രിയിലേക്കിറങ്ങുമ്പോ നല്ല മഴ..പിറ്റേന്നാണ് ഡേറ്റ്...മരുന്നു വച്ചിട്ടും പെയിൻ വരാതായപ്പോൾ ഇനി ഓപ്പറേഷൻ ചെയ്യാമെന്ന് ഡോക്ടർ... പിന്നെ ഓപ്പറേഷൻ.. ടേബിളിൽ കിടന്ന് അഞ്ചു മിനിറ്റിനുള്ളിൽ ഞാൻ കേട്ടു... എന്റെ മകന്റെ കരച്ചിൽ.. ആൺകുട്ടി...!!സിസ്റ്റർ ടവലിൽ പൊതിഞ്ഞു കൊണ്ടുവന്ന അവന്റെ കവിളിൽ മുത്തം നൽകി ഞാൻ മയക്കത്തിലേക്കു വീണു... പിന്നെ ഞാൻ അവനെ കാണുന്നത് റിക്കവറി റൂമിൽ വെച്ചാണ്... പാലുകുടിപ്പിക്കാൻ കൊണ്ടുവന്നിരിക്കയാണ്... ആ വേദനക്കിടയിലും ഉള്ളിൽ സന്തോഷം തിരതല്ലി... കുഞ്ഞിക്കണ്ണുകൾ തുറന്ന് അവൻ എന്നെ 'മുൻപ് കണ്ടിട്ടില്ലല്ലോ' എന്ന ഭാവത്തിൽ നോക്കുന്നു... എന്നാൽ പാലു കുടിക്കുന്ന കാര്യത്തിൽ ആ പരിചയക്കുറവ് അവനുണ്ടായിരുന്നില്ല... !!
ഞങ്ങൾ അമ്മയും മകനും അഞ്ചാം നാൾ ആശുപത്രിവിട്ടു... പിന്നെ പേറ്റുകുളിയും മരുന്നു സേവയും ശിശുപരിചരണവുമായി ഞാൻ തിരക്കിലായിപ്പോയി... മറ്റേർണിറ്റി ലീവ് തീർന്നു.. കുഞ്ഞിനെ വിട്ടു ഡ്യൂട്ടിക്കുപോവുമ്പോ വിങ്ങുന്ന മാറും മനസ്സും... കലങ്ങുന്ന കുഞ്ഞിക്കണ്ണുകളും...
കമഴ്ന്നുവീണും . എണീറ്റിരുന്നും .. പിടിച്ചു നിന്നും... പിച്ചവച്ചും. ഓടിനടന്നും.. കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിച്ചും ചിലപ്പോഴെല്ലാം വാശിപിടിച്ചുകരഞ്ഞും എന്റെ മകൻ വളരുകയാണ്... ഒപ്പം എന്നിലെ അമ്മയും...
Anju
Anju
🏃❤
An

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക