Slider

കാത്തുനിൽപ്പ്...

0
കാത്തുനിൽപ്പ്...
കോടതി വളപ്പിലെ വളർന്നു പന്തലിച്ച ആ വലിയ ആൽമരച്ചുവട്ടിൽ കൈയ്യിലുള്ള വെള്ള പ്ലാസ്റ്റിക് കവറിനുള്ളിലെ പൊതിച്ചോറും മാറിലടക്കിപ്പിടിച്ചു നിൽക്കുവാണ് രേണു...
തന്റെ മകനെയും കാത്ത്...
ഏതോ കടയിലെ പരസ്യമുള്ള കൈയ്യിലിരിക്കുന്ന കവറിലെ അക്ഷരങ്ങൾ കാലപ്പഴക്കം കൊണ്ട് മാഞ്ഞ് പോയതുപോലെ തന്നെയായിരുന്നു രേണുവിന്റെ വെള്ള സാരിയിലെ നീലപ്പൊട്ടുകളും
ചീകിയൊതുക്കാത്ത തലമുടി കാറ്റിൽ ആ മുഖത്ത് അസ്വസ്ഥത ഉണ്ടാക്കുന്നത് രേണു ശ്രദ്ധിക്കുന്നതേയില്ലായിരുന്നു....
ശ്രീക്കുട്ടൻ തന്റെ മകൻ ഉണ്ണി ഇപ്പോഴൊരു കൊലപാതകത്തിൽ പ്രതിയാണെന്ന്.... രേണുവിനത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
എന്റെ ശ്രീമോന് ഒരാളെ കൊല്ലാൻ കഴിയുമോ.... അവൻ എന്റെ ഉണ്ണിയല്ലേ... ഒരു ഉറുമ്പിനെ പോലും നോവിക്കല്ലെയെന്ന് ഞാനവനെ പഠിപ്പിച്ചതല്ലേ....
രേണുവിന്റെ മനസ്സ് പഴയ കാലത്തേക്ക് പോകുകയായിരുന്നു...
"എന്താ ഉണ്ണീ നീ ഈ കാട്ടണെ.... "
രേണുവിന്റെ ശബ്ദം കേട്ട് വീടിന്റെ വരാന്തയിൽ ഇരുന്ന ഉണ്ണി
തന്റെ കൈയ്യിലിരുന്ന ശാമ്പ്രാണി തിരി തറയിൽ ഇട്ടിട്ട് എഴുന്നേറ്റ് അമ്മയെ നോക്കി ചിരിച്ചു നിന്നു...
"നീ എന്താ ഇവിടെ ചെയ്യുന്നേ...നഴ്സറിയിൽ പോകണ്ടേ..."
എന്നു രേണു ചോദിക്കുമ്പോഴാണ് തറയിൽ നിന്നു പുകവരുന്നത് ശ്രദ്ധിച്ചത്
നോക്കിയപ്പോൾ ശാമ്പ്രാണി തിരി..
രേണു അത് കൈയ്യിൽ എടുത്തിട്ട് വീണ്ടും ചോദിച്ചു....
"എന്തിനാ ഉണ്ണി ഇത് ഇതു വച്ച് എന്താ നീയിവിടെ ചെയ്തേ...
വേഗം പറഞ്ഞോ അല്ലേൽ ചെവി ഇപ്പോൾ പൊന്നാകും... "
ഉണ്ണി രേണുവിനെ നോക്കി പേടിയോടെ പറഞ്ഞു ''ഞാനേ... ഈ ഉറുമ്പുകളെയൊക്കെ കൊല്ലുവായിരുന്നമ്മേ... "
രേണു നോക്കിയപ്പോൾ കണ്ടു ശരിയാണ് കുറച്ച് ഉറുമ്പുകൾ ചത്തു കിടപ്പുണ്ട്..
ശാമ്പ്രാണി തിരി പുറത്തേക്ക് എറിഞ്ഞിട്ട് രേണു അവനെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി
''വേഗം റെഡിയാക്.. നഴ്സറിയിൽ പോകാൻ സമയമായി.. "
''എനിച്ച് നഴ്സറിയിൽ പോകണ്ട " ഉണ്ണി ചിണുങ്ങി...
''അയ്യേ....അതെങ്ങനാ മോനെ.. പഠിച്ചാലല്ലേ വലിയ ആളാകാൻ പറ്റൂ... "
രേണു ചോദിച്ചു.
"അതെ പച്ചേങ്കില്..ഞാൻ പോവുമ്പോ...അമ്മ ഒറ്റയ്ക്കല്ലേ... അതാ എനിക്കിഷ്ടമല്ലാത്തെ... "
രേണു അപ്പോഴേക്കുമവനെ ഉടുപ്പും നിക്കറും ഒക്കെ ഇടുപ്പിച്ച്... മുഖത്ത് പൗഡറിടുകയായിരുന്നു...
"എന്താ മോനെ ഈ കാലിലൊക്കെ "
ചെരുപ്പിട്ടു കൊടുക്കാൻ നേരം കാലിലെ പാടുകൾ കണ്ടിട്ട് രേണു ചോദിച്ചു...
"അതോ... അത്... ആ ഉറുമ്പുകൾ കടിച്ചതാണ് അതല്ലേ ഞാനതിനെയൊക്കെ ശരിയാക്കിയേ... " ഉണ്ണി പറഞ്ഞു
''അയ്യേ.... മോനെ അങ്ങനെ ചെയ്യാൻ പാടുണ്ടോ... പാവമല്ലേ... അത്.."
ഉണ്ണിയുടെ തലമുടി ചീകി ഒതുക്കുന്നതിനിടയിൽ രേണു ചോദിച്ചു
"അതെന്നെ കടിച്ച് നോവിച്ചിട്ടല്ലേ.. ഉണ്ണിക്ക് ഒരു പാട് വേദനിച്ചു എനിച്ച് കരച്ചിലും വന്നു.. "
ഉണ്ണിയുടെ മറുപടി.
"എന്നാലും അതിനെ കൊല്ലാൻ പാടുണ്ടോ ഉണ്ണീ...ദൈവം തന്ന ജീവൻ അതെടുക്കാൻ ആർക്കും അധികാരമില്ല....
നീ തീയ് വച്ചപ്പോൾ അതിനും വേദനിച്ച് കരച്ചിൽ വന്നു കാണില്ലേ..."
ഉണ്ണിയുടെ മുഖം വാടി...
അതു കണ്ടപ്പോൾ രേണു തുടർന്നു
"മോൻ പിണങ്ങണ്ട ഇനി ഇങ്ങനെ ചെയ്യാതിരുന്നാൽ മതികേട്ടോ..."
കാലിൽ ഉറുമ്പ് കടിച്ചത് സാരമില്ല അമ്മ എണ്ണ പുരട്ടി തരാം അപ്പോഴതങ്ങ് പോകും.."
നഴ്സറി എത്തുന്നത് വരെ ഉണ്ണി ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു...പതിവ് ചോദ്യമായ അച്ഛൻ എവിടെയാണമ്മേ....?എന്നതും
"അങ്ങ് ദൂരെ... ദൂരെ... ആണ് "എന്നുള്ള രേണുവിന്റെ പതിവ് മറുപടിയും...
നഴ്സറിയിലേക്ക് കയറാൻ നേരം അതിന് മുന്നിലുള്ള നെല്ലിച്ചെടിയെ ചൂണ്ടി എന്നത്തെയും പോലെ ഉണ്ണി പറഞ്ഞു..
"അമ്മ ഈ മരത്തിന്റെ തണലിൽ തന്നെ വന്നു നിൽക്കണേ ഇന്നും ഉച്ചയ്ക്ക് "
അവനെ സംബന്ധിച്ച് അവനത് മരമായിരുന്നു...
ഉച്ചയ്ക്കുള്ള ആഹാരവും കുപ്പിയിൽ പാലുമായി കൃത്യസമയത്ത് തന്നെ ഉണ്ണിയുടെ നെല്ലിമരച്ചുവട്ടിൽ രേണു എത്തിയിരുന്നു..
ക്ലാസിലിരുന്ന് ഉണ്ണി അപ്പോഴപ്പോൾ ജനലിലൂടെ രേണുവിനെ എത്തിനോക്കി കള്ളച്ചിരി ചിരിയ്ക്കും..
അങ്ങനെ കാണാൻ വേണ്ടി തന്നെയാണവൻ അമ്മയെ അവിടെ നിൽക്കാൻ പറഞ്ഞതും..
ഉച്ചയ്ക്ക് കഴിക്കാൻ വിടുന്നതും ഉണ്ണി ഓടി ഒരു വരവാണ് രേണുവിനെ കെട്ടിപിടിച്ചൊരുനിൽപ്പും കുറച്ച് നേരം........
ഓടിട്ട കെട്ടിടത്തിലെ കോടതി വരാന്തയിലൂടെ കൈകളിൽ വിലങ്ങും ഇരുവശത്തും പോലീസുമായി ഉണ്ണി നടന്നു വന്നപ്പോൾ കണ്ടു പുറത്തുള്ള വലിയ മരത്തിന്റെ ചുവട്ടിൽ രേണു നിൽക്കുന്നത്....
തന്റെ അമ്മ എന്തൊരു കോലമായിരിക്കുന്നു. ഒന്നു നഴ്സറിയിലെ ഉണ്ണിയാകാൻ കഴിഞ്ഞെങ്കിൽ ഓടിച്ചെന്ന് ആ അമ്മയെ കെട്ടിപ്പിടിച്ച് നിൽക്കാമായിരുന്നു......
പക്ഷേ കഴിയില്ല കൈകളിൽ വിലങ്ങും ഇരുവശവും പോലീസുകാരും....
കൊലക്കേസിൽ പ്രതിയായ ശ്രീക്കുട്ടനാണ് താനിപ്പോൾ..
അമ്മയുടെ പൊന്നോമന ഉണ്ണി അല്ല....
പോലീസ് ജീപ്പിലേക്ക് കയറാൻ നേരം രേണു അതിനടുക്കലേക്ക് ചെന്നു...
ഉണ്ണി കണ്ടു അമ്മയ്ക്ക് നടക്കാനൊക്കെ വയ്യാണ്ടായിരിക്കുന്നു..
മുൻപ് നടക്കാൻ മടി കാണിച്ചിരുന്ന തന്നെയും എടുത്ത് കൊണ്ട് നടന്നിരുന്ന അമ്മ ഇപ്പോൾ...
''സാർ.. ഈ ചോറൊന്ന് കൊടുത്തോട്ടെ..."
രേണു പോലീസുകാരോട് ചോദിച്ചു..
അവർ തങ്ങളിൽ ഒന്നു നോക്കിയിട്ട് എന്തോ പിറുപിറുത്തു...
എന്നിട്ട് പറഞ്ഞു "ഉം കൊടുത്തേക്ക്.. "
രേണു ജീപ്പിന് പുറകിലേക്ക് ഉണ്ണിയുടെ അടുത്തേക്ക് ചെന്നു
ഉണ്ണി അമ്മയുടെ മുഖത്തേക്ക് നോക്കി....
"ഉണ്ണീ.... "രേണു വിളിച്ചു
ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു...
"ദാ മോനെ ചോറാണ് കഴിക്കണേ.... "
ഉം... ഉണ്ണി മൂളി...
മുഖത്തോടു മുഖം നോക്കി നിമിഷങ്ങൾക്ക് ശേഷം ഉണ്ണി ചോദിച്ചു..
''അമ്മ കഴിച്ചോ...."
മറുപടി പറയാനാകാതെ രേണു സാരിയുടെ തുമ്പുയർത്തി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അതെ എന്ന് തലയനക്കിയപ്പോഴേക്കും ജീപ്പ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തിരുന്നു....
ജീപ്പ് കണ്ണിൽ നിന്നു മറയുന്നതു വരെ നോക്കി നിന്നതിന് ശേഷം
രേണു പതിയെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴേക്ക് നെഞ്ചിലൊരു ഭാരം കയറ്റി വച്ച വേദന ഉടലെടുത്തിരുന്നു...
''തന്റെ അമ്മ അല്ലേ അത്.." പോലീസുകാരന്റെ ചോദ്യം
"അതെ " ഉണ്ണിയുടെ മറുപടി....
''തന്റെ വീട്ടിൽ വേറെ ആരുണ്ട് "... പോലീസുകാരൻ വീണ്ടും
''ആരുമില്ല.... " ഉണ്ണി പറഞ്ഞു...
അയാളുടെ അടുത്ത ചോദ്യം....
"നിന്റെ അച്ഛൻ.........?
നിന്റെ അച്ഛൻ........
ഇങ്ങനെയുള്ള ചോദ്യത്തിന് മറുപടി സ്കൂളിലെത്തിയ കാലത്ത് ഒരാൾക്ക് കൈ കൊണ്ടു കൊടുത്ത മറുപടി...
അന്നു ഹെഡ്മാസ്റ്റർ പറഞ്ഞു വീട്ടിൽ നിന്ന് ആരേലും വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന്...
പിറ്റേന്ന് അമ്മ വന്ന് കാത്തുനിന്നു സ്കൂളിലെ മുറ്റത്തെ വലിയ പുളിമരത്തിന്റെ ചുവട്ടിൽ.. പിന്നെ തൊഴുതു കൊണ്ട് ഹെഡ്മാസ്റ്ററോട് യാചിച്ചത്....
പത്താം ക്ലാസാണ് പുറത്താക്കല്ലേ എന്ന്.... അപ്പൊഴും കൈയ്യിലുണ്ടായിരുന്നു അമ്മയുടെ കൈയ്യിൽ ഈ വെള്ളപ്ലാസ്റ്റിക് കവർ....
ഉണ്ണിയുടെ കണ്ണുനീർ കൈയ്യിലിരുന്ന വെള്ള പ്ലാസ്റ്റിക്കവറിൽ വീഴുമ്പോൾ അവന്റെ മനസ്സ് പഴയ ഓർമ്മകളിലേക്ക് കാടു കയറിക്കഴിഞ്ഞിരുന്നു...
സ്കൂൾ കാലം കഴിഞ്ഞ് ഒരു ജോലി പഠിക്കുവാനായി വെൽഡിംഗ് വർക് ഷോപ്പിൽ പോയിരുന്ന കാലം
ഉച്ചയാകുമ്പോൾ റോഡിനപ്പുറത്തെ വലിയ കരിങ്കൽ മതിലിന് മുന്നിലെ പെപ്പിൻ ചുവട്ടിൽ ചോറുമായി വന്നുനിൽക്കും അമ്മ...
ആ സമയം അറിയാവുന്നത് കൊണ്ട് താൻ ഇടയ്ക്കൊക്കെ അങ്ങോട്ട് നോക്കി കൊണ്ടിരിക്കും
നഴ്സറിക്കുട്ടി ഉണ്ണിയെ പോലെ....
ഒരു ദിവസം ജോലിത്തിരക്ക് കാരണം സമയം പോയതറിഞ്ഞില്ല
നിന്റെ അമ്മ അവിടെ നിൽക്കുന്നുണ്ടല്ലോ എന്ന് ആരോ പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്..
പാവം അമ്മ ഒരു മണിക്കൂറോളം ഇതേ കവറിൽ ചോറുമായി....
ഞാനൊന്നു നോക്കുന്നതിനായി അവിടെ കാത്തു നിന്നിരുന്നു.
ആ ജോലി അവിടെ നിന്നും പഠിച്ചു പൂർത്തിയാക്കുന്നതിൽ നിന്നും
താൻ പരാജയപ്പെട്ടു... കാരണം
ഇതേ... ചോദ്യങ്ങൾ നിന്റെ അച്ഛൻ...
തന്റെ മറുപടിയിൽ താനെത്തിയതോ....
വർക് ഷോപ്പിന് എതിരെയുള്ള പൈപ്പിന് പുറകിലെ വലിയ കരിങ്കൽ മതിൽക്കെട്ടിനുള്ളിലെ പോലീസ് സ്റ്റേഷനിൽ....
പൈപ്പിൽ ചുവട്ടിൽ അമ്മ പിന്നെയും കാത്തു നിന്നു ഇതേ കവറിൽ പൊതിച്ചോറുമായി...
ഞാൻ ഒന്നു നോക്കുന്നതിന് വേണ്ടിയല്ല..... പോലീസുകാരന്റെ ദയയ്ക്ക് വേണ്ടി...
എനിക്കാ ചോറു തരാൻ....
നഴ്സറിയിലും....
സ്കൂളിലും...
ജോലി സ്ഥലത്തും...
പോലീസ് സ്റ്റേഷനിലും...
കാത്തു നിന്ന അമ്മ ഇപ്പോഴിതാ കോടതിയിലും.... എനിക്ക് ചോറുമായി കാത്തു നിന്നു....
ഇനി ഒരു കാത്തുനിൽപ്പ് ഉണ്ടാകില്ല..
അടുത്ത കോടതി വിധി ഒരു മുഴം കയറിലാണ് എന്നുള്ളതുറപ്പാണെന്ന് പോലീസുകാർ നേരത്തെ പിറുപിറുത്തത് താൻ കേട്ടതാണല്ലോ...
ലഹരി തലയ്ക്കു പിടിച്ച ഉന്മാദാവസ്ഥയിൽ ഒരു ദിനം ആ ചോദ്യം വീണ്ടും കേട്ടു..
നിന്റെ അച്ഛൻ...
അതിനുള്ള പ്രതികരണം തന്നെയിപ്പോൾ കോടതിയിലും ജയിലിലും തൂക്കു കയറിലുമെത്തിച്ചിരിക്കുന്നു...
ജീപ്പ് ജയിലിനു മുന്നിലെത്തി നിന്നു...
''ടോ... ഇറങ്ങടോ...."പോലീസുകാരൻ വിളിച്ചു.....
"ചേച്ചീ ഇറങ്ങുന്നില്ലേ... എല്ലാരും ഇറങ്ങി ഇത് ലാസ്റ്റ് സ്റ്റോപ്പാണ്........"
ബസിലെ കണ്ടക്ടർ രേണുവിനെ വിളിച്ചു....
മറുപടിഇല്ലാതായപ്പോൾ അയാൾ
വീണ്ടും വീണ്ടും വിളിച്ചു......
കണ്ണടച്ചിരിക്കുന്ന രേണു അതു കേൾക്കുന്നുണ്ടായിരുന്നില്ല.......
നാളെ തന്റെ ഉണ്ണി ഒരാത്മാവായി അവിടെയെത്തുമ്പോൾ നൽകുവാനായി ഒരു പൊതിച്ചോറുമായി
അപ്പൊഴും കന്യകയായ ആ ശരീരവമുപേക്ഷിച്ച് ആ അമ്മയുടെ ആത്മാവ്....
അവിടെ കാത്തു നിൽക്കാൻ പോയ്ക്കഴിഞ്ഞിരുന്നു........
ജെ.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo