Slider

ഡയാന ഡഗ്ലസിന്റെ ഡയറി കുറിപ്പുകൾ! (കഥ)

0

ഡയാന ഡഗ്ലസിന്റെ ഡയറി കുറിപ്പുകൾ! (കഥ)
ഡയാന കൈകാലുകൾ വലിച്ചു നീട്ടി കസേരയിൽ നിന്നും എഴുനേറ്റു.
അറിയാതെ ഒന്ന് മയങ്ങി പോയി. രണ്ടു ദിവസമായി ഈ ആശുപത്രി വാസം. ഒരു പോള കണ്ണടക്കാതെ, യതീന്ദ്രന്റെ മുഖത്തേക്ക് തന്നെ നോക്കിയുള്ള ഇരുപ്പു.. പുലരായപ്പോൾ ഒന്ന് മയങ്ങി.
മുഖത്ത് വെള്ളം കോരിയൊഴിച്ചു, ബാത്റൂമിലെ കണ്ണാടിയിലേക്കു അവൾ കണ്ണോടിച്ചു. ഉറക്കച്ചടവുള്ള മുഖം...
സൗന്ദര്യവും യൗവനവും തുടിക്കുന്ന മുഖത്തേക്ക് നോക്കി ഇന്നലെ ഡോക്ടർ വാസു ദേവ് സഹതാപത്തോടെ പറഞ്ഞത് ഡയാന ഓർത്തു -
“സോറി Mrs.യതീന്ദ്രൻ. പറയാൻ വിഷമമുണ്ട് നിങ്ങളുടെ ഭർത്താവ് ഇനി ഈ കിടപ്പിൽ നിന്നും എഴുനേൽക്കില്ല. അയാൾ മരിച്ചു കൊണ്ടിരിക്കുന്നു. ബ്ലഡ് ടെസ്റ്റിന്റെ ഒരു റിസൾട്ട് കൂടെ വരാനുണ്ട്. മിക്കവാറും നാളെ ലഭിക്കും”
ഇളം മഞ്ഞ നിറമുള്ള ടൗവലിൽ മുഖം തുടച്ചു കൊണ്ട് ഡയാന യതീന്ദ്രന്റെ ബെഡിനരികിലേക്കു നടന്നു. പ്രത്യാശയുടെ പച്ചപുതപ്പിനുളളിൽ ഇന്നലെ അവൾ കിടത്തിയത് പോലെ തന്നെ അയാൾ കിടക്കുന്നു. മുഖത്തു കുറ്റിരോമങ്ങൾ
.... ചുംബന പൂക്കൾ കൊണ്ട് മൂടിയ സുന്ദരമായ ചുണ്ടുകൾ കരുവാളിച്ചിരിക്കുന്നു
ഡയാന വാതിൽക്കലേക്കു ഒന്ന് കൂടെ നോക്കി. വാതിൽ കുറ്റിയിട്ട നിലയിൽ തന്നെ.
കഴിഞ്ഞ രണ്ടു ദിവസമായി ഈ മുറിയിൽ നിന്നും ആരും പുറത്തിറങ്ങിയിട്ടില്ല. ഡോക്ടറോ നഴ്സുമാരോ വന്നാൽ മാത്രമായി..
യതീന്ദ്രൻ കണ്ണ് തുറന്നു കിടക്കുകയാണ്.
അവൾ വലതുകരം കൊണ്ട് അയാളുടെ മുടി കുത്തി പിടിച്ചു, അയാളെ മെല്ലെ... ഉയർത്തി .പിന്നെ പൈശാചികമായി പൊട്ടിച്ചിരിച്ചു
ആ ചിരിയിൽ പ്രതികാരം, വേദന, ലോകത്തോടുള്ള വെറുപ്പ് എല്ലാം ഉണ്ടായിരുന്നു..
യതീന്ദ്രന്റെ ബെഡിനരികിൽ കസേര വലിച്ചിട്ടു എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന വെളുത്ത ചട്ടയുള്ള ഡയറി കൈയിലെടുത്തു പേജുകൾ ഓരോന്നായി ഡയാന മറിച്ചു തുടങ്ങി .
എത്രാമത്തെ പ്രാവശ്യമാണ് ഇതിലൂടെ കണ്ണുകളോടിക്കുന്നതു? എല്ലാ തീയതികളും, ഓരോ ദിവസത്തെ സംഭവങ്ങളും മനഃപാഠം !
കണ്ണ് മിഴിച്ചു എങ്ങോട്ടോ ദൃഷ്ടി പായിച്ചു കിടക്കുന്ന യതി കേൾക്കാൻ അവൾ ഉറക്കെ വായിച്ചു തുടങ്ങി.. .
**
Feb 14 2014
പപ്പയെയും പുതിയ മമ്മയെയും വിട്ടു ഞാൻ പോവുന്നു. ഇന്ന് ഈ വാലെന്റൈൻസ് ദിനത്തിൽ യതിയുമായി ഒരു പുതു ജീവിതം . ഡയാന ഡഗ്ളസ് മരിച്ചു. മീര യതീന്ദ്രൻ പുനർജനിക്കുന്നു
അവൾ വെളുത്തു നീണ്ട വിരലുകൾ കൊണ്ട് പേജുകൾ മറിച്ചു
March 2 2014
യതി ഞാൻ വിചാരിച്ചപോലെയല്ല...എല്ലാ പ്രേമ വിവാഹങ്ങളും പരാജയങ്ങളോ.? എന്റെ സ്നേഹം കൊണ്ട് യതിയെ തിരുത്താൻ എനിക്ക് കഴിയുമോ ?
യതി... .. നമ്മുടെ നല്ല നാളുകളിലേക്ക് ഞാൻ നിങ്ങളെ തിരിച്ചു കൊണ്ടുവരും...
March 25, 2014
ഇന്നലെ യതി എന്നെ ഒരുപാടുപദ്രവിച്ചു എന്റെ ജീവിതത്തിൽ ഇന്ന് വരെ ഏൽക്കാത്ത പീഡനങ്ങൾ.....യതിക്കു എന്നെ മടുത്തു ..വെറും ഒരു മാസം കൊണ്ട്.. ഞാൻ ഒരു ബാധ്യതയായി.... എന്റെ കൈവശമുള്ള സ്വർണവും പണവും യതി കൈക്കലാക്കി . പപ്പയെ വിളിച്ചു കൂടുതൽ പണം ചോദിക്കാൻ നിർബന്ധിച്ചു തുടങ്ങി..
ഡയാന വായന നിർത്തി യതിയെ സൂക്ഷിച്ചു നോക്കി. ഒരു ഭാവവ്യത്യാസവും ഇല്ലാതെ അയാൾ കിടക്കുന്നു.
April 01 ,2014
യതിയുടെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കുന്ന എന്നെ ഒഴിവാക്കാനുള്ള തത്രപ്പാടുകൾ .. പിടിച്ചു നിൽക്കും ഞാൻ. ഇനി അയാൾ ആരെയും നശിപ്പിക്കരുത്.
അറിയാതെ ഡയാന കൈകളിലേക്ക് നോക്കി. അന്ന് രാത്രി അയാൾ സിഗരറ്റ് വെച്ച് പൊളിച്ച പാടുകൾ വലത്തേ കൈത്തണ്ടയിൽ വലിയ വടുക്കളായി കരുവാളിച്ചു കിടക്കുന്നു
ഡയാന കസേരയിൽ നിന്നും എഴുനേറ്റു.. അവൾ വലതു കരം ഉയർത്തി യതിയുടെ കണ്ണിനു നേരെ പിടിച്ചു-“ നോക്ക് യതി..ഓർമ്മയുണ്ടോ ഞാൻ എത്ര ഉറക്കെ നിലവിളിച്ചു .. നിങ്ങൾ കേട്ടില്ലലോ ?” പൈശാചികമായ ഭാവത്തോടെ അവൾ ചോദിച്ചു
അവൾ അയാളുടെ വലതു കരം ശക്തമായി ഒന്നമർത്തി.. അയാൾക്ക് നൊന്തു കാണും..നോവണം .ആ കണ്ണുകളിൽ ഒരു ദയനീയ ഭാവം അവൾ വായിച്ചു.
“എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ”- ഡയാന ഉരുവിട്ടു
May 10 2014
ഇന്ന് യതീന്ദ്രൻ ഒരു പെൺകുട്ടിയുമായി വീട്ടിലേക്കു വന്നു. കണ്ടിട്ട് കോളേജിൽ പഠിക്കുന്ന കുട്ടിയാണെന്ന് തോന്നുന്നു. നീല ജീൻസും ഇറക്കം കുറഞ്ഞ ഇറുകി പിടിച്ച ടോപ്പുമിട്ട പെൺകുട്ടി. എന്നെ അതിഥികൾക്കുള്ള കിടപ്പുമുറിയിൽ പൂട്ടിയിട്ടു. വീടിനകം നിറയെ അവരുടെ അട്ടഹാസങ്ങളും പൊട്ടിച്ചിരികളും അടക്കി പിടിച്ച നിശ്വാസങ്ങളും ..
അയാൾ ജീവിക്കുകയാണ്.... എന്നെ മറന്ന്..
May 30 2014
യതി ജീവിക്കുകയാണ്.. വീട്ടിൽ പല രൂപങ്ങളിൽ പുതിയ വേഷങ്ങളിൽ സ്ത്രീകളെത്തുന്നു..
ഞാൻ ശ്വാസം കിട്ടാതെ പിടയുമ്പോൾ അവർ തൊട്ടടുത്ത് എന്റെ കൈയെത്തും ദൂരത്തു ജീവിതം ആടി തിമിർക്കുന്നു
June 07 ,2014
ഇന്നലെ ഓഫീസിൽ നിന്നും വന്ന യതി ഓർക്കാതെ സിസ്റ്റം ഓഫ് ചെയ്യാതെ ഉറങ്ങാൻ കിടന്നു. ദിവസങ്ങളായി ഉറക്കം നഷ്ട്ടപ്പെട്ട ഞാൻ കംപ്യൂട്ടറിൽ ചെന്നിരുന്നു ..
യതീന്ദ്രന്റെ ലീലാവിലാസങ്ങൾ..
ലജ്ജിച്ചു ഞാൻ തല താഴ്ത്തി .. എത്ര പെൺകുട്ടികളാണ് എന്നെ പോലെ അയാളുടെ പുഞ്ചിരിയിൽ മയങ്ങിയിരിക്കുന്നതു.. പതിനേഴുകാരികൾ മുതൽ കിളവികൾവരെയുണ്ട്... അവരുമായി.. ഒരു നാണവുമില്ലാതെ..
അയാൾ വിരിച്ച വല വളരെ വലുതാണ്.... പാടില്ല. ഇതു തടയണം . പലരിൽ നിന്നും ഭീക്ഷണി മുഴക്കി പണം തട്ടി എടുത്തിട്ടുണ്ട്.. യതിയുടെ ഭയാനക മുഖം! എനിക്ക് ശ്വാസം മുട്ടി
**
അടുത്ത പേജിലേക്ക് ഡയാനയുടെ കൈകൾ നീണ്ടു.
വേണ്ട .. ഇന്നും നോവുന്ന ഓർമ്മ..ആശുപത്രിയിൽ പോവാൻ വിസമ്മതിച്ചതിനു അടിവയറ്റിൽ ആഞ്ഞു തൊഴിച്ചു, രക്തപ്പുഴയിൽ യതി കുളിപ്പിച്ച് കിടത്തിയ ദിവസം!
അവൾ അടിവയറ്റിൽ അമർത്തി, യതിയെ പകയോടെ നോക്കി അടുത്തുള്ള പേജുകൾ വേഗത്തിൽ മറിച്ചു.
പിന്നീടുള്ള കുറെ ദിവസങ്ങളിൽ പേജുകൾ ശൂന്യമാണ് ... വേദനയുടെ നാളുകളിൽ, ഓർമ്മകൾ മരിക്കാൻ പ്രാർത്ഥിച്ച നിമിഷങ്ങളിൽ ....ജീവിതം പോലെ ഡയറിയിലെ താളുകളും ശൂന്യം!
Aug 14,2014
സങ്കീർത്തനം 55: 2
അവരെന്നോട് ദ്രോഹം ചെയ്യുന്നു. കോപത്തോടെ എനിക്കെതിരെ ശത്രുത പുലർത്തുന്നു. എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു. മരണഭീതി എന്റെ മേൽ പതിച്ചിരിക്കുന്നു. ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു.പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു . ഞാൻ പറഞ്ഞു : പ്രാവിനെപോലെ ചിറകുണ്ടായിരുന്നെങ്കിൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു
Aug 15, 2014
എനിക്കും സ്വാതന്ത്ര്യം വേണം..
കൊടിയ പീഡനങ്ങളിൽ നിന്നും, കരൾ പിരളുന്ന കരച്ചിലുകളിൽ നിന്നും കേട്ടാൽ അറക്കുന്ന വാക്കുകളിൽ നിന്നും സ്വാതന്ത്ര്യം...
ഡയാന അതിവേഗം പേജുകൾ മറിച്ചു .. സെപ്തംബര് 12, 2014
“ഓർക്കുന്നോ യതി ?.രാത്രിയുടെ ഏതോ യാമത്തിൽ നിങ്ങൾ ബാത്റൂമിൽ വീണത്...
അവൾ ഡയറിയിലേക്കു നോക്കി ഉറക്കെ വായിച്ചു:
സങ്കീർത്തനങ്ങൾ 27 : 2. എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും
**
പുറത്തു വാതിൽ തട്ടി വിളിക്കുന്ന ഒച്ച കേട്ടപ്പോൾ പരിഭ്രമത്തോടെ ഡയറി അടച്ചു വെച്ച് ഡയാന വാതിലിനടുത്തേക്കു നടന്നു..
ഡോക്ടർ റൗണ്ട്സിനു വരാനുള്ള സമയമായിട്ടില്ല...ആരാണോ ഈ സമയത്തു ?
വാതിലിനു വെളിയിൽ വെളുത്ത കോട്ടിട്ട് ഡോക്ടറും രണ്ടു പോലീസുകാരും..
ഡയാനയുടെയുള്ളിൽ അപായ സൂചന മുഴങ്ങി
ഡോകട്ർ വാസുദേവ് കോട്ടിന്റെ പോക്കറ്റിൽ കൈകൾ നിക്ഷേപിച്ചു അകത്തേക്ക് കയറി...
അയാൾ അവളോട് പറഞ്ഞു -“ യതീന്ദ്രന്റെ blood results വന്നിട്ടുണ്ട്..അയാളുടെ ഉള്ളിൽ ഭക്ഷണത്തിലൂടെ അമിത അളവിൽ Succinylcholine ചെന്നിരിക്കുന്നു .യതിയെ പോലെ ആസ്മയുള്ളവർക്കു succ അപകടമാണ്”
പോലീസു കാർക്ക് പിന്നിൽ നിന്നിരുന്ന കഷ്ടിച്ച് അഞ്ചടി പൊക്കമുള്ള കറുത്ത നിറമുള്ള പച്ച ഷർട്ടുകാരൻ മുന്നിലേക്ക് വന്നു പറഞ്ഞു- “ അതെ ഈ സ്ത്രീ തന്നെയാണ് അത് വാങ്ങിയത്.. Prescription ഇല്ലാതെ തരില്ലെന്ന് പറഞ്ഞപ്പോൾ അവർ ആയിരത്തിന്റെ രണ്ടു നോട്ടുകൾ എനിക്ക് തന്നു. ഈ ഇളം നീല ചുരിദാര് തന്നെയായിരുന്നു വേഷം..എനിക്ക് ഓർമയുണ്ട്. അല്ലെങ്കിലും ഇത്ര സുന്ദരിയായ ഒരു സ്ത്രീയെ ആര് മറക്കും?”
ഡയാന മരവിച്ച മുഖത്തോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി - “ഞാൻ സന്തോഷത്തോടെ യാത്രയാവുന്നു. യതി ഇനി എഴുന്നേൽക്കില്ലലോ?”
പച്ച പുതപ്പിനുള്ളിൽ കിടക്കുന്ന യതിയെ നോക്കി അവൾ പറഞ്ഞു –“ഗുഡ് ബൈ യതീന്ദ്രൻ”
പോലീസിനൊപ്പം ഡയാന നടന്നു നീങ്ങിയപ്പോഴാണ് ഡോക്ടർ വാസുദേവ് യതിയുടെ കിടക്കക്കരികിലിരുന്ന വെളുത്ത ചട്ടയുള്ള ഡയറി ശ്രദ്ധിച്ചതു .അയാൾ അത് മെല്ല തുറന്നു നോക്കി. ഡയ റിയിലെ അവസാനത്തെ കുറിപ്പ് യതീന്ദ്രനെ ആശുപത്രിയിൽ കൊണ്ട് വന്ന Sept 14 2014.
സങ്കീർത്തനങ്ങൾ 9 : 16. യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു
ഡയറിയുമായി ഡോക്ടർ തിടുക്കത്തിൽ പോലീസിനടുത്തേക്കു നീങ്ങി..**Sani John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo