Slider

താലിയുടെ മഹത്വം

0

താലിയുടെ മഹത്വം
*******************
മോനേ ആ ബ്രോക്കർ ഇന്നും വിളിച്ചിരുന്നു , അയാളുടെ പരിചയത്തിൽ നല്ലൊരു കുട്ടിയുണ്ടത്രേ, പാവങ്ങളാ കെട്ടിച്ച് വിടാനുള്ള പാങ്ങൊന്നും ഇല്ലാത്തവരാന്നാ പറഞ്ഞത് , അമ്മയൊന്നു സംസാരിച്ചു നോക്കട്ടെ ?
എങ്ങനെ കഴിയുന്നമ്മേ എന്നെ മറ്റൊരു വിവാഹത്തിനു നിർബന്ധിക്കാൻ ? ഈ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് മറന്നോ അമ്മ എന്റെ മീരയെ. ജീവനല്ലായിരുന്നോ അവൾക്കു അമ്മയെ എന്നിട്ടും....
ഒന്നും മറന്നിട്ടല്ല കുട്ടിയേ , എത്രാന്നു വച്ചാ എന്റെ കുട്ടീടെ കണ്ണീരു കാണുക , പെറ്റ വയറല്ലേ കുഞ്ഞേ സഹിക്കണില്ല്യാ നിന്റെ ഈ അവസ്‌ഥ കാണുമ്പോ...
വയ്യമ്മേ , എന്റെ മീരേടെ സ്ഥാനത്തു ഇനി മറ്റൊരു പെണ്ണിനെ , കഴിയില്ലമ്മേ എനിക്ക്. എന്റെ മീര, അവളെന്നോടൊപ്പം തന്നെയുണ്ട് , അവളുടെ ഓർമ്മകൾ മാത്രം മതി എനിക്കീ ജന്മം ജീവിച്ചു തീർക്കാൻ.
അമ്മക്കറിയാഞ്ഞിട്ടല്ല മോനേ നിന്റെ അവസ്ഥ. പക്ഷേ മീനൂട്ടി ,അവൾക്കൊരു അമ്മയെ വേണ്ടേ ? എനിക്ക് പ്രായമായി ഞാനിനി എത്ര കാലമുണ്ടാകും. അവള് വളർന്നു വരുന്ന ഒരു പെൺകുട്ടിയല്ലേ എത്രയൊക്കെ നെഞ്ചിലേറ്റിയാലും അച്ഛൻ ഒരിക്കലും അമ്മക്ക് തുല്യമാവില്ല മോനേ. എന്റെ മോൻ ഒന്നുകൂടി ആലോചിക്ക് എന്താ വേണ്ടതെന്ന്....
മറുപടിയൊന്നും പറയാതെ ഞാൻ മുറിയിലേക്ക് പോയി. മീനൂട്ടി നല്ല ഉറക്കത്തിലാണ് , ഇന്നലെ നാല്‌ വയസ്സ് തികഞ്ഞു അവൾക്ക്. ഞാനവളുടെ നെറുകയിൽ മെല്ലെ തലോടി. പാവം കുട്ടി , ഇന്നലെയും ചോദിച്ചു അമ്മ എപ്പോഴാ വരികയെന്നു. എത്ര നാൾ ഒളിക്കാനാവും ഈശ്വരാ എന്റെ കുഞ്ഞിനോട് ഒരിക്കലും വരാൻ കഴിയാത്തത്ര ദൂരത്തിലാണ് അവളുടെ അമ്മയുള്ളതെന്ന്. മോൾക്ക് ഒരു വയസുള്ളപ്പോഴാണ് ഒരു ആക്സിഡന്റിന്റെ രൂപത്തിൽ വിധി എന്റെ മീരയെ എന്നിൽ നിന്ന് അകറ്റിയത്. അന്നുതൊട്ടിന്നുവരെ സമാധാനത്തോടെ ഞാൻ ഉറങ്ങിയിട്ടില്ല. എന്റെ അവസ്‌ഥ കണ്ടിട്ടാണ് മറ്റൊരു വിവാഹത്തിന് അമ്മ നിർബന്ധിച്ചു തുടങ്ങിയത്.
അമ്മ പറഞ്ഞത് ശരിയാണ് , എന്റെ മീനൂട്ടി വളരുകയാണ് ,അവൾക്കൊരു അമ്മ കൂടിയേ തീരൂ ,പക്ഷെ എന്റെ മീനൂട്ടിക്കൊരു അമ്മയാകുവൻ മറ്റൊരു പെണ്ണിന് കഴിയുമോ ? മീരയെപ്പോലെ എന്റെ കുഞ്ഞിനെ സ്നേഹിക്കാൻ അവൾക്ക് കഴിഞ്ഞില്ലെങ്കിൽ. ഉത്തരം കിട്ടാത്ത ഒരുപാട് സംശയങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. ഒരുപാട് നേരം ആലോചിച്ചു പക്ഷെ ഒരു തീരുമാനം എടുക്കാനാവുന്നില്ല. ഏറെ നേരത്തെ ആലോചനക്കൊടുവിൽ അമ്മയുടെ ആഗ്രഹത്തിന് സമ്മതം മൂളുമ്പോൾ മീനൂട്ടിയുടെ ഭാവി മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു...
എല്ലാം വളരെ പെട്ടന്നായിരുന്നു. രണ്ടാം വിവാഹം ആയതുകൊണ്ട് തന്നെ വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ച് സൗമ്യയുടെ കഴുത്തിൽ ഞാൻ താലി ചാർത്തി.
അമ്മയെ കിട്ടിയ മീനുമോളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത് ആയിരിന്നു. അവൾക്കും മീനുമോളെ ജീവനായിരുന്നു. വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അമ്മക്കും അവൾ മകളായി മാറി. പക്ഷെ എനിക്ക് മാത്രം ഒരിക്കലും അവളെ അംഗീകരിക്കാനായില്ല. എന്റെ മീരയുടെ സ്ഥാനത്ത് സൗമ്യയെ കാണാൻ ഒരിക്കലും എനിക്കായിരുന്നില്ല എന്നതാണ് സത്യം. മറ്റുള്ളവരുടെ മുന്നിൽ സ്നേഹമുള്ള ദമ്പതികളായി തകർത്തഭിനയിച്ചെങ്കിലും ഒരു മുറിയുടെ രണ്ടിടങ്ങളിലായി ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയി...
മാസങ്ങൾ കടന്നു പോയിട്ടും ഒരു പരിഭവവും പറയാതെ ഞങ്ങളുടെ കാര്യങ്ങളെല്ലാം അവൾ ഭംഗിയായി നോക്കിയിരുന്നു. ഇതിനിടയിൽ അമ്മ കൂടി കിടപ്പിലായതോടെ എല്ലാ ജോലികളും അവളേറ്റെടുത്തു. ഇത്രയൊക്കെ അവഗണിച്ചിട്ടും അമ്മയുടെ കാര്യങ്ങളും നോക്കി മോളുടെ കൂടെ കളിച്ചു ചിരിച്ചു നടക്കുന്ന അവളെ പലപ്പോഴും ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. പതിയെ പതിയെ എന്റെ മനസ്സ് അവളെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു. എന്റെ പിറന്നാൾ ദിവസമായിരുന്നു ആദ്യമായി അവളെന്നോട് ഒരാഗ്രഹം തുറന്ന് പറഞ്ഞത്....
ഏട്ടാ നമ്മുടെ വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും ഇന്നുവരെ ഞാനൊന്നും ഏട്ടനോട് ആവശ്യപ്പെട്ടിട്ടില്ല. എന്നും ഏട്ടൻ പറയുന്നത് കേട്ട് അനുസരിച്ച് നിന്നിട്ടേയുള്ളൂ. എന്റെ കഴുത്തിൽ താലി കെട്ടിയതിനു ശേഷമുള്ള ഏട്ടന്റെ ആദ്യത്തെ പിറന്നാളാണിന്നു. ഇന്നത്തെ ഒരു ദിവസം , ഒരേ ഒരു ദിവസം എന്റെ ഈയൊരു ആഗ്രഹത്തിന് മാത്രം ഏട്ടൻ എതിര് പറയരുത്. ഞാൻ എന്തെങ്കിലും പറയും മുൻപേ എന്റെ അനുവാദത്തിന് കാക്കാതെ കൈയിലിരുന്ന പ്രസാദം അവളെന്റെ നെറ്റിയിൽ തൊട്ടു. അല്പനേരം ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു. മാസങ്ങളായി എല്ലാം അടക്കിപിടിച്ചു ജീവിച്ചിരിന്നത് കൊണ്ടാവാം അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. പെട്ടെന്ന് മുഖം വെട്ടിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളുടെ കൈകളെ ഞാനെന്റെ നെഞ്ചോട് ചേർത്തു പിടിച്ചു...
സൗമ്യേ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി. ഇന്ന് വരെ നിന്നോട് ഞാനൊന്ന് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല ,ഒന്നു ചിരിച്ചിട്ടില്ല , നിന്റെ ഒരാഗ്രഹങ്ങളും സാധിച്ചു തന്നിട്ടില്ല ,അല്ല ഒന്നറിയാൻ പോലും ശ്രമിച്ചിട്ടില്ല, ഈ വീട്ടിലൊരു വേലക്കാരിക്കു കൊടുക്കുന്ന സ്ഥാനം പോലും ഞാൻ നിനക്കു തന്നിട്ടില്ല. എന്നിട്ടും ഒരു പരിഭവും പറയാതെ എന്നെ സ്നേഹിക്കാൻ എങ്ങനെ കഴിയുന്നു നിനക്കു ?
സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയില്ല അല്പനേരം അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല എന്നോട്. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഞങ്ങള് പെണ്ണുങ്ങളെ മനസ്സിലാക്കാൻ പലർക്കും കഴിയില്ല ഏട്ടാ. അല്ലെങ്കിൽ ആരും അതിന് ശ്രമിക്കാറില്ല എന്നതാണ് സത്യം. ഞാനിവിടെ വന്നു കേറിയ ദിവസം തന്നെ അമ്മ എന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നു. മോളുടെ സന്തോഷത്തിന് വേണ്ടിയാണ് എന്നെ വിവാഹം ചെയ്തത് എന്നറിഞ്ഞപ്പോ സത്യത്തിൽ ആദ്യമെനിക്കു ദേഷ്യമാണ് തോന്നിയത്. പക്ഷെ ഏട്ടന് മീരയോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴമറിഞ്ഞു കഴിഞ്ഞപ്പോ എനിക്ക് മനസ്സിലായി എനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നു....
ഇനിയൊരിക്കലും തിരിച്ചു വരില്ലന്നറിഞ്ഞിട്ടും മീരയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയാത്ത ഏട്ടന് സ്നേഹിക്കാൻ മാത്രമറിയുന്ന നല്ലൊരു മനസ്സുണ്ടെന്നു എനിക്കുറപ്പായിരുന്നു. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതും ആ മനസ്സ് തന്നെയാണ്. എല്ലാത്തിലും ഉപരിയായി ഞാൻ വിശ്വസിക്കുന്ന ഒന്നുണ്ട്. ഏട്ടൻ എന്റെ കഴുത്തിലണിയിച്ച ഈ താലി. ഏതൊരു വിഷമഘട്ടത്തേയും അതിജീവിക്കാൻ, പ്രാർഥനയോടെ ഒന്നു മുറുകെപ്പിടിക്കാൻ ഒരു പെണ്ണിന് ദൈവം നൽകിയ ഏറ്റവും വലിയ വരദാനമാണ് ഈശ്വരനെയും അഗ്നിയെയും സാക്ഷി നിർത്തി ആണൊരുത്തൻ അവളുടെ കഴുത്തിലണിയിക്കുന്ന താലി.അതു നൽകുന്ന ആത്‍മവിശ്വാസത്തേക്കാൾ വലുതായി മറ്റൊന്നും അവൾക്കു ഒരിടത്തെന്നും ലഭിക്കില്ല ഏട്ടാ. ജീവിതത്തിൽ നമ്മൾ പലതും ആഗ്രഹിക്കാറുണ്ട്. പക്ഷെ പലപ്പോഴും സംഭവിക്കുന്നത് ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരിക്കും. സർവശക്തനായ ഈശ്വരന്റെ അത്തരം തീരുമാനങ്ങൾക്ക് നമ്മൾ വിളിക്കുന്ന ഓമനപ്പേരാണ് വിധി.
മനസ്സു നീറിപ്പുകയുമ്പോഴും തളർന്നു പോകാതെ അതിനെയെല്ലാം ഞാൻ അതിജീവിച്ചത് ഈ താലിയുടെ മഹത്വം ഒന്നുകൊണ്ട് മാത്രമാണ്. എനിക്കു ഉറപ്പുണ്ടായിരുന്നു എന്നെങ്കിലും ഒരിക്കൽ ഏട്ടനെന്നെ സ്നേഹിച്ചു തുടങ്ങുമെന്ന്. അടക്കിപ്പിടിച്ചിരിന്ന അവളുടെ സങ്കടങ്ങളെല്ലാം കണ്ണീരായി ഒഴുകി. നിറഞ്ഞ മനസ്സോടെ അവളെ വാരിപ്പുണരുമ്പോൾ മനസ്സുകൊണ്ട് ഒരായിരം തവണ ദൈവത്തിനോട് ഞാൻ നന്ദി പറയുകയായിരുന്നു. എന്റെ മകൾക്ക് ഒരമ്മയെ തന്നതിന് , നഷ്ടപ്പെട്ടന്നു ഞാൻ കരുതിയ എന്റെ ജീവിതം എനിക്ക് തിരികെ തന്നതിന്.................
ഉണ്ണി ആറ്റിങ്ങൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo