Slider

ഹൃദയത്തുടിപ്പുകൾ

0
ഹൃദയത്തുടിപ്പുകൾ
********************
എത്ര നേരം ആ ഹൃദയതാളം സ്റ്റെതസ്കോപ്പിലൂടെ കാതുകളിലേക്ക് ഒഴുകിയെത്തിയെന്ന് അറിയില്ല. കവിളിലൂടെ നീർച്ചാലുകൾ ഒഴുകുന്നതും ഹൃദയം അനിയന്ത്രിതമായി തുടിക്കുന്നതും വല്ലാത്തൊരു വേദന തൊണ്ടയിൽ ചിറകടിച്ച് പിടയുന്നതും മാത്രം ഞാനറിഞ്ഞു.
"മാഡം... പ്ലീസ് " തോളിൽ കാർഡിയാക് സർജൻ തോമസ് കുരുവിളയുടെ കൈത്തലങ്ങൾ പതിഞ്ഞപ്പോൾ പതിയെ തിരിഞ്ഞു.
"വരൂ മാഡം. മാഡത്തിനറിയാമല്ലോ ഇൻഫെക്ഷനു സാധ്യത ഏറെയാണ്. നിങ്ങളുടെ മാനസികാവസ്ഥ എനിക്കു മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടാണ് ഇങ്ങനൊരവസരം നിങ്ങൾക്കു തന്നത്".
"അയാം സോറി ഡോക്ടർ എനിക്കറിയാം."
കണ്ണുകൾ തുടച്ച് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. ഒന്നുമറിയാതെ ഒരു കുഞ്ഞിനെ പോലെ ഉറങ്ങുന്ന ആ നാല്പത്തഞ്ചുകാരനിൽ തുടിക്കുന്നത് എന്റെ മകന്റെ ഹൃദയമാണ്.
ഇന്നലെ അവൻ ചിതയിൽ എരിഞ്ഞടങ്ങുമ്പോഴും കരഞ്ഞില്ല. എന്തിനാണ് ഞാൻ കരയുന്നത്? അവന്റെ ഹൃദയം മറ്റൊരാളിലാണെങ്കിലും തുടിച്ചു കൊണ്ടിരിക്കുമ്പോൾ അവനെങ്ങനെയാ മരിച്ചവനാകുന്നത്? ഇല്ല. എന്റെ കുഞ്ഞ് മരിച്ചിട്ടില്ല ഇവിടെ മറ്റൊരു ശരീരത്തിൽ അവൻ ജീവിച്ചിരിക്കുന്നുണ്ട്.
ഡോക്ടർക്ക് നന്ദി പറഞ്ഞ് കാർഡിയാക് ഐ സി യു വിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ എരിയുന്ന നെരിപ്പോടുപ്പോലെ ഒരു സ്ത്രീയും രണ്ടു മക്കളും. ആൺകുട്ടി എന്റെ മകനേക്കാൾ ചെറുപ്പമാണ്.
കൈ കൂപ്പി മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ കൈകളിൽ ഇരു കൈകളും ചേർത്തു പിടിച്ചു. അവരുടെ ഭർത്താവിലാണ് ഇപ്പോൾ എന്റെ മകന്റെ ഹൃദയം. ഇരുപത്തിയൊന്നുകാരനായ എന്റെ കുട്ടി ഒരൊറ്റ ദിവസം കൊണ്ട് നാല്പത്തഞ്ചുകാരനായി മാറിയിരിക്കുന്നു. എല്ലാം ഞാൻ കാരണം.
രാജീവേട്ടൻ പല തവണ എതിർത്തതാണ് ബൈക്ക് വേണമെന്നു പറഞ്ഞ് അവൻ വാശി പിടിച്ചപ്പോൾ.
"എന്തിനാ രാജീവേട്ടാ അവൻ നമ്മുടെ ഒറ്റ മോനല്ലേ നമ്മളല്ലേ അവന്റെ ആഗ്രഹം നടത്തി കൊടുക്കേണ്ടത്?"
"എന്റെ സുജീ... നീയീ പത്രമൊന്നും വായിക്കുന്നില്ലേ? എത്രയെത്ര അപകട വാർത്തകളാണ് ഓരോ ദിവസവും വരുന്നത്? അതും പ്ലസ് ടുകാരൻ മുതൽ ഇരുപത്തിരണ്ടും ഇരുപത്തിമൂന്നും വയസ്സുവരെയുള്ള കുട്ടികൾ."
"ഓ തുടങ്ങി. അവൻ സൂക്ഷിച്ചേ ഓടിക്കൂ രാജീവേട്ടാ . വാങ്ങി കൊടുക്കാം ന്നെ."
"എപ്പോഴും മോന് വക്കാലത്തുമായി വന്നേക്കണം. ബൈക്കിൽനിന്നു വീണു കൈയ്യിന്റേയും കാലിന്റെയും തൊലി പോയാൽ അവനേക്കാൾ മുൻപേ കരഞ്ഞുകൊണ്ട് വന്നേക്കരുത്."
" പോ രാജീവേട്ടാ അങ്ങനൊന്നും സംഭവിക്കില്ല".
അവസാനം നിർബന്ധത്തിനു വഴങ്ങി സന്ദീപിന് ബൈക്ക് വാങ്ങി കൊടുത്തു രാജീവേട്ടൻ.
ലോകം കീഴടക്കിയ പോലെയുള്ള അവന്റെ സന്തോഷം കണ്ട് ഒരു പാട് ആഹ്ലാദിച്ചു.
കഴിഞ്ഞ ആഴ്ചയും പതിവുപോലെ "അമ്മേ ഞാൻ പുറത്തൊന്ന് പോയിട്ടു വരാമേ" ന്ന് പറഞ്ഞ് ഇറങ്ങിയതാണവൻ.
പിന്നീട് വന്ന ഫോൺ കോളിൽ അപകട വാർത്തയറിഞ്ഞ് രാജീവേട്ടൻ നെഞ്ചു തിരുമ്മി കസേരയിലേക്കമരുമ്പോൾ കാരണമറിയാതെ അന്ധാളിപ്പോടെ നിൽക്കാനേ കഴിഞ്ഞുള്ളൂ.
ഹോസ്പിറ്റലിൽ എത്തുന്നത് വരെ നിശബ്നായി അരികിൽ ഇരുന്ന രാജീവേട്ടൻ വിങ്ങിപ്പൊട്ടാൻ തുടങ്ങിയപ്പോൾ ഉള്ളിലൊരു അപകട ഭീതി ഉടലെടുക്കുന്നതറിഞ്ഞു.
മരണത്തോട് മല്ലടിച്ച് ട്യൂബുകളിൽ കുരുങ്ങി കിടക്കുന്ന എന്റെ കുട്ടിയെ കണ്ടപ്പോൾ കണ്ണുകൾ പിന്നിലേക്ക് മറിയാൻ തുടങ്ങിയത് മാത്രമറിഞ്ഞു.
ബോധം വീണപ്പോൾ അറിഞ്ഞു. ബസ്സുകളുടെ മത്സരപാച്ചിലിനിടയിൽ മറ്റൊരു ബസ്സിനെ ഓവർ ടേക്ക് ചെയ്തു വന്ന ബസ്സ് ഇടിച്ചു തെറിപ്പിച്ചതാണ് എന്റെ കുട്ടിയെ. അവനൊരിക്കലും ഓവർ സ്പീഡിൽ ബൈക്കോടിക്കില്ലെന്ന് എനിക്ക് വാക്ക് തന്നതാണ്. ആ എന്റെ കുട്ടി ഇവിടെ....
ദൈർഘ്യമേറിയ രണ്ടു ദിനങ്ങൾ കടന്നു പോയി. അവസാനം സ്ഥിരീകരിച്ച മസ്തിഷ്ക മരണത്തിനൊടുവിൽ ക്യാബിനിൽ വെച്ച് ഡോക്ടർ തന്നെയാണ് ആരാഞ്ഞത്. സന്ദീപിന്റെ ഹൃദയം മറ്റൊരാൾക്കു ജീവിക്കാൻ അവസരം നൽകുമെങ്കിൽ അതിനെ കുറിച്ച് ചിന്തിച്ചു കൂടേന്ന്.
ഒരു പാട് സ്വപ്നങ്ങളും ഞങ്ങളോടുള്ള സ്നേഹവും നിറഞ്ഞു നിന്നിരുന്ന അവന്റെ ഹൃദയം അഗ്നിയിലെരിക്കുന്നതിനേക്കാൾ അതാണ് നല്ലതെന്ന് തോന്നി. രാജീവേട്ടൻ അർദ്ധ മനസ്സോടെ നിൽക്കുമ്പോഴും എന്റെ തീരുമാനം ഉറച്ചതായിരുന്നു. ഒരു പക്ഷേ ഒരു സ്ത്രീക്ക്... അല്ലെങ്കിൽ ഒരമ്മക്ക് മാത്രമേ ഇത്രയും ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ.
വെന്റിലേറ്ററിന്റെ താളത്തിനൊപ്പം ഉയർന്നു താഴുന്ന എന്റെ കുട്ടിയുടെ നെഞ്ച് അവസാനമായി ഒന്നു നോക്കി. അൽപ്പ നേരത്തിനുള്ളിൽ അത് നിശ്ചലമാകുമെന്നറിഞ്ഞപ്പോൾ തകർന്നു പോയ എന്റെ ഹൃദയം കൈകൾക്കുള്ളിൽ ഞെരിഞ്ഞമർന്ന കസേര കൈകളറിഞ്ഞിരിക്കണം. നെഞ്ചുപറിയുന്ന വേദന കടിച്ചമർത്തി ഞങ്ങളെ സൂക്ഷിച്ച ആ ഹൃദയം മറ്റൊരാൾക്ക് ദാനമായ് നൽകി ജീവനറ്റ അവന്റെ ശരീരം വഹിച്ച് ആംബുലൻസിൽ ബന്ധുജനങ്ങൾക്കിടയിലേക്ക് ചെന്നിറങ്ങിയത് ഇന്നലെയാണ്.
തെക്കേ മുറ്റത്ത് അവന്റെ ചിത എരിഞ്ഞടങ്ങുമ്പോഴും കരഞ്ഞില്ല. ഞങ്ങളില്ലാത്ത അവന്റെ ശരീരം മാത്രമല്ലേ അഗ്നിക്ക് സ്വന്തമാക്കാൻ കഴിയൂ. എന്റെ കുട്ടിയുടെ ഹൃദയമിപ്പോഴും മറ്റൊരാളിൽ തുടിക്കുന്നുണ്ടല്ലോ.
എന്റെ കുട്ടിയുടെ ഹൃദയമിടിക്കുന്നത് കേൾക്കാനാണ് ഇന്നു തന്നെ ഞാനോടി വന്നത്. അത് ഞാൻ കേട്ടു കഴിഞ്ഞു.
പുറത്ത് കാറിൽ രാജീവേട്ടൻ ഇരിക്കുന്നുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായ്. പക്ഷേ... ഞാൻ കരയില്ല. ഞാനെന്തിനു കരയണം? എന്റെ കുട്ടിയുടെ ഹൃദയം ഇപ്പോഴല്ലേ എന്നോട് പറഞ്ഞത്... കരയരുതെന്ന്. ഒരു മൃദുഹാസം അവനു വേണ്ടി ഞാൻ മുഖത്തണിയുകയാണ്. ഇനിയുള്ള കാലമത്രയും ജീവിച്ചു തീർക്കുവാൻ.
******
Ritu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo