ഞങ്ങളുടെ ഡൽഹി....

നാലു നാലര വർഷം നീണ്ട നഴ്സിംഗ് പഠനവും ഇന്റേൺഷിപ്പും കഴിഞ്ഞു വിദേശത്ത് ജോലി എന്ന മോഹവുമായി IELTS പരിശീലനം കഴിഞ്ഞു പരീക്ഷയുമെഴുതി ചങ്കിൽ തീയുമായി കാത്തിരിക്കുന്ന സമയം... ചങ്കിലെ തീയുടെ കാരണം... ബാങ്കിൽ പെരുകി വരുന്ന വിദ്യാഭ്യാസവായ്പ...!!
എന്റെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും വൻതിരിച്ചടി നൽകിക്കൊണ്ട് IELTS റിസൾട്ട് വന്നു... രക്ഷയില്ല... തലവര നല്ലതല്ല... ഇനി ഞാൻ എന്താ ചെയ്യുക ?! നാട്ടിൽ ജോലി ചെയ്യുന്ന കാര്യം ആലോചിക്കാൻ വയ്യ... അപ്പോഴാണ് ഡൽഹിയിൽ നാട്ടിൽ കിട്ടുന്നതിനേക്കാൾ നല്ല സാലറിയുണ്ടെന്നും ജോലി കിട്ടാൻ എളുപ്പമാണെന്നും സുഹൃത്തും സഹപാഠിയുമായ ഇന്തമ്മ (ഇന്ദിര ജേക്കബ് )പറഞ്ഞത്... എന്തായാലും നാട്ടിൽ നിൽക്കാൻ പറ്റില്ല... പിടിച്ചു നിക്കണമെങ്കിൽ എന്തെങ്കിലും ജോലി ചെയ്‌തേ പറ്റു...
അങ്ങനെ വീടു വിട്ടുനിൽക്കാൻ ഇഷ്ടമില്ലാതിരുന്നിട്ടും നഴ്സിംഗിൽ ഉപരിപഠനത്തിന് താല്പര്യം ഉണ്ടായിരുന്നിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഞാൻ നാടുവിടാൻ തീരുമാനിച്ചു... കൂട്ടിനു ബാച്ച്മേറ്റ് സൂസിയും (ആലപ്പുഴക്കാരി സുജിത മോഹൻ.. അവളുടെ അവസ്ഥയും എന്റെതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല )
അങ്ങനെ 2012 മാർച്ചു മാസം പതിന്നാലാം തീയതി കേരളാ എക്സ്പ്രെസ്സിന്റെ ഒരു സ്ലീപ്പർ കമ്പാർട്മെന്റിൽ ഞാനും സൂസിയും കൂടി ഭാരത തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം എന്ന രാജനഗരിയെ ലക്‌ഷ്യമാക്കിയുള്ള ഞങ്ങളുടെ പ്രയാണം സമാരംഭിച്ചു... !!
വീട്ടുകാരോട് യാത്ര പറഞ്ഞു ട്രെയിനിൽ കയറിയിരുന്നു... വണ്ടി നീങ്ങിതുടങ്ങി... അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരുതരം ശൂന്യത... ഒരു മരവിപ്പ്... എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങി... അതു മനപൂർവം മറച്ചു വെച്ചു ഞാൻ സൂസിയെയും കൂട്ടി ഞങ്ങളുടെ ബാഗും മറ്റും ഒതുക്കി വയ്ക്കാൻ സ്ഥലം തേടി... സർട്ടിഫിക്കറ്റ് അടങ്ങുന്ന ബാഗ് പ്രത്യേകം സൂക്ഷിച്ചു... ഇനിയുള്ള ദിവസങ്ങളിൽ ആ സർട്ടിഫിക്കറ്റുകളാണ് ഞങ്ങളുടെ ചോറ് എന്നറിഞ്ഞു കൊണ്ടു തന്നെ... !!
ഞങ്ങളുടെ മറ്റു രണ്ടു ബാച്ച്മേറ്റ്സ് അനുമോളും കവിതയും ഏറണാകുളത്തുനിന്നു കയറും എന്ന് പറഞ്ഞിരുന്നു.. പക്ഷെ അവർ വേറെ കമ്പാർട്മെന്റിലായിയുന്നു..
ഞങ്ങളുടെ കമ്പാർട്മെന്റിൽ പൂനെക്കാരായ കുറച്ചു ഭയ്യാമാരാണ് ഉണ്ടായിരുന്നത്... അക്ഷരമാലയും പിന്നെ ഏതാനും ചില വാക്കുകളും മാത്രമാണ് ഞങ്ങളുടെ ആകെ ഹിന്ദി പരിജ്ഞാനം... അവരുടെ ചോദ്യങ്ങൾക്ക് തട്ടിയും മുട്ടിയും ഉത്തരം പറഞ്ഞ ഞങ്ങൾ ഇനിയൊന്നും ചോദിക്കല്ലേ എന്ന ഭാവത്തിൽ പുറത്തേയ്ക്കും നോക്കിയിരുന്നു.... ഞങ്ങളുടെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് അടുത്ത സ്റ്റേഷനിൽ നിന്നും ഒരു അമ്മച്ചിയും ചേച്ചിയും കയറി... അവർക്ക് ഇറങ്ങേണ്ടത് നിസാമുദീൻ സ്റ്റേഷനിലാണ് എന്ന് കൂടി അറിഞ്ഞപ്പോൾ ഞങ്ങൾ ആശ്വാസനിശ്വാസമുതിർത്തു.... ഉച്ചയ്ക്ക് അമ്മമാർ തന്നയച്ച ചോറ് കഴിക്കുമ്പോൾ ഇനി എത്ര നാൾ കഴിയണം ഈ സ്വാദ് ആസ്വദിക്കാൻ എന്ന ചിന്ത ഞങ്ങളുടെ ഹൃദയം നോവിച്ചു....
റോഡുകൾ, പാടങ്ങൾ, നദികൾ, കെട്ടിടങ്ങൾ ഒക്കെ കടന്നു വണ്ടി കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു... ചായ... ചായ.. കാപ്പി.. കാപ്പി.. വിളികൾ... അടുത്ത കംപാർട്മെന്റിലെ കൊച്ചു കുട്ടിയുടെ കരച്ചിൽ... ഏതോ ഹിന്ദിക്കാരന്റെ മൊബൈലിലെ പാട്ട്... ട്രെയിനുള്ളിൽ ആകെ ബഹളം... പുറത്ത് വെയിൽ ചാഞ്ഞു തുടങ്ങി... ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണാം ചപ്പു ചവറുകൾ കൂട്ടിയിട്ടു കത്തിക്കുന്ന വീട്ടമ്മമാർ, പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ, ചേക്കേറാൻ പറന്നു പോകുന്ന പക്ഷികൾ... വീടുകളുടെ ഉമ്മറത്ത് തെളിഞ്ഞു കത്തുന്ന സന്ധ്യാദീപങ്ങൾ... തലയുയർത്തുനിൽക്കുന്ന കരിമ്പനകളുടെ ഇരുണ്ട നിഴലുകൾ.... ചുറ്റും പരക്കുന്ന ഇരുട്ട് ഞങ്ങളുടെ മനസ്സിലും നിഴൽ വീഴ്ത്തിയപോലെ... പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു സങ്കടം.... ഇപ്പോൾ ഇരുണ്ടുപോകുന്ന നേരം നാളെ പുലരുമ്പോൾ ഞങ്ങൾക്ക് കാട്ടിത്തരുന്നത് ഞങ്ങളുടെ നാട് ആയിരിക്കില്ല.... ഒരു്പാട് വികാരവിചാരങ്ങൾ തിങ്ങി വിങ്ങിയ മനസ്സുകളുമായി ഞാനും സൂസിയും മുഖാമുഖം ഇരുന്നു.... രാത്രി ഭക്ഷണം കഴിച്ചു ബർത്തിൽ നീണ്ടു നിവർന്നു കിടക്കുമ്പോൾ എന്തോ ഒരു അരക്ഷിതാവസ്ഥ... എപ്പോഴാ ഉറങ്ങിപ്പോയതെന്നറിയില്ല... രാവിലെ കണ്ണുതുറന്നത് വീണ്ടും ചായ.. ചായ വിളികളിലേക്ക് .. ട്രെയിനിനുള്ളിൽ ഞങ്ങൾ സമയം തള്ളിവിടാൻ നന്നായി പാടുപെട്ടു.... അങ്ങനെ രണ്ടു ദിവസങ്ങൾ.. ഒടുവിൽ കേരളാ എക്സ്പ്രസ്സ് ഡൽഹിയോടടുക്കുകയാണ്. ഒപ്പമുണ്ടായിരുന്ന അമ്മച്ചിയും ചേച്ചിയും യാത്ര പറഞ്ഞു നിസാമുദീൻ സ്റ്റേഷനിൽ ഇറങ്ങി.... ഞങ്ങൾക്ക് ന്യൂ ഡൽഹി സ്റ്റേറ്റിനിലാണ് ഇറങ്ങേണ്ടിയിരുന്നത്... നിസാമുദ്ദീൻ തുടങ്ങി ന്യൂ ഡൽഹി സ്റ്റേഷൻ വരെയുള്ള ജാലകകാഴ്ചകൾ മഹാനഗരത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണകൾ തിരുത്തികുറിക്കാൻ പോന്നവയായിരുന്നു... മാലിന്യം നിറഞ്ഞ ചേരികൾ... പൊട്ടിയൊഴുകുന്ന അഴുക്കു ചാലുകൾ... അതിൽ കിടന്നുരുണ്ട് മദിക്കുന്ന പന്നികൾ... എണ്ണമില്ലാത്ത ഈച്ചകൾ, തെരുവുനായ്ക്കൾ, അസഹനീയമായ ദുർഗന്ധം വമിക്കുന്ന ഓടകൾ... വൃത്തിഹീനമായ ചുറ്റുപാടുകൾ.... ചെളിയും മണ്ണും പുരണ്ട അസംഖ്യം കുട്ടികൾ... പെണ്ണുങ്ങൾ... ഹോ.... രാജ്യ തലസ്ഥാനം ഇത്ര ദയനീയമോ ?!! നഗരവൽക്കരണത്തിന്റെ ഏറ്റവും സാധാരണമായ ഉപോല്പന്നമാണ് ഈ ചേരികൾ എന്ന് മനസ്സിലാക്കിയത് തുടർന്നുള്ള ദിവസങ്ങളിലാണ്... അസ്വസ്ഥത നിറഞ്ഞ മനസ്സുമായി ഞാനും സൂസിയും ന്യൂ ഡൽഹി സ്റ്റേഷൻ എത്തുന്നതും കാത്തിരുന്നു....
ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്നു... അത്രയും തിരക്കുള്ള ഒരു സ്റ്റേഷൻ ജീവിതത്തിൽ ആദ്യമായാണ് ഞാൻ കാണുന്നത്... പോട്ടർമാർ, ചായ് വാലകൾ, റിക്ഷക്കാർ, യാചകർ, പിന്നെ എണ്ണമറ്റ യാത്രക്കാർ.... എല്ലാവരും തിരക്കിട്ട ഓട്ടത്തിൽ... ആൾകൂട്ടത്തിൽ തനിയെ എന്നപോലെ ഞങ്ങൾ വരാമെന്നേറ്റിരുന്ന ഇന്ദിര യെയും കാത്തു നിന്നു... ട്രെയിനിൽ ഉണ്ടായിരുന്ന അനുമോളും കവിതയും ഈ സമയം ഞങ്ങളോടൊപ്പം ചേർന്നു..
ഇന്ദിരയോടൊപ്പം പുറത്തിറങ്ങി ഞങ്ങൾ മെട്രോ സ്റ്റേഷനിലേക്ക്... ഒറ്റപ്പെട്ടു പോയേക്കാമായിരുന്ന ആ നഗരത്തിരക്കിൽ ഇന്ദിര ഞങ്ങൾക്ക് സുഹൃത്തല്ല... രക്ഷാകർത്താവോ കൺകണ്ട ദൈവമോ മറ്റോ ആയിരുന്നു... മെട്രോയുടെ മാസ്മരികതയിൽ ഞങ്ങൾ യാത്രാക്ഷീണം വിസ്മരിച്ചു... യെല്ലോ ലൈനിൽ അങ്ങനെ ഹുദാ സിറ്റി സെന്റർ വരെ... അവിടെ നിന്നും ഓട്ടോയിൽ ഇന്ദിര റൂം എടുത്തിരുന്ന ഗുഡ്ഗാവിലേക്ക്.. ആ യാത്രയിൽ ... ഡൽഹി നഗരത്തിന്റെ പുറമ്പോക്കുകൾ ചേരികളായി ഞങ്ങളെ ഭയപ്പെടുത്തി... ഗുഡ്ഗാവിലെ ഒറ്റമുറിയിൽ എത്തിച്ചേർന്ന നിമിഷം തന്നെ ഞാനും സൂസിയും തീരുമാനിച്ചു അവിടെ തുടരാനാവില്ലെന്ന് ....ഇവിടെയല്ലാത്ത മറ്റെവിടെയെങ്കിലും ജോലി അന്വേഷിക്കണം എന്ന്... റൂമിൽ അഞ്ജലി ഒരുക്കിവച്ചിരുന്ന ചോറും കറിയും കഴിച്ചു വിശ്രമിക്കുമ്പോഴും മനസ്സിൽ വല്ലാത്ത ഭാരം... ഞാൻ പ്രതീക്ഷിച്ചിരുന്നത് ഇങ്ങനെ ഒരു ചുറ്റുപാടല്ല...
ഏതായാലും നാലഞ്ചു ദിവസത്തെ ഊർജ്ജിതമായ തൊഴിൽ അന്വേഷണം ഞങ്ങളെ ഷാലിമാർബാഗിലുള്ള ഫോർട്ടിസ് ഹോസ്പിറ്റലിലെ സ്റ്റാഫ് ആക്കി മാറ്റി... ഡൽഹി നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷനും നടത്തി ഞങ്ങൾ ഷാലിമാർബാഗിലേക്ക് താമസം മാറി..
ഒരു അഞ്ചു നിലക്കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടു നിലയിലായിരുന്നു ഹോസ്പിറ്റലിന്റെ വക accomedation . ഞങ്ങൾ ഏറ്റവും മുകളിലെ നിലയിൽ....മുകളിൽ നിന്ന് നോക്കിയാൽ ഫോർട്ടിസ് ഹോസ്പിറ്റൽ, റെയിൽവേ ട്രാക്ക്, ഒരു കൊച്ചു പാർക്ക്, കുറച്ചകലെയായി തിരക്കേറിയ ആസാദപൂർ മണ്ഡി റോഡ് ഇവയൊക്കെ കാണാം .. റോഡിൽ ഒരിക്കലും അവസാനിക്കാത്ത വാഹനങ്ങളുടെ തിരക്ക്.... ചുറ്റും വലുതും ചെറുതുമായ ഫ്ലാറ്റുകൾ... എല്ലാം പരസ്പരം തൊട്ടു തൊട്ടിരിക്കുന്നു.... വീടുകൾക്കു മുറ്റം നിർബ്ബന്ധമല്ലെന്നു ഡൽഹിയിലെ താമസം എന്നെ പഠിപ്പിച്ചു... ആഴ്ചയിൽ രണ്ടു തവണ മാത്രം വരുന്ന വെള്ളത്തിനായുള്ള കാത്തിരിപ്പും വേസ്റ്റ് പൊതിയുമായി കൂടവാലകളുടെ വണ്ടിക്കു പിറകെയുള്ള ഓട്ടവും ഞങ്ങൾ പരിചയിച്ചു.... സബ്ജി വിലപേശി വാങ്ങാനും അത്യാവശ്യം ആശയ വിനിമയം നടത്താനുമുള്ള ഹിന്ദി അതിനോടകം ഞങ്ങൾ പഠിച്ചു... ഗോൽഗപ്പയും ആലൂ ടിക്കിയും മോമോസും ബട്ടൂരയുമൊക്കെയടങ്ങുന്ന ഡൽഹിയുടെ സ്വന്തം സ്ട്രീറ്റ് ഫുഡ്സ് ഞങ്ങളുടെ നാവിനും രുചികരമായി... ചുട്ടുപൊള്ളുന്ന ചൂടും മരം കോച്ചുന്നതണുപ്പുമൊക്കെ സഹിച്ചു ഞങ്ങളും പക്കാ ദില്ലി വാലകൾ ആയി പരിണമിച്ചു...
രാജ്യം ഭരിക്കുന്ന മന്ത്രിമാർ ഉദ്യോഗസ്ഥർ, വ്യവസായ, പ്രമുഖർ മുതൽ ഇങ്ങേയറ്റം സാധാരണക്കാരായ റിക്ഷാക്കാർ ബാർബർമാർ തൂപ്പുകാർ വരെ നീളുന്ന ഡൽഹിലെ ജനങ്ങൾ.... അതിസമ്പന്നനും പരമദരിദ്രനും ഒരുപോലെ വാസയോഗ്യമായ നഗരം... സുന്ദരമായ രാജ വീഥികളും പേടിപ്പെടുത്തുന്ന ചേരികളും ഇവിടെയുണ്ട്... കുതിച്ചു പായുന്ന മെട്രോയുണ്ട്... മെല്ലിച്ച മനുഷ്യർ വലിക്കുന്ന റിക്ഷയുമുണ്ട്... ഫൈവ് സ്റ്റാർ റസ്റ്റോറന്റുകൾ ഉണ്ട്... വഴിയരികിൽ തട്ടുകടകളും... ആഘോഷിക്കപ്പെടുന്ന അക്ഷർധാം പോലെയുള്ള ക്ഷേത്രങ്ങളുണ്ട്... തെരുവിൽ വിശന്നു തളരുന്ന ദൈവങ്ങളും... അതെ... ഡൽഹി വൈരുധ്യങ്ങളുടെ ആകെത്തുകയാണ്.... വൈവിധ്യമാർന്ന ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പരിപൂർണ്ണ ഛേദമാണ്... എല്ലാ അർത്ഥത്തിലും അതിന്റെ തലസ്ഥാനം തന്നെയാണ്..
എന്നെ സംബന്ധിച്ചിടത്തോളം ഡൽഹി ഒരു ഇടത്താവളം ആയിരുന്നു... ചണ്ഡീഗഡിലേക്കുള്ള എന്റെ യാത്രയിലെ ഇടത്താവളം...(ഞങ്ങൾ രണ്ടുപേരും ഇപ്പോൾ സെൻട്രൽ ഗവണ്മെന്റ് സർവീസിലാണ്... സൂസി ഡൽഹി AIIMS ലും ഞാൻ ചണ്ഡീഗഡ് PGIMER ലും ) ഡൽഹിയിലുണ്ടായിരുന്ന ആറുമാസവും ഞാൻ പഠിക്കുകയായിരുന്നു... പച്ചയായ ജീവിതം... !!ആസ്വദിക്കുകയായിരുന്നു... മഹാസാഗരത്തിന്റെ മാസ്മരികത.... !!നഷ്ടപ്പെടുകയായിരുന്നു .... സ്വന്തം നാടിന്റെ നന്മ... പച്ചപ്പ്... കുളിർമ..രുചികൾ ... അതെ ലോകം ചുറ്റിക്കണ്ടവരാണ് പറയുക... കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന്...
എന്നാലും മഹാനഗരമേ നീ തന്ന എല്ലാ അനുഭവങ്ങളും ഇന്നെനിക്കു സുഖദമായ ഓർമ്മകളാണ്... അതിലെനിക്ക് നിന്നോട് നന്ദിയുണ്ട്... 'ഗഫൂർക്കാ ദോസ്ത് 'പറഞ്ഞ പോലെ ഏതായാലും ഡൽഹി ഞങ്ങളെ തെണ്ടിച്ചില്ല
Anju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക