Slider

പിറന്നാളുകാരി

0
പിറന്നാളുകാരി
........................................
സ്ക്കൂളിലേക്കുള്ള വഴിയിൽ ഒരു ടെലിഫോൺ പോസ്റ്റും ചാരി നിൽക്കുന്ന അയാളെ ആ ഏഴാം ക്ലാസ്സുകാരിക്ക് എന്നും പേടിയായിരുന്നു. താനടുത്തെത്തുമ്പൊ ഉള്ള മൂളിപ്പാട്ടും , നോട്ടവും അവളിൽ വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കി..ദൂരെ നിന്നവനെ കണ്ടാൽ റോഡിനപ്പുറം ചേർന്നു നടന്നാലും നടന്നടുത്തെത്തുമ്പൊ അവൻ കൃത്യമായി തന്റെ സൈഡെത്തും..വല്ലാത്തൊരു വീർപ്പുമുട്ടലായപ്പൊ അവളത് പേടിച്ചോണ്ടമ്മയോടു പറഞ്ഞു...
ഓ അതാ മാധവേട്ടന്റെ മോനല്ലേ..എന്തായാലും നായരാ..ഇനിയിപ്പൊ അവനിങ്ങനെ ഒരാഗ്രഹമുണ്ടെങ്കിൽ നമുക്കതങ്ങ് നടത്താം..
നീയൊന്ന് വലുതായിക്കോട്ടേന്ന് അമ്മ അവളെ കളിയാക്കി പറഞ്ഞപ്പോ അന്നാ കരിമഷിക്കണ്ണുകൾ നിറഞ്ഞു...ഇനി വലുതായാൽ ഇഷ്ടമില്ലാത്ത ഇവനെക്കെട്ടേണ്ടി വരുമോന്നവൾ പേടിച്ചു...ചെറിയ കുട്ടിയായ അവളുടെ കുഞ്ഞുപേടിക്കുശുമ്പായേ അമ്മ അത് കരുതിയുള്ളൂ..
അവനെ വഴിയിൽ കാണരുതേന്ന് പ്രാർത്ഥിച്ചാണവളെന്നും സ്ക്കൂളിൽ പോയത്..
അന്നൊരു ദിവസം അവളുടെ പിറന്നാൾ ദിവസം..പുതിയ ഡ്രസ്സും പാദസരവുമൊക്കെയിട്ട്
സ്ക്കൂളിലേക്കിറങ്ങി..അന്നും ഉണ്ടായിരുന്നു വഴിയിലവൻ..എന്തോ പറയാനാഞ്ഞ് അവൻ മുന്നിലെത്യപ്പൊ അവൾ പെട്ടെന്നോടിക്കളഞ്ഞു..
സ്ക്കൂളിലെത്യപ്പൊ അവൾക്കു സമാധാനമായി..ആ മതിലു കടന്നവൻ വരില്ലല്ലോ..ക്ലാസ് തുടങ്ങ്യപ്പൊ തലേന്ന് അച്ഛൻ കൊണ്ടു വന്ന ചോക്ലേറ്റ് പാക്കറ്റ് തുറന്നവൾ കൂട്ടുകാർക്കെല്ലാം കൊടുത്തു...
ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സിൽ തിരിച്ചെത്തും വരെയേ അവളുടെ സന്തോഷം നീണ്ടു നിന്നുള്ളൂ...കൂട്ടുകാരെല്ലാം ഒരു ഡെസ്കിനടുത്ത് കൂട്ടം കൂടി നിൽക്കുന്നത് കണ്ടവളും ഒന്നെത്തി നോക്കി...തന്റെ പേരിനോടൊപ്പം ആ ഡെസ്കിൽ ക്ലാസ്സിലെ നവീനെന്ന കുട്ടിയുടെ പേര് ചേർത്തെഴുതിയതും രാവിലെ ഉണ്ടായ ടെലിഫോൺ പോസ്റ്റ് ചാരി നിൽക്കുന്നവനെപ്പറ്റിയുള്ള പേടിയും... ആ പിറന്നാളുകാരിക്കത് സഹിക്കാൻ പറ്റുന്നതിലധികമാരുന്നു...
സ്ക്കൂളിലെ ഹെഡ്മാസ്റ്റർ അകന്ന ബന്ധത്തിലുള്ള അമ്മാവനായതു കൊണ്ട് കരഞ്ഞു കൊണ്ടോടിയത് അവിടേക്കായിരുന്നു...
കുറെ വികൃതിപ്പിള്ളേരങ്ങിനെയാന്ന് വിചാരിച്ച് മോളെന്തിനാ കരയുന്നെ ..സാരമില്ല..നമുക്കാരാണെന്ന് കണ്ടു പിടിക്കാം...അയ്യേ ഇന്ന് ഈ പിറന്നാൾ ദിവസം ആരെങ്കിലും കരയ്യ്വോ..നോക്ക്യേ കൺമഷിയൊക്കെ പടർന്നല്ലോ..മോള് പോയി മുഖം കഴുകി വാ..ഇനി കരയരുതേന്ന് സ്നേഹത്തോടെ ചേർത്തു നിർത്തി പറഞ്ഞു ഹെഡ്മാസ്റ്റർ...ക്ലാസിലെത്യപ്പൊ നവീൻ തല കുമ്പിട്ടിരിക്വാരുന്നു..അവനല്ല അത് എഴുത്യത് എന്നവൾക്കറിയാരുന്നു..അവനോട് പരിഭവം തോന്നീല അവൾക്ക്...
അവളുടെ പേടി മുഴുവൻ ഇനിയിത് വീട്ടിലറിഞ്ഞാൽ സംഭവിക്കുന്നതിനെപ്പറ്റിയാരുന്നു...ക്ലാസ്സിലെ ഒരു കുട്ടിയുടെ പേര് ഹരീഷ് പ്രഭു എന്നാണെന്ന് അറിയാതൊരു ദിവസം ഏട്ടൻമാരോടു പറഞ്ഞേപ്പിന്നെ ഏട്ടൻമാർ അവനെ അവളുടെ ഭർത്താവായും അവരുടെ അളിയനായും കൊണ്ടു നടന്നു...
ആ സംഭവത്തിനു ശേഷം ആൺകുട്ടികളുടെ പേര് പറയാതെ ക്ലാസ്സിലെ ഒരു കുട്ടീന്നു മാത്രാ അവൾ ആൺകുട്ടികളെ വിശേഷിപ്പിച്ചിരുന്നെ...ഏട്ടൻമാർ വിളിക്കുന്നതു കേട്ട് അനിയത്തിയും ദേഷ്യം വരുമ്പൊ നിന്റെ കെട്ട്യോൻ ഹരീഷെന്നു കൂകി വിളിക്കുമ്പൊ വല്ലാത്ത ദേഷ്യം വരുമാരുന്നവൾക്ക്..ഇനിയിപ്പൊ നവീൻ സംഭവം അവരറിഞ്ഞാൽ പിന്നെ രണ്ടു ഭർത്താക്കൻമാർ തന്റെ തലയിലാകുമോന്നവൾ ഭയന്നു...സംഭവം അതീവ രഹസ്യമാക്കിവെച്ചു...ഭാഗ്യത്തിന് ആരുമറിഞ്ഞില്ല...
ഏഴാം ക്ലാസ്സിനു ശേഷം ഹൈസ്ക്കൂളിലെത്യപ്പൊ പിന്നെ നവീൻ വേറെ സ്ക്കൂളിലായി..ഡെസ്കിലെ പേരെഴുത്ത് സംഭവം മറന്നേ പോയവൾ...ഏറ്റവും സമാധാനം തോന്നിയത് ടെലിഫോൺ പോസ്റ്റുകാരനെ കാണാറില്ലാന്നുളളതാരുന്നു....കുറെ കാലത്തിനുശേഷം ആരോ പറഞ്ഞറിഞ്ഞു അവൻ തമിഴ് നാട്ടിലേക്ക് എന്തോ പഠിക്കാൻ പോയെന്ന്...പിന്നെ കണ്ടിട്ടില്ല ..സമാധാനം..
വർഷങ്ങൾക്കിപ്പുറം നാട്ടിൽ ആ വഴിയിലൂടെ നടക്കുമ്പോൾ ആ ടെലിഫോൺ പോസ്റ്റുള്ള സ്ഥലമെത്തുമ്പൊ ഇന്നുമവൾക്കൊരു വിറയലുണ്ട്...പഠിച്ച യു .പി സ്ക്കൂൾ മുറ്റം കാണുമ്പൊ ഡെസ്കിലെഴുത്തിന്റെ ഓർമ്മ ഒരു പുഞ്ചിരിയായ് വിരിയാറുണ്ട്...അന്ന് ചേർത്തു പിടിച്ചാശ്വസിപ്പിച്ച ഹെഡ്മാസ്റ്റർ ഇന്നില്ല..അദ്ധേഹം മരിച്ചു പോയി...അതൊരു നോവോർമ്മായ് മനസ്സിലുണ്ട്..
വർഷങ്ങൾക്കിപ്പുറം ആ പിറന്നാളുകാരിക്ക് ഒരു പിറന്നാൾ കൂടി😉 ഇന്നും അവളുടെ കൺനിറഞ്ഞൂട്ടോ .അങ്ങിനെയാണീ പിറന്നാളുകാരി .സന്തോഷം കൂട്യാലും..സങ്കടത്തിലും കൺനിറയ്ക്കും.(എന്താന്നറീല്ല; വല്ലാത്തൊരു ശീലം.മാറ്റാൻ പറ്റുന്നില്ല അത്....)😀..
പുതിയ സൗഹൃദത്തണലുകളൊരുപാടുണ്ട്.പകരം ഒന്നും തരാനില്ലാഞ്ഞിട്ടും നിങ്ങളെല്ലാവരും കാണിക്കുന്ന ഈ സ്നേഹമാണെന്റെ കൺനിറയ്ക്കുന്നതെന്നു ഞാനറിയുന്നു.. സൗഹൃദങ്ങൾക്കു പഞ്ഞമുണ്ടായിട്ടില്ല ഇതു വരെ; കിട്ടുന്ന സ്നേഹം ഇരട്ടിയായി തിരിച്ചു കൊടുക്കാൻ ശ്രമിക്കാറുണ്ട്...കഴിയുന്നത്ര ആരെയും നോവിക്കാതിരിക്കാനും..
അപ്പോ പിറന്നാളുകാരീടെ ഹൃദയം നിറഞ്ഞ നന്ദീട്ടോ ..എല്ലാവർക്കും...
മായ ദിനേഷ്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo