Slider

ഓർമ്മയിലെ മുല്ലമഴക്കാലം

0

ഓർമ്മയിലെ മുല്ലമഴക്കാലം
രാവിലെ കുട്ടികൾ സ്ക്കൂളിൽ പോകുന്നതു വരെ വല്ലാത്തൊരു തിരക്കാണ്...അവരിറങ്ങിക്കഴിഞ്ഞാ പിന്നെ ഒരു പ്രകൃതി നിരീക്ഷണമുണ്ട്..(അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ (പ്രാന്താ ഈ പെണ്ണിന്..ചെടികളുടെയും പൂക്കളുടെയും ഫോട്ടോ എടുക്കുന്നത് അമ്മയുടെ അഭിപ്രായത്തിൽ പ്രാന്തല്ലാതെ പിന്നെന്താ...??)
അമ്മയുടെ പ്രാന്തില്ലാത്ത ബാക്കി മൂന്ന് മക്കളുടെ ഭാര്യമാരിൽ ഈ പ്രാന്തി കൂടി ഇരുന്നോട്ടമ്മേന്ന് കളിയായ് പറയാറുണ്ടെന്നും...സങ്കടം വന്നാൽ പെട്ടെന്ന് മൂക്കുചുവക്കുന്നൂന്നേയുളളൂ..പ്രാന്തിക്ക് വേറെ കുഴപ്പോന്നൂല്ലാന്നാ അമ്മ പറയുന്നെ..സന്തോഷം.
ശരിക്കും കുറെ പ്രാന്തുകളുണ്ടെനിക്ക്...കുറെ ഇഷ്ടങ്ങൾ..താത്പര്യങ്ങൾ...സോഡിയാക് സൈൻ ജെമിനി ആയേന്റെ കുഴപ്പാ..ദൈവം ഒന്നിലും നല്ല കഴിവു തന്നില്ല..പാട്ടുകൾ മൂളിപ്പാട്ടായതും എഴുതിയത് പൂർണ്ണത കിട്ടാത്തതും മോളിലെ ആള് ആ വര ഒന്നമർത്തി വരയാത്തേന്റെ കുഴപ്പാ..ഇത് അമ്പലത്തിലെ എമ്പ്രാശൻ തീർത്ഥ ജലം തളിക്കും പോലെ എന്തൊക്കെയോ ദൈവം തളിച്ചിട്ടു പോയി..ഒന്നും പൂർണ്ണമായിത്തരാതെ...:)
ഇനി ഇഷ്ടങ്ങളിലേക്ക്..മഴ,കുട്ടികൾ,സൗഹൃദങ്ങൾ,മുല്ലപ്പൂ,കടൽ,പുസ്തകങ്ങൾ,പാട്ടുകൾ,അമ്പലങ്ങളിലേക്കുള്ള യാത്രകൾ(ആരും സംഘി..കിംഘി എന്നൊന്നുംവിളിക്കല്ലേ) എല്ലാ ദൈവങ്ങളെയും ഒന്നായിക്കാണുന്നു..പലരൂപം പൂണ്ട ഈശ്വരൻമാർ;എല്ലാം ഒന്നു തന്നെ.
മുല്ലപ്പൂ പറഞ്ഞപ്പൊഴാ ഓർത്തെ...മുഴുവൻ പൂത്തു നിൽക്കുന്ന മുല്ലവള്ളികളാ ഇപ്പൊ സ്വപ്നത്തിൽ...പെറുക്കിയെടുത്ത് മാല കോർക്കാൻ നോക്കുമ്പൊ മുഴുവൻ വാടിക്കൊഴിഞ്ഞു വീണിട്ടുണ്ടാകും ആ പൂക്കളൊക്കെ...
ചെറുപ്പത്തിൽ അനിയത്തിയുമായി ഏറ്റവും കൂടുതൽ വഴക്കു കൂടിയിട്ടുണ്ടാവുക ചിലപ്പോ മുല്ലപ്പൂക്കൾക്കു വേണ്ടീട്ടാകും...ഹൈസ്കൂൾ പ്രായത്തിൽ വീടിനു മുന്നിലെ ഗേറ്റിനടുത്ത മരത്തിൽ പിടിച്ചു കേറി അനിയത്തി വരും മുന്നെ കൈക്കലാക്കുന്ന മുല്ലമൊട്ടുകൾ..പറിച്ചെടുത്തതിൽ പാതി പൂഴ്ത്തി വെച്ച് ഇത്രയേ കിട്ടിയുളളൂന്ന് അവളുടെ മുന്നിൽ അഭിനയം..പിറ്റേന്ന് പൂ ചൂടുമ്പോ അവളെക്കാൾ നീളമുള്ള മാല സ്വന്താക്കുമ്പൊ ഉണ്ടാകുന്ന സന്തോഷം....അതിനെച്ചൊല്ലിയുള്ള വഴക്ക്..അതധികാവുമ്പൊ രണ്ടിനേയും ഇട്ടു മൂടാനുള്ള പൂവുണ്ടല്ലോ എന്നിട്ടും മതിയായില്ലേന്ന് പറയുന്ന അമ്മയുടെ വഴക്ക്..ഒക്കെ ഓർമ്മവരികയാ...

എത്ര വഴക്കു കൂടിയാലും രണ്ടു കാര്യത്തിൽ വല്യ ഐക്യാരുന്നു രണ്ടാളും..വീട്ടിലെ കണ്ണന്റെ പ്രതിമയിൽ ചാർത്താനുള്ള മാല രണ്ടു പേരും ചേർന്നു കോർത്തെടുക്കും...രണ്ടാമത്തേത് വീടിനടുത്തുള്ള പിള്ളേർ വരും മുന്നെഅടർന്നു വീണ പൂക്കളൊക്കെ പെറുക്കിക്കൂട്ടും,ദൈവത്തിനു മുന്നിലെ തളികയിൽ കുത്തി നിറച്ചു വെയ്ക്കും...എത്ര ഉണ്ടായാലും അതിലോന്നു പോലും ആ പിള്ളേർക്കു കിട്ടാറില്ല..ആ കാര്യത്തിനും അമ്മയുടെ വഴക്കു കേട്ടിട്ടുണ്ടൊരുപാട്...ഞങ്ങൾ കാണാതെ അമ്മ പൂക്കൾ എടുത്തു കൊടുക്കാറുണ്ടവർക്ക്, അമ്മയെ എതിർക്കാൻ പറ്റില്ലെങ്കിലും നമുക്കന്നത് ഹൃദയം പകുത്തു നൽകുന്ന വേദനയാർന്നു....ഓർക്കുമ്പൊ ചിരിവരികയാ..ഇന്നിപ്പോ ഞാൻ കാണുന്ന സ്വപ്നത്തിലെ വാടിവീണ അനാഥമായ മുല്ലപ്പൂക്കൾ പണ്ടത്തെ ആ തെറ്റിന്റെ കുറ്റബോധമായിരിക്കാം...
മഴപ്രാന്ത് അതുപോലൊരു വട്ടുതന്നെ...
എന്നാണെന്നറിയില്ല..മഴയോട് പ്രണയം തോന്നിയത്..മഴയൊരു ലഹരിയായുളളിൽ നിറഞ്ഞത്..(ചില ലഹരികളുണ്ടങ്ങനെ;ഉള്ളിൽ ചേർന്നു കഴിഞ്ഞാൽ പിന്നെ ഇറക്കിവിടാൻ പാടുള്ളവ)..
മഴയും അതിലൊന്നാണ്...വീടിനടുത്തുള്ള പകുതിയും പായൽ മൂടിയ കുളത്തിൽ നിന്ന് തുണികൾ അലക്കുമ്പോ വരുന്ന മഴ.. അതിൽ നനയാൻ മാത്രം മഴക്കാർ വരുമ്പൊ ഇന്നു ഞാൻ തുണിയലക്കിക്കോളാമമ്മേന്ന് പറഞ്ഞു കുളത്തിലേക്കുള്ള നടപ്പ്...അടുത്തു വച്ച കുട നിവർത്താതെ മുഴുവൻ മഴയും നനയുന്നത്...
അമ്മ കാണാതെ തല തുവർത്തിയുണക്കുന്നത്..കള്ളത്തരം പിറ്റേന്ന് പനിയോ ജലദോഷമോ ആയി മാറുമ്പൊ ഇന്നലെ എരുമ നനയും പോലെ നനഞ്ഞിട്ടുണ്ടാകുമെന്ന് അമ്മയുടെ കുറ്റപ്പെടുത്തൽ...പനി കൂടി നെറ്റി ചുട്ടു പൊള്ളുമ്പോ അമ്പലത്തിന്നു വന്ന അമ്മയുടെ ചന്ദനമണമുള്ള കൈ വിരലുകൾ തഴുകുമ്പൊ അറിയാതെ മിഴികൾ കൂമ്പിപ്പോകുന്നത്...ഓർമ്മകൾക്കെന്തു സുഗന്ധമാ...ആ മഴയോർമ്മകൾ എന്നും മായാതിരുന്നെങ്കിൽ...
ഇന്നും മഴയൊരു ലഹരിയായ് തുടരുന്നു..എന്നിൽ പ്രണയം നിറയ്ക്കുന്നു...
ഏതു പാതിരാത്രിയായാലും മഴ പെയ്യുമ്പൊ ഓടിച്ചെന്ന് ജാലകവിരികൾ മാറ്റി മഴ നോക്കി നിൽക്കുന്ന എന്നെ കാണുമ്പോ കല്യാണത്തിന്റെ
ആദ്യ നാളുകളിൽ ഭർത്താവിനു ചിരിയായിരുന്നു..
ഇപ്പോഴും പതിവു മാറീട്ടില്ല...കർട്ടനടക്കുന്നുണ്ടോ മഴപ്രാന്തീ മനുഷ്യന്റെ ഉറക്കം ഞെട്ടിക്കാതെയെന്ന വഴക്കിലേക്ക് അത് വഴി മാറീന്നേയുളളൂ...
ഞാനും പോകുന്നു ..എന്റെ നാട്ടിലേക്ക്..രാവിലെ അമ്പലത്തിലൊന്നു കുളിച്ചു തൊഴാൻ..നാഗക്കാവിൽ തിരി വെയ്ക്കാൻ,അമ്മയെക്കൊണ്ട് തലയിലൂടെയാ വിരലുകൾ തഴുകിക്കാൻ,അച്ഛന്റെ കൂടെ വിശേഷങ്ങൾ പറയാൻ..മഴ നനയാൻ,മഴയെ കൊതിതീരെ പ്രണയിക്കാൻ...

Maya

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo