വൈദ്യുതി നിലക്കുന്ന രാത്രികളിൽ ഉമ്മറത്ത് പായ വിരിച്ച് അതിൽ കിടന്നാണ് അച്ഛമ്മ കഥ പറയുക.ചുമരിൽ ചലിക്കുന്ന നിഴൽ ചിത്രങ്ങൾ ഉണ്ടാക്കിക്കൊണ്ട് നിലവിളക്ക് തെളിഞ്ഞു കത്തുന്നുണ്ടാകും.അടുക്കളയിലെ പണി പാതിവഴിയിൽ മുടക്കി ബൾബുകൾ തെളിയാൻ കാത്ത് അമ്മയും ഞങ്ങൾക്കരികിൽ ഇരിക്കും.
''വിഷുവാകാറായിട്ടും നമ്മടെ കൊന്ന മാത്രം പൂക്കാത്തതെന്താ അച്ചമ്മേ''
ചുവന്ന ചാന്തുതേച്ച ആ വലിയ തിണ്ണയിൽ ഇരുന്നുകൊണ്ട് ഞാൻ അച്ഛമ്മയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.
സഹചാരിയായ ഓട്ടുകോളാമ്പിയിൽ മുറുക്കാൻ തുപ്പിക്കൊണ്ട് അച്ഛമ്മ പതുക്കെ എഴുന്നേറ്റിരുന്നു.
''എല്ലാത്തിനും അതിന്റേതായ സമയില്യേ കണ്ണാ,അതിന്റെ സമയം ആകുമ്പോൾ അത് തനിയെ പൂത്തോളുംട്ടോ"
"ഈ കൊന്ന ആരേങ്കിലും കൊന്നോ അച്ചമ്മേ"
ലോഡ് ഷെഡിങ് തീരുന്നത് വരെ ഈ ചോദ്യോത്തര പരിപാടി നീളും.അച്ഛമ്മ കാലു നീട്ടി വച്ച് തന്റെ ഇരിപ്പ് ഭദ്രമാക്കി.പാട്ടുമൂളി പറന്നെത്തിയ ഒരു വണ്ടിനെ ദൂരേക്ക് തട്ടി തെറിപ്പിച്ചുകൊണ്ട് പറയാൻ ആരംഭിച്ചു.
" ഇതേതാ യുഗം ന്ന് അറിയോ കണ്ണന് "
"കലിയുഗം"
സ്വല്പം വായനാശീലം ഉണ്ടായിരുന്നതുകൊണ്ട് ചില കാര്യങ്ങളെക്കുറിച്ച്ചെങ്കിലും അൽപ്പം വിവരമുണ്ടായിരുന്നു.
" മിടുക്കൻ,പക്ഷെ ഈ കൊന്നയുടെ കഥ ത്രേതായുഗവുമായി ബന്ധപ്പെട്ടാണ് കേട്ടിട്ടുള്ളത് ട്ടോ"
അച്ഛമ്മ കണ്ഠശുദ്ധി വരുത്തി.
'' ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ?"
"ഹാ കേട്ടിട്ടുണ്ട് ,അതേതു മരം ആയിരുന്നു അച്ചമ്മേ ? "
''ഏതോ ഒരു മരം, എന്നാൽ ബാലീനിഗ്രഹണത്തിനു ശേഷം ഈ മരം കാണുമ്പോള്‍ എല്ലാവരും 'ബാലിയെ കൊന്ന മരം, ബാലിയെ കൊന്ന മരം' എന്ന് പറയാന്‍ തുടങ്ങി.പിന്നീട് അത് 'കൊന്ന' മരമായി മാറി."
"എന്നിട്ട് "
കഥക്കുള്ളിലെ ആകാംക്ഷകൾക്കതിരില്ലല്ലോ.
" ആ പാവം ആ വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നിരിക്കുന്നു! മരം ശ്രീ രാമസ്വാമിയെ മനസ്സിൽ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ പറഞ്ഞു .''
"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നിട്ടും എന്നെയാണ് 'കൊന്ന' മരം എന്ന് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
"അപ്പൊ ഭഗവാന്‍ എന്താ പറഞ്ഞേ?."
" മുൻ ജന്മത്തില്‍ നീ ഒരു മഹാത്മാവിന്റെ പേരിൽ ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം നീ അനുഭവിക്കുക തന്നെ വേണം.ഈ പേര് നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമമുണ്ടായതുകൊണ്ട് നിനക്ക് സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ കഴിയുക ".
"ഭഗവാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് ആ കൊന്നമരം ഈശ്വര ചിന്തയോടെ ജീവിച്ചു ."
കഥ കേട്ടിട്ടാണോ എന്നറിയില്ല,അമ്മ ചുമരിൽ ചാരി ഇരുന്ന് നല്ല ഉറക്കമായി.വിശറിയായി മാറിയ മംഗളം വാരിക കയ്യിൽ നിന്നും വഴുതി നിലത്തും വീണു.വെറ്റിലയിൽ ചുണ്ണാമ്പു തേച്ചുകൊണ്ട് അച്ഛമ്മ വീണ്ടും പറയുവാൻ ആരംഭിച്ചു.
" അങ്ങിനെ കലികാലം ആരംഭിച്ചു,ഉത്തമ ഭക്തന്മാർക്ക് ശ്രീ കൃഷ്ണ ഭഗവാന്‍ ദർശനം നൽകുന്ന കലികാലം. കൂറൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലകൾ ആടി നടന്നു.ആ സമയത്ത് കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ കുട്ടി വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും.എന്നാൽ ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ ശാന്തിക്കാരൻ അന്വേഷണമായി , ആ സമയം തങ്ങളുടെ കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെയും കൂട്ടി അവർ ക്ഷേത്രത്തിലേക്ക് വന്നു.അവിടെ വച്ചും കുട്ടി മാല കണ്ണന്‍ സമ്മാനിച്ചതാണ് എന്നു പറഞ്ഞു.എന്നാൽ ആരും അത് വിശ്വസിച്ചില്ല."
" എന്നിട്ട്, എന്നിട്ട് "
കഥ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ്.വെളിച്ചം തെളിഞ്ഞാൽ അച്ഛമ്മ കഥയും നിർത്തി മംഗളം വായിക്കാൻ എഴുന്നേറ്റു പോകും.അതിനു മുൻപേ കഥ മുഴുവൻ കേൾക്കണം.
" അവിടെ കൂടിയിരുന്നവരെല്ലാം കൂടി കുട്ടി മാല മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച ആ ഉണ്ണി തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്തു ,
" കണ്ണാ! നീ എന്‍റെ ചങ്ങാതിയല്ല . ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും ഈ മാല നിന്‍റെ സമ്മാനമാണെന്നും ഇവരോട് നീ പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും"
ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് അവൻ ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു."

എനിക്കുമുന്നിൽ കണിക്കൊന്ന പൂത്തുലഞ്ഞ് കണ്ണഞ്ചിപ്പിക്കാൻ തുടങ്ങി.കേരളത്തിന്റെ സംസ്ഥാന പുഷ്പം. കാഷ്യ ഫിസ്‌റ്റുല എന്ന ശാസ്‌ത്രനാമം.
"എന്നിട്ട് "
"ഈ സമയത്ത് ശ്രീകോവിലില്‍ നിന്നും ഒരു അശരീരി കേട്ടു.
'ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ സൗഭാഗ്യമാണ്.ഇനിമുതൽ ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല'.
അന്ന് മുതലാത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കൊന്ന കണിക്കൊന്നയായി"

അച്ഛമ്മ കഥ പറഞ്ഞവസാനിപ്പിച്ചു.
പുറകിലെ തൊഴുത്തിന് മുകളിലേക്ക് മൂവാണ്ടൻ മാങ്ങ വീഴുന്ന ശബ്ദം കേൾക്കാം.
കാറ്റിൽ കൊന്നയുടെ ഇലകൾ കൊഴിയുന്നു.മുറ്റത്തെ കൂവളത്തിലിരുന്ന് ഏതോ ഒരു പക്ഷി ശബ്ദം ഉണ്ടാക്കി.
കാറ്റിൽ കൊന്നയുടെ ഇലകൾ കൊഴിയുന്നു.മുറ്റത്തെ കൂവളത്തിലിരുന്ന് ഏതോ ഒരു പക്ഷി ശബ്ദം ഉണ്ടാക്കി.
അച്ഛമ്മ അതിനൊപ്പം പാടി.
''വിത്തും കൈക്കോട്ടും
വെക്കം കൈയേന്ത്
ചക്കയ്‌ക്കുപ്പുണ്ടോ..
അച്‌ഛന്‍ കൊമ്പത്ത്
അമ്മ വരമ്പത്ത്,
കള്ളന്‍ ചക്കേട്ടു,
കണ്ടാമിണ്ടണ്ട"
വെക്കം കൈയേന്ത്
ചക്കയ്‌ക്കുപ്പുണ്ടോ..
അച്‌ഛന്‍ കൊമ്പത്ത്
അമ്മ വരമ്പത്ത്,
കള്ളന്‍ ചക്കേട്ടു,
കണ്ടാമിണ്ടണ്ട"
"ഇതെന്തു കിളിയാ അച്ചമ്മേ.."
"അതാണ് വിഷു പക്ഷി,മേടം വന്നാല്‍ മറിച്ചെണ്ണണ്ട എന്ന് പറയാൻ വന്ന ഒരു പാവം പക്ഷി"
"അങ്ങിനെച്ചാൽ"
"അങ്ങിനെച്ചാൽ വിഷുക്കാലം ആയാൽ എല്ലാവർക്കും നല്ല കാലം ആണെന്ന് "
ഉമ്മറത്തെ ബൾബ് തെളിഞ്ഞു.പ്രകാശം പരന്നു.
സത്യം, നല്ല കാലം തന്നെ.മഴ കുറഞ്ഞിട്ടും വെയിൽ കനത്തിട്ടും നമുക്ക് ഭൂമിയിൽ ജീവിക്കാൻ പറ്റണുണ്ടല്ലോ.അമ്മയും അച്ഛമ്മയും സ്ഥലം കാലിയാക്കിയിരിക്കുന്നു.
ഞാൻ വീണ്ടും കൊന്നമരത്തിലേക്കു നോക്കി.ഒരു നാട് മുഴുവൻ കൊന്നമരങ്ങൾ തന്റെ മഞ്ഞ പൂക്കൾകൊണ്ട് നിറച്ചിരിക്കുന്ന ഒരു കാഴ്ച ഞാൻ മനസ്സിൽ കണ്ടു.എത്ര മനോഹരമായ അനുഭവമായിരിക്കും അത് !

മനോഹരമായ കണിക്കൊന്നപ്പൂക്കളുടെ കാഴ്ചകൾ കണ്ട് നമുക്ക് പ്രാര്‍ഥിക്കാം,
നമ്മുടെ ഓരോ ദിനവും വിഷു ദിനമാകാന്‍.
ഓരോ പ്രഭാതത്തിലും കാണുന്ന കാഴ്ച വിഷുക്കണിപോലെ നന്മ നിറഞ്ഞതാകാന്‍.
നമ്മുടെ ഓരോ ദിനവും വിഷു ദിനമാകാന്‍.
ഓരോ പ്രഭാതത്തിലും കാണുന്ന കാഴ്ച വിഷുക്കണിപോലെ നന്മ നിറഞ്ഞതാകാന്‍.
അയ്യപ്പ പണിക്കരുടെ വരികൾ ടെലിവിഷനിൽ നിന്നുയരുന്നുണ്ട്.
''കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ''
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ''
By: Vivek venugopal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക