Showing posts with label വിവേക് വേണുഗോപാൽ. Show all posts
Showing posts with label വിവേക് വേണുഗോപാൽ. Show all posts

അച്ഛമ്മ കഥകൾ

Image may contain: 1 person

വൈദ്യുതി നിലക്കുന്ന രാത്രികളിൽ ഉമ്മറത്ത് പായ വിരിച്ച് അതിൽ കിടന്നാണ് അച്ഛമ്മ കഥ പറയുക.ചുമരിൽ ചലിക്കുന്ന നിഴൽ ചിത്രങ്ങൾ ഉണ്ടാക്കിക്കൊണ്ട് നിലവിളക്ക് തെളിഞ്ഞു കത്തുന്നുണ്ടാകും.അടുക്കളയിലെ പണി പാതിവഴിയിൽ മുടക്കി ബൾബുകൾ തെളിയാൻ കാത്ത് അമ്മയും ഞങ്ങൾക്കരികിൽ ഇരിക്കും.
''വിഷുവാകാറായിട്ടും നമ്മടെ കൊന്ന മാത്രം പൂക്കാത്തതെന്താ അച്ചമ്മേ''
ചുവന്ന ചാന്തുതേച്ച ആ വലിയ തിണ്ണയിൽ ഇരുന്നുകൊണ്ട് ഞാൻ അച്ഛമ്മയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.
സഹചാരിയായ ഓട്ടുകോളാമ്പിയിൽ മുറുക്കാൻ തുപ്പിക്കൊണ്ട് അച്ഛമ്മ പതുക്കെ എഴുന്നേറ്റിരുന്നു.
''എല്ലാത്തിനും അതിന്റേതായ സമയില്യേ കണ്ണാ,അതിന്റെ സമയം ആകുമ്പോൾ അത് തനിയെ പൂത്തോളുംട്ടോ"
"ഈ കൊന്ന ആരേങ്കിലും കൊന്നോ അച്ചമ്മേ"
ലോഡ് ഷെഡിങ് തീരുന്നത് വരെ ഈ ചോദ്യോത്തര പരിപാടി നീളും.അച്ഛമ്മ കാലു നീട്ടി വച്ച് തന്റെ ഇരിപ്പ് ഭദ്രമാക്കി.പാട്ടുമൂളി പറന്നെത്തിയ ഒരു വണ്ടിനെ ദൂരേക്ക് തട്ടി തെറിപ്പിച്ചുകൊണ്ട് പറയാൻ ആരംഭിച്ചു.
" ഇതേതാ യുഗം ന്ന് അറിയോ കണ്ണന് "
"കലിയുഗം"
സ്വല്പം വായനാശീലം ഉണ്ടായിരുന്നതുകൊണ്ട് ചില കാര്യങ്ങളെക്കുറിച്ച്ചെങ്കിലും അൽപ്പം വിവരമുണ്ടായിരുന്നു.
" മിടുക്കൻ,പക്ഷെ ഈ കൊന്നയുടെ കഥ ത്രേതായുഗവുമായി ബന്ധപ്പെട്ടാണ് കേട്ടിട്ടുള്ളത് ട്ടോ"
അച്ഛമ്മ കണ്ഠശുദ്ധി വരുത്തി.
'' ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ?"
"ഹാ കേട്ടിട്ടുണ്ട് ,അതേതു മരം ആയിരുന്നു അച്ചമ്മേ ? "
''ഏതോ ഒരു മരം, എന്നാൽ ബാലീനിഗ്രഹണത്തിനു ശേഷം ഈ മരം കാണുമ്പോള്‍ എല്ലാവരും 'ബാലിയെ കൊന്ന മരം, ബാലിയെ കൊന്ന മരം' എന്ന് പറയാന്‍ തുടങ്ങി.പിന്നീട് അത് 'കൊന്ന' മരമായി മാറി."
"എന്നിട്ട് "
കഥക്കുള്ളിലെ ആകാംക്ഷകൾക്കതിരില്ലല്ലോ.
" ആ പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നിരിക്കുന്നു! മരം ശ്രീ രാമസ്വാമിയെ മനസ്സിൽ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ പറഞ്ഞു .''
"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നിട്ടും എന്നെയാണ് 'കൊന്ന' മരം എന്ന് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
"അപ്പൊ ഭഗവാന്‍ എന്താ പറഞ്ഞേ?."
" മുൻ ജന്മത്തില്‍ നീ ഒരു മഹാത്മാവിന്റെ പേരിൽ ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം നീ അനുഭവിക്കുക തന്നെ വേണം.ഈ പേര് നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമമുണ്ടായതുകൊണ്ട് നിനക്ക് സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ കഴിയുക ".
"ഭഗവാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് ആ കൊന്നമരം ഈശ്വര ചിന്തയോടെ ജീവിച്ചു ."
കഥ കേട്ടിട്ടാണോ എന്നറിയില്ല,അമ്മ ചുമരിൽ ചാരി ഇരുന്ന് നല്ല ഉറക്കമായി.വിശറിയായി മാറിയ മംഗളം വാരിക കയ്യിൽ നിന്നും വഴുതി നിലത്തും വീണു.വെറ്റിലയിൽ ചുണ്ണാമ്പു തേച്ചുകൊണ്ട് അച്ഛമ്മ വീണ്ടും പറയുവാൻ ആരംഭിച്ചു.
" അങ്ങിനെ കലികാലം ആരംഭിച്ചു,ഉത്തമ ഭക്തന്മാർക്ക് ശ്രീ കൃഷ്ണ ഭഗവാന്‍ ദർശനം നൽകുന്ന കലികാലം. കൂറൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലകൾ ആടി നടന്നു.ആ സമയത്ത് കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ കുട്ടി വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും.എന്നാൽ ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ ശാന്തിക്കാരൻ അന്വേഷണമായി , ആ സമയം തങ്ങളുടെ കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെയും കൂട്ടി അവർ ക്ഷേത്രത്തിലേക്ക് വന്നു.അവിടെ വച്ചും കുട്ടി മാല കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു.എന്നാൽ ആരും അത് വിശ്വസിച്ചില്ല."
" എന്നിട്ട്, എന്നിട്ട് "
കഥ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ്.വെളിച്ചം തെളിഞ്ഞാൽ അച്ഛമ്മ കഥയും നിർത്തി മംഗളം വായിക്കാൻ എഴുന്നേറ്റു പോകും.അതിനു മുൻപേ കഥ മുഴുവൻ കേൾക്കണം.
" അവിടെ കൂടിയിരുന്നവരെല്ലാം കൂടി കുട്ടി മാല മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച ആ ഉണ്ണി തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്തു ,
" കണ്ണാ! നീ എന്‍റെ ചങ്ങാതിയല്ല . ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും ഈ മാല നിന്‍റെ സമ്മാനമാണെന്നും ഇവരോട് നീ പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും"
ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് അവൻ ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു."
എനിക്കുമുന്നിൽ കണിക്കൊന്ന പൂത്തുലഞ്ഞ് കണ്ണഞ്ചിപ്പിക്കാൻ തുടങ്ങി.കേരളത്തിന്റെ സംസ്ഥാന പുഷ്പം. കാഷ്യ ഫിസ്‌റ്റുല എന്ന ശാസ്‌ത്രനാമം.
"എന്നിട്ട് "
"ഈ സമയത്ത് ശ്രീകോവിലില്‍ നിന്നും ഒരു അശരീരി കേട്ടു.
'ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ സൗഭാഗ്യമാണ്.ഇനിമുതൽ ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല'.
അന്ന് മുതലാത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കൊന്ന കണിക്കൊന്നയായി"
അച്ഛമ്മ കഥ പറഞ്ഞവസാനിപ്പിച്ചു.
പുറകിലെ തൊഴുത്തിന് മുകളിലേക്ക് മൂവാണ്ടൻ മാങ്ങ വീഴുന്ന ശബ്ദം കേൾക്കാം.
കാറ്റിൽ കൊന്നയുടെ ഇലകൾ കൊഴിയുന്നു.മുറ്റത്തെ കൂവളത്തിലിരുന്ന് ഏതോ ഒരു പക്ഷി ശബ്ദം ഉണ്ടാക്കി.
അച്ഛമ്മ അതിനൊപ്പം പാടി.
''വിത്തും കൈക്കോട്ടും
വെക്കം കൈയേന്ത്‌
ചക്കയ്‌ക്കുപ്പുണ്ടോ..
അച്‌ഛന്‍ കൊമ്പത്ത്‌
അമ്മ വരമ്പത്ത്‌,
കള്ളന്‍ ചക്കേട്ടു,
കണ്ടാമിണ്ടണ്ട"
"ഇതെന്തു കിളിയാ അച്ചമ്മേ.."
"അതാണ് വിഷു പക്ഷി,മേടം വന്നാല്‍ മറിച്ചെണ്ണണ്ട എന്ന് പറയാൻ വന്ന ഒരു പാവം പക്ഷി"
"അങ്ങിനെച്ചാൽ"
"അങ്ങിനെച്ചാൽ വിഷുക്കാലം ആയാൽ എല്ലാവർക്കും നല്ല കാലം ആണെന്ന് "
ഉമ്മറത്തെ ബൾബ് തെളിഞ്ഞു.പ്രകാശം പരന്നു.
സത്യം, നല്ല കാലം തന്നെ.മഴ കുറഞ്ഞിട്ടും വെയിൽ കനത്തിട്ടും നമുക്ക് ഭൂമിയിൽ ജീവിക്കാൻ പറ്റണുണ്ടല്ലോ.അമ്മയും അച്ഛമ്മയും സ്ഥലം കാലിയാക്കിയിരിക്കുന്നു.
ഞാൻ വീണ്ടും കൊന്നമരത്തിലേക്കു നോക്കി.ഒരു നാട് മുഴുവൻ കൊന്നമരങ്ങൾ തന്റെ മഞ്ഞ പൂക്കൾകൊണ്ട് നിറച്ചിരിക്കുന്ന ഒരു കാഴ്ച ഞാൻ മനസ്സിൽ കണ്ടു.എത്ര മനോഹരമായ അനുഭവമായിരിക്കും അത് !
മനോഹരമായ കണിക്കൊന്നപ്പൂക്കളുടെ കാഴ്ചകൾ കണ്ട് നമുക്ക് പ്രാര്‍ഥിക്കാം,
നമ്മുടെ ഓരോ ദിനവും വിഷു ദിനമാകാന്‍.
ഓരോ പ്രഭാതത്തിലും കാണുന്ന കാഴ്ച വിഷുക്കണിപോലെ നന്മ നിറഞ്ഞതാകാന്‍.
അയ്യപ്പ പണിക്കരുടെ വരികൾ ടെലിവിഷനിൽ നിന്നുയരുന്നുണ്ട്.
''കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ''

By: Vivek venugopal

ജയിക്കും എന്നുറപ്പുള്ള ഒരു യുദ്ധം


പതിവുപോലെ ജോലി കഴിഞ്ഞു വരുന്ന ഒരു വൈകുന്നേരം.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്കുമെടുത്ത് പുറത്തേക്കിറങ്ങി മേൽപ്പാലമെത്തിയില്ല.അപ്പോളാണ് ഓർമ വന്നത്,
'വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ പറഞ്ഞിരുന്നു'.
റോഡരികിലെ കടകളെല്ലാം തുറന്നുകിടപ്പുണ്ട്.ഒരു പച്ചക്കറികടയുടെ മുന്നിൽ വണ്ടി നിർത്തി വീട്ടിലേക്ക് വിളിച്ചു.
"എന്തൊക്കെയാ വാങ്ങണ്ടേ?"
അമ്മ ലിസ്റ്റ് പറയുമ്പോളേക്കും ഞാൻ ആ കടയിലേക്ക് കയറി.
കട്ടിമീശ വച്ച ,പത്തു നാൽപ്പതു വയസ്സ് പ്രായം വരുന്ന ഒരാൾ കടയിലിരിപ്പുണ്ടായിരുന്നു. അയാളായിരിക്കാം ആ കടയുടെ ഉടമസ്ഥൻ.കാരണം അയാളുടെ ശരീരഭാഷ ഒരു മുതലാളിയുടേതായിരുന്നു .
കറുത്തു മെലിഞ്ഞ ഒരാൾ എനിക്ക് തൊട്ടപ്പുറത്ത് താഴെയുള്ള ചാക്കിൽ നിന്ന് കപ്പ എടുത്ത് പുറത്തു നിരത്തിയിരിക്കുന്ന മരപ്പലകകളിൽ വെക്കുന്നുണ്ട്.തൊട്ടടുത്ത് ഒരു കുട്ടയിൽ കൂർക്ക ഇരിപ്പുണ്ട്.അമ്മ ഉണ്ടാക്കുന്ന കൂർക്ക ഉപ്പേരിയുടെ രുചിയോർത്ത് എൻ്റെ നാവിൽ വെള്ളമൂറി.സീസണല്ലാത്തതിനാൽ അടുത്തിടെയൊന്നും കൂർക്ക കഴിക്കാൻ സാധിച്ചിട്ടില്ല.
" കൂർക്ക വാങ്ങാട്ടാ അമ്മേ"
"കൂടെ ഒരു കിലോ സാമ്പാർ കഷ്ണം കൂടി വാങ്ങിക്കോ,ഹാ പിന്നെ നോക്കി വാങ്ങിച്ചോട്ടാ,ചീഞ്ഞതൊക്കെ ആണെങ്കിൽ വാങ്ങാൻ നിൽക്കണ്ട"
കടയിൽ നിന്ന് സാധനങ്ങൾ നോക്കി വാങ്ങാനുള്ള എന്റെ വൈഭവം അമ്മക്ക് അറിയാവുന്നത്കൊണ്ടാണ് ആ മുന്നറിയിപ്പ്.
"എന്താ വേണ്ടത് ?" മുതലാളി എന്ന് ഞാൻ കരുതിയിരുന്ന ആൾ ചോദിച്ചു.
" കൂർക്ക,ഒരു കിലോ ". ഞാൻ പറയുന്നതു കേട്ട് കറുത്തുമെലിഞ്ഞ മനുഷ്യൻ കൂർക്കക്കരികിലേക്ക് വന്നു.
അയാൾ കുട്ടയിൽ നിന്നും കൂർക്ക കോരിയെടുത്ത് തൂക്കം നോക്കി..
"കൂർക്കയിൽ നിറയെ മണ്ണാണല്ലോ ചേട്ടാ."
"നല്ല ഫ്രഷ് കൂർക്ക്യാ,അതോണ്ടാ.പിന്നെ സമ്പൂർണ ജൈവം"
മുതലാളി ആണ് ഉത്തരം തന്നത് .
അതെ അതെ, കണ്ടാൽ അറിയാം, വളം ഇട്ടു കൊടുത്ത് വിളയിച്ച മുതൽ ആണ്.തൂക്കം കൂടുതൽ കിട്ടാൻ വെള്ളം ചേർത്ത മണ്ണും കൂർക്കയിൽ മിക്സ് ചെയ്തിട്ടുണ്ട്.
കൂർക്ക പൊതിയുന്നതിനിടെ ഞാൻ മുന്നിലിരുന്നിരുന്ന സാംബാർ കഷ്ണത്തിന്റെ കിറ്റുകൾ തുറന്നു നോക്കി.തക്കാളി ചീഞ്ഞു തുടങ്ങിയിരിക്കുന്നു,മൂത്തു നരച്ച മുരിങ്ങകായ,വാടി തളർന്ന വെണ്ടക്ക്യ....
ശ്ശൊ..ഇതും വാങ്ങി ചെന്നാൽ അമ്മേടെന്നു ചീത്ത ഉറപ്പാണ്.വേണ്ട സാമ്പാർ കഷ്ണം വാങ്ങണ്ട.
കൂർക്കയുടെ കാശും കൊടുത്ത് ഞാൻ ബൈക്കിനരികിലേക്ക് നടന്നു.
"ചേട്ടാ നല്ല നാടൻ പയർ ഉണ്ട്.കിലോ അൻപത് രൂപയുള്ളു,കുറച്ചു കൊണ്ടോയിക്കോ"
കടയിൽ നിന്ന് മുതലാളി ഉറക്കെ വിളിച്ചു പറഞ്ഞു .
ചേട്ടൻ എന്ന് വിളിച്ചതിലുള്ള നീരസം,പയർ എന്ന് കേട്ടപ്പോൾ ഇല്ലാതായതുകൊണ്ട് മാത്രം ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.
''വേണ്ട അമ്പതു രൂപകൊടുത്ത് അങ്ങിനെയിപ്പോ പയറുപ്പേരി കഴിക്കണ്ട"
ഞാൻ ബൈക്കുമെടുത്ത് മുന്നോട്ടു നീങ്ങി.കാരൂർ വഴി കൊമ്പിടിക്ക് കയറാം.ഇടവഴിയിലൂടെ വണ്ടി ഉരുണ്ട് മുരണ്ടു നീങ്ങി.അടുത്ത വളവു കഴിഞ്ഞാൽ ഇരുവശങ്ങളിലും പാടം ആണ്.പാടത്ത് ചേനയും വെണ്ടയും ചാല് കീറി കുഴികുത്തി വരിവരിയായി നട്ടിട്ടുണ്ട്.കൈപ്പക്കും പടവലത്തിനും പ്രത്യേകം പന്തലൊക്കെ കെട്ടിയാണ് പരിചരണം.അതിലൂടെ കടന്നുപോകുമ്പോൾ പാടത്ത് നിന്ന് നല്ല തണുത്ത കാറ്റ് വീശാറുണ്ട്,പ്രകൃതിയുടെ മണമുള്ള കാറ്റ് .
കാറ്റൊക്കെ കൊണ്ട് മുന്നോട്ട് പോകുമ്പോളാണ് വഴിയരികിൽ നിന്നിരുന്ന ഒരു കുട്ടിയെ ഞാൻ ശ്രദ്ധിച്ചത്.പത്തു പതിനഞ്ചു വയസ്സ് പ്രായം വരും.അവന്റെ അരികിലായി രണ്ട് ചാക്കുകൾ വിരിച്ചിട്ടിരിക്കുന്നു.ഒരു ചാക്കിൽ നിറയെ ചീരയാണ്,നല്ല ചുവന്ന ചീര.മറ്റേ ചാക്കിൽ നല്ല നാടൻ പയറും.ഞാൻ പതിയെ ബൈക്ക് സൈഡ് ആക്കി.
അവൻ എന്നെ നോക്കി ചിരിച്ചു.
"ചീര വീണോ ചേട്ടാ.വീട്ടിൽ കൃഷിചെയ്തുണ്ടാക്കിയതാ."
"അപ്പൊ ആ പയറോ"
"അതും വീട്ടിലെ കൃഷി തന്ന്യാ"
അവൻ ഉത്സാഹത്തോടെ പറഞ്ഞു.
"എന്താ വില" എനിക്ക് വില അറിയാൻ ആയിരുന്നു ആഗ്രഹം.
"ചീരക്ക് പതിനഞ്ചു രൂപ,പയറിന് മുപ്പത് "
അവൻ ചാക്കിന് പുറകിൽ ഇരുന്ന കട്ടിം ത്രാസും എടുത്തു .
"ഇത് കാശ് കൂടുതലാ മോനെ,ചീരക്ക് പത്ത് രൂപ തരാം.പയറിന് ഇരുപതും.കടയിലൊക്കെ ഈ വിലയെ ഉള്ളു"
" അത് വളരെ കുറവാ ചേട്ടാ, ഇതൊക്കെ കൃഷി ചെയ്തുണ്ടാക്കാൻ എടുത്ത അദ്ധ്വാനത്തിന്റെ വില പോലുമില്ല, പയറിന് 25 രൂപയെങ്കിലും താ ചേട്ടാ " എല്ലാം പെട്ടെന്ന് വിറ്റ് തീർത്ത് വീട്ടിൽ പോകണം എന്ന ചിന്തയായിരിക്കുമോ അവന്റെ മനസ്സിൽ ?
"ചീര പത്ത്, പയർ ഇരുപത്. ഈ വിലയ്ക്ക് തരാണെങ്കിൽ ഞാൻ വാങ്ങിച്ചോളാം. അല്ലെങ്കിൽ എനിക്ക് വീടിനടുത്തുള്ള കടന്ന് സെയിം കാശിന് വാങ്ങിച്ചാ പോരേ. ഇവിടുന്ന് കെട്ടിചോന്ന് പോകേം വേണ്ട"
റെയിൽവേ സ്റ്റേഷന് സമീപത്തെ കടയിൽ നിന്ന് മുഴങ്ങിയ പയറിന് അമ്പതു രൂപ എന്ന ശബ്ദത്തിന്റെ പ്രതിധ്വനി എന്റെ മനസ്സിലെവിടെയോ അലയടിച്ചു.
എങ്കിലും,
''നമ്മളിൽ പലരും വലിയ കടകളിൽ പറഞ്ഞ വില കൊടുക്കുന്നു, വഴിക്കമ്പോളങ്ങളിൽ വലിയ വില പേശൽ നടത്തുന്നു.''
അവൻ പയറെടുത്ത് ത്രാസ്സിൽ വച്ചു.
"താൻ എന്താ ചെയ്യണേ,പഠിക്ക്യാ"
തൂക്കം നോക്കി പൊതിയുന്നതിനിടയിൽ ഞാൻ അവനോടു കുശലം ചോദിച്ചു.
"ഹാ,ബോയ്സ് ല്,ഒമ്പതാം ക്ലാസ്സില് "
" ആഹാ,അപ്പോൾ ക്ലാസ് കഴിഞ്ഞു വന്നാൽ ഇതായിരിക്കും പരിപാടിലെ,പോക്കറ്റ് മണിക്ക് വേണ്ടിയാകുംലെ"
എന്റെ ചോദ്യങ്ങളുടെ അക്ഷയ പാത്രം ഒരിക്കലും വറ്റാറില്ല.
"പോക്കറ്റ് മണിക്കൊന്നും വേണ്ടി അല്ല ചേട്ടാ,വീട്ടിൽ കുറച്ചു ബുദ്ധിമുട്ടുകളൊക്കെ ഉണ്ടേ.അതാ"
"വീട്ടിൽ ആരൊക്കെയുണ്ട്"
" അമ്മേം ഞാനും മാത്രം,അച്ഛൻ മരിച്ചു"
എന്റെ ചോദ്യങ്ങൾ മുൻകൂട്ടി കണ്ടായിരിക്കാം അവൻ ഉത്തരം പറഞ്ഞത്.
''അച്ഛന് .....''
ഞാൻ ചോദിച്ച് മുഴുവനാക്കും മുൻപേ അവൻ പറഞ്ഞു തുടങ്ങി.
" അച്ചന് കൃഷി ആയിരുന്നേ,ഒരു തവണ ഓണത്തിനായിട്ട് വാഴേം ചേനേംമൊക്കെ ഒരു പാട് വച്ചു.നമ്മടെ കഷ്ടകാലത്തിന് കൃഷി ഒക്കെ നശിച്ചു.അച്ഛന്റ കയ്യിൽ ഓണത്തിന് അരിവാങ്ങാൻ പോലും കാശില്ലാണ്ടായി.പാടത്ത് ചെടിക്ക് തളിക്കാൻ എടുത്തു വച്ചിരുന്ന മരുന്നുമെടുത്ത് കഴിച്ച് അച്ഛൻ എല്ലാ പ്രശ്നങ്ങളീന്നും ഒളിച്ച്ചോടി."
"എന്നിട്ട് നിങ്ങൾ എങ്ങിനെ ജീവിക്കുന്നു. ചിലവുകൾ? തന്റെ പഠിത്തം?"
"അച്ഛൻ മരിച്ചപ്പോൾ പലരും അമ്മേടടുത്ത് പറഞ്ഞു എന്നെ വല്ല അനാഥമന്ദിരത്തിലൊ സദനത്തിലോ ആക്കാൻ, പക്ഷേ അമ്മ പറഞ്ഞത് എന്റെ മോൻ അദ്ധ്വാനിച്ച് ജീവിക്കുംന്നാ, അമ്മക്കെന്നെ അത്ര വിശ്വാസാ"
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ? അതോ പ്രത്യാശയുടെ വെളിച്ചമാണോ ഞാൻ അവിടെ കണ്ടത്.വേണ്ടായിരുന്നു വിലപേശാൻ നിൽക്കണ്ടായിരുന്നു.സാഹചര്യം ഒരാളെ നിസ്സഹായനാക്കുന്നതും ശക്തിമാനാക്കുന്നതും അവനിലൂടെ ഞാൻ കണ്ടു.
"ദാ കാശ്" അവന്റെ നേർക്ക് ഞാൻ ഒരു അഞ്ഞൂറ് രൂപ നോട്ട് നീട്ടി.
"അയ്യോ ചേട്ടാ,എന്റെ കയ്യിൽ ചില്ലറ ഇല്ലല്ലോ"
"ബാക്കി താൻ വച്ചോ,വീട്ടിൽ ഒരുപാട് ആവശ്യങ്ങൾ ഒക്കെ ഉള്ളതല്ലേ"
"അയ്യോ,അത് വേണ്ട ചേട്ടാ.ശരിയാകില്ല.അദ്ധ്വാനിക്കാതെ കിട്ടുന്ന കാശ് വാങ്ങരുത് എന്നായിരുന്നു അച്ഛൻ മരിക്കും മുൻപ് വരെ പറഞ്ഞത് ,എങ്ങിന്യാ ഞാൻ അച്ഛന്റെ വാക്ക് ധിക്കരിക്ക്യാ"
ഞാൻ അവനെ തന്നെ നോക്കി നിന്നു.ഇങ്ങനെയും കുട്ടികളോ.!
അദ്ധ്വാനിക്കാതെ നോക്കുകൂലി വാങ്ങുന്നവരും,എല്ലാം ദൈവം തരുമെന്നും പറഞ്ഞ് വെറുതെ ഇരിക്കുന്നവരും,പണിയെടുക്കാതെ പലിശമുതലിൽ ജീവിക്കുന്നവരും അവനെ നോക്കി കൊഞ്ഞനം കുത്തുന്നതായി എനിക്ക് തോന്നി.
"ചേട്ടൻ വാ,ചേഞ്ച് വാങ്ങി തരാം"
അവൻ സൈക്കിളുമെടുത്ത് നാലുംകൂടിയ കവലയിലോട്ടു പോയി.പിറകെ അനുസരണയുള്ള കുട്ടിയെപ്പോലെ ഞാനും.കടയിൽ നിന്നു ചില്ലറവാങ്ങി അവൻ എന്റെ നേരെ നീട്ടി.
"അപ്പോൾ നീ ഈ കാശ് വാങ്ങില്ല അല്ലെ"
"ഇല്ല ചേട്ടാ,അത് ശരിയാകില്ല" എന്ന് പറഞ്ഞു അവൻ സൈക്കിളിനടുത്തേക്ക് നടന്നു.
അവന്റെ പേര് പോലും ചോദിക്കാൻ മറന്നു പോയ ഞാൻ പാടത്തുനിന്ന് അടിക്കുന്ന തണുത്ത കാറ്റിലും വിയർക്കുന്നുണ്ടായിരുന്നു.
ജയിക്കും എന്നുറപ്പുള്ള ഒരു യുദ്ധത്തിലാണ് അവൻ എന്നെനിക്കു തോന്നി.
തോൽക്കുമെന്ന് സമൂഹം പറയുമ്പോളും ജയിച്ചു കാണിക്കാൻ കഴിയും എന്ന ആത്മവിശ്വാസമായിരിക്കാം അവന്റെ കണ്ണുകളുടെ തിളക്കത്തിൽ ഞാൻ കണ്ടത്.
അവൻ ജയിക്കട്ടെ...ജയിച്ചുകൊണ്ടേ ഇരിക്കട്ടെ.
:- വിവേക് വേണുഗോപാൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo