ലാസ്റ്റ് ബസ്
****************
****************
കറുത്ത ബയന്റിട്ട കണക്ക് പുസ്തകം നിവര്‍ത്തി അച്യുതന്‍നായര്‍ കസേരയില്‍ അമര്‍ന്നു.അന്നത്തെ വരവ് നോക്കി,കാല്പ്പെട്ടി തുറന്നു കാശ് എണ്ണിതിട്ടപ്പെടുത്തി,നോട്ടുകള്‍ റബര്‍ ബാന്റിട്ട് കെട്ടി വച്ചു.അരിയുടെയും പഞ്ചസാരയുടെയും ചാക്കുകെട്ടുകളുടെ വായ് മൂടി,കടയുടെ പുറകിലേക്ക് ഒതുക്കി വച്ചു.പിന്നെ പുറത്തിറങ്ങി,തൂക്കിയിട്ടിരുന്ന ,മിനറല്‍ വാട്ടര്‍ ബോട്ടില്‍ കുപ്പികളും മാസികകളും അഴിച്ചു മാറ്റുവാന്‍ തുടങ്ങി.അപ്പോള്‍ ,കരിമ്പുഴ പാലം കടന്നു,നഗരത്തില്‍ നിന്നുള്ള അവസാന വണ്ടിയുടെ ഇരമ്പലും അതിന്‍റെ മഞ്ഞ വെളിച്ചവും കവലയിലേക്ക് പാളി വീണു.വര്‍ഷങ്ങളുടെ ആവര്‍ത്തനത്തില്‍ വണ്ടിയുടെ വരവും അയാളുടെ കട അടയ്ക്കലും സമയ ക്ലിപ്തത പാലിച്ചിരിന്നു.
വണ്ടി കവലയില്‍ നിര്‍ത്തുന്നത് കണ്ടപ്പോള്‍ ,അയാള്‍ ഉറ്റു നോക്കി.അതില്‍ നിന്നു ഒരു അപരിചിതനായ യുവാവ് കടയുടെ വെളിച്ചത്തിലേക്കു കയറി വന്നു.
“അടച്ചോ?”
“അടക്കുന്ന ഭാഗാ.ഇവിടെയെങ്ങും കണ്ടിട്ടിലില്ലോ “
“ഇത്തിരി ദൂരെന്നാ.സര്‍ബത്ത് ണ്ടോ?”
“ഉണ്ടെല്ലോ.ഇപ്പോ എടുക്കാം.”
അച്യുതന്‍ നായര്‍ സര്‍ബത്ത് എടുക്കുന്ന സമയത്ത് അപരിചിതനെ പരിചയപ്പെട്ടു.നഗരത്തില്‍ എന്തോ ആവശ്യത്തിന് വന്നതാണ് അയാള്‍. എന്‍ട്രന്‍സ് പരീക്ഷയായതിനാല്‍ നഗരത്തിലെ ലോഡ്ജ് മുറികള്‍ ഒഴിവില്ല.അയാളുടെ ചില കൂട്ടുകാരുടെ വീടുകള്‍ ഇവിടെ ഉണ്ടത്രേ.പിന്നെ ഇങ്ങോട്ട് പോന്നു.
“ബോംബെല്‍ ആണല്ലെ “അച്യുതന്‍ നായര്‍ ചോദിച്ചു.
“അതേ.ഇവിടത്തെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കരുണന്റെ മകന്‍ അജിത്ത് എന്റെ കൂട്ടുകാരനാണ് .അങ്ങനെയാണ് ഈ നാട് പരിചയം.”അയാള്‍ പറഞ്ഞു.
“ഉവ്വോ!"
അച്യുതന്‍ നായര്‍ അത്ഭുതം കൂറി.
“അപ്പോ ചിലപ്പോ രവിയെ അറിയാമായിരിക്കും.രവി എന്റെ മകനാ.രവിയും അജിത്തും ഒരുമിച്ചാ ബോംബെയ്ക്ക് പോയത്.”അച്യുതന്‍ നായര്‍ പറഞ്ഞു.
'രവി അച്യുതന്‍? "
അപരിചിതന്‍ പതിയെ ചോദിച്ചു.അയാളുടെ മുഖത്ത് കാളിമ പരക്കുന്നത്,സര്‍ബത്ത് ഗ്ലാസ് കഴുകുന്നതിനിടയില്‍ അച്യുതന്‍ നായര്‍ കണ്ടില്ല.
അപരിചിതന്‍ പതിയെ ചോദിച്ചു.അയാളുടെ മുഖത്ത് കാളിമ പരക്കുന്നത്,സര്‍ബത്ത് ഗ്ലാസ് കഴുകുന്നതിനിടയില്‍ അച്യുതന്‍ നായര്‍ കണ്ടില്ല.
“അതേ”.
“ഉവ്വു.അറിയാം.പരിചയമുണ്ട്.ഞങ്ങള്‍ ഒരുമിച്ച് കുറച്ചു നാള്‍ താമസിച്ചിട്ടുണ്ട്.” യുവാവ് പറഞ്ഞു.
“ഇനി കരുണന്റെ. വീട്ടിലേക്ക് പോവണ്ട.കുറച്ചു ദൂരമുണ്ട്.നമുക്ക് എന്റെ വീട്ടില്‍ കൂടാം".
കട പൂട്ടി.അച്യുതന്‍ നായര്‍ യുവാവിനെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു.യുവാവിന്റെ കയ്യില്‍ രണ്ടു ബാഗുകള്‍ ഉണ്ടായിരുന്നു.ഒന്നു അച്യുതന്‍ എടുത്തു.പാട വരമ്പത്ത് കൂടി ,ടോര്‍ച്ച് തെളിച്ചു നടക്കവേ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ മനസ്സ് തുറന്നു .ഏക മകന്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് നാട് വിട്ടത്,അവന്റെ പ്രണയ വിവാഹത്തില്‍ മനസ്സ് നൊന്ത് രോഗിയായ അയാളുടെ ഭാര്യ മരിച്ചത്,പിന്നീട് അവനോടു മിണ്ടാതായത്..
അപരിചിതന്‍ എല്ലാം കേട്ടു കൂടെ നടന്നു.
“ഇപ്പോ അവന്‍ ഇങ്ങോട്ട് വന്നിട്ട് മൂന്നു വര്‍ഷമായി.എന്നാലും ഇപ്പൊഴും അവനെ ഒന്നു കാണണമെന്ന് ഉള്ളില്‍ തോന്നും.പക്ഷേ അത്രടം വന്നു അന്വേഷിക്കാന്‍ ഇപ്പോ പാങ്ങില്ല.മകനല്ലേ.അവന്‍ വരാതിരിക്കില്ല.”
അയാള്‍ പറഞ്ഞു.
രാത്രി വൈകിയിരുന്നു.മുറ്റത്തെ ചതുരമുല്ല പന്തലില്‍ മിന്നാമിന്നികള്‍ പറക്കുന്നത് നോക്കി യുവാവ് കുറെ നേരം മുറ്റത്ത് നിന്നു.
പിറ്റെന്നു ഉച്ചയോടെ യുവാവ് അയാളുടെ ഒപ്പം കവലയിലേക്ക് തിരികെ നടന്നു.ബാഗുകള്‍ കടയുടെ അരികില്‍ വച്ചു.അച്യുതന്‍ നായര്‍ ഒരു നന്നാറി സര്‍ബത്ത് കൂടി എടുത്തു.
“ചൂടല്ലേ.കുടിച്ചോളൂ.പിന്നെ അവനെ കണ്ടാല്‍....എന്നെ ഒന്നു വിളിക്കാന്‍ പറയണം.” മുറിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു.
“അമ്മാവനോടു കുറെ കാര്യങ്ങള്‍ ഇന്നലെ രാത്രി ,സംസാരിക്കണം എന്നു കരുതിയതാണ്.പക്ഷേ . ..“ യുവാവ് പറയുന്നതിനിടയില്‍ ബസ് വന്നു നിന്നു.
“വിളിച്ചാല്‍ മതി.വേഗം കയറിക്കൊള്ളു..ഇനി അടുത്ത വണ്ടി ഒരു മണിക്കൂര്‍ കഴിയും.”അച്യുതന്‍ നായര്‍ അയാളെ വണ്ടിയിലേക്ക് കയറ്റി.
അയാള്‍ പോയതോടെ ,അച്യുതന്‍നായര്‍ക്ക് വല്ലാത്ത ഒറ്റപ്പെടല്‍ തോന്നി.
വൈകുന്നേരം കട അടക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ അത് കണ്ടത്.സോഡയും സര്‍ബത്തും ഇരിക്കുന്ന പുറത്തെ സ്റ്റാണ്ടിന് കീഴെ അപരിചിതന്റെ രണ്ടു ബാഗുകളില്‍ ഒരെണ്ണം.ഒരു ബാഗ് അയാള്‍ മറന്നിരിക്കുന്നു.
കടയുടെ തട്ടി ഒരെണ്ണം താഴ്ത്തി,അയാള്‍ കസേരയില്‍ കുനിഞ്ഞിരുന്നു.ഒരു ഉള്‍പ്രേരണ കൊണ്ടെന്ന പോലെ ആ ബാഗ് തുറന്നു.ആദ്യത്തെ ഒരു ഞെട്ടല്‍.അതിനു ശേഷം അയാള്‍ ശാന്തനായി സാധനങ്ങള്‍ ഓരോന്നായി പുറത്തെടുത്തു.അത് മുഴുവന്‍ രവിയുടെ വസ്തുക്കള്‍ ആയിരുന്നു.കണ്ണില്‍ നിന്നു ഒരു നീര്‍ത്തുള്ളി അയാള്‍ അറിയാതെ പുറത്തേക്ക് ചാടി.മകന്റെ സര്ട്ടി ഫിക്കറ്റ് അടങ്ങിയ ഫയല്‍,താനും മകനും ഭാര്യയും ചേര്‍ന്നെടുത്ത കാലപഴക്കം ചെന്ന ഫോട്ടോകള്‍ അടങ്ങിയ ഒരു ആല്‍ബം ..പിന്നെ പണ്ട് താന്‍ അവന് വാങ്ങി കൊടുത്ത വാച്ച്....
അയാള്‍ എഴുന്നേറ്റു പുറത്തേക്കു നോക്കി.ഇരുള്‍ വീണിരിക്കുന്നു.ദൂരെ കടമ്പുഴ പാലം വിജനമായി കിടന്നു.ഒരു നിയോഗം പോലെ അവസാനവണ്ടിയുടെ മഞ്ഞവെളിച്ചം പാലത്തിനു മേല്‍ വീഴുന്നത് കാണാന്‍ അച്യുതന്‍നായര്‍ കാത്ത് നിന്നു.
(അവസാനിച്ചു)
By
Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക