Slider

കണ്ണടകള്‍ തിരയുന്നതിനിടയില്‍

0

കണ്ണടകള്‍ തിരയുന്നതിനിടയില്‍
************************************************************
അയാള്‍ തിരയുകയാണ്.
മേശയില്‍ പല കണ്ണടകള്‍ ചിതറി കിടക്കുന്നു. പക്ഷേ അതൊന്നും താൻ ഇപ്പോൾ ഉപയോഗിക്കുന്നതല്ല.
കട്ടിലില്‍,മേശയില്‍ ചിതറി കിടന്ന മാസികകൾക്കിടയില്‍ ,ഭിത്തിയിലെ ഷെല്‍ഫിലെ ദൈവങ്ങളുടെ രൂപങ്ങളുടെ അരികില്‍ എല്ലായിടത്തും ,തിരച്ചില്‍ നടത്തുകയാണ്.
“ഇത് വരെ ആയിട്ടും ??”.മുറിയുടെ വാതില്ക്കൽ എളിയില്‍ കൈ കുത്തി നിന്ന് ഭാര്യ ചോദിക്കുന്നു..
“പെൻഷൻ പറ്റി കുറച്ചു ദിവസമേ ആയുള്ളൂ,അപ്പോഴേക്കും കിളവനായി ,ഓര്‍മ്മയൊക്കെ പോയി തുടങ്ങിയോ?”
ഭാര്യയുടെ ചോദ്യം അയാള്‍ കേട്ടില്ലെന്ന് നടിച്ചു.എല്ലായിടത്തും കണ്ണടകള്‍ ചിതറി കിടക്കുന്നു.
“ഇതല്ലേ നിങ്ങളുടെ കണ്ണട?” ഭാര്യ അരികില്‍ വന്നു ഒരു കണ്ണട എടുത്തു മുഖത്തിന്‌ അരികില്‍ ഉയര്‍ത്തി കാട്ടി.
കട്ടി കുറഞ്ഞ തവിട്ടു ഫ്രെയിം ഉള്ള കണ്ണട. അയാൾ അതു വാങ്ങി നോക്കി.
“ഇത് കല്യാണം കഴിഞ്ഞ ഉടനെ വാങ്ങിയ കണ്ണടയാണ്‌.ആദ്യം വാങ്ങിയ കണ്ണട...ഓര്‍ക്കുന്നോ ,അന്ന് നമ്മള്‍ ഒരുമിച്ചാണ് ഇത് വാങ്ങാന്‍ പോയത്..അന്ന് പട്ടണത്തിലെ ഹോട്ടലില്‍ ചെന്ന് മസാല ദോശ വാങ്ങി ,ബസില്‍ കയറിയപ്പോള്‍ ,തിരക്കിനിടയില്‍ ,ആ പാര്‍സല്‍ ആകെ നാശമായി..അതിനു നമ്മള്‍ വഴക്കുണ്ടാക്കി...”.
അയാള്‍ അവളെ ഓര്‍മ്മിപ്പിച്ചു.
അവള്‍ ഉടനെ പഴയ പത്രങ്ങള്‍ അടുക്കി വച്ച കെട്ടിന് പുറകില്‍ നിന്ന് മറ്റൊരു കണ്ണട എടുത്തു കൊണ്ട് വന്നു.
കട്ടി കൂടിയ ഫ്രെയിം.നേര്‍ത്ത ചുവന്ന നിറം ..പാട് വീണു കണ്ണാടി മങ്ങിയിരിക്കുന്നു.അയാള്‍ അത് വാങ്ങി പരിശോധിച്ചു.
“ഇത് നമ്മള്‍ ഗ്രഹപ്രവേശം നടത്തുന്നതിനു തലേന്ന് വാങ്ങിയതാണ്...ഓര്‍ക്കുന്നുണ്ടോ .അന്നിത് വാങ്ങിക്കണം ,പഴയ കണ്ണട ,ഫാഷന്‍ പോയതാണ് എന്നൊക്കെ പറഞ്ഞു നീ വഴക്കുണ്ടാക്കിയിരുന്നു.വീട് വയ്ക്കുന്നതിന്റെ ചിലവ് താങ്ങാന്‍ ബുദ്ധിമുട്ടി ഇരിക്കുന്ന സമയം ആയതു കൊണ്ട് എനിക്ക് മടിയായിരുന്നു.പക്ഷെ ഗ്രഹ പ്രവേശത്തിന് ഒരു പാട് പേര് വരും,അപ്പോള്‍ പഴയ കണ്ണട മാറ്റണം എന്നൊക്കെ പറഞ്ഞു നീയാണ് എന്നെ നിര്‍ബന്ധിച്ചത് .”
അയാള്‍ പറഞ്ഞു.
അവള്‍ അയാള്‍ പറയുന്നത് കേട്ടില്ല എന്ന് തോന്നി.ഭിത്തിയിലെ അലമാരയുടെ ഏറ്റവും അടിയിലെ അറയില്‍ ,തിരയുകയാണ്.അവിടെ നിന്ന് മുഖം നിറയെ സന്തോഷവുമായി അവള്‍ പുതിയ ഒരു കണ്ണട ഉയര്‍ത്തിക്കാട്ടി.
അത് റേയ്ബാന്‍ ഫ്രെയിം ഉള്ള വിലയേറിയ കണ്ണട ആയിരുന്നു.
അയാള്‍ അത് വാങ്ങി പരിശോധിച്ചു.
ഉള്ളിലെ നിശ്ച്ഛലമായ ഒരു തീരത്തേക്ക് തിരകള്‍ വരുന്നു .ദൂരെ നിന്ന്.
“ഇത് മോന് പത്താം ക്ലാസില്‍ ,എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയതിന്റെ ആഘോഷിക്കാന്‍ ബീച്ചില്‍ പോയ ദിവസം വാങ്ങിയതാണ്.നീയാണ് എനിക്ക് വാങ്ങി ത്തന്നത്.കടല്‍ക്കാറ്റില്‍ ,ഉപ്പു വെള്ളത്തിന്റെ തരികള്‍ പുതിയ കണ്ണടയുടെ ചില്ലില്‍ പറ്റിയെങ്കിലും കാഴ്ച തെളിഞ്ഞു തന്നെയായിരുന്നു.വില കൂടിയതിന്റെ വാട്ടര്‍ പ്രൂഫ്‌ ഗുണം.തെളിഞ്ഞ പുതിയ ചില്ലില്‍ ആര്‍ത്തലക്കുന്ന തിരകൾ ആലിംഗനം ചെയ്യുന്ന ,സന്ധ്യയുടെ ചുവന്ന വെളിച്ചം വീണു കിടന്ന തീരത്ത് തിരയില്‍ മുങ്ങാന്‍ ഒരുങ്ങുന്ന മകന്റെ പുറകെ ഓടുന്ന നിന്നെ ഞാന്‍ കണ്ടു.പക്ഷെ....പക്ഷെ ഇത് ..ഇതാണോ എന്റെ കണ്ണട...?”
അയാള്‍ ചിതറിയ സ്വരത്തില്‍ സ്വയം ചോദിച്ചു.
അയാളുടെ കയ്യില്‍ ഇരുന്നു ആ കണ്ണട വിറച്ചു.വര്‍ഷങ്ങള്‍ക്കു അപ്പുറത്ത് നിന്ന് ഒരു കടല്‍ക്കാറ്റ്‌ അയാളുടെ നിറുകയില്‍ ചുംബിച്ചു.
അയാള്‍ കണ്ണ് തുറന്നു.നിശ്ചലമായ മുറിയില്‍ ഫാന്‍ മാത്രം കറങ്ങുന്നുണ്ട്.ശൂന്യത നിറഞ്ഞ മുറി.ഭിത്തിയില്‍ ദൈവങ്ങളുടെ രൂപങ്ങള്‍ക്ക്‌ അരികില്‍ ഇരിക്കുന്ന അയാളുടെ കണ്ണട.അതിനു സമീപം ഒരു ചിത്രം.
അയാള്‍ എഴുന്നേറ്റ് ആ കണ്ണട ധരിച്ചു ചിത്രത്തിലേക്ക് നോക്കി.
തിരകള്‍ അടങ്ങിയ കടല്‍ തീരത്ത് ,അസ്തമനത്തിന്റെ ചുവപ്പില്‍ ,പുഞ്ചിരിച്ചു കൊണ്ട് തന്നെ നോക്കി കൈ വീശുന്ന മകനും ഭാര്യയും.
അയാളുടെ മനസ്സ് അപ്പോള്‍ ഒരു തീരമായിരുന്നു.ഏകാന്തതയുടെ ,നിശബ്ദതയുടെ ഒരു നീണ്ട കടല്‍ തീരം.
(അവസാനിച്ചു)

By
Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo