The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Sunday, May 5, 2019

പകരം വന്നവൾ.

Image may contain: 1 person, sitting, table and indoor

(ഏതൊരു കുടുംബത്തിലും സംഭവിക്കാവുന്ന ഒരു കഥ!)
06-06-2006- എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സുദിനമായിരുന്നു...! അന്നാണ് ആഡംബരപൂർണ്ണമായ രാജരാജേശ്വരി ഹാളിലെ ശീതീകരിച്ച ആ വിവാഹ മണ്ഡപത്തിൽ വെച്ച്, അതുവരെ എന്റെ മേലുണ്ടായിരുന്ന അവകാശം ബാങ്ക് ഉദ്യോഗസ്ഥനായ 'അശോകിന്റെ ' കൈകളിലേക്ക് 'പുത്തൻ പുരക്കൽ വിശ്വനാഥ മേനോൻ ' ഏല്പിച്ചത്!.
ആ നിമിഷത്തിൽ എന്റെ ഉള്ള് വല്ലാതെ തുടിച്ചിരുന്നെങ്കിലും, ഉടലിൽ അരിച്ചിറങ്ങിയ തണുപ്പ് എന്തോ അരക്ഷിതാവസ്ഥയും എന്നിൽ ഉണ്ടാക്കിയിരുന്നു...! അതുവരെ എന്നെ പൊന്നുപോലെ നോക്കിയിരുന്ന ആളുടെ അടുക്കൽ നിന്നും പുതിയൊരാളുടെ കരങ്ങളിലേക്ക് എന്റെ നിയന്ത്രണം മാറുന്നു എന്ന ചിന്ത എന്നിലപ്പോൾ ചില ആശങ്കകൾ വാരി വിതറി!.
പക്ഷെ അശോകിന്റെ വീട്ടിലെത്തിയപ്പോഴേക്കും ആ വിഷമം എന്നെ വിട്ടൊഴിഞ്ഞിരുന്നു !. ആഡിറ്റോറിയത്തിൽ നിന്നും വീട്ടിലേക്ക് അധികദൂരമില്ലാതിരുന്നിട്ടും, ഒരുമിച്ചുള്ള ആ യാത്രയിൽ എനിക്ക് മനസ്സിലായി അശോകിന്റെ കൈകളിൽ ഞാൻ സുരക്ഷിതയാണെന്ന്... അശോകിന്റെ വീട് കാണുക കൂടി ചെയ്തപ്പോൾ എന്നിലെ സന്തോഷം ഇരട്ടിച്ചു !. നല്ല ഭംഗിയുള്ള വീടും, പരിസരവും... ആദ്യമായാണ് ആ വീട് കാണുന്നതെങ്കിലും ഒട്ടും അപരിചിതത്വം എനിക്കന്ന് തോന്നിയതേയില്ല...! വിശാലമായ മുറ്റവും, അതിന്റെ ഒരു കോണിലായുള്ള പുൽത്തകിടിയും, ചെറു പൂന്തോട്ടവും ഒക്കെ എനിക്കേറെ ഇഷ്ടമായി. ഇനി മുതൽ ഞാൻ കഴിയേണ്ട വീട്...എന്റെ സ്വന്തം വീട് !.
മധുവിധുവിന്റെ ചിറകിലേറി ഊട്ടിയിലും, കൊടൈക്കനാലിന്റെ തണുപ്പിലും ഒക്കെ അലഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു...! ബന്ധുഗൃഹങ്ങളിലേക്കുള്ള വിരുന്നു പോക്കും, അവിടുള്ളവരുടെ സ്നേഹ പരിലാളനയും, ചിലരുടെയൊക്കെ അസൂയ നിറഞ്ഞ നോട്ടവും എല്ലാം ഞാൻ അന്ന് നന്നായി ആസ്വദിച്ചു...!
അന്നൊക്കെ അശോകിന്റെ അമ്മ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു...
" ഇവൾ വന്നതോടെ അശോകിന്റെ ജീവിതത്തിൽ ഒരടുക്കും ചിട്ടയുമൊക്കെ ഉണ്ടായി...അല്ലെങ്കിലെന്നും ബാങ്കിൽ വൈകിയെത്തുന്നതിന്റെ പേരിൽ മാനേജരുടെ പക്കൽ നിന്നും ചീത്ത കേട്ടുകൊണ്ടിരുന്നവനാ... ഇപ്പോൾ ഓഫീസിലെത്തുന്നതിലും, നേരത്തും കാലത്തും വീട്ടിൽ തിരിച്ചെത്തുന്നതിലുമെല്ലാം ആള് കൃത്യനിഷ്ഠയുള്ളവനായി. വീട്ടിലെ ഏക ആൺതരിയല്ലെ എന്തെല്ലാം ജോലികളുള്ളതാ... ഇപ്പം അതിനൊക്കെ സമയം കിട്ടുന്നുണ്ട്... എല്ലാം ഇവളൊരാളുടെ മിടുക്കാ! " അരുമയോടെ എന്നെ തലോടിക്കൊണ്ട് എത്രവട്ടം അമ്മ പറഞ്ഞിരിക്കുന്നു,..എന്നെ പുകഴ്ത്തിയിരിക്കുന്നു!.
വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷവും കുട്ടികൾ ആകാത്തതിൽ അശോകിന് നല്ല വിഷമമുണ്ടായിരുന്നു... ചികിത്സക്ക് വേണ്ടി അക്കാലത്ത് ഞങ്ങൾ അലയാത്ത ആശുപത്രികളില്ല, പ്രാർത്ഥിക്കാനായ് പോകാത്ത അമ്പലങ്ങളില്ലാ...! എങ്കിലും ആ ഒരു സങ്കടം... അതങ്ങനെ തന്നെ നിലനിന്നു.
അങ്ങനെ ഇരിക്കെയാണ് അശോകിന് ജോലിയിൽ പ്രമോഷൻ ലഭിച്ചത്. അതിന്റെ ഭാഗമായി വീട്ടിൽ വച്ച് വലിയൊരു പാർട്ടിയും നടത്തി...ബാങ്കിലെ എല്ലാവരും വന്നിരുന്നു...എന്റെ കുടുംബക്കാരും, അടുത്ത ബന്ധുക്കളും ഒക്കെ അന്നുണ്ടായിരുന്നു.
പക്ഷെ ആ പാർട്ടി എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി...! ചിലരൊക്കെ എന്നെ നോക്കി എന്തൊക്കെയോ അടക്കം പറഞ്ഞു.... എനിക്കെന്തോ അതൊക്കെ കണ്ടപ്പോൾ ഒരു വല്ലായ്മ തോന്നി. ആ ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു പോയ പോലൊരു തോന്നൽ !. ആളുകൾ പിരിഞ്ഞ് തുടങ്ങിയപ്പോൾ അവരെ യാത്രയാക്കാനായ് എന്റെ അരികിൽ നിന്നിരുന്ന അമ്മയെ വിളിച്ച് തെല്ല് മാറ്റി നിർത്തിയിട്ട് അശോകിന്റെ അകന്ന ബന്ധു....തവളക്കുഴീലെ 'പൊന്നമ്മ അമ്മായി' പറഞ്ഞു:
" സരസൂ ഇതിനെ ഇനിയും കൊണ്ടു നടക്കണോ...? നമ്മുടെ അശോകിന്റെ ഇപ്പോഴത്തെ നിലക്കും, വിലക്കും എന്തായാലും ഇവൾ ചേരില്ല...ഇപ്പഴാണെ ഒഴിവാക്കാനായി വല്ല്യ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല... മറ്റ് ബാധ്യതകളും ഇല്ലല്ലൊ. നീ നല്ലോണമൊന്ന് മനസ്സുവെച്ചാൽ നടക്കും. ഈ ഡിസംബർ വരുമ്പം കല്യാണം കഴിഞ്ഞിട്ട് അഞ്ച് കൊല്ലമായി ... ഇനിയും ഇത് വേണോ....? ."
സ്വരം താഴ്ത്തിയാണ് അവരിത് പറഞ്ഞതെങ്കിലും ഞാനത് കേട്ടു...! പിന്നീട് ഒറ്റപ്പെടുത്തലിന്റെയും, അവഗണനയുടേയും, കുറ്റപ്പെടുത്തലിന്റെയും നാളുകളായിരുന്നു... എല്ലാവരും ഓരോരോ കുറ്റങ്ങൾ എന്നിൽ കണ്ടെത്തി.
പക്ഷെ അശോക് എന്നോടൊപ്പം തന്നെ നിന്നു.... ബാക്കി എല്ലാവരും നിർബന്ധിച്ചെങ്കിലും, അക്കൊല്ലത്തെ വർഷാന്ത്യ മെഗാസെയിൽ ഓഫറിൽ എന്നെ എക്സ്ചേഞ്ച് ചെയ്യാൻ അശോക് സമ്മതിച്ചില്ല...! അങ്ങനെ എഴുകൊല്ലം കൂടി ഞാൻ അശോകിനൊടൊപ്പം ഇവിടെ കഴിഞ്ഞു... ഇതിനിടയിൽ അശോകിന്റെയും ലീനാ വിശ്വനാഥിന്റെയും പൊന്നോമനയായി ഉണ്ണിക്കുട്ടനും പിറന്നു... അവന്റെ ചോറൂണിനും "ഞങ്ങൾ " ഒരുമിച്ചാ ഗുരുവായൂർക്ക് പോയത് !.
എന്നാലിപ്പം അശോക് മറ്റൊരുവളെ ഇഷ്ടപ്പെട്ടിരിക്കുവാ... "എർട്ടിഗാ " എന്നോ മറ്റോ ആണ് അവളുടെ പേര്... അവളും എന്റെ കുടുംബക്കാരിയാ !. അവളെ വീട്ടിലേക്ക് കൊണ്ടുവരാനാ അശോകിന്റെ തീരുമാനം "എനിക്ക് പകരക്കാരിയായിട്ട് !.'' ഇപ്പോഴെന്റ സ്ഥാനം പോർച്ചിൽ നിന്നും മാറി
ഈ വീട്ടിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടമായ പുൽത്തകിടിക്കടുത്താണ്...
ഇനി എനിക്കൊരു പ്രാർത്ഥന മാത്രമേയുള്ളൂ...ശേഷിച്ച ജീവിതം കൂടി തുരുമ്പ് കയറാത്ത ബോഡിയുമായി എനിക്കീ വീട്ടിൽ കഴിയണം ...! അതിമോഹമാണോ എന്നെനിക്കറിയില്ല ... പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പ് പറയാം... " മാരുതി 800 " ആയ എന്നെപ്പോലെ കാര്യപ്രാപ്തിയും, ചിലവ് കുറവുമുള്ള മറ്റൊരാളെ അശോകിന് വേറെ കിട്ടില്ല...!എനിക്ക് പകരക്കാരിയാവാൻ ഒരിക്കലും അവൾക്ക് കഴിയില്ല. എത്ര ലിറ്റർ ബൂട്ട് സ്പേസ് കൂടുതലുണ്ടെന്ന് പറഞ്ഞാലും, സീറ്റിംഗ് കപ്പാസിറ്റി അധികമായാലും, ഞാൻ സഞ്ചരിച്ച വഴികളിലൂടെയൊക്കെ അശോകിനോപ്പം പോകാൻ ' എർട്ടിഗ ' ക്ക് കഴിയില്ല...അവൾ ദു:ഖത്തോടെ നെടുവീർപ്പിട്ടു...
അരുൺ -

No comments:

Post Top Ad

Your Ad Spot