നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളൂട്ടി.


റാം, രാവിലെ തൊട്ട് നമ്മുടെ മാളുട്ടിയെ കാണുന്നില്ല. മാളുട്ടിയുടെ ചെറിയ വേർപാട് പോലും ഒട്ടും താങ്ങാനാവാത്ത സുരേന്ദ്രൻ വളരെ വിഷമത്താടെയാണ് അതു പറഞ്ഞത്. ഇടറുന്ന വാക്കുകളിൽ നിന്ന് തന്നേ നന്നായി തിരിച്ചറിയാം അവർ തമ്മിലുള്ള അടുപ്പം.
മാളൂട്ടി എവിടെ പോകാനാണ്.
അവിടെ എവിടെയെങ്കിലും കാണും.
എവിടെയും കാണുന്നില്ല, ബെഡ്റൂമിലും, കിച്ചനിലും, ടെറസിലും, വീട്ടിനു ചുറ്റും എല്ലാം നോക്കിയിട്ട് കാണുന്നില്ല. ഇനി എവിടെ തിരക്കാനാണ്, ഒറ്റയ്ക്ക് വീടുവിട്ട് പുറത്തു പോകാത്ത സ്വഭാവം ആണ് മാളുട്ടിയുടേത് എന്ന് ഞാൻ പറയാതെ തന്നേ റാമിന് അറിയില്ലേ.
അതെനിക്ക് നന്നായി അറിയാം. എൻ്റടുത്ത് വരുന്ന സമയം പോലും കുറച്ചു നേരം
ഇരിയ്ക്കുമ്പോൾ മാളുട്ടി ഒറ്റയ്ക്കാണെന്ന് പറഞ്ഞ് പോകുന്നത് ഞാൻ ഓർക്കുന്നുണ്ട്. അങ്ങിനെയുള്ള മാളുട്ടി നിങ്ങളെ വിട്ട് എവിടെ പോകാനാണ്.
എനിക്കു സംശയം ഇന്നലെ വന്ന നിങ്ങളുടെ സുഹൃത്ത് മനുവിൻ്റെ കൂടെ പോയോ എന്നാണ്.
ഏയ് അവനങ്ങിനെ ചെയ്യില്ല,
എനിക്കെത്ര വർഷമായി അറിയുന്ന ആളാണ്. അങ്ങിനെ അവൻ്റെ ഒപ്പം പോകുമോ, അവർ തമ്മിൽ ഇന്നലെ അല്ലേ ആദ്യമായി കണ്ടത്.
അതേ അവർ തമ്മിൽ ആദ്യമായി കണ്ടത് ഇന്നലെയാണ്, അതും റാം കാരണമാണ്. നിങ്ങൾ എന്തിനാണ് അവനെ ഇന്നലെ രാത്രി എൻ്റെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുവന്നത്. അതല്ലേ ഈ കുഴപ്പത്തിനെല്ലാം കാരണമായത്.
അതിന്നലേ മനു വന്നപ്പോൾ നിങ്ങളോട് രാത്രി എൻ്റെ റൂമിലേയ്ക്ക് വരാൻ പറഞ്ഞതല്ലേ, അപ്പോൾ നിങ്ങൾക്ക് ഒടുക്കത്തെ തിരക്ക്. അതല്ലേ അവനുമായി റൂമിലേയ്ക്ക് വന്നത്. കുറെ നാളു കൂടി മനുവിനെ കണ്ടതിനാൽ നിങ്ങൾ തന്നെയല്ലേ രാത്രി ഭക്ഷണം കഴിയ്ക്കാൻ നിർബന്ധിച്ചത്. നല്ല കപ്പ വേവിച്ചതും, മീൻ കറിയും എല്ലാം സൂപ്പർ എന്നും പറഞ്ഞ് അവൻ കഴിച്ചു കൊണ്ടിരുന്ന നേരമല്ലേ മാളൂട്ടി കടന്നു വന്നത്. പിന്നെ ഭക്ഷണം പോലും കഴിയ്ക്കാതെ മനു മാളൂട്ടിയെ നോക്കിയിരുന്നതിന് നമ്മൾ എത്ര കളിയാക്കി. നിങ്ങൾ സമ്മതിച്ചിട്ടല്ലേ പിന്നെ അവൻ മാളൂട്ടിയുമായി നിന്നും, ഇരുന്നും, ചാരിക്കിടന്നുമെല്ലാം ഒത്തിരി സെൽഫി എടുത്തത്.
അതെല്ലാം ശരിയാണ്, ഇപ്പോൾ തോന്നുന്നു അതിനുള്ള സ്വാതന്ത്യം ഒന്നും
കൊടുക്കണ്ടായിരുന്നു എന്ന്.
പക്ഷെ ഇന്ന് വെളുപ്പിന് ഞാൻ ബാത്ത് റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ മാളുട്ടിയെ ബെഡ്ഡിൽ കണ്ടതാണ്. പക്ഷെ രാവിലെ
തൊട്ട് കാണുന്നില്ല. പിന്നെ ഞാൻ ആരെ സംശയിക്കാനാണ്.
ഒരു കാര്യം ശരിയാണ്. ഇന്നലെ നിങ്ങളുടെ വീട്ടിൽ നിന്നും രാത്രി തിരിച്ചു പോന്നിട്ടും അവൻ മാളുട്ടിയും ആയുള്ള സെൽഫിയും നോക്കിയിരുപ്പുണ്ടായിരുന്നു. മാളൂട്ടിയുടെ വെളുത്ത നിറവും, തിളങ്ങുന്ന കണ്ണുകളും, കുഞ്ഞിച്ചുണ്ടുകളേയും എല്ലാം പറ്റി വിവരിച്ചതിന് ഞങ്ങൾ തമ്മിൽ വഴക്കിട്ടാണ് ഉറങ്ങാൻ കിടന്നത്. മാളുട്ടിയുടെ നഖക്ഷതങ്ങൾ അവൻ്റെ വെളുത്ത കൈത്തണ്ടകളിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നത് കണ്ടിട്ടും കാണാതെ പോലെ ഞാൻ കണ്ണടച്ചു കിടന്നുറങ്ങി.
എപ്പോഴാണ് മനു തിരിച്ചു പോയത്.
ഏകദേശം ഏഴുമണി ആയി കാണും, നിങ്ങളുടെ വീട്ടിൽ കേറി നിങ്ങളോട് യാത്ര പറഞ്ഞിട്ടേ പോകുകയുള്ളു എന്നാണല്ലോ എൻ്റെ റൂമിൽ നിന്ന് ഇറങ്ങുമ്പോൾ പറഞ്ഞിരുന്നത്.
എന്നാൽ മനു വന്ന് ബെല്ലടിച്ചു കാണും, പക്ഷെ ബെൽ കേടായിരിക്കുന്നതു കൊണ്ട് ഞാൻ കേട്ടില്ല, എട്ടു മണിയായപ്പോഴാണ് ഞാൻ ഉണർന്നെണീറ്റത്. അപ്പോൾ തൊട്ട് മാളൂട്ടിയെ തിരക്കി നടപ്പായിരുന്നു. ഏതായാലും എനിക്ക് സംശയം ഒന്നുമില്ല
നൂറു ശതമാനവും അവൾ മനുവിൻ്റെ കൂടെ ഉണ്ടാകും.
എൻ്റെ കൈയിൽ മനുവിൻ്റെ
നമ്പറില്ല, റാം പെട്ടെന്ന് ഒന്നു വിളിച്ചു നോക്കിയിട്ട് വിവരങ്ങൾ തിരക്കി പറയണം.
ശരി, ഞാൻ ഇപ്പോൾ വിളിക്കാം.
ഹലോ മനു,
നീ എവിടെ എത്തി.
ഞാൻ ജോലി സ്ഥലത്ത് എത്താറായി.
എടാ നിൻ്റെ വണ്ടിയിൽ മാളൂട്ടി ഉണ്ടോ?
ഉണ്ട് അവൾ ഫ്രണ്ട് സീറ്റിൽ ഇരുന്ന് പുറത്തെ കാഴ്ചകളും കണ്ടിരിയ്ക്കുന്നു. കുറച്ചു നേരം കണ്ണടച്ചിരുന്ന് ഉറങ്ങും, പിന്നെയും കണ്ണുതുറന്നിരുന്ന് കാഴ്ച കാണും
എടാ മനു നീ എന്തു പണിയാണ് കാണിച്ചത്, സുരേന്ദ്രൻ മാളൂട്ടിയെ കാണാതെ ആകെ വിഷമിച്ചിരിക്കുകയാണ്, എന്നാലും ആരോടും പറയാതെ നീ അവളെ വിളിച്ചു കൊണ്ട് പോയത് ഒട്ടും ശരിയായില്ല. അതെല്ലാം തെറ്റല്ലേടാ.
ഞാൻ തെറ്റൊന്നും ചെയ്തില്ല, അവൾ ഇഷ്ടമുള്ളതുകൊണ്ടല്ലേ എൻ്റെ കൂടെ പോന്നത്. ഏതായാലും പോന്നു ഇനി ഒരാഴ്ച അവൾ എൻ്റെ കൂടെ സന്തോഷത്തോടെ കഴിയട്ടെ, ഞാൻ അടുത്താഴ്ച വരുമ്പോൾ കൂടുതൽ സുന്ദരിയായി അവളെ സുരേന്ദ്രന് തിരിച്ചേൽപ്പിക്കാം.
നിന്നെ സമ്മതിക്കണം മനൂ, എങ്കിലും സുരേന്ദ്രൻ പോലുമറിയാതെ നീ അവളെ എങ്ങിനെ കടത്തികൊണ്ടു പോയി.
അതൊരു കഥയാണ്. ഞാനും
അറിയാതെയാണ് ഇങ്ങിനെയെല്ലാം സംഭവിച്ചത്.
ഞാൻ രാവിലെ യാത്ര പറയാൻ സുരേന്ദ്രൻ്റെ വീട്ടിൽ ചെന്നിരുന്നല്ലോ, ബെല്ലടിച്ചിട്ട് സുരേന്ദ്രൻ എഴുന്നേറ്റില്ല. കാറിൽ നിന്നിറങ്ങിയപ്പോൾ ഫ്രണ്ട്ഡോർ നന്നായി അടഞ്ഞിരുന്നില്ല, ജനൽ ചാടി പുറത്തെത്തിയ മാളൂട്ടി അതിലൂടെ കയറി സീറ്റിൻ്റെ അടിയിൽ എവിടെയോ ഒളിച്ചിരുന്നത് ഞാൻ അറിഞ്ഞത് നൂറു നൂറ്റമ്പത് കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞാണ്.
ഇനി ഇപ്പോൾ എന്തു ചെയ്യും,
സുരേന്ദ്രനോട് എന്തു പറയും.
സുരേന്ദ്രനോട് പറഞ്ഞേക്ക് ഞാൻ അടുത്താഴ്ച വരുമ്പോൾ മാളൂട്ടിയെ തിരിച്ചു കൊണ്ടുവന്നു കൊടുക്കാം എന്ന്. അവനെ പോല തന്നേ പൂച്ചകളുടെ കാര്യത്തിൽ എനിക്കും ഭ്രാന്താണ് എന്ന് അവനോട് പറഞ്ഞേയ്ക്ക്. അല്ലെങ്കിൽ നീ നമ്പർ തന്നാൽ മതി ഞാൻ
അവനോട് വിളിച്ചു പറയാം,
വിഷമിയ്ക്കണ്ട, മാളൂട്ടി എൻ്റെ മുറിയിലെ മറ്റു രണ്ടു പൂച്ചകൾക്കൊപ്പം സുഖമായി ഒരാഴ്ച താമസിച്ചിട്ട് അടുത്താഴ്ച തിരിച്ചെത്തിക്കാം എന്ന്.

By: PS Anil kumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot