Slider

പൊസസീവ്‌നെസ്

0
Image may contain: 1 person, beard
"നിങ്ങൾക്ക് കുട്ടികളോട് സംസാരിക്കാൻ ഒരു സമയക്കുറവുമില്ല, ല്ലേ ? എന്നോടൊന്നു സംസാരിക്കാൻ തുടങ്ങുമ്പോഴേക്ക് തിരക്ക് തന്നെ" . ഭാര്യയുടെ നൊമ്പരവും കുറുമ്പുമെല്ലാം രാജീവ് ആസ്വദിച്ചു ചിരിച്ചു.. സത്യത്തിൽ അവളോടാണ് അയാൾ ഏറ്റവും കൂടുതൽ സംസാരിക്കാറ്. എന്നിട്ടും ?!
കലാലയ ടൂറിന്റെ ഭാഗമായി പളനിയിൽ പോയപ്പോൾ നാടോടി തമിഴത്തിപെണ്ണ് അമീറിന്റെ നെറ്റിയിൽ ചാന്ത് തേക്കാൻ പിറകെ ഓടിയപ്പോൾ (കാശിനു വേണ്ടി അവൾ ഓടിയപ്പോൾ അത് കൊടുക്കാതിരിക്കാൻ ഒരു രസത്തിനു അവനും ഓടി - അത്രയേയുള്ളൂ.) കൂടെയുള്ള അവന്റെ പ്രിയ കൂട്ടുകാരി നീന തമിഴത്തിയെ തീ പാറുന്ന കണ്ണുകൾ കൊണ്ട് നോക്കുകയും കാശ് എടുത്ത് കൊടുത്ത് വേഗം അവളോട് മാറിപ്പോകാൻ പറയുകയും ചെയ്തു. അവൾക്കും അമീറിനും അറിയാം അവളുടെ സീമന്ത രേഖയിൽ വേറൊരാൾ ആയിരിക്കും സിന്ദൂരം ചാർത്തുക എന്ന്. എന്നിട്ടും അവൾക്ക് ആ തമാശ കാണുന്നത് ഇഷ്മായില്ല. അവൾ തന്നോട് സംസാരിക്കുന്നത് പോലെ, തന്നോട് പെരുമാറുന്നതുപോലെ ആരോടും പെരുമാറുന്നത് അവനും സഹിക്കുമായിരുന്നില്ല. ആഴങ്ങളിലാണ്ടുപോയ ഈ വികാരം എന്താണ് ?
അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ അടുത്തിരിക്കുന്ന പ്രിയ കൂട്ടുകാരൻ ജയദേവനോടാണ് എല്ലാ രഹസ്യവും അരുൺ പറയുന്നത്. അതും ചെവിയിൽ തന്നെ പറയണം. എന്നാൽ ഒരു ദിവസം അവൻ കൂടെ കളിച്ചില്ലെങ്കിൽ, തന്നോട് പറയാതെ വേറെ ആരോടെങ്കിലും സ്വകാര്യം പറഞ്ഞാൽ പിണക്കമാവും.. അവനും തിരിച്ചങ്ങിനെ തന്നെ. ചിലപ്പോൾ വഴക്കും അടിയുമാവും...പിറ്റേന്ന് ഇരുവരും മിണ്ടുന്നതുവരെ മാത്രം..ഈ സ്നേഹത്തിന് എന്താണ് പേര് ?!
ഇതാണ് 'പൊസസീവ്‌നെസ്' (മലയാളത്തിൽ വേണമെങ്കിൽ "സ്വന്തമാക്കാനുള്ള ത്വര" എന്ന് പറയാം). പ്രണയത്തിലായിരിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ പൊസസീവ്‌നെസ് അനുഭവിക്കേണ്ടി വന്നതെന്ന് പല "ഇരകളും" പിന്നീട് പറയുന്നത് കേട്ടിട്ടുണ്ട്.. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ വിടാതെ പിടിച്ചു വെക്കാൻ നോക്കുമത്രേ !
കല്യാണം കഴിഞ്ഞാൽ "കിട്ടുന്ന" പൊസസീവ്‌നെസ് പലപ്പോഴും പൊല്ലാപ്പ് പിടിച്ചത് തന്നെയായിരിക്കും. പലർക്കും ഈ പാലം ദിവസേന പലവട്ടം ചാടിക്കടക്കേണ്ടി വരും. പെണ്ണ് "കെട്ടുക" എന്ന് പറഞ്ഞാൽ ശരിക്കും പരസ്പരം കെട്ടിയിടുക എന്ന് തന്നെയാണ്. ചെറിയ തലവേദനയുണ്ട് എന്ന് രാവിലെ ഭാര്യ പറഞ്ഞാൽ ഭർത്താവ് അന്നൊരു നാലു പ്രാവശ്യമെങ്കിലും അതിനെക്കുറിച്ച് ചോദിച്ചില്ലെങ്കിൽ സങ്കടവും ചൊടിച്ചലും വരും..അയാളോട് ഭാര്യ ചോദിച്ചില്ലെങ്കിലും അവസ്ഥ അത് തന്നെ. ഇണകൾക്കിടയിലുള്ള നിർമല സ്നേഹത്തിന്റെ നേർക്കാഴ്ചയായി അതിനെ കാണാം.. പൂച്ചയെ പിടിച്ചുമ്മ വെക്കുന്ന സമയം കൂടി / മൊബൈലിൽ കുത്തുന്ന സമയം കൂടി / കൂട്ടുകാരോടൊത്ത് കടവത്ത് സൊറ പറയുന്ന നേരം കൂടി ഭർത്താവ് തന്നോടൊത്ത് വേണമെന്ന് അവൾ ശണ്ഠ കൂടുന്നതും ഉള്ളിലെ തിളക്കുന്ന സ്നേഹം കൊണ്ടാണ്.
പക്ഷെ, വേറൊരു കെട്ടിയടൽ ഉണ്ട്... അങ്ങോട്ട് തിരിയരുത്, ഇങ്ങോട്ട് തിരിയരുത്, ആരോടും മിണ്ടരുത്, ഒരാളെയും വീട്ടിലേക്കടുപ്പിക്കരുത്, ഒരു പെണ്ണിനെപ്പറ്റിയും/ആണിനെപ്പറ്റിയും നല്ലത് പറയരുത്..ഇത് ഒരു രോഗമല്ലെങ്കിലും രോഗ ലക്ഷണമാവാൻ സാധ്യതയുണ്ട്. ചില പുരുഷന്മാരെങ്കിലും ഈ സമയത്ത് അനുഭവിക്കുന്ന വേറൊരു സങ്കീർണമായ അവസ്ഥയാണ് അമ്മയുടെയും ഭാര്യയുടെയും ഒന്നിച്ചുള്ള പൊസസീവ്‌നെസ്സ്..തങ്ങളോടാണ് ഏറ്റവും കൂടുതൽ അടുപ്പം എന്ന് ഇരുവർക്കും തോന്നുന്ന രീതിയിൽ അയാൾ പെരുമാറിയാൽ പ്രശ്നം തീർന്നു..
ഫേസ് ബുക്ക് സൗഹൃദങ്ങൾക്കിടയിലും പൊസസീവ്‌നെസ് പിരിമുറുക്കി പിറകിൽ ഒളിച്ചു നിൽക്കുന്നുണ്ട്. FB സൗഹൃദം പോലെ തന്നെ ഇവിടെയുള്ള പൊസസീവ്‌നെസും എത്ര മാത്രം "ഒറിജിനൽ" ആണെന്ന് പറയാൻ ബുദ്ധിമുട്ടാണ്. അവരുടെ പോസ്റ്റിന് /മെസ്സേജിന് ഉടൻ കമന്റ് കൊടുത്തില്ലെങ്കിൽ അവർക്കും കിട്ടിയില്ലെങ്കിൽ നമുക്കും വിഷമം തോന്നും. "വയ്യ...വല്ലാത്ത ഛർദ്ദിയും വയറിളക്കവും" എന്ന് പോസ്റ്റിട്ടാൽ "മരുന്നും" കൊണ്ട് "അവരുടെ "പടിഞ്ഞാറെ മുറിയിൽ" പോയില്ലെങ്കിൽ പിണക്കമാവും. സ്വാഭാവികമായും സ്നേഹം കൊണ്ട് തന്നെയാണ്. വിഷമം ഉണ്ടാവുമ്പോൾ തീർച്ചയായും സ്വാന്തനിപ്പിക്കണം.. മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് നീണ്ട, നല്ല കമന്റുകൾ ഇട്ടാലും കുശുമ്പൊക്കെ ഉണ്ടാവും..അയാളോട്/അവളോട് തോന്നുന്ന സ്നേഹം തന്നെയാണ് അടിസ്ഥാനം..കുഴപ്പമില്ല. പക്ഷെ പൊസസീവ്‌നെസ് ആ കടവും കടന്നു അവർക്ക് ഇല്ലാത്ത മേന്മകൾ വാരിക്കൊടുക്കാനും മറ്റുള്ളവരെ ഇകഴ്ത്താനുമുള്ള ഒരു യാത്രയാവരുത്. അത് നമ്മുടെ വ്യക്തിത്വത്തെ തന്നെ തകർത്തു കളയും.
ഇത് ആണും പെണ്ണും മാത്രമുള്ളതാണെന്ന് വിചാരിക്കേണ്ട.. ലഭ്യമായ സ്ഥിതി വിവരണക്കണക്കനുസരിച്ചു പെണ്ണും പെണ്ണും തമ്മിലാണത്രെ ഇവിടെ പൊസസീവ്‌നെസ് കൂടുതൽ... അസൂയ നിറഞ്ഞ ഈ പൊസസീവ്‌നെസ് പടലപ്പിണക്കങ്ങൾക്കും സ്വന്തം "വാളുകൾ" യുദ്ധപ്പറമ്പാക്കാനും അവരെ പ്രേരിപ്പിക്കുന്നു . ആണുങ്ങൾ "ആങ്ങളമാരായി" പക്ഷം പിടിക്കാതെ മാറി നിന്നാൽ, ഒരു കണ്ണീർ മഴ പോസ്റ്റോടുകൂടി അവർ വേദി ഒഴിഞ്ഞു പൊയ്ക്കോളും.
ഇനി ഒരാളെ " പൊസ്സസ് " ചെയ്യാൻ നിങ്ങളുടെ മനസ്സ് പറയുമ്പോൾ ഓർക്കേണ്ട ചില മന്ത്രങ്ങൾ ഉണ്ട്..
1 ) ആദ്യമായി അയാൾക്ക്/അവൾക്ക് നിങ്ങളോടു ഈ വികാരം ഉണ്ടോ എന്ന് കണ്ടെത്തുക (ചിലർക്ക് സ്വാഭാവികമായും മനസ്സിലാവും , എന്നാൽ വേറെ ചിലർ പല്ലു കടിച്ചു കാര്യം തുറന്നു പറയില്ല...). "സംഭവം" ഇല്ലെങ്കിൽ ഒന്നുകിൽ ആ വഴിക്ക് പോകേണ്ട അല്ലെങ്കിൽ "പൂത്തുലയുന്നത് " വരെ ക്ഷമയോടെ കാത്തു നിൽക്കുക.
2) എത്ര അളവിൽ ഉണ്ട് എന്ന് നോക്കുക...അതേ ലിറ്ററിൽ മാത്രം തിരിച്ചു കൊടുക്കുന്നത് അവരുടെയും നിങ്ങളുടെയും ആരോഗ്യത്തിനു നല്ലത്.
3) പൊസസീവ്‌നെസ് ഒരിക്കലും നിങ്ങൾക്ക് മറ്റുള്ളവരെ ഇകഴ്ത്താനുള്ള വഴി ആക്കാതിരിക്കുക..
4) പൊസസീവ്‌നെസ് വളരെ വേഗം നാം "സ്വന്തമാക്കാൻ" ആഗ്രഹിക്കുന്ന ആളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറും..അങ്ങിനെ അസൂയ, സംശയം, വിശ്വാസമില്ലായ്മ ഒക്കെ ചേർന്ന് ചിലപ്പോൾ ബന്ധം തന്നെ തകർന്നു പോകാൻ സാധ്യതയുണ്ട്. ഓരോ വ്യക്തിക്കും അനുപമമായ (unique) ചില സ്വഭാവ സവിശേഷതകകൾ ഉണ്ടാവും. അതറിഞ്ഞു നാം പെരുമാറാൻ പഠിച്ചാൽ ഒരിക്കലും പൊസസീവ്‌നെസ് കൊണ്ട് ഒരു പൊല്ലാപ്പും ഉണ്ടാവില്ല.
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo