Slider

രമേശന്റെ വള്ളികളസം.. (നർമ്മരചന)

0
Image may contain: 1 person, closeup

--------------------------
റാംജി..
ഭൂലോകം അറിയപ്പെടേണ്ട പിശുക്കനാണ് രമേശൻ..
പിശുക്കെന്നുപറഞ്ഞാൽ അറുപിശുക്കൻ..
അവന്റെ ഈ പിശുക്കിന്,ലോക ആദരവും അവാർഡുകളും കിട്ടിയെന്നുപറഞ്ഞാലും,രമേശൻ സ്വീകരിക്കില്ല,
കാരണം അതുവാങ്ങാൻ പോകണേൽ പുതിയകുപ്പായം വാങ്ങണം,ഭൂപടം തെളിയാത്ത നല്ല ചെരുപ്പ്‌ വാങ്ങണം,പിന്നെ വണ്ടികൂലി,വള്ളകൂലി എന്നിങ്ങനെ നാനാവിധചിലവുകൾ,അതൊന്നും മുടക്കിയുള്ള ഒരു സാധനവും രമേശൻ സ്വീകരിക്കില്ല..
കേരളത്തിലെ പലജില്ലകളിലും പണിക്കുപോകാറുള്ള രമേശൻ
പണിക്കൂലിയായി കിട്ടുന്ന പണമൊക്കെ വീട്ടു ചെലവ്‌ കഴിച്ച്‌ ബാക്കിയുള്ളത്‌ വീട്ടിൽപോലും സൂക്ഷിക്കാതെ
തന്റെ പ്രീയപെട്ട രണ്ടു വള്ളികളസങ്ങളിലായി മാറിമാറി സൂക്ഷിക്കും....
പക്ഷെ,കളസത്തിൽ എത്രപണമുണ്ടായാലും നേരെചൊവ്വേ ആഹാരം കഴിക്കാൻപോലും അയാൾ ചിലവാക്കില്ല,എന്നാൽ ആരെങ്കിലും ഓഫർ ചെയ്യുകയാണങ്കിൽ അവരുടെ പേഴ്സിലുള്ള ഗാന്ധിപടം തീരുന്നതുവരെ വച്ചുതട്ടും..
രമേശന്റെ രീതിയെന്തെന്നുവെച്ചാൽ
രാവിലെയും,
രാത്രിയിലും ചെറു കടിയിൽനിന്നും, സുലഭമായി ലഭിക്കുന്ന കുടി വെള്ളത്തിൽനിന്നും, ആവശ്യത്തിൽകവിഞ്ഞ്‌ ഊർജ്ജം സംഭരിച്ചു കൊണ്ട് പണിക്കിടയിൽ മികച്ച പ്രകടനം തന്നെ രമേശൻ കാഴ്ച്ചവെക്കും...
പക്ഷെ, ഉച്ചക്ക്‌ ഒരുനേരം
വയറിനുള്ളിൽ അഞ്ച്‌ ഹോഴ്സ്‌പവറിന്റെ 2 മോട്ടർ പ്രവർത്തിപ്പിച്ച്‌ ശരിപോളിംഗ്‌ നടത്തും..
ഊണായതുകൊണ്ട്‌ രണ്ടും മൂന്നും വട്ടം വാങ്ങാമെല്ലോ..
കാരണം ഊണിനു ഫിക്സഡ്‌ റേറ്റ്‌ അല്ലേ..
ഇതൊക്കെയാണു രീതികൾ.
പുള്ളി ഏതുനാട്ടിൽ പണിക്കുപോയാലും സന്തത സഹചാരികളായി ഒരു വെള്ള കന്നാസും,
രണ്ടു വെള്ള കളസവും ഉണ്ടാകും..
(തുടക്കത്തിൽ കളസത്തിന് മൈദാമാവിന്റെ നിറമായിരുന്നെങ്കിലും..
ഇപ്പോൾ ആകെയങ്ങ്‌ ചുക്കിചുളിഞ്ഞ്‌ ഒരസുഖകാരിയെ പോലെ ആയി,നിറമൊക്കെ മങ്ങി കരിഞ്ഞ ചപ്പാത്തിപോലെ ആയിരിക്കുന്നു,
ഇപ്പോഴത്തെ ലക്ഷണം കണ്ടാൽ അറിയാം ഏറെതാമസിക്കാതെ റാഗിപുട്ടിന്റെ നിറമാകുമെന്ന്....
കളസം മിന്നായം പോലെ കാണുന്ന കാഴ്ചകാർക്ക്‌ പലപ്പോഴും ഉൽപ്രേക്ഷയാണ്...
കാക്കിയാണോ,കാവിയാണോ,കാപ്പിപൊടി നിറമാണോ എന്നോന്നും സ്ഥിതീകരിക്കുവാനാകാത്ത അവസ്ഥ..
അതുപോലെതന്നെ നിറം മങ്ങിയതാണ് പുള്ളിയുടെ കന്നാസും..
അതിൽ ശേഖരിച്ചിരിക്കുന്ന വെള്ളത്തിലാണ് പുള്ളി പലപ്പോഴും വിശപ്പിനെ നിയന്ത്രിച്ചു നിർത്തുന്നത്‌..
ഇനിയുള്ള ഭാഗം അങ്ങ്‌ തലസ്ഥാന നഗരിയിൽ..
തിരുവന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ, നമ്മുടെ "വള്ളികളസം രമേശന്റെ" മുതലാളിക്ക്‌ സിവിലിന്റെ കുറച്ച്‌ കോണ്ട്രാക്റ്റ്‌ വർക്ക്‌ കിട്ടുന്നു..
ജോലികാരെല്ലാം ഉഷാറായി..
ഒന്നുരണ്ടു ദിവസത്തിനുള്ളിൽ അവിടെ ജോലികൾ തുടങ്ങണം.
അടുത്തദിവസം വൈകുന്നേരമായപ്പോൾ
മുതലാളിയുടെ ബൊലോറോ പറഞ്ഞിരുന്ന സ്ഥലത്തുവന്നുനിന്നു..
കളസവും കന്നാസുമായി രമേശൻ പിൻസീറ്റ്‌ കൈയ്യടക്കി ഒരാൾക്കുകൂടി ഇരിക്കാവുന്ന സ്ഥലത്ത്‌ തന്റെ കന്നാസിനെ പ്രതിഷ്ഠിച്ചു...
സ്താവരജംഗമങ്ങളെല്ലാം ഉണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്
മുതലാളിക്ക്‌ അടുത്തിരിക്കുന്ന ആളിനെ
രമേശൻ സൂക്ഷിച്ചു നോക്കുന്നത്‌..
പുതിയ ആളാണെല്ലോ..
ഇയാൾ എന്തിനാ ഇതിനകത്ത്‌ എന്നൊക്കെ ചിന്തിച്ച്‌ ഇരിക്കുന്നതിനിടയിൽ മുതലാളിയുടെ പണിക്കാരെല്ലാം ഹാജരായി..
യാത്രചെയ്ത്‌ കൊല്ലം എത്തിയപ്പോൾ വണ്ടി നിർത്തി മുതലാളിപറഞ്ഞു.
ഇനി നമുക്ക്‌ ആഹാരം കഴിച്ചിട്ട്‌ പോകാം..
അവിടെചെല്ലുമ്പോളേക്കും കുറേരാത്രിയാകും..
വേഗം എല്ലാവരും ഇറങ്ങിക്കോ..
തന്റെ പ്രീയപ്പെട്ട കന്നാസ്‌ സീറ്റിൽവെച്ച്‌ രമേശൻ ചാടിയിറങ്ങി..
ഭക്ഷണത്തിന് സ്വന്തം പണംമുടക്കേണ്ടാ എന്നറിഞ്ഞപ്പോൾതന്നെ പുള്ളി ഉഷാറായി ..
എല്ലാവരോടുമായി മുതലാളി പറഞ്ഞു..
ഈ നിൽക്കുന്നത്‌ നമ്മുടെ സൈറ്റിലെ പുതിയ സൂപ്പർവൈസർ,
പേര് "ഷിജാർ"..
ഇനിമുതൽ ഇദ്ദേഹം പറയുന്നത്‌ നിങ്ങൾ എല്ലാരും കേൾക്കണം..
ഞാൻ ഇടക്കേ വരൂ,
എല്ലാം ഷിജാറിനോട്‌ പറഞ്ഞ്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌....
വരൂ ആഹാരം കഴിക്കാം..
ഇഷ്ടമുള്ളത്‌ എന്താണന്നുവെച്ചാൽ നിങ്ങൾ വാങ്ങി കഴിച്ചോളൂ എന്നുപറഞ്ഞ്‌ പുള്ളി മറ്റൊരു സീറ്റിലേക്ക്‌ മാറിയിരുന്നു..
മുതലാളി കൂടെയുള്ളതിനാൽ മനസിൽ ലഡുപൊട്ടിയ തൊഴിലാളികൾ അതിന്റെ ശബ്ദവും, ഭാവപ്രകടനങ്ങളുമെല്ലാം ഉള്ളിൽതന്നെ ഒതുക്കി
ശാന്ത ഗംഭീരമായ അഭിനയതികവോടെ ഓരോ കസേരകളിൽ ഇടം പിടിച്ചു..
ബെയറർ ആഹാരത്തിന് ഓഡർ എടുക്കുമ്പോൾ ഷിജാർ തൊഴിലാളികളുടെ ഒപ്പമാണ് വന്നിരുന്നത്‌. കഴിക്കുന്നതിനിടയിൽതന്നെ കുറേപേരെ ഷിജാർ പരിചയപെട്ടിരുന്നു.
മുതലാളിവന്നുവിളിച്ചു..
എളുപ്പം വാ നമുക്ക്‌ കുറേദൂരം കുടെ പോകേണ്ടതുണ്ട്‌..
ഈ സമയം നമ്മുടെ രമേശൻ,ഷിജാറിനോടുപോലും പരിചയപെടാൻ സമയമില്ലാതെ ,ഒരു കാട ഫ്രൈയോട്‌ മൽപിടുത്തം നടത്തുകയാണ്..
സ്പോൺസേർഡ്‌ പ്രോഗ്രാം ആയതിനാൽ ഹോട്ടലിലെ മെയിൻ മെനുവിന്റെ ഫോസിലുകൾ മുഴുവൻ രമേശനുചുറ്റും മായി കിടക്കുന്നുണ്ട്‌..
മുതലാളിയുടെ ശബ്ദം കേട്ടതും,ആസ്വദിച്ചുള്ള കഴിപ്പ്‌ മതിയാക്കി
ആർത്തിയോടെ വലിച്ചുവാരിതിന്നു കൊണ്ട്‌ കൈകഴുകുവാൻ പോയി..
ഒരാഴ്ച്ചകൊണ്ട്‌ എല്ലാവരുടേയും സ്വഭാവം ഷിജാർ പഠിച്ചെടുത്തു..
പണിക്ക്‌ ഇറങ്ങുന്നതിനുമുന്നേ 100 രൂഫാ ചിലവുകാശായി എല്ലാവർക്കും കൊടുക്കുന്നത്‌ ഷിജാറാണ്.
വൈകുന്നേരമാകുമ്പോൾ എല്ലാപേരുടേയും പൈസാ തീർന്നാലും രമേശന്റെകയ്യിൽ 65 രൂപയെങ്കിലും മിച്ചമുണ്ടാകും.
ബാക്കിയുള്ള പണികാർക്ക്‌ പൈസാ തികയാതെ വരുമ്പോൾ പാവം രമേശൻ കൈവായിപ്പ കൊടുത്തു സഹായിക്കും.
പരസഹായം ആണന്നു തെറ്റിദ്ധരിക്കണ്ടാ..
കടം വാങ്ങിയവർ നൂറ്റിക്കെട്ട്‌ പലിശവെച്ച്‌ ശമ്പളം കിട്ടുമ്പോൾ രമേശന് കൊടുക്കണം.
അതാണ് വ്യവസ്ഥ.
ആ വകയിൽ വരുമാനം കിട്ടിയാലും.
അതൊന്നും ആഹാരത്തിനായി പോലും ചിലവാക്കാതെ,നേരെ കളസത്തിലേക്ക്‌ അങ്ങ്‌ താഴ്ത്തികളയും.
കുറച്ചുദിവസങ്ങളായി രമേശനെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഷിജാറിന് കാര്യങ്ങളുടെ കിടപ്പ്‌വശം പിടികിട്ടി.
ഓവർടൈം ആയി ജോലിചെയ്യുന്നതിന് മുതലാളി ഫുഡ്‌ ആണ് വാങ്ങികൊടുക്കുന്നത്‌.
അതാകുമ്പോൾ അത്രവലിയതുക കൊടുക്കേണ്ടി വരുന്നതുമില്ല,
തൊഴിലാളികൾക്കും സന്തോഷം..
പക്ഷെ രമേശനേപോലെയുള്ള തൊഴിലാളികൾക്ക്‌ ,വൻ ചെമ്മീൻ കോള് മുക്കുവർക്ക്‌ ലഭിക്കുന്നതുപോലെയാണ് .ഹോട്ടലിലെ മെയിൻ മെനു മുഴുവൻ ടേബിളിൽ നിരക്കും..
ഈ ഭീമമായ തീറ്റിയിൽ മുതലാളിയും ഒന്നും പറയില്ല..
അതുപോലൊരു തീറ്റിദിവസം ഇടക്കുവന്നു
(ഓവർടൈം ഉണ്ടായിരുന്നെന്ന്..
മനസിലായില്ല പാവങ്ങൾ..)
രാത്രി ഒൻപതുമണികഴിഞ്ഞപ്പോൾ ഷിജാർ ഡ്രൈവറോടുപറഞ്ഞു(ഡ്രൈവർ കം പണിക്കാരൻ) എല്ലാവരേയും വിളിക്ക്‌ ഇന്ന് പുറത്തുനിന്നാണ് ഭക്ഷണം.
ഇതുകേട്ട ചിലപണിക്കാരുടെ മനസിലെ ലഡ്ഡു ഒന്നിച്ചുപൊട്ടിയതിനാൽ അവിടം ശബ്ദമുഖരിതമാകുകയും ,ബാക്കിയുള്ള പണിക്കാരും പണികൾനിർത്തി ശബ്ദമെന്താണന്ന് ശ്രദ്ധിക്കുകയും ചെയ്തു..
കാര്യങ്ങൾ ആരും പറയാതെ മനസിലാക്കിയ പണിക്കാർ,പെട്ടന്ന് തന്നെ റൂമിൽപോയി റെഡിയായി.
ഡ്രൈവർക്ക്‌ ആരേയും വിളിക്കേണ്ടിവന്നില്ല,
വണ്ടിയുടെസമീപത്ത്‌ എല്ലാവരും ഹാജരായിട്ടുണ്ട്‌.
ചിലർ ഉടുപ്പിന്റെ ബട്ടൻസ്‌ ഇട്ടിരുന്നില്ല,ചിലർ പാന്റ്‌ തിരിച്ചിട്ടിരിക്കുന്നു, നമ്മുടെ കളസം രമേശൻ വേറൊരാളിന്റെ ചെരുപ്പാണ് എടുത്തണിഞ്ഞിരിക്കുന്നത്‌.
വല്ലവിധേനെയും ഇവിടുന്നുപോയി കഴിച്ചാൽ മതിയെന്ന വെപ്രാളത്തിൽ ഈ മാറ്റങ്ങൾ ഒന്നും ആരും ശ്രദ്ധിക്കുന്നില്ല.
ഷിജാറിന്റെ നിർദ്ദേശപ്രകാരം
തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ ഡ്രൈവർ വണ്ടി ഒതുക്കി.
ഇത്രയും ആളുകളെ ഒന്നിച്ചുകണ്ടതിനാൽ
കൗണ്ടറിൽ ഇരുന്ന ആളിന്റെ മുഖത്ത്‌..
"പൊൽ തിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽ"..
എന്തായാലും അതുപോലെ മിന്നി തിളങ്ങുകയാണ് ഇരുന്നത്‌.
അന്യായ തിളക്കം കണ്ടിട്ട്‌ മുതലാളിയാണന്നുതോന്നുന്നു.
എന്താണന്നറിയില്ല പെട്ടന്നുതന്നെ അയാൾ അടുക്കളയിലേക്ക്‌ ഓടുന്നതുകണ്ടു..
വന്ന പണിക്കാരെല്ലാരും
പലയിടങ്ങളിലായി എല്ലാവരും സ്ഥാനം പിടിച്ചു.
ഫുഡ്‌ പെട്ടന്നുകിട്ടുവാനുള്ള ആക്രാന്തത്താലാണന്നുതോന്നുന്നു,രമേശൻ കിച്ചണിനടുത്തായി തന്നെയായിരുന്നു സീറ്റുപിടിച്ചത്‌.
കളരിമുറകളെല്ലാം കഴിഞ്ഞ്‌ എല്ലാരും റൂമിൽ എത്തിയപ്പോൾ 11 മണികഴിഞ്ഞിരുന്നു.
കണക്ക്‌ ബുക്കെടുത്ത്‌ അന്നത്തെ കണക്കെല്ലാം ഷിജാർ കുറിച്ചുവച്ചു.
ഫുഡ്‌ കഴിച്ച വകയിൽ നല്ലൊരു തുക ആയിരിക്കുന്നു.
ഓവർ ടൈം നേരിട്ട്‌ പണമായി കൊടുത്തിരുന്നെങ്കിൽ ഇതിന്റെ പകുതിപോലും ആകില്ലായിരുന്നു.
നല്ല പിള്ളയാകുന്നതിനും,
ഈ ബൈലോ അഴിച്ചുപണിയുന്നതിനുമായി
പിറ്റേദിവസം തന്നെ മുതലാളിയെ വിളിച്ചു,
തന്ത്രപൂർവ്വമായ ഇടപെടലിൽ പുതിയ ഭരണപരിഷ്കാരം മുതലാളിയെകൊണ്ട്‌ സാധൂകരിച്ചെടുത്തു. (ഇനിമുതൽ ഓവർടൈം ജോലി ചെയ്യുന്നപണം അപ്പോൾതന്നെ കൊടുക്കുന്ന നയം)
ഒന്നു രണ്ടുദിവസം കഴിഞ്ഞു..
വൈകും നേരമായി, കുറച്ചുപണികൾ കൂടെയുണ്ട്‌..
അതുകൂടിചെയ്യു..
വേണ്ടത്‌ ചെയ്യാം എന്ന് ഷിജാർ പറഞ്ഞപ്പോൾ എല്ലാവർക്കും ആവേശമായി..
പൊരിച്ചതും,വറുത്തതും ,കുരുമുളകുപുരട്ടിയതുമൊക്കെ കണ്മുന്നിൽ കണ്ടുകൊണ്ട്‌ പണിക്കാർ അറഞ്ഞു പണിയുകയാണ്. ഇതിനിടയിൽ
രമേശനു ചിലപണികൾകൊടുക്കുവാനുള്ള പദ്ധതികൾ ഷിജാർ ആസൂത്രണംചെയ്തു. ചിന്തകൾ തുടങ്ങിയിട്ട്‌ കുറച്ചുദിവസമായിരുന്നു.
ജോലിക്കാർ പണികളെല്ലാം തീർത്തപ്പോൾ 8 മണിയായി.
ഷിജാർ ഡയറിയെടുത്ത്‌ കണക്കുകൂട്ടി
ഓവർടൈം ആയി ഓരോ ആളിനും നാൽപ്പത്‌ രൂപവെച്ച്‌ കയ്യിൽ കൊടുത്തേക്കാം എന്നു പ്ലാനിട്ടു.
എന്നാൽ
ഈ അവസരം രമേശന് പണികൊടുക്കുവാനായി ഉപയോഗിച്ചുകൊണ്ട്‌ എല്ലാവരും കേൾക്കെ ഷിജാർ പറഞ്ഞു..
നമുക്ക്‌ പുറത്തുനിന്നും ഭക്ഷണം കഴിക്കാം..
എല്ലാവരും വന്ന് വണ്ടിയേൽ കയറ് .
അങ്കപുറപ്പാടിനുപോകുമ്പോൾ ഉത്തരീയം വരിഞ്ഞു മുറുക്കിയാണ് പോകുന്നതെങ്കിൽ,
രമേശൻ കളസത്തിന്റെ വള്ളി അയച്ചുകെട്ടിയായിരുന്നു പോക്ക്‌..
പതിവുപോലെയുള്ള ചടങ്ങുകൾ അവിടെ അരങ്ങേറി..
രമേശനോടൊഴികെ,ബാക്കിയെല്ലാപേരോടുമായി സൂത്രത്തിൽ ഷിജാർ കാര്യങ്ങൾ അവതരിപ്പിച്ചു.
അതുകൊണ്ട്‌,
രമേശൻ ഒഴികെ ബാക്കിയെല്ലാപേരും നോർമ്മൽ ഫുഡ്‌ ഓഡർച്ചെയ്തു..
രമേശൻ ഹെവി വിട്ടുള്ള കളിയില്ല പിറ്റേന്ന് രാവിലേക്കുള്ളതും കൂടി ഇന്നുതട്ടണം എന്നപ്ലാനിൽ ഇരുന്ന് അറയുകയാണ്..
തീരുന്നതിനനുസരിച്ച്‌ അക്ഷയപാത്രത്തിലോട്ട്‌ സപ്ലയർ വന്ന് ഓഡർസ്സാധനങ്ങൾ മറിക്കുന്നുണ്ട്‌..
മറ്റുള്ളവരെല്ലാം കഴിച്ചുതീരാറായങ്കിലും രമേശൻ പിടിവിടുന്നില്ല..
ഷിജാർ കൈകഴുകിവന്നിട്ട്‌ എല്ലാവരുടേയും കയ്യിൽ നാൽപതുരൂപാ വെച്ചുകൊടുത്തു..
തീറ്റികഴിയാത്ത രമേശന്റെ കയ്യിലും നാൽപതുരൂപാ വെച്ചുകൊടുത്തിട്ട്‌ പറഞ്ഞു..
ഓവർ ടൈമിന്റെ കാശാണ്..
സ്തബ്ദനായിപോയ രമേശന്റെ വായിലിരുന്ന് പകുതികടിച്ച തന്തൂരിചിക്കൻ അകത്തേക്ക്‌ കയറുവാൻ ധൃതി കൂട്ടുന്നുണ്ട്‌.
കൈ മുഖത്തിനുനേരേയാണങ്കിലും വായിലേക്ക്‌ നീങ്ങുന്നില്ല കയ്യും വായുമായുള്ള കണക്ഷൻ നഷ്ടപെട്ടവനായിമാറി രമേശൻ..
ആ നിലയെ തകർത്തുകൊണ്ട്‌ ഷിജാർ പറഞ്ഞു വേഗം
ബില്ലടച്ചിട്ട്‌ വണ്ടിയുടെ അടുത്തേക്ക്‌ വാ ഞങ്ങൾ അവിടുണ്ടാകും..
അതും പറഞ്ഞ്‌
ഷിജാർ പുറത്തിറങ്ങിയപ്പോൾ രമേശന്റെ കിളിയെ എല്ലാം അടിച്ചു പറത്തി കൂടുംകുടെ നശിപ്പിച്ചിട്ട്‌ പോയപോലെ തോന്നും..
മേശപുറത്ത്‌ ഒരങ്കത്തിനുള്ള കോപ്പുകൂടിയുണ്ട്‌,
കൂടുനശിച്ച രമേശൻ
അതൊന്നും തിരിഞ്ഞുപോലും നോക്കാതെ യാന്ത്രികമായി അവിടുന്നെണീറ്റ്‌ കൈ കഴുകി
കൗണ്ടറിലേക്ക്‌ ചെന്നു.
അവിടെ രമേശനെ സൽക്കരിച്ച ബെയറർ ഒരു നിറപുഞ്ചിരിയോടുകൂടി ബില്ല് കൈമാറി..
കിളികൂട്‌ തകർന്ന രമേശന് ഇനി എന്തുനഷ്ടപെടാൻ.
ബില്ലുനോക്കി
നിരാശയോടെ കളസത്തിലെ കീശയിൽ നിന്ന് ഗന്ധിപടം എണ്ണി തിട്ടപെടുത്തി,കൗണ്ടറിൽ കൊടുത്തു.
എന്നാലും
470 രൂഫാ ബില്ലടക്കാൻ കാരണകാരനായ ഷിജാറിനേം,അവന്റെ ഗുരുകാരണവന്മാരേം മനസാൽ സ്മരിച്ചുകൊണ്ട്‌, നിർണ്ണായക ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാറുള്ള കടുകട്ടി മന്ത്രങ്ങളിൽ സമം കൊടുങ്ങല്ലൂർ ശ്രുതികളും ചേർത്ത്‌ നല്ല താളബോധത്തോടെ രമേശൻ മനസിൽ താണ്ഡവ നൃത്തം ചവിട്ടി കൊണ്ട്
ഹോട്ടലിന്റെ പടിയിറങ്ങി.
വണ്ടിയുടെ അടുത്തേക്കവൻ നിരാശനായി മെല്ലെ നടന്നു ,
ആ സമയം
ബാക്‌ഗ്രൗണ്ട്‌ മ്യൂസിക്കായി അവിടെ മുഴങ്ങിയത്‌ ;
"ആയിരം മുഖങ്ങൾ ഞാൻ കണ്ടു..
ആയിരവും പൊയ്മുഖങ്ങളായിരുന്നു " എന്ന ഈരടികളായിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo