നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#Sandram Part 14


Part 14
*****************************************************************
ഈ ഭാഗത്തിൽ അല്പ്പം വയലൻസ് ഉണ്ട്. ആദ്യമേ പറയുകയാണ്. വളരേ സെൻസിറ്റീവ് ആയിട്ടുള്ളവരാണെങ്കിൽ ദയവായി സാന്ദ്രയെ കൊല്ലുന്ന സീൻ സ്കിപ്പ് ചെയ്തു വായിക്കാനപേക്ഷിക്കുന്നു. ഇതുവരെ തന്ന കട്ട സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കട്ടെ.
ക്ലൈമാക്സ് പലരും ഊഹിച്ചു കണ്ടെത്തിയെന്നാണു ധരിച്ചിരിക്കുന്നത്. ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. പക്ഷേ ഊഹങ്ങൾ വളരേ അടുത്തെത്തിയിരിക്കുന്നു. ദയവായി അതൊന്നും കമന്റിലിടരുതെന്നപേക്ഷിക്കുന്നു.പ്രേതങ്ങളുമായിട്ടാണ് കളി. ഓർമ്മ വേണം. 
********************************************************************
ജിൻസിയിലൂടെ സാന്ദ്ര കഥ തുടരുന്നു.
“എനിക്കു കിടന്നിട്ടുറക്കം വരുന്നില്ല സാന്ദ്ര.” അയാൾ തുടർന്നു. “ഒരിക്കലും പ്രതീക്ഷിക്കാതെ സംഭവിച്ചതാണിതൊക്കെ. “ അയാളുടെ തല താഴ്ന്നു പോയിരുന്നു.
“എന്നെ കല്യാണം കഴിക്കണമെന്നു ഞാൻ നിർബന്ധിച്ചില്ലല്ലോ ? നിങ്ങളല്ലേ എന്റെ പുറകേ വന്നത് ? ഉപേക്ഷിച്ചു പൊയ്ക്കോളൂ. ഞാൻ വളർത്തിക്കോളാം എന്റെ കുഞ്ഞിനെ.” എന്നു പറഞ്ഞു ഞാൻ. എനിക്കാ വാക്കുകൾ കേട്ടപ്പോൾ വെറുപ്പാണു തോന്നിയത്. എന്തായാലും എന്റെ കുടുംബം താറുമാറായി. ഇനിയിപ്പോ ഇയാളെന്നെ കെട്ടിയില്ലെങ്കിലും പ്രശ്നമില്ലെന്നു ഞാൻ കരുതി. പക്ഷേ
“എനിക്ക് മറക്കാനാവുമോ നിന്നെ ? എന്റെ പ്രശ്നം, ഞാൻ ഇഷ്ടപ്പെട്ട, കൂടെക്കൊണ്ടു നടന്ന ആ ദാവണിക്കാരി പെൺകുട്ടിയല്ല നീയിനി. ഒരമ്മയാകാൻ നീയോ അപ്പനാകാൻ ഞാനോ ആയിട്ടില്ലെന്നൊരു തോന്നൽ...” അതും പറഞ്ഞയാളെന്നെ ആശ്ലേഷിച്ചു. കരയുന്നുണ്ടായിരുന്നയാൾ.
എനിക്കു മനസ്സിലായില്ല. കുഞ്ഞിനെ എന്തു ചെയ്യണമെന്നാണിയാൾ പറയുന്നത് ? എന്നും അയാൾ സ്വപ്നം കാണുന്ന പോലെ ദാവണിക്കാരിയായി നടക്കാൻ പറ്റുമോ ഏതൊരു പെണ്ണിനും ? ഞാനാകെ ചിന്തയിലായി.
അപ്പോഴേക്കും അച്ഛനും ശങ്കുവും കൂടി ആ മനുഷ്യനെ പിടിച്ചു വലിച്ച് പുറത്താക്കി വാതിലടച്ചു കഴിഞ്ഞിരുന്നു.
“നിന്നെ ഇനി എനിക്കു കാണണ്ട!” അച്ഛനെന്റെ മുഖത്തേക്കു പോലും നോക്കാനാവാത്ത വിധം അറപ്പായിരുന്നു. “എനിക്കിനി ഇങ്ങനൊരു മോളില്ല. എന്തിനാ പിന്നേം ഇങ്ങോട്ട് കെട്ടിയെടുത്തത് ? ഇനി ഇവിടെ ഒന്നും ബാക്കിയില്ല. എങ്ങനേലും ഒന്നു ചത്തൊടുങ്ങിയാൽ മതിയെന്നോർത്തു ജീവിക്കുവാ ഞാൻ.”
ഞാൻ ഒന്നേ ചോദിച്ചുള്ളൂ... ഈ ദോഷ ജാതകക്കാരിയെ എന്തിനാ ഇത്രയും വളരാൻ വിട്ടത് ? കൊന്നു കളയാമായിരുന്നില്ലേ ചെറുപ്പത്തിലേ തന്നെ ?
പിന്നെ ഞാൻ അവിടെ നിലത്തു വെറും തറയിൽ ഭിത്തി ചാരിയിരുന്നു . കരച്ചിൽ പോലും വരുന്നില്ല. എന്താണതിനു പറയുക ? വല്ലാതെ മരവിച്ചു പോയിരിക്കുന്നു.
സമയം കടന്നു പോയി. ഞാൻ ആ ഇരിപ്പിൽ തന്നെ തളർന്നുറങ്ങിപ്പോയിരുന്നു.
ഏതാണ്ട് പുലർച്ചയായിക്കാണും. പെട്ടെന്ന് അടിവയറ്റിൽ ഒരു വേദന തോന്നി ഞാൻ ഞെട്ടിയെഴുന്നേറ്റു.
സമയമായിരിക്കുന്നു എന്നെനിക്കു മനസ്സിലായി.
എന്തു ചെയ്യും? ആലോചിച്ചിട്ട് ആകെ ഒരു വഴിയേ കണ്ടുള്ളൂ... ഞാൻ ഫോണിൽ അയാളുടെ നംബർ ഡയൽ ചെയ്തു.
ആ നിമിഷം തന്നെ വാതിലിൽ ഒരു മുട്ടു കേട്ടു.
ഓടിച്ചെന്നു തുറന്നു ഞാൻ. അയാളായിരിക്കുമെന്നാണു ഞാൻ കരുതിയത്... പക്ഷേ...
വാതിൽ തുറന്നതും, എന്റെ നെറ്റിക്കു നേരേ പാഞ്ഞു വരുന്ന ഒരു ഇരുമ്പു ദണ്ഡാണു കണ്ടത്.
അടി കൊണ്ട് പുറകോട്ടു മറിഞ്ഞു വീണു ഞാൻ...ഒരു ശബ്ദം പോലുമുണ്ടാക്കാനാവാതെ...
അപ്പോൾ രണ്ടു മൂന്നു മനുഷ്യർ അകത്തേക്കു കയറി വന്നു.
“ഒരു തന്തയുണ്ട്... അയാളെക്കൂടെ തീർക്കണം...” എന്നെ അടിച്ചവൻ കൂട്ടാളികളോട് നിർദ്ദേശിക്കുന്നതു കേട്ടു.
“പെറാൻ തൊടങ്ങുവാരിക്കും. അല്ലേടീ ?” എന്റെ ഉടുപ്പിൽ ചോരയുടെ നനവു കണ്ട അയാൾ ഭീകരമായി പല്ലിളിച്ചു.
“നീയെവടെ പോയി ഒളിച്ചേക്കുവാരുന്നു ഇത്രേം കാലം ? ഈ അവസാന നിമിഷം വരെ നോക്കിയിരിക്കണ്ട വല്ല കാര്യോമുണ്ടാരുന്നോ ?” എന്റെ അടുത്തു കുനിഞ്ഞിരുന്ന ആ മനുഷ്യന്റെ മുഖം ഞാനന്നു വരെ കണ്ടിട്ടില്ലായിരുന്നു. ഇന്നുമെനിക്കറിയില്ല അതാരാണെന്ന്!
അയാൾ അരയിൽ നിന്നും ഒരു കത്തി വലിച്ചൂരിയെടുക്കുന്നതു ഞാൻ നിർവ്വികാരതയോടെ നോക്കിക്കൊണ്ട് കിടന്നു.... ഞാനിതു മുൻപു പ്രതീക്ഷിച്ചതായിരുന്നല്ലോ. എന്നെ തീർത്തു കളയുമെന്ന് എത്രപ്രാവശ്യമാണയാൾ ഭീക്ഷണിപ്പെടുത്തിയത്. അപ്പോഴേക്കും, നെറ്റിയിലെ മുറിവിൽ നിന്നും രക്തമൊലിച്ചിറങ്ങി എന്റെ കാഴ്ച്ച മറഞ്ഞു.
ആ കത്തി എന്റെ വയറിലേക്കു ചേർത്തു വെച്ച് അയാൾ വീണ്ടും മന്ത്രിച്ചു.
“ഈ കൊച്ചാണെല്ലാത്തിനും കാരണം . ഇതില്ലാരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലാരുന്നു. നിന്നോടിതാദ്യമേ പറഞ്ഞിരുന്നില്ലേ ?”
“പ്ലീസ്... എന്നെ കൊല്ലരുത്... ” ഞാൻ യാചിച്ചു. “കുഞ്ഞുമായി ഞാനെവിടെയെങ്കിലും പോയി ജീവിച്ചോളാം, ഒരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല ഞാൻ...”
“രക്ഷയില്ല കുട്ടി.” അയാൾ എന്നെ തുടരാനനുവദിച്ചില്ല. “കണ്ണടച്ചോളൂ... ഒരു ഇന്ജക്ഷനെടുക്കുന്ന വേദനയേ ഉണ്ടാകൂ... എനിക്കറിയാം. പല പ്രാവശ്യം കുത്തു കിട്ടിയിട്ടുള്ളതാ. ” ചോര കട്ട പിടിച്ച കൺപീലികൾക്കിടയിലൂടെ അയാളുടെ മുഖം ഞാനൊരു പ്രാവശ്യം കൂടി കണ്ടു. ചിരിക്കുകയായിരുന്നു അയാൾ. ആസ്വദിക്കുകയായിരുന്നു...
അപ്പോൾ അച്ഛന്റെ മുറിയിൽ നിന്നും, ഒരാർത്ത നാദം കേട്ടു.
എല്ലാം കഴിഞ്ഞെന്നു മനസ്സിലായെനിക്ക്. എതിർത്തിട്ടു ഫലമില്ലിനി. ഞാൻ കണ്ണുകളടച്ചു.
ഹൃദയത്തിലൂടെയാണാ കത്തി ഇറങ്ങിപ്പോയത്.
അയാൾ പറഞ്ഞതു വളരെ ശരിയായിരുന്നു. ആദ്യം വേദനിച്ചില്ലെനിക്ക്. പക്ഷേ ആ കത്തി ആഴ്ന്നിറങ്ങി പുറകിൽ എന്റെ തോൾപ്പലകയിൽ മുട്ടിയപ്പോൾ അയാൾ അതു പിടിച്ചൊന്നു തിരിച്ചു...
മരണ വേദന എന്നു പറയുന്നതതാണ്. ആ വേദനയോടു കൂടി നമ്മൾ മരിക്കുകയാണ്.
ആ കത്തിയയാൾ വലിച്ചൂരിയെടുത്തതും ഞാനെന്റെ ശരീരത്തിനു വെളിയിലെത്തി. എന്റെ ആത്മാവ് ശരീരം വിട്ടുയർന്നു . വേദനയെല്ലാം പോയി മറഞ്ഞു
താഴെ എന്റെ ശരീരത്തിൽ പലയിടങ്ങളിലും അയാൾ ആ കത്തി കുത്തിയിറക്കുന്നത് ഞാൻ കണ്ടു.
പക്ഷേ എനിക്കു യാതൊരു വേദനയും തോന്നിയില്ല . ഞാനും ആ ശരീരവുമായുള്ള സകല ബന്ധവും അറ്റു പോയിരുന്നു.
ആ ശരീരത്തിനുള്ളിൽ ഒരു കുഞ്ഞു ജീവൻ അപ്പോഴും പിടക്കുന്നുണ്ടായിരുന്നു. അയാളുടെ കത്തിമുന ഓരോ പ്രാവശ്യവും എന്റെ വയറിനു മുകളിലേക്കെത്തിയപ്പോഴും ഞാൻ അലറിക്കരഞ്ഞുകൊണ്ടിരുന്നു... പക്ഷേ ആത്മാവിന്റെ കരച്ചിലല്ലേ... ആരു കേൾക്കാൻ. എന്റെ ശരീരം തികച്ചും ജീവനറ്റു പോയിരുന്നു.
എന്നാൽ, എന്തുകൊണ്ടോ അയാൾ ആ പാതകം ചെയ്തില്ല. എന്റെ വയറിൽ മാത്രം അയാൾ ആ കത്തി കുത്തിയിറക്കിയില്ല. എത്ര ക്രൂരനാണെങ്കിലും ഒരു പിഞ്ചു കുഞ്ഞിനെ കൊന്നു കളയാൻ മനസ്സനുവദി ച്ചില്ലായിരിക്കും.
ഒടുവിൽ പരാക്രമമെല്ലാം അവസാനിപ്പിച്ച് അയാളെഴുന്നേറ്റപ്പോൾ അടുത്ത മുറിയിൽ നിന്ന് ജീവച്ഛവമായ എന്റെ അച്ചനെയും വലിച്ചു കൊണ്ടു വന്ന് എന്റെ ശരീരത്തിനടുത്തു കിടത്തി.
“ആ ചെറുക്കൻ മയങ്ങിക്കിടക്കുവാരിക്കും. അവനെ തട്ടരുത്. ടൂൾസ് എല്ലാം അവന്റെ മുറിയിൽ കൊണ്ടെ ഇടണം. അവനിന്നു വൈകികിട്ട് ഞാൻ നല്ല ഡോസു കൊടുത്തു കിടത്തിയിട്ടുണ്ട്.” എന്നെ കൊന്നവൻ നിർദ്ദേശിച്ചു.
അതിലൊരുത്തൻ എന്റെ കഴുത്തിൽ തൊട്ടു നോക്കുനതു കണ്ടു.
“ഡാ പന്ന... ഫിന്ഗർ പ്രിന്റ് വരുമെടാ ... ” അയാൾ അവനെ തെറി വിളിച്ചു.
“തീർന്നോന്നു നോക്കീതാ. ഈ പെണ്ണുമ്പിള്ള നാളെ എണീറ്റു വന്നാലേ, ഒക്കെ തവിടു പൊടിയാകും.” ആ ചെറുപ്പക്കാരൻ തന്റെ ലുങ്കിയുടെ അറ്റം കൊണ്ട് അവൻ തൊട്ടയിടം തുടച്ചു വൃത്തിയാക്കി.
“ബാ... പോകാം. ” അയാൾ ആ കത്തിയും ഇരുമ്പു ദണ്ഡുമെല്ലാം ശങ്കുവിന്റെ മുറിയിൽ വാതിലിനു മുൻപിലായി വലിച്ചെറിഞ്ഞിട്ടു. എന്നിട്ട് തിടുക്കത്തിൽ തെളിവുകളെല്ലാം നശിപ്പിച്ചു. അവരുടെ കാല്പ്പാടുകൾ, വിരലടയാളം വന്നിരിക്കാനിടയുള്ള സ്ഥലങ്ങൾ.. ഒക്കെ വൃത്തിയാക്കി.
ഈ സമയം വയറ്റിൽ എന്റെ കുഞ്ഞ് ജീവന്മരണ പോരാട്ടത്തിലായിരുന്നു. അതിന്റെ കൈ കാലുകൾ പിടഞ്ഞത് എന്റെ വയറിൽ പ്രതിഫലിച്ചു.
“പ്രസവിക്ക്വോ ?” വേറൊരുത്തന് അതായിരുന്നു സംശയം.
“ഇല്ല, തള്ള ചത്താൽ കൊച്ചും ചാവും. നമുക്കു പോകാം.”
അതും പറഞ്ഞ് ആ മനുഷ്യർ പുറത്തേക്കിറങ്ങി.
അവർ പടിപ്പുര കടന്നതും ഞാൻ എന്റെ ശരീരത്തിലേക്കു തിരിച്ചു പ്രവേശിച്ചു.
ദൈവമേ!! ആ വേദന!!
എന്റെ ശരീരം ഒരു വില്ലു പോലെ വളഞ്ഞു പോയി. ഒരിക്കലും ഒരു സ്ത്രീയും അത്ര വേദന അനുഭവിച്ചിട്ടുണ്ടാകില്ല. 14 കുത്തുകളുണ്ടായിരുന്നു എന്റെ ശരീരത്തിൽ. അതോടൊപ്പം പ്രസവ വേദനയും!! ഊഹിക്കാൻ പോലുമാകില്ല നിങ്ങൾക്ക്!
പക്ഷേ... ആ മൃതപ്രായയായിരുന്ന അവസ്ഥയിലും, ദൈവം എന്റെ കുഞ്ഞിനെ കാത്തു. അധികം വൈകാതെ തന്നെ ഞാൻ എന്റെ മോളെ പ്രസവിച്ചു.“
മാത്യൂസും മറ്റുള്ളവരും ആകെ നടുങ്ങി നില്ക്കുകയാണ്. ആ ഭയാനക രംഗങ്ങളെല്ലാം അവിടെ നിന്ന ഓരോരുത്തരുടെയും മനസ്സിൽ തെളിഞ്ഞിരുന്നു. അവളിതൊന്നു നിർത്തിയിരുന്നെങ്കിൽ എന്നായിരുന്നു ജിൻസിയുടെ പപ്പയുടെ ചിന്ത. അമ്മ നേരത്തേ മുറി വിട്ടു പുറത്തു പോയിരുന്നു.
മാത്യൂസാകട്ടെ, അപ്പോഴും ഒന്നും വിശ്വസിക്കാനാവാത്ത നിലയിൽ തന്നെയായിരുന്നു. അത് ജിൻസി (സാന്ദ്ര) ശ്രദ്ധിക്കുകയും ചെയ്തു.
“പ്രസവം കഴിഞ്ഞതോടു കൂടി എന്റെ ശരീരം തളർന്നു തുടങ്ങി. കണ്ണുകൾ അടഞ്ഞു പോയി. പതിയെ പതിയെ എന്റെ ശരീരത്തിലെ പല ഭാഗങ്ങളും ജീവനറ്റു തുടങ്ങിയത് ഞാൻ മനസ്സിലാക്കി. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഇഞ്ചിഞ്ചായുള്ള മരണം!
ഒരു വലിയ രക്തപ്പുഴയിലൂടെ ഞാനൊഴുകി ഒഴുകി പോകുന്നതായിരുന്നു പിന്നീടുണ്ടായ അനുഭവം. ആ പുഴയിങ്ങനെ അനന്തമായി നീണ്ടു കിടന്നു. ഞാനതിൽ മലർന്നു കിടന്നങ്ങനെ കുറേ ദൂരമെത്തിയപ്പോഴേക്കും, എന്റെ വേദനകളെല്ലാം ശമിച്ചു. ആ പുഴ പതിയെ തെളിഞ്ഞു വന്നു. തെളിഞ്ഞ പളുങ്കു ജലമായി മാറി അത്. അതോടെ എന്റെ മനസ്സും ശാന്തമായി
മുഖത്തെ ഉരസ്സിക്കൊണ്ട് നേർത്ത പഞ്ഞിക്കെട്ടു പോലുള്ള മേഘ ശകലങ്ങൾ. വല്ലാത്ത സുഖമുള്ളൊരു തണുപ്പായിരുനു അപ്പോൾ. ഇടക്കിടെ എന്റെ മുഖത്തേക്ക് മഞ്ഞു തുള്ളികൾ പൊഴിഞ്ഞു വീണു . ഒപ്പം സുഖകരമായൊരു കാറ്റും.
അങ്ങനെ കുറേ സമയം കഴിഞ്ഞ് എപ്പോഴോ ഞാനൊരു കരയിലേക്കൊഴുകി ചേർന്നു.
നിങ്ങൾ കരുതും കൊല്ലപ്പെട്ട ആത്മാവിന് പ്രതികാര വാഞ്ഛയായിരിക്കുമെന്ന്. സത്യം പറയട്ടെ, ആ സമയത്ത് എനിക്കങ്ങനെയുള്ള യാതൊരു ചിന്തയുമുണ്ടായിരുന്നില്ല.
ആദ്യമായി എന്റെ ജീവിതത്തിൽ ഞാൻ മന:സമാധാനമനുഭവിക്കുകയായിരുന്നു. ഇത്രയും സുന്ദരമായൊരു അനുഭവം ഞാൻ ജീവിച്ചിരുന്നപ്പോളുണ്ടായി ട്ടില്ല.
ഇതായിരിക്കും സ്വർഗ്ഗം. ഞാൻ കരുതി. പക്ഷേ അതധികം നീണ്ടു നിന്നില്ല.
പെട്ടെന്നാണെനിക്കെന്റെ മോളെ ഓർമ്മ വന്നത്.
ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു.
തിരിഞ്ഞു നോക്കിയപ്പോൾ അതാ, ധാരാളം വഞ്ചികൾ... തൂവെള്ള നിറത്തിൽ തിളങ്ങുന്ന മനോഹരങ്ങളായ ബോട്ടുകൾ... എല്ലാം കരയിലേക്ക് ഓരോ കയറുകൾ കെട്ടി ബന്ധിച്ചിരുന്നു... അതിലെല്ലാം ഓരോരുത്തർ ഇരുന്ന് എന്നെ നോക്കി പുഞ്ചിരിച്ചു. ചിലർ കൈവീശി.
അപ്പോഴതാ എന്റെ അച്ഛൻ...
എന്റെ കണ്മുൻപിലൂടെ ഒഴുകി ഒഴുകി അകന്നു പോയി അച്ഛൻ . സമാധാനമായി കണ്ണടച്ചു കിടക്കുകയായിരുന്നു അദ്ദേഹം.
ഞാനൊത്തിരി ദൂരത്തെത്തിയെന്നെനിക്കു മനസ്സിലായി.
ഇനി എനിക്കെന്റെ മോളെ കാണാൻ എത്രത്തോളം തിരിച്ചു പോയാലാണ്... പക്ഷേ, ആ ബോട്ടുകളിലിരുന്നവരെല്ലാം എന്നോട് തിരിച്ചു പോകാൻ ആംഗ്യം കാണിക്കുകയാണ്. എന്റെ കുഞ്ഞിനടുത്തേക്ക് തിരിച്ചു പോകാൻ.
ഞാൻ നടക്കാനാരംഭിച്ചു. പുഴയോരം മനോഹരമായിരുന്നു. ഇട തൂർന്നു നില്ക്കുന്ന വൻ മരങ്ങളായിരുന്നു എന്റെ ഇടതു വശത്ത്. മരങ്ങൾക്കടിയിലായി പതു പതുത്ത ഒരു പുല്മെത്തയുണ്ടായിരുന്നു. കാൽ വെക്കുമ്പോൾ കുളിരും നമുക്ക്... ഇടക്കിടെ എനിക്കു വഴി കാട്ടാനായി ഒരു പൂമ്പാറ്റയേയും കണ്ടു. മയില്പ്പീലിയുടെ നിറമായിരുന്നു അതിന്. മരങ്ങൾക്കിടയിലൂടെ കടന്നു വന്ന സൂര്യ രശ്മികൾക്ക് ഇളം നീല നിറമായിരുന്നു. മുകളിലേക്കു നോക്കിയാൽ അറ്റമില്ലാതെ കിടക്കുന്നൊരു പടുകൂറ്റൻ പച്ചക്കുട പോലെ തോന്നിച്ചു ആ വൃക്ഷാഗ്രങ്ങൾ!
പലരേയും കണ്ടു ഞാൻ ആ യാത്രയിൽ. എനിക്കു മുൻപേ വന്നവർ. എന്റെ കൂട്ടുകാർ...എന്റെ അമ്മ...ഞാനേറെ സ്നേഹിച്ച എന്റെ ടീച്ചർമാർ... എന്നല്ല, ഞാൻ ആരെ കാണണമെന്നാഗ്രഹിച്ചോ അവരെയെല്ലാം കണ്ടു ഞാൻ...എല്ലാവരും എന്നോട് പറയാതെ പറഞ്ഞു, “നീ നിന്റെ കുഞ്ഞിനടുത്തേക്കു പോ...”
ഞാൻ ഓടാൻ തുടങ്ങി.
ഓടിയോടി ഞാൻ ഒരു വലീയ താഴ്വരയിലെത്തി. അത്ഭുതം തോന്നി. അശേഷം കിതക്കുന്നില്ല ഞാൻ. യാതൊരു ക്ഷീണവുമില്ലേനിക്ക്! ഞാൻ നിന്നില്ല. വീണ്ടും വീണ്ടും ഞാൻ വേഗത കൂട്ടിക്കൊണ്ടിരുന്നു... ഒടുവിൽ ഞാൻ ഒരു പാറക്കെട്ടിനു മുകളിലെത്തിയതും, നിലത്തു നിന്നും ഉയർന്നു പൊങ്ങി .
പിന്നെയുള്ള യാത്ര പറന്നായിരുന്നു.
എനിക്കു താഴെ ആ പുഴയിലെ വെള്ളം നിറം മാറിക്കൊണ്ടിരുന്നു... അതിൽ ചോര നിറം കലരും തോറും ചുറ്റുമുള്ള മനോഹര കാഴ്ച്ചകളിലും ചുവപ്പു പടരാൻ തുടങ്ങി...പതിയെ പതിയെ ഞാൻ നിങ്ങടെയീ ക്രൂര ലോകത്തേക്കു വീണ്ടും വന്നെത്തുകയായിരുന്നു.
എന്റെ വീടു ഞാൻ കണ്ടു.
“ഈശ്വരാ... എന്റെ കുഞ്ഞ്...” ഞാൻ ഭയപ്പാടോടെ താഴെയെത്തിയപ്പോൾ...
എല്ലാം കഴിഞ്ഞിരുന്നു...
തകർന്നടിഞ്ഞു കിടക്കുകയായിരുന്നു എന്റെ വീട് !!
ഞാൻ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചെത്തിയെന്നു കരുതിയത് സത്യത്തിൽ വർഷങ്ങൾക്കു ശേഷമായിരുന്നു!!
മരണാനന്തര ജീവിതത്തിൽ ‘സമയം’ എന്നൊരു കോൺസെപ്റ്റ് തന്നെയില്ല എന്നു ഞാൻ മനസ്സിലാക്കിയതപ്പോഴായിരുന്നു. നിങ്ങൾക്കൊരു പക്ഷേ വർഷങ്ങൾ കടന്നു പോയാലും, എനിക്കത് ഒരു നിമിഷമായേ തോന്നൂ...
എന്റെ മോളില്ലായിരുന്നെങ്കിൽ ഞാനൊരിക്കലും തിരിച്ചു വരില്ലായിരുന്നു. പ്രതികാരം ചെയ്യാനൊന്നും എനിക്കു യാതൊരു ചിന്തയുമുണ്ടായിരുന്നില്ല.
പക്ഷേ, എന്റെ കുഞ്ഞ്... ഒരമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മരണം കൊണ്ടു പോലും പിരിക്കാനാവില്ല . ഗർഭത്തോടെ മരിച്ചു പോകുന്ന അമ്മമാർ, ഒരിക്കലും കുഞ്ഞുങ്ങളെ വിട്ടു പോകുന്നില്ല ...
ഞാനാ നിമിഷം മുതൽ എന്റെ കുഞ്ഞിനെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു. ഒരു പ്രാവശ്യം കൂടി ആ കുഞ്ഞു മുഖമൊന്നു കാണാനായി എന്തും ചെയ്യാനൊരുക്കമായിരുന്നു ഞാൻ.
പക്ഷേ, ഒരാത്മാവിന് എളുപ്പമായിരുന്നില്ല അത്. കഥകളിൽ നിങ്ങൾ വായിച്ചിട്ടുള്ളതു പോലൊന്നുമല്ല. ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്കെന്റെ മോളെ കണ്ടെത്താനായിട്ടില്ല. ഇന്നു വരെയും. അവൾ മരിച്ചിട്ടില്ല. എനിക്കുറപ്പാണ്. പക്ഷേ...എവിടെയാണവൾ ? എനിക്കറിയില്ല...
അതോടെ എനിക്ക് പകയായി.
ഞാൻ പ്രതികാര ദാഹിയായി എന്നെ കൊന്നവനെയല്ല, കൊല്ലാൻ ആജ്ഞാപിച്ചവനെയായിരുന്നു എനിക്കു വേണ്ടിയിരുന്നത്. ഞാനനുഭവിച്ചതിനേക്കാൾ ക്രൂരമായി അവനെയും അവസാനിപ്പിക്കണമെന്നു ഞാൻ തീരുമാനിച്ചു.
ഇനി എന്റെ ലക്ഷ്യമതാണ്... അവൻ എല്ലാം നഷ്ടപ്പെട്ട്... പിടഞ്ഞു പിടഞ്ഞു മരിക്കണം. എന്നോട് ജീവനു വേണ്ടി യാചിക്കണം...അതാണിനിയെന്റെ ലക്ഷ്യം!!
അവൾപറഞ്ഞവസാനിപ്പിച്ചെന്നു തോന്നി. പല്ലു കടിച്ചു പിടിച്ച് മൗനയായിരിക്കുകയാണ് ജിൻസി.
“എനിക്കു സംസാരിക്കാമോ ജിൻസിയോട് ?” മാത്യൂസ് ഡോക്ടറുടെ അനുവാദം തേടി.
“മിസ്റ്റർ മാത്യൂസിന് എന്തു ചോദിക്കണമെങ്കിലും എന്നോട് നേരിട്ടു ചോദിക്കാം.” സാന്ദ്രയാണതിനുത്തരം പറഞ്ഞത്. “ ഹിപ്നോട്ടിസത്തിന്റെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല.”
“കുട്ടി പറയുന്നതൊക്കെ സത്യമാണെന്നു തന്നെയിരിക്കട്ടെ. ഇതെല്ലാം എന്നോട് പറയാനുള്ള കാരണം ? എനിക്കീ വിഷയത്തിൽ എന്തു ബന്ധം ?”
“ഓ...നിങ്ങൾക്കീ വിഷയത്തിലുള്ള ബന്ധം... എല്ലാം അവസാനിച്ചു കഴിയുമ്പോൾ നിങ്ങൾക്കതു മനസ്സിലാകും.”
“കുട്ടി പറഞ്ഞ പ്രകാരമാണെങ്കിൽ, ആ സ്ഥലം എന്റെ സ്റ്റേഷൻ പരിധിയിലല്ല. എനിക്കീ കേസന്വേഷിക്കാൻ നിവൃത്തിയില്ല. ശങ്കു വിനെ രക്ഷിക്കാനാണ് എന്നെ കൂട്ടു പിടിക്കുന്നതെങ്കിൽ, അതൊന്നും എന്നെക്കൊണ്ടാകുന്ന കാര്യമല്ല. പോലീസ് പ്രോട്ടോക്കോൾസ് പ്രേതങ്ങൾക്കറിയുമോ എന്നെനിക്കറിയില്ല. പക്ഷേ ടെക്ക്നിക്കലി ഇതൊന്നും എന്നെക്കൊണ്ടാവുന്ന കാര്യമല്ല.” അവസാന ഭാഗം പറഞ്ഞപ്പോൾ മാത്യൂസിന്റെ ചുണ്ടിൽ ഒരു ചിരി വന്നു മറഞ്ഞു.
“നീ എന്നെ പരിഹസിക്കുകയാണ്. എപ്പോഴും! ” അവൾക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു. ഡോക്ടർ ജാഗരൂകനായി. “ഞാൻ പറഞ്ഞ ഒന്നും നീ വിശ്വസിച്ചിട്ടില്ല. എനിക്കറിയാം. പക്ഷേ, ഞാൻ കുറ്റം പറയുന്നില്ല. സമയമെടുക്കും ഇതൊക്കെ ഉൾക്കൊള്ളാൻ. പക്ഷേ, എന്നെങ്കിലും ഞാൻ പറയുന്നതിലെ സത്യാവസ്ഥ ബോധ്യപ്പെട്ടാൽ, ദയവു ചെയ്ത് ശങ്കുവിനെ ഈ കുരുക്കിൽ നിന്നു മോചിപ്പിക്കണം. കഴിഞ്ഞ 4 വർഷമായി അവൻ ------ ജെയിലിലെ സൈക്ക്. വാർഡിലാണ്. തികഞ്ഞ മനോരോഗിയായിക്കഴിഞ്ഞിരിക്കുന്നു അവൻ.പക്ഷേ... ഇനിയും വൈകിയിട്ടില്ല. ഒരവസരം കൂടി അവനു കൊടുക്കണം.അതിനാണു ഞാൻ നിങ്ങളെ സഹായത്തിനു വിളിച്ചത്. എന്തൊക്കെയായാലും, ഞാൻ ബഹുമാനിക്കുന്ന വളരെ സത്യ സന്ധനായൊരു ഉദ്യോഗസ്ഥനാണു നിങ്ങൾ.”
“ഓക്കേ...” മാത്യൂസിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു. അയാൾ പോക്കറ്റിൽ നിന്നും ഒരു പാഡും പേനയുമെടുത്തു. “താങ്കൾ പറഞ്ഞ കഥയിലെ കഥാപാത്രങ്ങളുടെയെല്ലാം ഒരു ലിസ്റ്റ് എനിക്കു വേണം. വളരെ വ്യക്തമായ അഡ്രസ്സ്. ഡീറ്റയിൽസ്... ഒക്കെ വേണം.”
“ഹ ഹ ഹ !!” അവൾ പൊട്ടിച്ചിരിച്ചു “എന്നെ ചതിച്ചവനെ... അതു പോലെ തന്നെ എന്നെ കൊന്നവനെ...ഒക്കെ എനിക്കു വിട്ടേക്കൂ സർ. അവരെ കൈകാര്യം ചെയ്യുന്നത് പോലീസോ ജുഡീഷ്യറിയോ ഒന്നുമായിരിക്കില്ല. അവരുടെ യാതൊരു ഡീറ്റയിൽസും എന്നോടു ചോദിക്കണ്ട. പകരം, ഞാൻ വേറൊരാളുടെ പേരു പറയാം. ഡോ. കുരുവിള. അയാളാണ് ശങ്കുവിന്റെ ഡോക്ടർ... അയാളുടെ റിപ്പോർട്ടിൻ പ്രകാരമാണ് കോടതി അവനെ സെല്ലിലടച്ചത്. ജീവ പര്യന്തം! അയാളെ പോയി കണ്ട് ഒരു പക്ഷേ .... “ അവൾ പെട്ടെന്ന് സംസാരം നിർത്തി താഴേക്കു നോക്കിയിരുന്നു. പിന്നെ പതിഞ്ഞ ശബ്ദത്തിൽ തുടർന്നു. “ചിലപ്പോ ഒക്കെ വെറുതെയായിരിക്കും. അവനെ മോചിപ്പിക്കാൻ ചിലപ്പോ ആർക്കും കഴിയില്ലായിരിക്കും. എങ്കിലും നിങ്ങൾ പരിശ്രമിക്കും എന്നു ഞാൻ പ്രതീക്ഷിക്കുകയാണ് മി. മാത്യൂസ്.”
“നൺ ഓഫ് ദിസ് മേക്സ് സെൻസ്!” മാത്യൂസ് ഡോക്ടറുടെ തോളിൽ തൊട്ടു. “ ഒന്നു പുറത്തേക്കു വരുമോ ? ഒരു കാര്യം ചോദിക്കട്ടെ.”
രണ്ടാളും പുറത്തേക്കിറങ്ങിയതും ഡോക്ടർ ചിരിയോടെ ചോദിച്ചു.
“മി. മാത്യൂസിന് ഇപ്പൊ എങ്ങിനെയാ പ്രേതങ്ങളിലൊക്കെ വിശ്വാസമുണ്ടോ ?”
താൻ നേരത്തെ ചോദിച്ച ചോദ്യം അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ഡോക്ടർ. മാത്യൂസിന് പക്ഷേ അതിഷ്ടപ്പെട്ടില്ല.
“ആ കൊച്ച് പറഞ്ഞതൊക്കെ സത്യമാണെന്ന് തോന്നുന്നുണ്ടോ ഡോക്ടർക്ക് ? ”
“ഞാൻ നേരത്തെ പറഞ്ഞല്ലോ മാത്യൂസ്. നമ്മളൊക്കെ സയൻസ് പഠിച്ചവരാണ്. ഇതൊന്നും പെട്ടെന്ന് ഉൾക്കൊള്ളാനാവില്ല. പക്ഷേ, ദൈവം നമുക്ക് വിവേചിച്ചറിയാനുള്ള ഒരു കഴിവു തന്നിട്ടുണ്ടെന്നാണെന്റെ വിശ്വാസം. സംശയമുള്ള കാര്യങ്ങൾ നമുക്ക് deduce ചെയ്തു കണ്ടെത്താനാകും. അതാണല്ലോ മാത്യൂസിന്റെ ജോലിയും. ഈ സെഷൻ കഴിഞ്ഞ് മാത്യൂസ് ഒന്നന്വേഷിച്ചു നോക്കൂ. ആ സ്ഥലപ്പേരു കിട്ടിയല്ലോ നമുക്ക്. സാന്ദ്ര എന്നൊരു പെൺകുട്ടിയുടെ കൊലപാതക കേസ് ഉണ്ടോ എന്നന്വേഷിച്ചാൽ മതിയല്ലോ. പിന്നെ ആ ഡോക്ടറെ അന്വേഷിച്ചാൽ, ശങ്കു എന്നൊരാളുണ്ടോ എന്നും കിട്ടും. ആ, അതു പറഞ്ഞപ്പഴാ ഓർത്തത്. എന്റെ അറിവിൽ കേരളത്തിൽ ഈ ഫീൽഡിൽ ഒരേ ഒരു ഡോ. കുരുവിളയേ ഉള്ളൂ. അയാളെ തപ്പിയെടുക്കാൻ എനിക്കെളുപ്പമായിരിക്കും.
മാത്യൂസ് ആലോചനയോടെ തലയാട്ടി. “ആ മരണാനന്തര അനുഭവം കേട്ടിട്ട് ഞാൻ മുൻപു വായിച്ച ഏതോ പുസ്തകം പോലെ തോന്നി. എന്റെ അഭിപ്രായത്തിൽ ആ കുട്ടി വായിച്ച ഏതോ ബുക്കോ , കണ്ട ഏതോ പ്രേത സിനിമയോ അവളെ സ്വാധീനിച്ചിരിക്കണം. അതിന്റെ ഒരു മാനിഫെസ്റ്റേഷനായിരിക്കണം നമ്മളീ കണ്ടതെല്ലാം.”
“പോസ്സിബിൾ!.” ഡോക്ടർ സമ്മതിച്ചു. “പക്ഷേ നമുക്കന്വേഷിക്കാമല്ലോ. ”
“ഷുവർ! നാളെത്തന്നെ ഞാൻ ആ സ്റ്റേഷനിലേക്കു വിളിച്ചന്വേഷിക്കുന്നതായിരിക്കും. അവിടത്തെ എസ് ഐ എന്റെ അടുത്ത സുഹൃത്താ. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നതാ ട്രെയ്നിങ്ങിൽ.”
“ആഹാ! അപ്പോ കാര്യങ്ങൾ എളുപ്പമായല്ലോ. ഞാനും വന്നാലോ ?” ഡോക്ടർ ചോദിച്ചു.
മാത്യൂസ് പുഞ്ചിരിയോടെ അതു തള്ളിക്കളഞ്ഞു. “ഒഫിഷ്യൽ പോലീസ് ബിസിനസ്സിൽ ഞാൻ ആരെയും പുറത്തു നിന്ന് എന്റർടെയ്ൻ ചെയ്യാറില്ല ഡോക്ടർ. സോറി.”
“ഓക്കേ! നോ ഇഷ്യൂസ്... ലെറ്റ്സ് ഗോ ഇൻസൈഡ്. നമുക്കീ സെഷൻ അവസാനിപ്പിക്കാം. എന്റെ എക്സ്പീരിയൻസിൽ ആദ്യമായിട്ടാണ് ഇങ്ങനെ മണിക്കൂറുകൾ നീണ്ട ഒരു ഹിപ്നോട്ടിക്ക് സെഷൻ.” ഡോക്ടർ വീണ്ടും കൺസൾട്ടിങ്ങ് റൂമിലേക്കു കടന്നു.
“മി. മാത്യൂസ്!” സാന്ദ്ര വിട്ടു പോയിട്ടുണ്ടായിരുന്നില്ല. “ വിശ്വാസം വന്നിട്ടില്ലല്ലേ ? സിനിമാക്കഥയാണല്ലേ ഇതൊക്കെ ? ഹ ഹ ഹ ! എന്നാൽ ഇനി അധികം സമയം കളയണ്ട. വേഗം പൊയ്ക്കോളൂ... സുഹൃത്തിനെ പിക്ക് ചെയ്യണ്ടേ ? മലേഷ്യൻ വിമാനം ഇപ്പൊ വന്നിറങ്ങും!”
“ങ്ഹേ!“ മാത്യൂസ് ഞെട്ടി.
ഇതെങ്ങനെ ??
“ഓക്കേ അപ്പോ... എല്ലാരോടും വിട. ഞാനിനി ഒരിക്കലും ജിൻസിയെ ബുദ്ധിമുട്ടിക്കില്ല. ഇതെല്ലാം ഓരോ പ്രത്യേക സാഹചര്യങ്ങൾ കൊണ്ടുണ്ടായതാണ്. അല്ലാതെ എനിക്കോ ജിൻസിക്കോ തമ്മിൽ യാതൊരു ബന്ധവുമില്ല. ജിൻസി മോൾ ഇനി മുതൽ പഠിച്ച് മിടുക്കിയായി വളർന്നോളും. എന്റെ യാതൊരു ശല്യവുമുണ്ടാകില്ല. ഒന്നുമില്ലെങ്കിലും, അവളെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന നല്ല ഒരപ്പനും അമ്മയുമുണ്ടല്ലോ അവൾക്ക്. സ്വഭാവത്തിൽ ഒരല്പ്പം വ്യത്യാസം വന്നപ്പോഴേക്കും അത് വിദഗ്ധമായി കൈകാര്യം ചെയ്യാൻ അവർ കാണിച്ച ആ നല്ല മനസ്സ് എത്ര അഭിനന്ദിച്ചാലും മതിയാകില്ല ...എല്ലാർക്കും എന്റെ നന്ദി. പോകുന്നു. ഗുഡ് ബൈ!”
ജിൻസി വീണ്ടും സോഫയിലേക്കു ചാഞ്ഞു.
സാന്ദ്ര പോയിക്കഴിഞ്ഞിരുന്നു.
മാത്യൂസ് വാച്ചിൽ നോക്കി.
ഫാമിലിയുമായി എയർ പോർട്ടിൽ പോകാനായിരുന്നു പ്ലാൻ. പക്ഷേ, വൈകിയിരിക്കുന്നു. ഇനിയിപ്പൊ ഇവിടുന്ന് നേരെ ചെന്ന് റോബിയെയും നീനയെയും എടുക്കാം. അയാൾ തീരുമാനിച്ചു.
എന്നാലും, ആ കുട്ടിയെങ്ങനെ തന്റെ എയർപോർട്ട് യാത്ര അറിഞ്ഞെന്നത് അയാൾക്കൊരത്ഭുതമായി അവശേഷിച്ചു.
***** ***** ***** ***** ***** ***** ***** *****
മാത്യൂസിന്റെ കാർ എയർ പോർട്ടിനകത്തേക്ക് കയറിയതും റോബിയുടെ കോൾ വന്നു. അവർ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.
“സോറീടാ...ഒരു ചെറിയ പ്രേതബാധ ഒഴിപ്പിക്കാനുണ്ടായിരുന്നു.” മാത്യൂസ് ചിരിച്ചു. പ്രേതം എന്ന വാക്കു കേട്ടതും അവരുടെ രണ്ടു പേരുടേയും മുഖം വിളറിയതയാൾ ശ്രദ്ധിച്ചു.
“എന്തു പറ്റി രണ്ടിനും ? ഹണിമൂണിനു പോയി അടിയായോ ? ”
മറുപടിയില്ല.
എന്തോ പന്തികേടു തോന്നി മാത്യൂസിന്.
“പറയണില്ലെങ്കി പറയണ്ട. ഒരാഴ്ച്ചാന്നു പറഞ്ഞു പോയിട്ട് പെട്ടെന്നു തന്നെ ഇങ്ങു പോന്നല്ലോ. അതുകൊണ്ട് ചോദിച്ചതാ.”
“ഒന്നൂല്ല മത്തായി. നീ വണ്ടിയോടിക്ക്. ചുമ്മാ ഓരോ പ്രശ്നങ്ങൾ. നിനക്കതൊന്നും പറഞ്ഞാ മനസ്സിലാവില്ല. എന്നല്ല, നീ വിശ്വസിക്കില്ല.”
“അതു കള നീ. ഈയിടെയായി അവിശ്വസനീയമായ പലതും നടക്കുന്നുണ്ട് ഇവിടെയും. - നീന പറ. എന്താ പറ്റിയേ ? എന്താ ഇങ്ങനെ മോന്ത വീർപ്പിച്ചിരിക്കുന്നേ ?”
“അവൾടെ കയ്യിലൊരു വിത്തുണ്ടായിരുന്നു.“ റോബിയാണ് മറുപടി പറഞ്ഞത് ”ദാണ്ടെ എയർ പോർട്ടിൽ വന്നപ്പോ അവരതു വാങ്ങി വെച്ചു. അങ്ങനെ ഫോറിൻ ചെടികളും വിത്തുകളുമൊന്നും ഇങ്ങോട്ടു കടത്തുന്നത് പെർമിറ്റഡ് അല്ലത്രേ.“
”അതു പിന്നെ പുതിയ സംഭവമാണോ ? വേറേ രാജ്യങ്ങളിലെ ചെടികളും മൃഗങ്ങളെയുമൊക്കെ ഇങ്ങോട്ടു കടത്തുന്നതിന് നിയന്ത്രണമുണ്ട്. നിന്റെ ടിക്കറ്റീ തന്നെ എഴുതിയിട്ടുണ്ടാകുമല്ലോ. എന്ത് വിത്താ ഇത്ര കഷ്ടപ്പെട്ട് മലേഷ്യേന്നു ചുമന്നോണ്ട് വന്നത് ?“
വീണ്ടും മറുപടിയില്ല.
“ദേ ഞാനീ കോപ്പ് നിർത്തി രണ്ടെണ്ണത്തിനേം റോട്ടിലെറക്കിവിടും പറഞ്ഞേക്കാം.” മാത്യൂസിനു കലി വന്നു.
“മത്തായി...” റോബി സംസാരിച്ചു തുടങ്ങി. “ലോങ്ങ് ട്രിപ്പല്ലാർന്നോടാ... നല്ല ക്ഷീണമുണ്ട്. ഞങ്ങൾ അടിച്ചു പിരിഞ്ഞൊന്നുമല്ല അവിടുന്നു പോന്നത്. അതോർത്തു നീ പേടിക്കണ്ട. ഞങ്ങൾക്ക് അവിടം ശരിയാവില്ലെന്നു തോന്നി. അത്ര തന്നെ. ഉദ്ദേശിച്ച പോലൊന്നും ഒരു രസവുമില്ലാരുന്നു. നീന ഫുഡ് പോയ്സണടിച്ച് ഹോസ്പിറ്റലിലായി. ആകെ ഒരു മാതിരി...”
“ഉം...” മാത്യൂസ് ഒന്നിരുത്തി മൂളി. ഒരു പോലീസുകാരനോടാണ് കള്ളം പറയുന്നതെന്ന് ഇവനെന്താ ഓർക്കാത്തത് ? അയാൾക്കത്ഭുതം തോന്നി.
അപ്പോൾ ഫോണടിച്ചു. ബ്ലൂടൂത്ത് വഴി ഫോൺ കാറിന്റെ സ്പീക്കറിൽ കേൾക്കാം.
“ഹലോ...പറയൂ സർ!” സീ ഐ ആണെന്ന് നംബർ കണ്ട് മനസ്സിലാക്കിയിരുന്നു അയാൾ.
“മത്തായി... ഒരു കാര്യൊണ്ട്! നീ വണ്ടിയോടികുവാണെങ്കി ഒന്ന് നിർത്ത്. ഇത്തിരി സീരിയസാ.”
അയാൾ വേഗം തന്നെ വണ്ടി സൈഡൊതുക്കി.
“ആ റെജിയില്ലേ ... മറ്റേ ഡ്രഗ് കേസ്...?”
“ഉവ്വ്... എന്തു പറ്റി സർ ?” മാത്യൂസിന് അപകടം മണത്തു കഴിഞ്ഞു.
“അവനെ ബാംഗ്ലൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയാരുന്നല്ലോ.”
“അതേ...വേഗം പറ സർ!”
“അവൻ ഇത്തിരി മുൻപ് ചാടിപ്പോയെടോ!”
നടുങ്ങിപ്പോയത് മാത്യൂസ് മാത്രമായിരുന്നില്ല.
(തുടരും...)

Biju and Alex

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot