Slider

സാന്ദ്രം - Part 9

0
Part 9
8:30
മാത്യൂസ് തിരക്കെല്ലാം കഴിഞ്ഞ് തന്റെ ഫോൺ ചെക്ക് ചെയ്തു.
30 മിസ്സ്ഡ് കോളുകൾ!
മിക്കതും റോബിയുടെ ലാൻഡ് ലൈനിൽ നിന്നാണ്.
മാത്യൂസ് അമ്പരന്നു. ഇവനിതെന്തു പറ്റി ?
“ഹലോ ?”
“എവടാരുന്നെടാ നീ ?? ” റോബി അലറുകയായിരുന്നു. “എത്ര നേരം കൊണ്ട് വിളിക്കുന്നു നിന്നെ ?”
“ഞാനിവിടെ കാറ്റു കൊണ്ട് മലർന്നു കിടക്കുവാരുന്നു. കാര്യം പറയടാ! നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ വിളിക്കണ്ടാന്ന് ?”
“മത്തായി!” റോബിയുടെ സ്വരം വിറച്ചു “ഇവിടെ എന്തൊക്കെയാ നടക്കുന്നതെന്ന് നിനക്കറിയുവോ ?”
“എന്തു നടക്കുന്നെന്ന് ? “ മാത്യൂസ് കലിപ്പിലായിരുന്നു. ” ഞാനിപ്പൊത്തന്നെ അവിടെയെത്തും. ഓൺ ദ വേയാ. വന്നട്ട് സംസാരിക്കാം”
“ഓക്കേ... താങ്ക്സ്. വേഗം വാ.അല്ലെങ്കിലും ഫോണീക്കൂടെ പറഞ്ഞാ ശരിയാവൂല്ല. നേരിട്ടു കണ്ടാലേ മനസ്സിലാകൂ. ”
മാത്യൂസ് ഫോൺ കട്ടു ചെയ്തു.
അയാളാകെ ചിന്താകുലനായി. റോബി പൊതുവേ ധൈര്യശാലിയാണ്. ഇതെന്തുപറ്റിക്കാണും ഇവന് ?
അയാൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു
20 മിനിറ്റ് ഓടിക്കാനുള്ള വഴിയുണ്ട് റോബിയുടെ വീട്ടിലേക്ക്.അയാൾ അത് 10 മിനിറ്റുകൊണ്ട് ഓടിച്ചെത്തി.
റോബി ഗേറ്റിനടുത്ത് അക്ഷമനായി കാത്തിരിക്കുകയായിരുന്നു.
“എന്താടാ പ്രശ്നം ?” മാത്യൂസിന് അവന്റെ മുഖം കണ്ടപ്പോഴേ പന്തികേടു തോന്നി.
“നീ അകത്തേക്കൊന്നു ചെന്നു നോക്കിക്കേ. പറഞ്ഞാ മനസ്സിലാവില്ല. കാണണം.”
മാത്യൂസ് വണ്ടിയിൽ നിന്നിറങ്ങി റോബിയെ സൂക്ഷിച്ചൊന്നു നോക്കി. “നീ വെള്ളമടിച്ചിട്ടുണ്ടോ ?”
“പോടാ അവിടുന്ന്. നിന്നോട് ഞാൻ രാവിലേ പറഞ്ഞില്ലേ ? ഇവിടെങ്ങും ഒന്നുമിരിപ്പില്ല. ആകെയുണ്ടാരുന്നത് രണ്ട് ബിയറാ. അതു കഴിച്ചു ഞാൻ നീ വരുന്നതും നോക്കി ഇരിക്കുവാരുന്നു. അപ്പൊഴാ...”
“എന്താ ഉണ്ടായേ ?” മാത്യൂസ് അവന്റെ വീൽ ചെയർ തള്ളി വീടിനകത്തേക്കു കയറി. “... എന്തോ കത്തിയിട്ടുണ്ടല്ലോ. വല്ലതും ഷോർട്ടായോ ?”
“ഷോർട്ടൊന്നും അല്ല മോനെ...” റോബി ആകെ വിവശനായിരുന്നു. “നീ വാ...” അവൻ മാത്യൂസിനെയും കൊണ്ട് ബെഡ് റൂമിലേക്കു ചെന്നു.
“അയ്യോ! ഇതെന്തു പറ്റി ? ” മാത്യൂസ് കത്തിക്കരിഞ്ഞു നില്ക്കുന്ന ടീവീയുടെ അസ്ഥികൂടം കണ്ട് അമ്പരന്നു. പെട്ടെന്നു തന്നെ പുറകിലേക്കു ചെന്ന് അതിന്റെ കണക്ഷൻ എല്ലാം വിടുവിച്ചിട്ടു. “ഷോർട്ടായതാരിക്കും. ഇതിനാണോ നീ എന്നെ ആ വിളിയെല്ലാം വിളിച്ചെ ?”
“നീ ഇരി... ഞാനെല്ലാം പറയാം. ” റോബിയിൽ നിന്നൊരു ദീർഘനിശ്വാസമുയർന്നു.
പിന്നെ പതിയെ സൂക്ഷ്മമായി നടന്നതോരോന്നായി അവൻ വിവരിക്കാൻ തുടങ്ങി. അവസാനം ടീവിയിൽ തെളിഞ്ഞ ആ അക്ഷരങ്ങളെക്കുറിച്ച് പറഞ്ഞപ്പോ മാത്യൂസ് അറിയാതെ സ്ക്രീനിലേക്കു നോക്കി. ഒരു ഫ്രെയിം മാത്രമേ ബാക്കിയുള്ളൂ. എല്ലാം കത്തി തീർന്നിരുന്നു.
“രണ്ടു ബിയർ മാത്രം. അല്ലേ ?” മാത്യൂസിന്റെ ചോദ്യത്തിൽ പരിഹാസച്ചുവയുണ്ടായിരുന്നു.
“നീ നോക്ക്യേ! ” ക്ഷുഭിതനായി റോബി മേശപ്പുറത്തിരുന്ന കാലിക്കുപ്പികൾ കാണിച്ചു കൊടുത്തു.
“ആഹാ... ഒരു മിനിറ്റ്. ” മാത്യൂസ് എഴുന്നേറ്റ് ആ മേശപ്പുറത്തിരുന്ന ഗുളികകൾ പരിശോധിച്ചു. “ഈ വൈക്കഡിൻ ഗുളിക നീ എത്രയെണ്ണം കഴിച്ചു ? ”
“ഏത് ? എനിക്ക് പേരൊന്നും അറിയത്തില്ല. ആ പെയിൻ കില്ലർ ഒരു ആറെണ്ണം കഴിച്ചാരുന്നു. വേദനയുള്ളപ്പോ കഴിക്കാൻ പറഞ്ഞാണ് ഡോക്ടർ തന്നത്.”
“ആറു വൈക്കഡിൻ ടാബ്ലറ്റ്സും രണ്ട് ബിയറും. ഡാ പന്നി! ഈ വക മരുന്നിന്റെയൊക്കെ കൂടെ ആല്ക്കഹോൾ മിക്സ് ചെയ്തു കഴിച്ചാൽ എന്താ ഉണ്ടാവുക എന്നറിയില്ലേ നിനക്ക് ?”
“എന്റെ പൊന്നു മത്തായി... ഇതൊന്നും എന്റെ തോന്നലല്ല. ഉള്ള കാര്യമാ. നീ ആ ടീവീ നോക്ക്!”
“ടീ വീ ഷോർട്ടായതായിരിക്കും. മഴക്കാലമല്ലേ. അല്ലാതെ പിന്നെന്താണെന്നാണു നീ പറഞ്ഞു വരുന്നത് ? പ്രേതമോ ? ”
“എനിക്കറിയില്ല മത്തായി.ഞാനാകെ പേടിച്ചിരിക്കുവാ... അനുഭവിച്ചാലേ ഇതു മനസ്സിലാകൂ. നീ അപ്പൊ സ്ഥലത്തുണ്ടായിരുന്നെങ്കിൽ...ബൈ ദ വേ നീ ആ ഫോട്ടോ ഒന്നു നോക്കിക്കേ. വാ, ഹാളിലേക്കു പോകാം.“
“ഞാൻ നോക്കാം.” മാത്യൂസ് ഹാളിലേക്കു ചെന്ന് ആ ഫ്രെയിം കയ്യിലെടുത്തു.
“ഉം...ഇതെങ്ങനെ സംഭവിച്ചു ? ”
“അതാണ്. അതെങ്ങനെ സംഭവിച്ചു ? ”
“ആ... എനിക്കെങ്ങനെ അറിയാം ? നീ പറ.”
“ഒലക്കേടെ മൂട്. നിന്നോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. അതൊക്കെ പോട്ടെ ... എന്തു തന്നെയാണേലും, ഇന്ന് നീയിവിടെ തങ്ങണം. എനിക്കെന്തായാലും ഇന്ന് ഒറ്റക്കു കിടക്കാൻ പറ്റില്ല.”
“മിണ്ടാതിരുന്നോണം... എനിക്ക് രാവിലെ ബാംഗ്ലൂർക്കു പോകാനുള്ളതാ. നീ വേണെങ്കി എന്റെ കൂടെ വീട്ടിലേക്കു പോരേ.”
“അതു വേണ്ട... റോബി അല്പ്പം ആലോചിച്ചു. “നിന്റെ കൂടെ വന്നാൽ പിന്നെ നിനക്കതൊരു ബുദ്ധിമുട്ടാകും.ഈ അവസ്ഥയിൽ നിന്റെ വീട്ടീ താമസിച്ചാ നിന്റെ കെട്യോളേന്നെ പ്രാകും. ഒരു കാര്യം ചെയ്യാം. ഞാൻ ജോസച്ചനെ ഒന്നു വിളിക്കട്ടെ. സ്നേഹവീട്ടിലേക്കു പോകാം. അവിടെയാണെങ്കി ഒത്തിരി മനുഷ്യരുണ്ട്. നീ എന്നെ അവിടെയൊന്ന് ഡ്രോപ്പു ചെയ്താൽ മതി.”
“ഞാൻ ഡ്രോപ്പ് ചെയ്യാം. പക്ഷേ, നിനക്കിതെന്തിന്റെ കേടാന്നാണ് മനസ്സിലാകാത്തത്...”
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരു ബാഗ് നിറയെ കുറേ ഡ്രസ്സ് മാത്രം വാരിയിട്ട് റോബി റെഡിയായി.
“മനുഷ്യന്മാരു നിന്നെ കൊല്ലാൻ വന്നെന്നു പറഞ്ഞപ്പോ പോലും എനിക്കു വിശ്വാസം വന്നില്ല. പിന്നെയാണിപ്പൊ പ്രേതം.”
പിറുപിറുത്തുകൊണ്ട് മാത്യൂസ് അവനെ പുറത്തേക്കു തള്ളിയിറക്കി.
വീൽ ചെയറും റോബിയും ബാഗും ഒക്കെയായി ബുള്ളറ്റിൽ യാത്ര വളരെ ദുഷ്കരമായിരുന്നു. ഭാഗ്യത്തിന് മടക്കി വെക്കാവുന്ന തരം വീൽ ചെയറായിരുന്നു.
ചെറിയ ചാറ്റൽ മഴ വകവെക്കാതെ അവർ പുറപ്പെട്ടു.
ഗേറ്റു കടന്നതും...
അതി ശക്തമായൊരു ഇടിമിന്നൽ.
കണ്ണു മഞ്ഞളിച്ചു പോയി രണ്ടു പേർക്കും.
വീടിനു മുൻപിൽ നിന്നിരുന്ന അശോകവൃക്ഷം നെടുകേ പിളർന്ന് നിലം പതിച്ചു!
ഭാഗ്യത്തിനാണ് അവർ രക്ഷപ്പെട്ടത്. നേരത്തെ അവർ നിന്നിരുന്ന ഭാഗത്താണ് മരത്തിന്റെ ഒരു ഭാഗം വന്നു വീണത്.
അന്തം വിട്ട് നിന്നു പോയി രണ്ടു പേരും.
“ഇപ്പ നിനക്ക് വിശ്വാസം വന്നോ ?” റോബിയുടെ സ്വരം പതറിയിരുന്നു.
“എന്ത് വിശ്വാസം ? നിനക്കെന്താ പറ്റിയേ എന്റെ റോബി ?” മാത്യൂസ് തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി. “ഇടിവെട്ട് കൊണ്ട് മരം വീണു. അതെനിക്ക് വിശ്വാസമായി. അതിൽ കൂടുതൽ എന്താ വിശ്വസിക്കണ്ടേ ?”
“നീ വണ്ടി വിട്...നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.” റോബിയുടെ സ്വരം താഴ്ന്നിരുന്നു.
“നീ അത്യാവശ്യമായിട്ടൊരു സൈക്കോളജിസ്റ്റിനെ കാണണം റോബി.ഒരു മർഡർ അറ്റംറ്റ് ഒക്കെ ഉണ്ടായാൽ ഇതൊക്കെ സാധാരണയാ. സമനില തെറ്റിപ്പോകും. ഞാൻ ബാംഗ്ലൂരീന്നു വന്നാ ഉടനെ നമുക്കൊരാളെ പോയി കാണാം.” മാത്യൂസ് വണ്ടിയെടുത്തു.
‘സ്നേഹ വീട്ടിൽ’ എത്തിയപ്പോൾ ജോസച്ചൻ ഒരു കുടയുമായി ഗെയ്റ്റിങ്കൽ നില്ക്കുന്നുണ്ടായിരുന്നു.
“ഈ സാധനത്തിനെ ഒന്നു പിടിച്ചേ. ചുമ്മാ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞോണ്ടിരിക്കുന്നു. ” മാത്യൂസ് അച്ചനോട് പറഞ്ഞുകൊണ്ട് വണ്ടി സ്റ്റാൻഡിൽ വെച്ച് റോബിയെ ഇറങ്ങാൻ സഹായിച്ചു. “ആ ചെളീൽ ചവിട്ടല്ലേ. പ്ലാസ്റ്റർ ഒക്കെ ഇനീം പൊട്ടിച്ച് വേറേ ഇടണ്ടി വരും.”
“എന്തിനാ എന്റെ മക്കളേ നിങ്ങളീ മഴയത്ത് ബൈക്കും ഓടിച്ച്... കഷ്ടം തന്നെ! ” അച്ചൻ പരിതപിച്ചു. അപ്പോഴേക്കും അകത്തു നിന്ന് രണ്ട് ജോലിക്കാർ ഓടി വന്നു.
***** ***** ***** ***** ***** ***** ***** *****
സ്നേഹവീട്
ഏതാണ്ട് 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഒരു കെട്ടിടമായിരുന്നു അത്. ജോസച്ചനൊക്കെ അവിടെ വരുന്നതിനു മുൻപേ പ്രവർത്തനമാരംഭിച്ച ഒരു സ്ഥാപനം.
കുറച്ചു കാലം മുൻപു വരെ മാതാപിതാക്കൾ ജയിലിലായ കുട്ടികളെയാണവിടെ താമസിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പൂർണ്ണമായും ഒരു അനാഥശാലയായി മാറിയിരിക്കുന്നു. കുഞ്ഞുങ്ങൾ മാത്രമല്ല, ആരോരുമില്ലാത്ത ആരു ചെന്നാലും അവിടെ അഭയമുണ്ട്.
സ്നേഹവീടെന്നു പേരുണ്ടെങ്കിലും, അതൊരു വീടെന്നു പറയാനാവില്ല. നീളത്തിലുള്ള രണ്ട് ഹാളുകളും ഒരടുക്കളയും. ഒരു ഓഫീസ് മുറിയും മാത്രം. ഹാളുകളെ വേർതിരിച്ചുകൊണ്ട് ഒരു നടുമുറ്റവുമുണ്ട്.ഒരു ഹാളിൽ ആൺകുട്ടികളും മറ്റേതിൽ പെൺകുട്ടികളും. സൗകര്യങ്ങൾ വളരെ കുറവ്.
അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും താമസിക്കാനായി പുറത്തൊരു ഔട്ട് ഹൗസും ഉണ്ടായിരുന്നു.
ആ വീടിനകത്തൊരു സുഗന്ധമുണ്ടായിരുന്നു. റോബിയെ തന്റെ കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടു പോയി ആ മണം. അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ജോസച്ചൻ ആവേശത്തോടെ അവനെ വീ ചെയറിലിരുത്തി ഓരോ ബെഡിനടുത്തും എത്തിച്ച് ഓരോരുത്തരെയായി പരിചയപ്പെടുത്തുയാണ്.
“ധൂർത്തു പുത്രൻ തിരിച്ചു വന്ന കഥ കേട്ടിട്ടില്ലേ നീ ? ഏതാണ്ടതുപോലെയാ എനിക്കിപ്പൊ തോന്നുന്നെ.” അച്ചൻ പൊട്ടിച്ചിരിച്ചു.
പെൺകുട്ടികളുടെ ഹാളിൽ ആകെ 4 കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. എല്ലാം 3-4 വയസ്സു പ്രായമുള്ളവർ.
റോബിയെ കണ്ടതും എല്ലാവരും ബെഡിൽ എഴുന്നേറ്റിരുന്നു. ഒരു കുഞ്ഞൊഴിച്ച്.
ആ ഒരു പെൺകുട്ടി മാത്രം തലവഴി പുതപ്പു മൂടി കിടക്കുകയാണ്.
ബാക്കിയുള്ള കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയ ശേഷം അച്ചൻ മൂടിപ്പുതച്ചു കിടക്കുന്ന അവളെ തട്ടി വിളിച്ചു.
“സൂസിക്കുട്ടീ... ഇതാരാ വന്നേക്കുന്നേന്നു നോക്ക്യേ...”
മറുപടിയുണ്ടായില്ല.
അച്ചൻ ആ പുതപ്പ് വലിച്ചു നോക്കി.
“എനിച്ച് കാണണ്ടാ...” അവൾ വിതുംബിക്കരയാൻ തുടങ്ങി.
“മോൾക്കെന്താ പറ്റിയേ ?” അച്ചൻ അമ്പരന്നു പോയി. “ഇവിടെ ഏറ്റവും ഫ്രണ്ട്ലി ആയിട്ടുള്ള മോളാ സൂസി. ഏറ്റവും മിടുക്കി. ഇന്നെന്തു പറ്റിയോ ആവോ.” പുതപ്പിനു മുകളിലൂടെ അച്ചൻ അവളുടെ തലയിൽ തടവി.
റോബി അവളുടെ ബെഡിൽ ഇരുന്നു.
“സൂസി...എന്നെ ഇഷ്ടപ്പെട്ടില്ലേ മോൾക്ക് ?”
അവൾ വെറുപ്പോടെ അവന്റെ മുഖത്തേക്ക് ഒന്നു നോക്കി പിന്നെ
തിടുക്കത്തിൽ പുതപ്പെടുത്ത് തല മൂടി.
“റോബി വാ... നമുക്ക് ഓഫീസിലേക്കു ചെല്ലാം. ഒരു സ്പെഷ്യൽ ഗസ്റ്റുണ്ട് നമുക്ക്.” അച്ചൻ വീൽ ചെയർ വീണ്ടും തള്ളാനാരംഭിച്ചു.
ജെർമൻ സ്വദേശിനിയായ പിയ വെബ്ബർ ആണ് അച്ചൻ പറഞ്ഞ അതിഥി. ഒരു സോഷ്യൽ വർക്കറാണ്. ലോകം മുഴുവനും ചുറ്റി ഇത്തരം സ്ഥാപനങ്ങളെ പറ്റി പഠിച്ച് അവരെക്കൊണ്ട് പറ്റുന്ന സഹായങ്ങൾ ചെയ്ത് ജീവിക്കുന്ന ഒരു പാവം സ്ത്രീ.
എല്ലാ വർഷവും സ്നേഹവീട്ടിൽ വരാറുണ്ടവർ. ജോസച്ചനെ ജീവനാണവർക്ക്.
“ഇത് റോബി.” അച്ചൻ പരിചയപ്പെടുത്തി. അത്രയുമേ പറയേണ്ടി വന്നുള്ളൂ. പിയക്ക് റോബിയെ നന്നായി അറിയാം.
“നീനയുടെ ഫിയാൻസെ അല്ലേ ?”
“ആഹാ... നീനയെ അറിയാമല്ലേ ?”
“പിന്നെ... അവളല്ലേ എന്റെ ക്വയറിലെ മെയിൻ പാട്ടുകാരി...” അച്ചന് അഭിമാനമാണ്.
“ഉവ്വ... പാട്ടൊക്കെ ഞാൻ കേട്ടിട്ടുണ്ട്. അത്ര സംഭവമൊന്നുമല്ല.” റോബി അത് ചിരിച്ചു തള്ളി.
പിയക്ക് മനസ്സിലാകാൻ വേണ്ടി രണ്ടാളും ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്.
“സോ... താങ്കളുടെ മദർ ഇൻ ലോ വളരെ ജെനറസ് ആണ് കേട്ടോ. സ്നേഹവീടിനു വേണ്ടി അത്രയും നല്ലൊരു സ്ഥലം ഡൊണേറ്റ് ചെയ്യുക എന്നു വെച്ചാൽ...” പിയയാണത് പറഞ്ഞത്
“മനസ്സിലായില്ല...” റോബി ഒന്നു ഞെട്ടിയ പോലെ തോന്നി. “ഏതു സ്ഥലം ? ”
“ങ്ഹേ ? ” അച്ചൻ അമ്പരന്നു. “അപ്പോ റോബി അറിഞ്ഞില്ലേ ? അവരുടെ പേരിൽ ടൗണിലുള്ള ആ 35 സെന്റ് സ്ഥലം സ്നേഹ വീടിനു ഡൊണേറ്റ് ചെയ്യാനാണു തീരുമാനം. ആ സ്ഥലം വഴിയാണ് നീയും നീനയുമായി പരിചയപ്പെട്ടതെന്നും... ഇത്രയും നല്ലൊരു മരുമകനെ തന്ന ആ സ്ഥലം ഇങ്ങനൊരു നല്ല കാര്യത്തിനിരിക്കട്ടെയെന്നുമൊക്കെ പറഞ്ഞാണ് കഴിഞ്ഞാഴ്ച്ച അവർ വന്ന് ഡോക്യുമെന്റ്സ് ഒക്കെ ഏല്പ്പിച്ചത്. ഞങ്ങൾ അടുത്താഴ്ച്ച റെജിസ്റ്റർ ചെയ്യാനിരിക്കുകയാണ്.”
റോബിയുടെ മുഖം ഇരുണ്ട് വരുന്നത് അച്ചൻ ശ്രദ്ധിച്ചു.
“മോനേ നിനക്കിതിന് എതിർപ്പുണ്ടോ ?” ജോസച്ചൻ അവന്റെ തോളിൽ കൈവെച്ചു.
“എതിർപ്പിന്റെയല്ലച്ചാ... ഞാൻ അവരുടെ മോളെ കെട്ടാൻ പോകുന്നവനല്ലേ. ഇത്രേം വല്യൊരു തീരുമാനമെടുക്കുമ്പോ എന്നോടും കൂടെ ഒന്നു ചോദിക്കണ്ട മര്യാദയില്ലേ അവർക്ക് ?“
“മോനേ... നിനക്കറിയാമെന്നാണു ഞാൻ കരുതിയിരുന്നത്...”
“കൊഴപ്പമില്ലച്ചാ... ഞാൻ ഹോസ്പിറ്റലിലല്ലാർന്നോ. പറയാൻ വിട്ടു പോയിക്കാണും. അതൊക്കെ പോട്ടെ... എനിക്കൊന്നു കിടക്കണം. കാലിനു വീണ്ടും വേദന തുടങ്ങി.”
തിരിച്ചുള്ള യാത്രയിൽ റോബി തികച്ചും നിശബ്ദനായിരുന്നു.
“റെജീടെ വിവരം വല്ലതും കിട്ടിയോ ? നീ അന്വേഷിച്ചാരുന്നോ ?” ഒടുവിൽ അച്ചൻ ചോദിച്ചു.
“റെജി...” റോബി ഒരു നിമിഷം ആലോചിച്ചു. അച്ചൻ ഒന്നും അറിഞ്ഞില്ലേ ?
“ഇല്ലച്ചോ... റെജിയെക്കുറിച്ച് ഒന്നും അറിയാൻ പറ്റിയില്ല. ഞാൻ അന്വേഷിച്ചാരുന്നു. പക്ഷേ...” അവൻ പകുതിയിൽ നിർത്തി. വെറുതേ ആ വൃദ്ധനെ വിഷമിപ്പിക്കണ്ട എന്നു തീരുമാനിച്ചു അവൻ.
***** ***** ***** ***** ***** ***** ***** *****
മാത്യൂസ് ബാംഗ്ലൂരു നിന്നും മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് ഞായറാഴ്ച്ച .
“ഞാനൊരു കാര്യം പറഞ്ഞാ നിങ്ങള് കേൾക്കുവോ ?” ഭാര്യയാണ്.
“നേരം വെളുക്കട്ടെ.”
“ഇനിയെങ്ങോട്ട് വെളുക്കാൻ ? എട്ടു മണിയായി.”
“അതെയോ... എന്നാ ഒരു 4 മണിക്കൂറു കൂടി കഴിഞ്ഞു വാ. പരിഗണിക്കാം.”
“അച്ചായാ... എണീക്ക്. നമുക്ക് പള്ളീൽ പോകാം.”
മാത്യൂസ് പുതപ്പു മാറ്റി രൂക്ഷമായി ഒന്നു നോക്കി അവളെ. “നിനക്കു വല്ല തൊഴിലുമുണ്ടോ പെണ്ണുമ്പിള്ളേ.ചുമ്മാ ഓരോ എടപാടും കൊണ്ട് വന്നോളും.”
“കൊച്ചിന്റെ മാമോദീസക്കു പോയതാ അവസാനം. നിങ്ങക്കെന്താ ഈ പള്ളീം പട്ടക്കാരേം ഇത്ര അലർജി ?”
“നീ വേണെങ്കി ഒറ്റക്കു പോടി പെണ്ണേ. ഞാൻ കെടന്നൊറങ്ങട്ടെ.”
അതു പറഞ്ഞു തീർന്നതും മാത്യൂസിന്റെ ഉള്ളിൽ ഒരു ചിന്ത.
അയാൾ ഞെട്ടി എണീറ്റു.
“അല്ലെങ്കി വേണ്ട.... പള്ളീ പോകാം! ഒരു സ്പെഷ്യൽ പള്ളീത്തന്നെയായ്ക്കോട്ടെ.”
“അതേതു പള്ളി ? നമ്മടെ പള്ളിക്കെന്നാ കൊഴപ്പം ?”
“നമുക്കേ...ആ ബെന്നീടെ പള്ളീപ്പോകാം. ഞാൻ പറഞ്ഞില്ലാരുന്നോ ? എക്സ് കോൺ ആണ്. ഇപ്പൊ ഭയങ്കര ഭക്തിമാർഗ്ഗത്തിലാ. ഭയങ്കര കോമഡിയാരിക്കും. നമുക്കൊന്നു പോയി നോക്കാം.”
“എന്തേലുവാട്ടെ. എനിക്ക് നിങ്ങടെ കൂടെ ഒന്നു പള്ളീപ്പോയാ മതി.”
“രസമായിരിക്കും. നല്ല പാട്ടൊക്കെ കാണും. പെന്തക്കോസുകാരല്ലേ.”
“കളിയാക്കാനാണെങ്കി പോകണ്ടാട്ടോ. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നാ.”
“നീ ഡ്രസ്സു മാറ്. ഞാനൊന്നു കുളിക്കട്ടെ.” മാത്യൂസ് എണീറ്റു.
മാത്യൂസിനു രണ്ട് ആണ്മക്കളാണ്. ഇരട്ടകൾ. 6 വയസ്സായി.
പപ്പായുടെ കൂടെ ഒരു യാത്ര പോയിട്ട് മാസങ്ങളായിരിക്കുന്നു. അവന്മാർ ആവേശത്തിലാണ്. പോരാത്തതിന് പുതിയ കാർ വാങ്ങിയിട്ട് എവിടെയും യാത്ര പോയിട്ടില്ല.
മാത്യൂസ് ബെന്നിയെ വിളിച്ച് ലോക്കേഷനൊക്കെ മനസ്സിലാക്കി പള്ളിയിലെത്തിയപ്പോഴേക്കും പ്രാർഥന തുടങ്ങിക്കഴിഞ്ഞിരുന്നു.
എന്നാൽ, മാത്യൂസിനെ കണ്ടതും പാസ്റ്റർ അബ്രഹാം കൈകളുയർത്തി എല്ലാവരോടും ഒരു നിമിഷം നിശബ്ദരാകാനാവശ്യപ്പെട്ടു.
“തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥിയാണിപ്പൊ ഈ വന്നു കയറിയിരിക്കുന്നത്. നിങ്ങൾക്കറിയാമായിരിക്കും എസ് ഐ മാത്യൂസിനെ. ഇനി അറിയില്ലെങ്കിൽ, നിങ്ങൾ വീട്ടിച്ചെന്ന് ടീവീ ഓൺ ചെയ്ത് നോക്കിയാൽ മതി. കഴിഞ്ഞ ഒരാഴ്ച്ചയായി ത്രിശ്ശൂർ നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണിദ്ദേഹം. - സർ ദയവായി സ്റ്റേജിലേക്കു കടന്നു വരണം.”
“വേണ്ട വേണ്ട... ഞാനിവിടെ നിന്നോളാം...” മാത്യൂസ് ശ്രമിച്ചെങ്കിലും വിലപ്പോയില്ല. രണ്ടു മൂന്നു വാളണ്ടിയർമാർ അദ്ദേഹത്തെ നിർബന്ധിച്ച് സ്റ്റേജിലേക്കു കൂട്ടിക്കൊണ്ടു ചെന്നു.
മാത്യൂസിന്റെ മുഖത്ത് ഒരു ജാള്യത കാണാമായിരുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ ജനക്കൂട്ടത്തിനിടയിൽ അടക്കിച്ചിരിക്കുന്ന തന്റെ ഭാര്യയെ കണ്ടു അയാൾ.
“വേണ്ടാരുന്നു കോപ്പ്!”
“ഓക്കേ... ഇനി അടുത്തതായിട്ട് നമ്മുടെ ഗാന ശുശ്രൂഷയാണ്. ബെന്നി അത് തുടങ്ങുന്നതിനു മുൻപ് സാർ നമുക്കു വേണ്ടി രണ്ടു വാക്ക് സസാരിക്കുന്നതായിരിക്കും.” പാസ്റ്റർ മൈക്ക് മാത്യൂസിനു നേരേ നീട്ടി.
എതിർത്തിട്ടു ഫലമില്ലെന്നയാൾക്കു മനസ്സിലായി. എന്തായാലും പെട്ടു. അയാൾ മൈക്ക് വാങ്ങി.
“പ്രിയ സുഹൃത്തുക്കളേ.”
ആൾക്കൂട്ടം ആരവം മുഴക്കി. നിറഞ്ഞ കയ്യടി.
“നിങ്ങളിലൊരാളായിട്ടാണ് ഞാനിവിടെ നില്ക്കുന്നതെന്ന് പറയണമെന്നെനിക്കാഗ്രഹമുണ്ട്. പക്ഷേ സത്യം പറയട്ടെ, ഞാനൊരു തികഞ്ഞ നിരീശ്വര വാദിയാണ്. ”
പള്ളി നിശബ്ദമായി.
“എന്റെ വരവിന്റെ ഉദ്ദേശം മറ്റൊന്നുമല്ല… ബെന്നി... അവനെങ്ങനെ ഇത്ര വലിയൊരു മാറ്റം സംഭവിച്ചു എന്നറിയാനുള്ള കൗതുകം. അതൊന്നു കൊണ്ടു മാത്രമാണ് ഞാനിന്നിവിടെ നില്ക്കുന്നത്.
എങ്കിലും വിശ്വാസികളെ അപമാനിക്കാനോ, അവഹേളിക്കാനോ എനിക്കുദ്ദേശമില്ല. നിങ്ങൾ നിങ്ങളുടെ വിശ്വാസ വിഷയത്തിൽ എത്ര ആത്മാർഥത കാണിക്കുന്നോ അത്ര തന്നെ ഞാനും ഒരു നിരീശ്വര വാദി എന്ന നിലയിൽ ആത്മാർഥമായി ദൈവമില്ല എന്നു വിശ്വസിക്കുന്നു. നമുക്ക് രണ്ട് കൂട്ടർക്കും അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ളതാണ്.
തുടർന്നു സംസാരിച്ച് സമയം നഷ്ടപ്പെടുത്തുന്നില്ല, ബെന്നി അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണെന്ന് പാസ്റ്റർ പറഞ്ഞു. അതു കാണാനും കേൾക്കാനും നിങ്ങളേക്കാൾ എനിക്കാണു തിടുക്കം. മൈക്ക് ഞാൻ ബെന്നിക്കു കൈമാറുന്നു.”
വീണ്ടും കരഘോഷം.
പുഞ്ചിരിയോടെ ആ മൈക്ക് ഏറ്റു വാങ്ങിയ ബെന്നി ക്വയറിനരികിലേക്കു ചെന്നു.
അവർക്കു വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത ശേഷം സ്റ്റേജിലേക്ക് തിരിച്ചു വന്നു.
പിന്നെ അവിടെ നടന്നത് മാത്യൂസ് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു.
വളരെ സോഫ്റ്റ് ആയി... സ്ലോ ആയി ഒരു ഗാനം തുടങ്ങി.
ബെന്നി തന്നെയാണോ ഇത് ?! മാത്യൂസിന് വിശ്വാസം വന്നില്ല.
ഇരു കണ്ണുകളുമടച്ച് ലയിച്ചു നിന്ന് ബെന്നി ആ മനോഹര ഗാനം ആലപിക്കുകയാണ്... “എൻ ജീവനേക്കാളും നീ...”
രണ്ടു മിനിറ്റിനുള്ളിൽ മാത്യൂസിന്റെ മനസ്സാകെ പതറിപ്പോയിരുന്നു. ബെന്നിയുടെ സ്വരം മാത്രമല്ല, വളരേ സൂക്ഷ്മമായി ചിട്ടപ്പെടുത്തിയ ആ ഗാനത്തിലെ ഓരോ വരികളും കേൾക്കുന്നവരെ ആനന്ദഭരിതരാക്കാൻ പോന്നതായിരുന്നു.
തന്റെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അത്ര ദൂരത്തു നിന്നും മാത്യൂസ് തിരിച്ചറിഞ്ഞു.
തുടർന്ന് പാട്ടിന്റെ വേഗം കൂടി കൂടി വന്നു. ആളുകൾ താളത്തിൽ കയ്യടിക്കാൻ തുടങ്ങി.
മക്കൾ രണ്ടു പേരും മുൻപിൽ തന്നെ നിന്ന് പാട്ടിനോടൊപ്പിച്ച് കയ്യടിക്കുന്നത് കണ്ടു മാത്യൂസ്.
“ഹോ! വല്ലാത്തൊരനുഭവം തന്നെ.” അയാൾ മനസ്സിലോർത്തു.
അതങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.
ആളുകളിൽ ചിലർ ലഹരി പിടിച്ചതു പോലെ പെരുമാറുന്നുണ്ടായിരുന്നു. ചിലർ പാട്ടെല്ലാം നിർത്തി നിശബ്ദരായി പ്രാർഥിക്കുന്നു. ചിലർ കരയുന്നു... മാത്യൂസിന് മതിയായി തുടങ്ങി.
ഒടുവിൽ... ഏതാണ്ട് 40 മിനിറ്റുകൾക്കു ശേഷം ബെന്നി പാട്ടു നിർത്തി.
അവശനായിരുന്നു അയാൾ... എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി അപ്പോഴുമുണ്ട്.
ഭക്തി നിർവൃതി!
മാത്യൂസിന് തന്റെ അഭിപ്രായം മാറ്റണ്ട സമയമായെന്നു തോന്നി. സംഗീതത്തിന് സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണല്ലോ. അപ്പോൾ അതൊക്കെയായിരിക്കും ഇവരുടെ ഈ രോഗ ശാന്തിയും മറ്റും. അയാൾ കണക്കുകൂട്ടി.
“എല്ലാവരും ദയവു ചെയ്ത് കണ്ണുകളടക്കൂ...നമുക്ക് പ്രാർഥിക്കാം.” ബെന്നി ആഹ്വാനം ചെയ്തു.
അങ്ങനെ സകല മനുഷ്യരും കണ്ണടച്ചിരുന്ന് പ്രാർഥിക്കുമ്പോൾ മാത്യൂസ് മാത്രം എങ്ങനെ അവിടുന്ന് രക്ഷപ്പെടാം എന്നു ചിന്തിക്കുകയായിരുന്നു.
അയാൾ ആ ജനക്കൂട്ടത്തിലൂടെ കണ്ണോടിച്ചു.
ഇപ്പൊ ഇറങ്ങി അങ്ങു പോയാലോ ? ഓർത്തപ്പോൾ അയാൾക്കു ചിരി വന്നു.
പെട്ടെന്നാണ് അയാളുടെ ശ്രദ്ധ മുൻ നിരയിൽ നിന്നിരുന്ന ഒരു പെൺകുട്ടിയിലുടക്കിയത്. സുന്ദരിയായൊരു കുട്ടി. ഏതാണ്ട് 14 വയസ്സു പ്രായം വരും.
ബാക്കിയെല്ലാവരും കണ്ണുകളടച്ച് ബെന്നിയോടൊപ്പം പ്രാർഥിക്കുമ്പോൾ ആ പെൺകുട്ടി മാത്രം രൂക്ഷമായി മാത്യൂസിനെ നോക്കി നില്ക്കുകയാണ്.
അവളുടെ കാലുകൾ നിലത്തുറക്കുന്നില്ല.
പല്ലുകടിച്ചു പിടിച്ച് മാത്യൂസിനെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
ഏതാണീ കുട്ടി ? അയാൾക്ക് മനസ്സിലായില്ല.
പ്രാർഥന കഴിഞ്ഞു.
മാത്യൂസ് ബെന്നിയെ സമീപിച്ചു.
“ഞങ്ങൾ ഇറങ്ങുവാ. കണ്ടതിൽ വളരേ സന്തോഷം. ഇനിയും വരില്ല. പേടിക്കണ്ട. ” ചിരിച്ചുകൊണ്ടാണു പറഞ്ഞത്.
“എവിടെ പോകുന്നു നിങ്ങൾ ??!!” ഉച്ചത്തിലായിരുന്നു ആ ചോദ്യം. എല്ലാവരും ഞെട്ടി നോക്കി.
“നിങ്ങളോട് തന്നെയാ ചോദിച്ചത്! ” നേരത്തെ കണ്ട ആ പെൺകുട്ടിയാണ്. അവൾ സ്റ്റേജിലേക്കു കയറി വന്നു. “നാണവൊണ്ടോ തനിക്കീ തൊപ്പിയും വെച്ചു നടക്കാൻ ?”
“ജിൻസീ!” ആ കുട്ടിയുടെ അമ്മ പുറകേ ഓടിയെത്തി.
“ഞാൻ ജിൻസിയല്ല ആന്റി.” ആ കുട്ടി അമ്മയുടെ നേരേ തിരിഞ്ഞു. “എനിക്കീ സാറിനോട് ചിലതു പറയാനുണ്ട്. എന്നിട്ട് ഞാൻ പൊയ്ക്കോളാം. ജിൻസിയെ ഞാൻ ഉപദ്രവിക്കില്ല!”
(തുടരും)

Biju & Alex
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo