Slider

കുഞ്ഞാപ്പു കഥകൾ.( ഭാഗം ഓർമ്മയില്ല)

0
കുഞ്ഞാപ്പു കഥകൾ.( ഭാഗം ഓർമ്മയില്ല)
കുഞ്ഞാപ്പു അങ്ങിനെ നന്നാകാൻ തീരുമാനിച്ചു.അതിനായി തിരഞ്ഞെടുത്തത് ഭാര്യവീട്ടിലെ സൽക്കാരം തന്നെ.
ഒരു തുള്ളി വിയർപ്പുപോലും പൊടിയാതെ പിശുക്കി ജീവിക്കുന്ന കുഞ്ഞാപ്പു, തന്നെ നാട്ടുകാരും അയൽവാസികളും ബന്ധുക്കളും എന്തിനേറെ ഭാര്യ വീട്ടുകാരും അവഗണിക്കുന്നു എന്ന തോന്നൽ ശക്തമായതാണ് പരിഹാരമായി നന്നാകാൻ തീരുമാനിച്ചത്. താൻ പിശുക്കനല്ല എന്നും അഭിമാനിയാണ് എന്നും നാട്ടുകാരെ ബോദ്ധ്യപ്പെടുത്തണം. അല്ലെങ്കിൽ തന്റെ ആട്ടം മുട്ടും. അല്ലറ ചില്ലറ വരുമാനവും നിലയ്ക്കും.
അതു കൊണ്ട് തന്നെ പിശുക്കൻ എന്ന പേര് പോകാൻ പണം ചെലവാക്കുക തന്നെയാണ് നല്ല മാർഗ്ഗം എന്ന് കുഞ്ഞാപ്പു മനസ്സിലാക്കി.
ആദ്യപടിയായി ഭാര്യവീട്ടിലെ സൽക്കാരത്തിന്റെയന്ന് കാര്യമായ ഒരു പൊതി കയ്യിൽ കരുതാനും, ആട്ടോറിക്ഷ വിളിച്ച് പോവാനും കുഞ്ഞാപ്പു തീരുമാനിച്ചു.
രാവിലെത്തന്നെ ഓട്ടോസ്റ്റാന്റിലേക്ക് എഴുന്നള്ളുന്ന കുഞ്ഞാപ്പൂനെ കണ്ട് ഡ്രൈവർമാരെല്ലാം ഓടിയൊളിച്ചു. കാരണം തോണ്ടാനോ അല്ലേൽ കടം പറയാനോ ആയിരിക്കും ആ വരവ് എന്ന് ഡ്രൈവർമാർക്കെല്ലാം അറിയാമായിരുന്നു.
എന്നാൽ കുഞ്ഞാപ്പുവിന്റെ മുന്നിൽ വന്നു പെട്ട ഒരുത്തനെ കുഞ്ഞാപ്പു പിടികൂടി പേശൽ ആരംഭിച്ചു. കുഞ്ഞാപ്പുവിനെ പറ്റി നന്നായറിയുന്ന ഡ്രൈവർ ഇരട്ടി തുക പറഞ്ഞു. വെയ്റ്റിങ്ങ് ഇല്ലാതെ.
ഇതിനു മുമ്പ് ഭാര്യവീട്ടിലേക്ക് ആട്ടോ വിളിച്ചിട്ടില്ലാത്തതിനാൽ കുഞ്ഞാപ്പുവിന് എത്രയാ ചാർജ് എന്നറിയില്ലായിരുന്നു.അതു കൊണ്ട് തന്നെ ആകെ എൺപത് രൂപയുടെ ഓട്ടമുള്ള ഭാര്യവീട്ടിലേക്ക് നൂറ്റിഇരുപത് രൂപക്ക് ഓട്ടം ഉറപ്പിച്ചു.
ആട്ടോയിൽ വന്നിറങ്ങുന്ന കുഞ്ഞാപ്പുവിനെക്കണ്ട് ഭാര്യ വീട്ടുകാർ ഒന്നുകൂടി നോക്കി. കുഞ്ഞാപ്പു തന്നെയല്ലെ എന്നറിയാൻ. ചിലർ ആകാശത്തേക്ക് നോക്കി.മഴ പെയ്യുമോ എന്നറിയാൻ.
.
സൽക്കാരമെല്ലാം കഴിഞ്ഞ് കുഞ്ഞാപ്പു പോകാനുള്ള ഒരുക്കം തുടങ്ങി. ബാക്കി വന്ന പൊടിയും പൊട്ടുമെല്ലാം ഭാര്യയോട് കവറിലാക്കാൻ പറഞ്ഞ് കുഞ്ഞാപ്പു വണ്ടി വിളിക്കാനായി ഇറങ്ങി.
ഒരു സൽക്കാരത്തിന് പോയാൽ വല്യ നഷ്ടം തന്നെ. ആ നഷ്ടം നികത്തണമെങ്കിൽ ഭാര്യ കണ്ടറിയണം. ഇതാണ് കുഞ്ഞാപ്പുവിന്റെ നയം.
ഒരു ആട്ടോ പിടിച്ച് കുഞ്ഞാപ്പുവും കുടുംബവും വീടെത്തിയെങ്കിലും അങ്ങാടിയിൽ പോയി ആളുകളുടെ ഇടയിൽത്തന്നെ ചെന്നിറങ്ങി തന്റെ പേരുദോഷം മാറ്റിയെടുക്കണമെന്ന് കുഞ്ഞാപ്പു തീരുമാനിച്ചു.കൂടുതൽ ആളുകൾ നിൽക്കുന്ന സ്ഥലത്ത് തന്നെ ചെന്ന് വണ്ടിയിറങ്ങി. എന്നിട്ട് ചോദിച്ചു.
"എത്രയാ കായി?".
ആട്ടോ ഡ്രൈവർതലയൊന്ന് ചൊറിഞ്ഞിട്ട് പറഞ്ഞു.
" ഒരു ഹൻഡ്രഡ് ഇങ്ങണ്ട് ഇട്ത്തോളിം"
അതു കേട്ട് കുഞ്ഞാപ്പു വലിയ ഗമയോടെ പറഞ്ഞു.
" അന്റെ ട്രൗസറും പേന്റൊന്നും ഞമ്മക്കറീല. ഞമ്മളൊരു നൂറ്റിരുപത് ഉർപ്യ അങ്ങണ്ട് തരും. ഇജ്ജ് അതോണ്ട് തൃപ്പതിപ്പെട്ടാളെ".
അത് കേട്ട് ഡ്രൈവറെ കണ്ണ് മിഴിച്ചു പോയി സൂർത്തുക്കളെ...
അതാണ് ഞമ്മളെ കുഞ്ഞാപ്പു.. അത് താൻടാ കുഞ്ഞാപ്പു.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo