Slider

ഒരു മീനമാസത്തിന്റെ ഓർമയ്ക്ക്..

2
ഒരു മീനമാസത്തിന്റെ ഓർമയ്ക്ക്..
************************************
റബ്ബർ തോട്ടത്തിൽ നിന്നും വീശുന്ന ഇളംകാറ്റ്.. മുറ്റത്തെ മുല്ലവള്ളിയിൽ നിറയെ പൂത്തു നിൽക്കുന്ന പൂക്കളെ തഴുകി.. സുഖദമായ ഗന്ധം അന്തരീക്ഷമാകെ പരത്തുന്നു.
മുറ്റത്ത്‌ കായ്ച്ചു നിൽക്കുന്ന മാവിൽ ഇരുന്ന് കിളികൾ ചിലയ്ക്കുന്നു..
മീനമാസത്തിലെ ചൂട് അന്തരീക്ഷത്തിൽ തിളങ്ങി നിൽക്കുകയാണ് ..
ചാണകം മെഴുകിയ മുറ്റത്തെ, പരമ്പിൽ ഉണങ്ങാൻ ഇട്ട പുഴുങ്ങിയ നെല്ലിൽ നിന്നും സുഖമുള്ള ഗന്ധം പരന്നു..
അകമുറിയിൽ നിന്നും ഉച്ചമയക്കം കഴിഞ്ഞ് വരാന്തയിലേക്ക് വന്ന അപ്പൻ കാണുന്നത്.. വീട്ടിലെ പൂവൻ കോഴി അയല്പക്കത്തെ സകല പിടകളെയും കൂട്ടി കൊണ്ടു വന്നു ഉണങ്ങാനിട്ട നെല്ല് ചിക്കി കൊടുത്തു തീറ്റിക്കുന്ന കാഴ്ചയാണ്..
"ഹ.. പോ..കോഴി "
"എടീ സോഫി.. നീ കോഴിയെ ഓടിച്ചു വിടാനുള്ളതിനു എന്നാ ചെയ്യുവാ പെണ്ണേ "
അപ്പന്റെ വന്നതും പറഞ്ഞതും ഒന്നും അറിയാതെ ..നീളൻ വരാന്തയുടെ അരമതിലിൽ കാലുനീട്ടിയിരുന്ന് വലതുകൈയിലെ മനോരമ വാരികയിലെ നീണ്ടകഥയായ "മരുമകൾ ഒരു കണ്ണീർതുള്ളി "എന്ന കഥയിൽ അലിഞ്ഞിരുന്ന്.. അതിൽ മധുമോഹന്റെ സീരിയൽ കണ്ടു ചാരുകസേരയിൽ വിശ്രമിക്കുന്ന മരുമകളെ അടുപ്പിൽ ഇട്ട അരി വെന്തു "പായസപ്പരുവമായതിൽ" വഴക്കു പറയുന്ന അമ്മായിയമ്മയുടെ ക്രൂരത വായിച്ചു, ഇടത് കൈയിലെ പുളിയൻ മാങ്ങാ കടിച്ചു തിന്നുകൊണ്ടിരിക്കുകയാണ്
"സോഫി "
അപ്പൻ ഒച്ചയിട്ടു.
അവൾ നീണ്ടകഥയിൽ നിന്നും പിടിവിട്ടു ചാടി എഴുന്നേറ്റു.
നീളൻ പാവാടയിൽ ശേഖരിച്ചു വച്ച കല്ലുകൾ കൊണ്ടെറിഞ്ഞു കോഴികളെ പറമ്പിലേക്ക് പായിച്ചു..
"അപ്പാ നമ്മുടെ പൂവനെ അടുത്താഴ്ച കറിവയ്ക്കണം.. ഇവനാണ് കണ്ട പിടകളെ എല്ലാം കൂട്ടികൊണ്ട് വരുന്നത്.. "
അപ്പൻ വഴക്കു പറയാതെ ഇരിക്കാൻ സോഫി മുൻ‌കൂർ ജാമ്യം എടുത്തു..
"ഹോ.. എന്നാ ചൂടാ മനുഷ്യൻ വെന്തുപോകും "
അപ്പൻ ചാരുകസേരയിൽ കിടന്ന് കൈയിലിരുന്ന വിശറി കൊണ്ട് വീശാൻ തുടങ്ങി..
സോഫി കോഴികളെ ഓടിച്ചു വിട്ടിട്ട് വീണ്ടും തുടർക്കഥയിലേക്ക് കയറി. വീണ്ടും മാങ്ങാ തിന്നാൻ തുടങ്ങി
"നിന്നോട് ഇങ്ങനത്തെ വാരിക വായിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ പെണ്ണേ.. നിനക്ക് ആ ദീപിക വായിച്ചാൽ പോരെ "
"ഉള്ള പുളിയൻ മാങ്ങാ എല്ലാം തിന്ന് വയറിളക്കം ഉണ്ടാക്കിക്കോ.. മാങ്ങയും കാന്താരിയും ഉപ്പും.. എന്നാതാടീ നീ പട്ടിണി കിടക്കുവാണോ.. "
സോഫിയുടെ മാങ്ങാ തീറ്റ കണ്ട് അപ്പൻ ദേഷ്യപ്പെട്ടു.
"അപ്പന് വേണോ.. വല്യ പുളിയൊന്നുമില്ല.. നോക്കിയിരുന്ന് കൊതി വിട്ട് എനിക്ക് അസുഖം ഉണ്ടാക്കരുത് "
"നീ അടി വാങ്ങും "
അപ്പൻ ഊറിച്ചിരിച്ചു.
"അമ്മച്ചിയും വല്യമ്മച്ചിയും ഒക്കെ എവിടെ പോയി.. ?"
"അപ്പന് അറിയാൻ മേലെ.. ഇന്ന് മുതൽ പള്ളിയിൽ "കരാട്ടെ ക്ലാസ്സ്‌ "ആരംഭിച്ചു.. ഇടവകയിലെ എല്ലാ പെണ്ണുങ്ങൾക്കും പങ്കെടുക്കാം.. നമ്മുടെ ബ്രൂസ്‌ലി സൂസിയാന്റിയാ ക്ലാസ്സെടുക്കുന്നെ.. അമ്മച്ചിയും.. അപ്പുറത്തെ ജാനമ്മ ചേച്ചിയും,ദേവകി ചേച്ചിയും ഉണ്ട്. "
"എന്നാത്തിനാടീ ഇവളീ വയസ്സാൻ കാലത്ത് കരാട്ടെ പഠിക്കുന്നത്.. ?!
അല്ല വയ്യാത്ത വല്യമ്മച്ചി എന്നാത്തിനാ പോയത്‌ ?!"
"മരുമകൾ കരാട്ടെ പഠിക്കുമ്പോൾ ഒരു അമ്മായിയമ്മ സ്വയരക്ഷ നോക്കണ്ടേ എന്റെ അപ്പാ..?!വല്യമ്മച്ചി ചുമ്മാ കാണാൻ പോയതാ.. "
ഇപ്പോൾ പെണ്ണുങ്ങൾ സ്വയരക്ഷയ്ക്ക് അത്യാവശ്യം ഇതൊക്കെ പഠിക്കുന്നത് നല്ലതാണ് എന്നാ കൊച്ചച്ചന്റെ അഭിപ്രായം.. "
"നമ്മുടെ കൈസറിനിതെന്നാ പറ്റി.. രാവിലെ മുതൽ ആകെ ഒരു എരണക്കേടാണല്ലോ അവന്.. ഒരു ക്ഷീണം.. "
അപ്പൻ പട്ടിക്കൂടിനടുത്തു പോയി നോക്കി.. അപ്പന്റെ.. കൈസർ എന്ന പ്രിയപ്പെട്ട അൾസേഷ്യൻ നായ നിരാശ ബാധിച്ച മുഖത്തോടെ കൂട്ടിൽ ആലോചനാ ഭാവത്തിൽ കിടക്കുന്നു..
"ചൂടിന്റെ ആവും അപ്പാ.. "
"ആണോടാ ഉവ്വേ "
അപ്പൻ വാത്സല്യത്തോടെ കൈസറെ വിളിച്ചു.. അവൻ സങ്കടം പൂണ്ട ഭാവത്തോടെ അപ്പനെ നോക്കി.. എന്നിട്ട് വീണ്ടും.. ആലോചനയിൽ ആണ്ടു.
അപ്പൻ വീണ്ടും ചാരുകസേരയിൽ കിടന്നു..
"അപ്പന്റെ പൊന്നുമോൾ ആ മാങ്ങാ നിലത്തു വച്ചിട്ട് കൈ കഴുകി ഇങ്ങ് വന്നെ.. അപ്പന്റെ തലമുടി ആ ചീപ്പെടുത്തു ചീകി താ.. "
"പൊന്നപ്പാ.. അപ്പനിനി ഉറങ്ങേണ്ട.. അപ്പന്റെ കൂർക്കം വലി കേട്ട് അപ്പന്റെ കട്ടിലിന്റെ കീഴിൽ കിടന്ന കുറിഞ്ഞി നാടുവിട്ടു.. ഹും "
"ഉറങ്ങാനല്ല.. ചുമ്മാ.. അപ്പന്റെ പൊന്നു മോള് വാ.. "
സോഫി ഒരു ചീപ്പെടുത്തു കൊണ്ടു വന്നു ചീവി അപ്പന്റെ തലമുടിയിൽ.. കിളിക്കൂട്, ഗോപുരങ്ങൾ തുടങ്ങി പലതരത്തിലുള്ള ഹെയർസ്റ്റൈൽ പരീക്ഷിക്കാൻ തുടങ്ങി..
അപ്പൻ വീണ്ടും മയങ്ങാൻ തുടങ്ങി.. ഒതുക്കുകല്ലുകൾ കയറി ആരോക്കെയോ വരുന്ന ശബ്ദം കേട്ട് അപ്പൻ കസേരയിൽ നിവർന്നിരുന്നു..
ആന്ധ്രയിൽ നിന്നുള്ള സ്ത്രീകളും, പുരുഷന്മാരും അടങ്ങിയ അഭയാർത്ഥി സംഘമാണ്..മലയാളവും.. തമിഴുമല്ലാത്ത ഭാഷയിൽ പറഞ്ഞു..
"വല്ലതും തന്നു സഹായിക്കണം.. ആന്ധ്രയിൽ വെള്ളപ്പൊക്കമാണ്.. "
"ഈശോയെ.. ഇതുപോലുള്ള ചൂടത്തു എവിടാ വെള്ളപ്പൊക്കം.. ങ് ഹേ.. !?"
അപ്പൻ ചോദിച്ചു.
"അതുതന്നെ !!"
സോഫി പിന്താങ്ങി..
"എന്തായാലും.. നീ അപ്പന്റെ പോക്കറ്റിൽ നിന്നും അഞ്ചു രൂപായെടുത്തു കൊട്.. "
"അഞ്ചു രൂപയോ സാറെ.. "
മുറ്റത്ത്‌ തോരണം പോലെ തൂക്കിയിട്ട റബ്ബർ ഷീറ്റുകളിലേക്ക്‌ നോക്കിക്കൊണ്ട് കൂട്ടത്തിലൊരുത്തൻ അപ്പനോട് ചോദിച്ചു...
അപ്പന് ആ "സാർ " വിളി നന്നേ ബോധിച്ചു.
"എന്നാ മോളെ അപ്പന്റെ പോക്കറ്റിൽ നിന്നും ഒരു പത്തു രൂപ എടുത്തു കൊട്.. "
"ചുമ്മാ തൂക്കിയിട്ടേക്കുന്നതാണെടാ ഉവ്വേ.. റബ്ബറിനൊന്നും വിലയില്ല.. "
സോഫി അകത്തു പോയി.. അപ്പന്റെ പോക്കറ്റിൽ നിന്നും രണ്ടു പത്തുരൂപ നോട്ടെടുത്തു.. ഒന്ന് അവളുടെ പേഴ്സിലേക്ക്‌ മാറ്റി.. ബാക്കി പത്തു രൂപ അവൾ സംഘത്തിന്റെ നേരെ നീട്ടി..
"ഞങ്ങൾക്ക് പൈസ മാത്രം പോരാ.. തുണിയും വേണം.. തുണികളൊക്കെ വെള്ളം കൊണ്ട് പോയി.. " തമിഴും, മലയാളവും എല്ലാം കലർത്തി അഭയാർത്ഥി സംഘത്തിലെ ഒരുത്തി പറഞ്ഞു..
സോഫി ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു..
കൂട്ടത്തിൽ കാണാൻ നല്ല ഭംഗിയുള്ള ഒരുത്തി അപ്പന്റെ നേരെ നോക്കി പറഞ്ഞു..
"സേട്ടാ. ഞങ്ങൾക്ക് തുണിയും വേണം.. "
"സേട്ടാ "എന്ന വിളി അപ്പന് നന്നേ ബോധിച്ചു..
കെട്ടിക്കാറായ ഒരു പെണ്ണിന്റെ അപ്പനെ "ചേട്ടാ "എന്ന് വിളിച്ചാൽ ആർക്കാണ് രസിക്കാത്തത്..
അപ്പൻ ഉദാരമനസ്കനായി..
"എടീ നിന്റെ രണ്ടു ചുരിദാർ എടുത്തു അവൾക്കു കൊട്.. "
"അപ്പാ.. കോളേജിൽ സെന്റോഫിനു പുതിയ ചുരിദാർ മേടിക്കാൻ പറഞ്ഞിട്ട് പിശുക്കൻ അപ്പൻ മേടിച്ചു തന്നോ.. ?ഞാൻ കൊടുക്കത്തില്ല.. ഹും "
"നീ പോടീ.. അമ്മച്ചിയുടെ അലമാരയുടെ താക്കോൽ ഇങ്ങ് താ "
"അതു അമ്മച്ചി കൊണ്ട് പോയി "
"സേട്ടാ. പാന്റും ഷർട്ടും മതി.. "
"പോ.. പെണ്ണേ.. അപ്പൻ മുണ്ടും ഷർട്ടുമാ ഇടുന്നത്...
ഇവള് കൊത്തികേറുകയാണല്ലോ.. "
സോഫിക്ക് ആ സുന്ദരിയെ അത്ര പിടിച്ചില്ല.
അപ്പൻ സോഫിയെ വഴക്കു പറഞ്ഞു.. രണ്ടു വസ്ത്രമുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കണം എന്ന ഈശോയുടെ വചനം പറഞ്ഞു.. ഉപദേശിച്ചു.
ആ പെണ്ണിന്റെ മുന്നിൽ വച്ചുള്ള അപ്പന്റെ വഴക്കു പറച്ചിൽ സോഫിക്ക് അത്ര രസിച്ചില്ല. അവൾ വീടിനകത്തേക്ക് ചവിട്ടി കുലുക്കി പോയി.. പിന്നാലെ കുറിഞ്ഞിപ്പൂച്ചയും.
കുറച്ചു കഴിഞ്ഞു തിരിച്ചു വരുമ്പോൾ അഭയാർത്ഥി സംഘം മുറ്റത്തില്ല. അപ്പൻ ചാരുകസേരയിൽ കിടന്നു.. "സ്ത്രീ ഒരു കണ്ണീർ തുളളി"വായിക്കുന്നു..
സോഫി മുറ്റത്തെ അഴയിൽ ഉണങ്ങാൻ ഇട്ട തുണികൾ പെറുക്കാൻ തുടങ്ങി..
രാവിലെ കുർബാനയ്ക്കു പോയിട്ട് വന്നു വിയർപ്പാറ്റാനായി വിരിച്ചിട്ടിരുന്ന അമ്മച്ചിയുടെ "ആകാശ നീലനിറമുള്ള കാശ്മീരി സിൽക്ക് സാരി "കാണുന്നില്ല..
"അപ്പാ.. അമ്മച്ചിയുടെ സാരി കാണുന്നില്ല.. ആ കള്ളിപ്പെണ്ണ് അടിച്ചോണ്ട് പോയി.. "
"ഹ.. മിണ്ടാതെടീ..അതു അപ്പനാ കൊടുത്തത്.. !"
"എന്നാൽ ശേലായി.. അമ്മച്ചി ഇന്നപ്പനെ ശരിയാകും.. പുതിയ സാരിയാ.. "
അപ്പന്റെ മുഖത്ത് ഒരു പേടി പരന്നു..
"ഉള്ളതാണോടീ.. പുതിയതാണോ.. കർത്താവെ.. സാറാമ്മ ഇന്നെന്നെ കറി വയ്ക്കുമല്ലോ "
അപ്പൻ ചാരുകസേരയിൽ നിന്നെഴുന്നേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..
"നീ എന്തേലും സൂത്രം പറയെടീ.. നീ കുരുട്ടു ബുദ്ധിയല്ലേ.. "
"എനിക്ക് അറിയാൻ മേല.. അപ്പാ.. പിന്നെ..നമ്മുടെ കൈസർ കടിച്ചു കീറി പറമ്പിൽ കൊണ്ടു പോയി കളഞ്ഞതാ എന്ന് പറഞ്ഞാലോ "
"പരമദ്രോഹി "
എന്ന ഭാവത്തിൽ കാര്യം പിടി കിട്ടിയ കൈസർ ഉച്ചത്തിൽ മോങ്ങി പ്രതിഷേധിക്കാൻ തുടങ്ങി.
അപ്പനുമമ്മയും അഥവാ അടി നടന്നാലോ.. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി..
സോഫി പ്രതിരോധനടപടി ആയി മുറ്റത്ത്‌ നിന്നും വടിയും.. കല്ലും പെറുക്കി മാറ്റി..
അമ്മച്ചിയും അപ്പനും ആങ്ങളയും പെങ്ങളും പോലെ ആണ് വലിപ്പം.. കട്ടക്ക് കട്ട..
മാത്രമല്ല അമ്മച്ചി കരാട്ടെ പഠിച്ചിട്ടു വരുന്നു.. പിടിച്ചു മാറ്റാൻ ചെറുക്കന്മാരും ഇല്ല..
അവന്മാർ അമ്മാച്ചന്റെ വീട്ടിൽ പോയിരിക്കുന്നു..
മകളുടെ മുന്നൊരുക്കങ്ങൾ കണ്ടു അപ്പൻ വിഷണ്ണനായി ചാരുകസേരയിൽ ചാഞ്ഞു കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ താഴെ പറമ്പിൽ നിന്നു.. അമ്മച്ചിയുടെ ശബ്ദം കേട്ടു.
സോഫി മുറ്റത്തിന്റെ അരികിൽ നിന്നും താഴോട്ട് നോക്കി.. ലോകനാർക്കാവിൽ തൊഴാൻ പോയ ഉണ്ണിയാർച്ചയെ പോലെ അമ്മച്ചി പാഞ്ഞു വരുന്നു.. പിന്നാലെ തോഴിമാരെപ്പോലെ വല്യമ്മച്ചിയും, ചേച്ചിമാരും..
അപ്പൻ കെണിയിൽ കുടുങ്ങിയ എലിയെപ്പോലെ എങ്ങോട്ട് ഓടണം എന്ന മട്ടിൽ പരക്കം പാഞ്ഞു.
അമ്മച്ചിയും പരിവാരങ്ങളും കൂടി.. മുറ്റത്തേക്ക് കയറി വന്നു.. അമ്മച്ചിയുടെ കൈയിൽ.. ആ "നീലസാരീ "..
വന്നപാടെ അമ്മച്ചി പട്ടിക്കൂട്ടിൽ കിടക്കുന്ന കൈസറെ വിളിച്ചു..
"എന്നാത്തിനാടാ.. നീയിങ്ങനെ കിടക്കുന്നെ ?നിന്റെ കൂടിന്റെ മുന്നിൽ ഇട്ട സാരിയല്യോ അവളുമാർ മോഷ്ടിച്ചോണ്ട് പോയത്‌.. നിനക്കിന്നു പച്ചവെള്ളം തരത്തില്ല.. "
സോഫിയുടെ പാചകപരീക്ഷണമായ "ചക്കക്കുരു പുട്ട് "തിന്ന് വയറുവേദനിച്ചു ക്ഷീണിതനായി കിടന്ന കൈസർ ദയനീയമായി മോങ്ങിക്കൊണ്ട് സോഫിയുടെ നേരെ സങ്കടത്തോടെ നോക്കി..
അമ്മച്ചി അപ്പന്റെ നേരെ നോക്കി.
"നിങ്ങൾ ഇവിടില്ലാരുന്നോ മനുഷ്യാ.. ഇത് കണ്ടോ എന്റെ പുതിയ സാരി.. കള്ളക്കൂട്ടങ്ങൾ.. അടിച്ചോണ്ട് പോയതാ..കണ്ടത് കൊണ്ട് കണ്ടു..
ഞങ്ങൾ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ആ പെണ്ണുങ്ങൾ പള്ളിത്താഴെ ഇട്ടു കെട്ടി മുറുക്കുന്നു.. എന്റെ സാരി കണ്ടതും എനിക്ക് മനസ്സിലായി..
ഓടിച്ചെന്നു എടുത്തപ്പോൾ ഒരുത്തി പറയുവാ അവൾക്കു ഒരു സേട്ടൻ കൊടുത്തതാ എന്ന്.. കള്ളി.
ഞാൻ സാരി പിടിച്ചു മേടിച്ചപ്പോൾ ഒരുത്തൻ തടയാൻ വന്നു.. പിന്നെ ഞങ്ങൾ എല്ലാരും കൂടി അവന്മാർക്കിട്ടും, അവളുമാർക്കിട്ടും കൂടി കൊടുത്തു അവരെല്ലാം ഓടി രക്ഷപെട്ടു. "
സോഫി അപ്പന്റെ നേരെ നോക്കി.. അപ്പന്റെ മുഖം.. സൂര്യൻ അസ്തമിച്ചപ്പോൾ കൂമ്പിയ താമര പോലെ താഴോട്ട് കുനിഞ്ഞു..
Deepa.K.
2
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo