നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇരുമുഖമുള്ള കണ്ണാടി........

ഇരുമുഖമുള്ള കണ്ണാടി..........
.......................................
അയാൾ ഒരു യാത്ര പോവുകയാണ്.എവിടേക്കാണെന്നോ എപ്പോൾ തിരിച്ചു വരുമെന്നോ പറയാൻ പറ്റാത്ത യാത്ര..യാത്രയുടെ തുടക്കത്തിൽ കുറച്ചു പേർ അയാളെ അനുഗമിച്ചിരുന്നു..അവരിൽ ചിലർ യാത്ര തുടങ്ങുന്നതിനു മുമ്പേയും കുറച്ചു പേർ യാത്രയുടെ മദ്ധ്യത്തിലും അവരുടെ യാത്ര മതിയാക്കി..ബാക്കിയുള്ളവർ മറ്റ് വാഹനങ്ങളിൽ യാത്ര തുടരുന്നു...അയാളിപ്പോൾ തനിച്ചാണ്..അതുകൊണ്ട് തന്നെ അയാൾക്ക് തീരുമാനിക്കാം എങ്ങോട്ട് പോകണമെന്ന്.. എന്നിട്ടും അയാൾക്കറിയില്ല എങ്ങോട്ട് പോകണമെന്ന്.. എന്താണ് ഈ യാത്രയുടെ ലക്ഷ്യം? അതും അറിയില്ല...
ഒരുപാട് നേരമായി യാത്ര തുടങ്ങിയിട്ട്. അല്പം വിശ്രമം ആവശ്യമാണെന്ന് അയാൾക്ക് അറിയാം..പക്ഷെ അതിനുള്ള നേരമായിട്ടില്ല..ഈ യാത്രയ്ക്കിടയിൽ അയാൾക്ക് പലതും ചെയ്തു തീർക്കാനുണ്ട്..അയാൾക്ക് വിശ്രമിക്കാൻ ഒട്ടും നേരമില്ലാതിരുന്നിട്ട് കൂടി അനുസരണയില്ലാത്ത കാലുകൾ അയാളെ ആ അരയാലിൻ ചുവട്ടിൽ എത്തിച്ചു..അല്ലെങ്കിലും അയാൾ പറയുന്നതൊന്നും അയാളുടെ ശരീരമോ മനസ്സോ ഇപ്പോൾ അനുസരിക്കാറില്ല..അവരുടെ കൈയിലേ വെറും കളിപ്പാവയായി എന്നേ അയാൾ മാറി കഴിഞ്ഞിരുന്നു..
യാത്രാക്ഷീണം കൊണ്ടാണെന്നറിയില്ല,ആ അരയാലിൻ ചുവട്ടിലെ കുളിരും തണുത്തക്കാറ്റും അയാളുടെ കണ്ണുകളെ മയക്കി..ആരും ശല്ല്യപ്പെടുത്താനില്ലാത്ത ശാന്തമായ മയക്കം...മുഖത്ത് എന്തോ വെളിച്ചമടിച്ചപ്പോഴാണ് അയാൾ ഞെട്ടിയുണർന്നത്..തൻ്റെ മയക്കത്തെ വിഘ്നപ്പെടുത്തിയ ആ വെളിച്ചം എവിടെ നിന്ന് വരുന്നു?അയാളുടെ സൂക്ഷ്മദൃഷ്ടിയിൽ അത് കണ്ടു..അതൊരു കണ്ണാടിയായിരുന്നു..അയാൾ ആ കണ്ണാടി എടുത്തു.. അതൊരു ഇരുമുഖമുള്ള കണ്ണാടിയായിരുന്നു..കൊത്തുപണികളാൽ അലംകൃതമായ പിടിയോട് കൂടിയ അതിമനോഹരമായ ഒരു ഇരുമുഖ കണ്ണാടി..കൗതുകവും അതിലേറെ ആകാംക്ഷയോടെയും അയാളാ കണ്ണാടിയുടെ ഒരു മുഖത്തേക്ക് നോക്കി..അതൊരു വിചിത്രമായ കണ്ണാടിയായിരുന്നു..അതിലൂടെ കണ്ട കാഴ്ചകൾ അയാളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ഓടിട്ട മൺകട്ട കൊണ്ട് നിർമ്മിച്ച ഒരു ചെറിയ വീട്..മുറ്റത്തിൻ്റെ ഒരരികിൽ ചെറുതും വലുതുമായ പാത്രങ്ങളിൽ നിറയെ വെള്ളം നിറച്ച് വച്ചിട്ടുണ്ട്.. ചാണകം മെഴുകിയ തറ..ഒരു ചെറിയ മുറിയും അടുക്കളയും വരാന്തയുമുള്ള വീടെന്ന് വിളിക്കാവുന്ന ആ കൂരയുടെ മുറ്റത്ത് ഒരു ബാലൻ നില്ക്കുന്നു..അവനൊരു ആറോ ഏഴോ വയസ്സ് കാണും..നെഞ്ചിൻ കൂട് ഉള്ളിലേക്ക് തള്ളി ഗർഭിണിയായ സ്ത്രീയുടെ നിറവയർ മാതിരിയുള്ള വയറും തള്ളി പിടിച്ച് മൂക്കള ഒലിപ്പിച്ച് ഒരു കൈകൊണ്ട് കുടുക്ക് പൊട്ടിയ ട്രൗസറും പിടിച്ച് മറുകൈ കൊണ്ട് മൂക്കിൽ നിന്ന് വായിലേക്ക് ഒലിച്ചിറങ്ങുന്ന മൂക്കള തുടച്ചു അത് ഉടുത്തിരിക്കുന്ന ട്രൗസറിൽ തന്നെ തുടച്ച് നില്ക്കുന്ന അവൻ്റെ രൂപം കണ്ടപ്പോൾ അയാൾക്ക് ചിരി വന്നു..ആ ബാലന് തൻ്റെ മുഖഛായ വന്നത് എങ്ങനെയാണെന്നാണ് അയാൾ അപ്പോൾ ചിന്തിച്ചത്.
നോക്കി നില്ക്കേ അവൻ വീണ്ടും വളർന്നു.. അവന് കൂട്ടുകാർ നന്നേ കുറവായിരുന്നു.. ഉള്ള കൂട്ടുകാരോട് തന്നെ അവൻ സംസാരിക്കുന്നതും കുറവാണ്.. താനൊരു വിക്കനാണെന്ന അപകർഷതാബോധം ഒരുപക്ഷെ അവനെ പിടിക്കൂടിയിരിക്കാം..അവനെപ്പോഴും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചിരുന്നു.. അവൻ്റെ ഏകാന്തത മുറിക്കുന്നത് പലപ്പോഴും പുസ്തകങ്ങളാണ്..അവൻ പുസ്തകങ്ങളെ പ്രണയിച്ചു..അവൻ കിളികളോടും മരങ്ങളോടും ചെടികളോടും മൃഗങ്ങളോടും സംസാരിക്കാൻ ഇഷ്ടപ്പെട്ടു..കാരണം അവൻ്റെ സംസാരം കേട്ട് അവരാരും അവനെ കളിയാക്കാറില്ലല്ലോ..കളിക്കാൻ പോയാൽ അനാവശ്യമായി ചൂടാക്കുക മറ്റു കുട്ടികളുമായി അടി കൂടുക തുടങ്ങിയവ അവൻ്റെ ദുഃശീലങ്ങളായതിനാൽ അവൻ പലപ്പോഴും അവിടെയും ഒറ്റപ്പെട്ടു.
അമ്മയുടെ കണ്ണീര് അവൻ കണ്ടില്ലെന്ന് നടിച്ചു..കാരണം അവനറിയാമായിരുന്നു തൻ്റെ അമ്മയുടെ കണ്ണീര് തുടയ്ക്കാൻ മാത്രം കരുത്തുള്ളതല്ല തൻ്റെ കൈകളെന്ന്..ആ അമ്മയ്ക്ക് വേണ്ടി അവൻ ഉള്ളം പൊട്ടി കരയുന്നത് ആരും കണ്ടില്ലെന്ന് മാത്രം.
ആ ഒറ്റമുറി വീടിന്റെ അകത്തളങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ അവൻ പലപ്പോഴും മടിച്ചു..അവൻ്റെ വികാരങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും പേപ്പർതാളുകളിൽ അക്ഷരങ്ങളായി പിറന്നു വീണു.. അത് വായിച്ചവൻ ഉന്മാദിയേ പോലെ പൊട്ടിചിരിച്ചു കൊച്ചുകുഞ്ഞിനെ പോലെ പൊട്ടികരഞ്ഞു..
അവൻ പിന്നെയും വളർന്നു കൊണ്ടേയിരുന്നു.. അവനിപ്പോൾ ആ മനുഷ്യൻ്റെ മുഖഛായ.. അത് വ്യക്തമായി അയാൾ കണ്ടു..അയാളുടെ അതേ വിചാരങ്ങൾ അതേ വികാരങ്ങൾ..അയാൾ ചിരിച്ചപ്പോൾ അതാ അവനും ചിരിക്കുന്നു..അയാൾ ഭയന്നു.. ആ മുഖത്തിൽ നിന്നയാൾ അയാളുടെ നോട്ടം മാറ്റി..അത് ആരായിരുന്നു?അവനെന്തേ എന്നെ പോലിരിക്കുന്നു?ഇനി ഞാൻ തന്നെയാണോ അവൻ?മനസ്സിനെ മദിക്കുന്ന ചോദ്യങ്ങളുമായി അയാൾ ആ കണ്ണാടിയുടെ മറു മുഖത്തേക്ക് നോക്കി.
അംബരചുംബിയായ ഒരു ഭീമൻ കെട്ടിടം.. അതിന്റെ ഏറ്റവും മുകളിലെ നിലയിലെ ഫ്ലാറ്റിലേ ചില്ലു പതിച്ച ജനലിലൂടെ അയാൾ താഴേക്ക് നോക്കി..താഴെ റോഡിലൂടെ ഉറുമ്പുകൾ വരിവരിയായി നീങ്ങുന്നത് പോലെ വാഹനങ്ങളുടെ നീണ്ട നിര...എന്നും കാണുന്ന ഒരേ കാഴ്ചകൾ അയാളെ മുഷിപ്പിക്കാറുണ്ട്..എന്നിട്ടും അയാൾ വെറുതെ വെളിയിലേക്ക് നോക്കി നില്ക്കും...അയാളുടെ മുടി മുഴുവൻ നരച്ചിരിക്കുന്നു..കണ്ണുകൾക്ക് ചുറ്റും വാർദ്ധ്യകത്തിൻ്റെ കറുപ്പ് നിറം..ശരീരത്തിലെ ചുളിവുകൾ അയാളുടെ അവശതയുടെ അടയാളങ്ങളാണ്..ആ ഫ്ലാറ്റിൽ അയാൾ തനിച്ചാണ്.. ചുറ്റുമുള്ള ഫ്ലാറ്റുകാർ അങ്ങനെയൊരു മനുഷ്യൻ അവിടെ ജീവിക്കുന്നുണ്ട് എന്നു പോലും മറന്നു പോയിരിക്കുന്നു.. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ആർക്കും ഒന്നിനും സമയമില്ലാതായിരിക്കുന്നു..ഇപ്പോൾ അയാൾ ഏകനാണ്.. അയാളുടെ ഏകാന്തത അകറ്റുന്നത് ഇപ്പോൾ പുസ്തകങ്ങൾ മാത്രമല്ല കംപ്യൂട്ടറും മൊബൈലുകളുമാണ്..പക്ഷെ എത്ര നേരം? വർഷങ്ങൾക്ക് മുമ്പ് തൻ്റെ ജീവിതത്തിലേക്ക് താൻ കൈപിടിച്ച് കൊണ്ടുവന്നവൾ തന്നെ വിട്ടു പോയിരിക്കുന്നു... കൂടെയുണ്ടായിരുന്ന സമയത്ത് താനവളെ വേണ്ടത്ര സ്നേഹിച്ചിരുന്നോ?ജീവിതത്തിൻ്റെ പകുതിയിലേറെയും താനൊരു പ്രവാസിയായിരുന്നു..അതിനിടയിൽ രണ്ടു കുട്ടികൾ ജനിച്ചു.. അവരുടെ കളിചിരികളും വളർച്ചയും കാണാൻ പറ്റാതെ രണ്ടു വർഷം കൂടുമ്പോൾ ഒരു വിരുന്നുകാരനെ പോലെ വീട്ടുകാരെ കണ്ടു മടങ്ങും..ഇതിനിടയിൽ തനിക്ക് പ്രിയപ്പെട്ട പലതും നഷ്ടമായി.. ആ നഷ്ടങ്ങളുടെ കണക്കിൽ അവസാനം തൻ്റെ പ്രിയപ്പെട്ടവളും..ലാഭവും നഷ്ടവും തൂക്കി നോക്കിയാൽ നഷ്ടത്തിൻ്റെ തട്ട് തന്നെയാണ് എന്നും താഴുന്നത്...അയാളുടെ ചിന്തകൾ കാടുകയറി..
അച്ഛനും അമ്മയ്ക്കും താമസിക്കാൻ നാട്ടിലെ വീടും പറമ്പും വിറ്റ് മക്കൾ വാങ്ങി തന്നതാണ് ഈ ഫ്ലാറ്റ്.. നാട്ടിലെ കാറ്റിൻ്റെയും മണ്ണിൻ്റെയും മണം എന്നോ നഷ്ടമായിരിക്കുന്നു..നാട്ടുമാവിൻ്റെ ചോട്ടിലിരുന്ന് അണ്ണാറകണ്ണനോടും കിളികളോടും കിന്നാരം പറഞ്ഞും ചുനയുള്ള പച്ച മാങ്ങ കടിച്ചു തിന്ന് വായ നിറയെ മാങ്ങപ്പുണ്ണ് പിടിച്ചു വീട്ടിലേക്ക് കയറി വരുമ്പോൾ അമ്മയുടെ കൈ കൊണ്ട് കിട്ടുന്ന അടി... നാട്ടിലെ മഴയ്ക്ക് ഒരു താളമുണ്ടായിരുന്നു ഒരു സംഗീതമുണ്ടായിരുന്നു ഒരു സുഗന്ധമുണ്ടായിരുന്നു...നാട്ടിലെ മഴയിൽ ഒരു പാട് നനഞ്ഞിട്ടുണ്ട്..അവസാനം പനി പിടിച്ച് മൂടിപുതച്ച് കിടക്കുമ്പോൾ അമ്മയുടെ സ്നേഹത്തിൻ്റെ തലോടലാലും തുളസിയില ഇട്ട ചൂട് ചുക്കു കാപ്പിയും കുടിച്ച് പനിയെ ഓടിക്കുമ്പോൾ ഒരിക്കൽ കൂടി മഴ നനയാൻ കൊതിക്കാറുണ്ട്..ഇവിടെയും ഇന്നലെ മഴ പെയ്തു.. പക്ഷെ ആ മഴയ്ക്ക് ദുർഗന്ധമായിരുന്നു..ആ മഴ നനയാൻ എന്തോ പേടിയായിരുന്നു.. വിഷലിപ്തമായ മഴ..പുകയും അമ്ലങ്ങളും നിറഞ്ഞ കറുത്ത മഴ..ഈ ഫ്ലാറ്റിൽ നിന്ന് നോക്കുമ്പോൾ മഴയ്ക്ക് അവയുടെ യൗവനം നഷ്ടമായത് പോലെ..തനിച്ചിരുന്ന് മുഷിയുമ്പോൾ ഫേസ്ബുക്കോ വാട്സ്ആപോ തുറന്ന് തൻ്റെ സൗഹൃദങ്ങളോട് സംവദിക്കും..അപ്പോഴും തൻ്റെ ഏകാന്തത ആരുമായി പങ്കു വെക്കാറില്ല..ആരുടെയും സഹതാപം അയാൾ ആഗ്രഹിക്കുന്നില്ല എന്നതാണ് നേര്...
അയാളുടെ നെഞ്ചിൽ എന്തോ ഭാരം അനുഭവപ്പെട്ടു.വല്ലാത്ത തളർച്ച പോലെ അരികിലുള്ള ഫോണെടുത്ത് മക്കളെ വിളിക്കണമെന്നുണ്ട്.പക്ഷെ കൈകൾ ചലിക്കുന്നില്ല..നാവു വരളുന്നു..അയാളതാ കുഴഞ്ഞു വീഴുന്നു..ആ പിടഞ്ഞു മരിക്കുന്ന മനുഷ്യൻ്റെ മുഖം ഇപ്പോൾ വ്യക്തമായും അയാൾ കണ്ടു.അതു കണ്ട് അയാൾ ഞെട്ടി..ഇത് ഞാനല്ലേ..ഈശ്വരാ ഇങ്ങനെ എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവനെ പോലെ ആരും അടുത്തില്ലാതെ ഒരു അന്ത്യമാണോ എനിക്ക് വിധിച്ചിരിക്കുന്നത്?
അയാളുടെ കൈയിൽ നിന്നും അറിയാതെ എന്നോണം ആ കണ്ണാടി താഴേക്ക് വീണു..വീണുടയാൻ മാത്രമുള്ള പ്രതലമല്ലാതിരുന്നിട്ടും ആ കണ്ണാടി ഉടഞ്ഞു പോയത് അയാളെ അമ്പരിപ്പിച്ചു.. ഇപ്പോഴാ കണ്ണാടിയുടെ മുഖങ്ങൾ തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത വിധം വെറും ചില്ലുകഷ്ണങ്ങൾ മാത്രമായി തീർന്നു.തകർന്നുടഞ്ഞ ആ കണ്ണാടിയിലേക്ക് നോക്കിയ അയാൾ നിരാശനായി..അയാളുടെ മുഖം ആ ഉടഞ്ഞ കണ്ണാടിയിൽ ആയിരം
കഷ്ണങ്ങളായി വേർതിരിച്ചറിയാൻ പറ്റാത്ത വിധം മാറി പോയത് അയാളെ വിഷമിപ്പിച്ചു.
അയാൾ അവിടെ നിന്നും എഴുന്നേറ്റു.. യാത്ര തുടർന്നേ പറ്റു..പക്ഷെ ഇപ്പോൾ അയാളുടെ മനസ്സിൽ ഒരു ലക്ഷ്യസ്ഥാനമുണ്ട്..ഇപ്പോൾ അയാളുടെ മനസ്സും ശരീരവും അയാൾ പറയുന്നത് അനുസരിക്കുന്നുണ്ട്..അത് അയാളെ അത്ഭുതപ്പെടുത്തി..ആ ലക്ഷ്യസ്ഥാനത്തെത്താൻ മനസ്സും ശരീരവും ഒപ്പം അയാളും മത്സരിക്കുകയാണ്.
ബിജു പെരുംചെല്ലൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot