Slider

തെങ്ങ് ചതിച്ചാശാനെ.......

0
തെങ്ങ് ചതിച്ചാശാനെ.......
....................
കുട്ടികാലത്ത്,എന്നുവച്ച് അത്ര ചെറിയ കുട്ടിയൊന്നുമല്ല,ചേട്ടന്മാർ ഞങ്ങൾ പിള്ളേരെ ഒപ്പം കൂട്ടുന്നതിന് ഒരു ദുരുദ്ദേശമുണ്ട്..കശുമാവിൻ തോപ്പിൽ പോയി കശുവണ്ടി പൊറുക്കാനും ആരാൻ്റെ തെങ്ങിൻ തോപ്പിൽ പോയി ഇളനീർ പറിക്കാനും കവുങ്ങിൻ തോട്ടത്തിൽ പോയി അടക്ക പൊറുക്കാനും അവർക്ക് ഞങ്ങളെ വേണം..ഇവിടങ്ങളിലെ കാവൽക്കാരാണ് ഞങ്ങൾ,അതിൻ്റെ ഉടമസ്ഥരോ മറ്റോ വരുമ്പോൾ അടയാളം കൊടുക്കാനാണ് ഞങ്ങളെ അവർക്ക് ആവശ്യം..അല്ലാതെ സ്നേഹം കൊണ്ടൊന്നുമല്ല...
ഇത് വായിച്ചിട്ട് ഇതൊരു മോഷണമാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട..അങ്ങനെ വിചാരിക്കുന്നവരുടെ തലയിൽ തേങ്ങ വീഴും നോക്കിക്കോ...മേല്പ്പറഞ്ഞ വസ്തുക്കൾ നമ്മൾ പിള്ളേർക്ക് പ്രകൃതി കനിഞ്ഞു നല്കിയതാണ്..അപ്പോൾ നമ്മൾ തന്നെയല്ലേ അവയുടെ യഥാർത്ഥ ഉടമകൾ.. അത് നോക്കി നടത്താൻ മറ്റുള്ളവരെ ഏല്പിച്ചു എന്നു മാത്രം..
തോട്ടു മത്സ്യം പിടിക്കുക എന്നതാണ് ചേട്ടന്മാരുടെ മറ്റൊരു കലാപരിപാടി...വെള്ളം വറ്റാറായ തോട്ടിൽ കുടക്കമ്പി കൊണ്ട് ഉണ്ടാക്കിയ അമ്പും വില്ലും ഉപയോഗിച്ച് മുശുവിനെയും കൈച്ചിലിനെയും(മുശി,വരാൽ) പിടിക്കും.(തൊലി കളഞ്ഞ് ചെറുതായി മുറിച്ച് അതിലേക്ക് അല്പം കുരുമുളക് പൊടിയും ഉപ്പും മാത്രം ചേർത്ത് വറ്റിച്ചെടുത്ത തോട്ടുമീൻ കഴിച്ചാലുണ്ടല്ലോ എൻ്റെ സാറേ...ചുറ്റുമുള്ളതൊന്നും കാണൂലാ..)
മീൻ പിടിക്കാൻ പോകുന്നതിനു മുമ്പ് പീടികയിൽ നിന്ന് ഒരു കിലോ അവിലും രണ്ടോ മൂന്നോ പാക്കറ്റ് മിക്സച്ചറും വാങ്ങും..(അതെന്തിനാണെന്നല്ലേ..പറയാം..)അതിനുശേഷം നല്ലവണ്ണം തേങ്ങകളുള്ള ഏതെങ്കിലും തെങ്ങിൽ കയറി ആവശ്യമായ ഇളനീരുകൾ പറിക്കും..അതിന് ആരുടെയും അനുവാദം വേണ്ട...കാരണം അവയുടെ യഥാർത്ഥ ഉടമകൾ നമ്മൾ തന്നെയാണ്...ഓരോ ഇളനീരിൻ്റെയും മുകൾഭാഗം വെട്ടി കളഞ്ഞ് അതിലേക്ക് അവിലും മിക്സച്ചറും നിറയ്ക്കും..എന്നിട്ട് അവ നല്ലവണ്ണം മൂടിവച്ച് നമ്മൾ പിള്ളേരെ കാവലിനിരുത്തി ചേട്ടന്മാർ മീൻ നായാട്ടിനിറങ്ങും..വലിയ മത്സ്യങ്ങൾ മാത്രമേ വീട്ടിലേക്ക് കൊണ്ടു പോകു...ചെറിയ മത്സ്യങ്ങൾ,ഞണ്ടുകൾ തുടങ്ങിയവയെ തോട്ടിൻ്റെ കരയിൽ തീ കൂട്ടി അതിൽ ചുട്ടെടുക്കും..മീൻ പിടിച്ചു എത്തുമ്പോഴേക്കും ഇളനീരിൽ അവിലും മിക്സച്ചറും നല്ലവണ്ണം കുതിർന്നിട്ടുണ്ടാവും..ചുട്ട മത്സ്യവും ഇളനീർ മിശ്രിതവും കൂടി ഒടുക്കത്തെ കോമ്പിനേഷനാ....
ഇത് വായിച്ച് ആരെങ്കിലും ഇളനീർ മോഷണത്തിന് ഇറങ്ങിയാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല...
അങ്ങനെ ഞങ്ങളുടെയും ചേട്ടന്മാരുടെയും കലാപരിപാടികൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ്..കൂട്ടത്തിലുള്ള നമ്മുടെ കഥാനായകന് പെരുത്തൊരാശ തോന്നുന്നത്...മൂപ്പർക്കൊന്ന് തേങ്ങേൽ കയറണം..തേങ്ങിൽ പോയിട്ട് ഒരു മാവിൻ്റെ മുകളിൽ പോലും മൂപ്പർക്ക് കയറാൻ അറിയില്ല എന്നത് നഗ്നമായ സത്യമാണ് (പടച്ചോനെ ഇതവൻ വായിക്കല്ലേ...എന്നാലെൻ്റെ മയ്യത്തായിരിക്കും)മറ്റുള്ളവരെല്ലാം കയറുമ്പോൾ താഴെ നിന്ന് നോക്കി നില്ക്കാനെ മൂപ്പർക്ക് പറ്റാറുള്ളു..
എങ്ങനെയെങ്കിലും തെങ്ങ് കയറാൻ പഠിച്ചേ തീരു എന്നായി നമ്മുടെ നായകന്..അങ്ങനെ ആ സുദിനം വന്നെത്തി.. തോട്ടിൻ്റെ കരയിലുള്ള ഉയരം കുറഞ്ഞ തെങ്ങ് ചൂണ്ടി മൂപ്പര് പറഞ്ഞു..
"ഞാനിന്നീ തെങ്ങുമ കയറും"
"എടാ..ബീണ് പണ്ടാരടങ്ങും"
നുമ്മ ചങ്ക് ചെങ്ങായിമാര് മൂപ്പരെ കുറെ വിലക്കി..പക്ഷെ മൂപ്പർക്ക് ഒരേ വാശി..അങ്ങനെ അവൻ്റെ വാശി വിജയിച്ചു.. ഉടുത്തിരുന്ന ലുങ്കി തെറുത്തുടുത്തു..തെങ്ങിനെ തൊട്ടു വണങ്ങി കയറാൻ തുടങ്ങി...കൈകാലുകളേക്കാൾ നെഞ്ചും വയറും ഉപയോഗിച്ചാണ് മൂപ്പർ കയറുന്നത്..അവൻ്റെ കയറ്റം കണ്ടപ്പോൾ താഴേ നിന്ന ഞങ്ങൾക്കും ആവേശമായി.. കൈയടിച്ച് അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു...
ഒരുവിധം തെങ്ങിൻ്റെ മുകളിലെത്തിയ മൂപ്പർക്ക് ലോകം കീഴടക്കിയവൻ്റെ ഭാവം..ഒന്നു രണ്ടു തേങ്ങയും മൂപ്പര് പറിച്ചിട്ടു... അവൻ താഴേക്ക് നോക്കി, വോട്ട് തേടി വരുന്ന നേതാക്കൾ കൈയുയർത്തി കാണിക്കുന്നത് പോലെ ഒരു കൈയുയർത്തി ഞങ്ങളോട് സലാം പറഞ്ഞു...മറുകൈ കൊണ്ട് ഒരു ഓലമടലിൽ പിടിച്ചതേ ഓർമ്മയുള്ളു..അവനാണോ ഓലമടലാണോ ആദ്യം താഴേയെത്തിയത് അറിയില്ല..വീണവനെയും കൊണ്ട് ചേട്ടന്മാർ ആശുപത്രിയിലേക്ക് ഓടുമ്പോൾ ചുട്ട മീനും ഇളനീരും എന്തു ചെയ്യുമെന്നറിയാതെ ഞങ്ങൾ പിള്ളേർ കുഴങ്ങി... കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ഞാൻ..അല്ലെങ്കിലും പണ്ടേ ഞാൻ അങ്ങനെയാ....അതൊക്കെ മുണ്ട കാടിനുള്ളിൽ ഒളിപ്പിച്ചു വച്ചു...പക്ഷെ പിറ്റേന്ന് ചെന്നപ്പോൾ അസ്ഥികൂടങ്ങൾ മാത്രമായ മീനുകളും ഉറുമ്പും പ്രാണികളും കയറിയ ഇളനീരുകളുമായിരുന്നു ഉണ്ടായിരുന്നത്...മനുഷ്യർ ആരും കാണാതിരിക്കാൻ ഞാനെന്റെ ബുദ്ധി പ്രയോഗിച്ചപ്പോൾ പ്രാണികളും നായകളും മറ്റും കാണുമെന്ന ചിന്തയില്ലാത്തതിനെ ബുദ്ധിയില്ലായ്മ എന്നു പറഞ്ഞു കളിയാക്കരുത്...എനിക്ക് ഒടുക്കത്തെ ബുദ്ധിയാ...
രണ്ടു ദിവസം കഴിഞ്ഞ് നമ്മുടെ കഥാനായകനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു..അവനെ കാണാനായി അവൻ്റെ വീട്ടിൽ പോയപ്പോൾ കിലുക്കം സിനിമയിൽ ജഗതി രണ്ടു കാലിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്ന സീൻ പോലെ നല്ല കളർഫുള്ളായ സീൻ..അവൻ്റെ ഉമ്മ അവന് കരണ്ടിയിലൂടെ ആഹാരം കോരി കൊടുക്കുന്ന നയനമനോഹരമായ കാഴ്ച കണ്ട് ഞാൻ കുളിരണിഞ്ഞു...അപ്പോൾ അവൻ്റെ കമൻ്റു കേട്ട് ഞാൻ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു
"തെങ്ങിൻ്റെ ഓലയ്ക്ക് ഇത്രയെ ഉറപ്പുള്ളു അല്ലേ..."
എനിക്കപ്പോഴും അവനോടു ദേഷ്യമായിരുന്നു..അവൻ കാരണമല്ലേ മീനുകൾ പട്ടി തിന്നതും ഇളനീരിൽ ഉറുമ്പു കയറിയതും...അല്ലാതെ എൻ്റെ മണ്ടത്തരം കൊണ്ടല്ല...അങ്ങനെയല്ലെന്ന് നിങ്ങൾക്കും മനസ്സിലായില്ലേ...അല്ലേ
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo