Slider

പത്രവിതരണക്കാരൻ

0
പത്രവിതരണക്കാരൻ
•••••••••••••••••••••••••••••••••••••
ആ നാട്ടിലെ ഏറ്റവും ഉയരം കൂടിയ ആൾ അയാളായിരുന്നു.
കാലുകളിൽ രണ്ടിലും നിവർന്ന് നിന്നാൽ കാലുകൾക്കിടയിലൂടെ അയാളുടെ ഇരുചക്രശകടം തടസ്സങ്ങളില്ലാതെ കടന്ന്
പോകുവാൻ പറ്റുന്ന വിധത്തിലുള്ള ഉയരം.
കാലത്ത്‌ അയാളുടെ ശകടത്തിന്റെ ശബ്ദം
കേട്ടാണു പല വീടുകളിലും കോഴികളും സ്ത്രീകളും ഉണർന്നിരുന്നത്‌.
പലരും അയാളുടെ വരവ്‌ മാത്രം പ്രതിക്ഷിച്ചായിരുന്നു ഉണർന്നിരുന്നത്‌ തന്നെ.
ചായകപ്പും കൈയിലേന്തി ക്ഷമ നശിച്ച്‌
അയാളെ തെറിയും വിളിച്ച്‌ ആറിയ ചായ മോത്തിക്കുടിച്ച്‌ ആളുകൾ ജോലിക്ക്‌ പോയതിനു ശേഷം ആ വീട്ടിലേക്ക്‌ ഒരു ഇളിഭ്യചിരിയുമായി കടന്നു വരുന്ന അയാൾ ചിലയിടങ്ങളിലെങ്കിലും ചിലർക്കൊരു തമാശ ആയിരുന്നു.
എത്ര ശ്രമിച്ചാലും അതിനു മുന്നെ അവിടെ അയാൾക്ക്‌ എത്താനും സാധിക്കുമായിരുന്നില്ല.
തണുപ്പെന്നോ ചൂടെന്നോ ഉള്ള കാലവ്യത്യാസമില്ലാതെ അരദ്ധരാത്രിയിൽ തുടങ്ങുന്ന തന്റെ ജീവിത കെട്ടുമായി നഗരറോഡിൽ നിന്ന് ചെമ്മൺ പാതകളിലേക്കും അവിടുന്ന് നാട്ടുവഴികളിലേക്കും ഒടുവിൽ വീട്ടുമുറ്റങ്ങളിലേക്കും പടർന്ന് പന്തലിക്കുന്നു അയാളുടെ യാത്രകൾ.
മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ അനസ്യൂതം തുടരുന്ന ജോലിക്കിടയിൽ മഴ അയാളെ പലപ്പോഴും വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
മുഴുകെ നനഞ്ഞൊലിക്കുന്നതിനിടയിലും തന്റെ ജീവിതത്തെ മഴ നനയാതെ ലക്ഷ്യത്തിലെത്തിക്കുന്നതിൽ അതീവശ്രദ്ധാലുവായിരുന്നു അയാൾ.
ചിലനേരത്തെ മഴ അയാളെ കബളിപ്പിക്കുകയും തെറി കേൾപ്പിക്കുകയും ചെയ്യുമായിരുന്നു.
നാട്ടിൽ ഭ്രാന്തൻ നായകൾ ഭീതി വിതച്ചപ്പോഴും കള്ളന്മാരും അക്രമകാരികളും അരങ്ങ്‌ വാഴുമ്പോഴും ഒരു തടസ്സവുമില്ലാതെ ഭയലേശമില്ലാതെ
ആ ഇരുചക്രശകടം പാതകൾ വേഗതയിൽ പിന്നിട്ട്‌ ‌ കൊണ്ടിരുന്നു.
നാട്ടിലൊരു രാഷ്ട്രീയ സംഘർഷമുണ്ടായാൽ അതിന്റെ വാർത്തക്ക്‌ എതിർപ്പാർട്ടിക്കാരുടെ ശകാരവർഷമേൽക്കുമ്പോളും ചിരിയോടെ തന്റെ ജോലിയിൽ മുഴുകുമായിരുന്നു അയാൾ.
ഒരു മരണവീട്ടിൽ ഏറ്റവും ഒടുവിലെത്തുന്നവരിൽ ബന്ധുക്കൾക്ക്‌ ഏറ്റവും ഇഷ്ടമുള്ള ആൾ ഇയാൾ ആയിരുന്നു.
എവിടെ നിന്നെങ്കിലും ചിരിച്ച്‌ നിൽക്കുന്ന പരേതന്റെ ഒരു ചിത്രം കിട്ടിയില്ലെങ്കിൽ തിരിച്ചറിയൽ കാർഡും ബന്ധുക്കളുടെ വിവരങ്ങളും നൽകി സന്തോഷത്തോടെ യാത്രയാക്കുന്ന അയാളെ തിരിച്ചറിയൽ കാർഡിൽ നിന്ന് തിരിച്ചറിയാത്ത പരേതനെ തിരിച്ചറിയുന്ന വിധത്തിൽ വെളുപ്പിച്ച്‌ ചിരിപ്പിച്ച്‌ അവതരിപ്പിച്ചാലും ബന്ധുക്കളുടെ പേരുകളിൽ വരുന്ന ഒരക്ഷരതെറ്റിനോട്‌ പോലും ആരും ക്ഷമിച്ചിരുന്നില്ല അയാളോട്‌.
തന്റെ ജോലി തന്റെ ജീവിതമാകുമ്പോളും അതിന്റെ കൂലി കൃത്യമായി വാങ്ങിക്കാൻ കാണിക്കുന്നതിലെ അലസത അയാളെ കടങ്ങളിലേക്കും തള്ളി വിട്ടിരുന്നു.
ഇന്നയാൾ മരിച്ചിരിക്കുന്നു.
നാട്ടു വഴികളിലെ അക്ഷരവ്യാപനം അവസാനിച്ചിരിക്കുന്നു.
കുഞ്ഞുമോൾ ചോദിക്കുന്നു
"എല്ലാരും മരിച്ചാൽ പേപ്പറിൽ കൊടുക്കുന്ന പേപ്പറുകാരൻ മരിച്ചാൽ ആരാ അയാളുടെ ഫോട്ടോ പേപ്പറിൽ കൊടുക്കുകാന്ന്"
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo