Slider

താരാട്ട്

0
താരാട്ട്
-----
ഒറ്റക്കുള്ള ഒരു രാത്രിയിൽ ടീവിയിൽ ഏതോ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അവൾ.
ഭിത്തിയിലെ ക്ലോക്കിൽ സമയം പന്ത്രണ്ടര കാണിച്ചു.
ഭർത്താവ് നൈറ്റ്‌ ഡ്യൂട്ടിക്ക് പോയിരിക്കുന്നു.
അങ്ങനെയുള്ള രാത്രികളിൽ കണ്ണുകൾ ക്ഷീണിച്ച് മയക്കം പിടിക്കുന്നത് വരെ ടീവി കാണുക എന്നതായിരുന്നു അവളുടെ രീതി.
രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു തുകൽ ഫാക്ടറിയിലെ സെക്യൂരിറ്റി ആണയാൾ.
ഭർത്താവ് ജോലിക്ക് പോയാൽ എന്നും ഏകാന്തതയാണവൾക്ക്.
തന്റെ മടുപ്പിക്കുന്ന ഒറ്റപ്പെടൽ ഒരു ശീലമായി മാറിയിരുന്നു.
ഒരു ദിനചര്യ പോലെ
അവൾ ഒന്ന് മൂരി നിവർത്തി കോട്ടുവായിട്ടു കൊണ്ട് മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം ഒരു ഗ്ലാസ്സിലേക്ക് പകർന്ന് ഒരിറക്ക് കുടിച്ചു..
നഗരജീവിതം എത്രമാത്രം നിറം മങ്ങിയതാണ്.. .
ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ ഈ വിരസതക്ക് കുറച്ച് മാറ്റം വന്നേനെ എന്നവൾക്കു തോന്നി.
വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായിരിക്കുന്നു..
ഒരുപാട് ചികിത്സകൾ ചെയ്തു.
ഇപ്പോഴും തുടരുന്നു.
പക്ഷേ ഒരു കുട്ടിക്ക് വേണ്ടിയുള്ള അവരുടെ കാത്തിരുപ്പ് അനന്തമായി നീളുകയാണ്
അവധിക്കു നാട്ടിൽ പോകുമ്പോൾ വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യം നേരിടാനാകാതെ അവൾ തല കുനിച്ചു നിൽക്കാറുണ്ട്.
ആര് ചെയ്ത പാപം കാരണമാണ് തനിക്കീ ദുര്യോഗം.. ?
ഭിത്തിയിലുള്ള ചിത്രത്തിൽ നിന്നും വെള്ളാരം കണ്ണുള്ള ഒരു കുട്ടി പുഞ്ചിരിച്ചുകൊണ്ട് തന്നെ നോക്കുന്നു.
കണ്ണുകളിൽ നീർമുത്തുകൾ ഉരുണ്ടുകൂടാൻ തുടങ്ങുന്നത് അവളറിഞ്ഞു.
തനിയെ കരയുന്നത് ഒരു ശീലമായിരിക്കുന്നു .
വിഷമങ്ങൾ തുറന്ന് പറയാൻ പോലും ആരും ഇല്ലല്ലോ എന്ന ചിന്ത അവളുടെ ദുഃഖത്തിന്റ ആക്കം കൂട്ടി.
വിതുമ്പിക്കൊണ്ട് അവൾ ജനാല തുറന്ന് പുറത്തേക്ക് നോക്കി.
പുറത്തെ നിലാവെട്ടത്തിനു പോലും ഒരു വിഷാദഛായ.
ഒരില പോലും അനങ്ങുന്നില്ല.
പകൽസമയത്തെ കൊടുചൂടിൽ വാടിത്തളർന്നുപോയ ചെടികൾ ഒരു മഴയെ പ്രതീക്ഷിച്ചെന്നപോലെ മാനത്തേക്ക് നോക്കി നിൽക്കുന്നു.
ഒരുതുള്ളി ദാഹജലം കിട്ടുമോ.. ?
ദൂരെ അരണ്ട നിലാവെളിച്ചത്തിൽ നീണ്ടുകിടക്കുന്ന റയിൽപ്പാത.
മുന്നിലെ റോഡിനപ്പുറത്തെ പുരയിടത്തിലെ വാഴകൾ അനങ്ങാതെ തന്നെത്തന്നെ നോക്കിനിൽക്കുന്ന കറുത്ത രൂപങ്ങളെപ്പോലെ അവൾക്ക് തോന്നി.
ഇത്രയും കാലത്തെ ഒറ്റപ്പെട്ട രാത്രികളിൽ അവൾക്ക് പേടി തോന്നിയിട്ടില്ല.
മറിച്ചു അത് മനസ്സിന് ബലം കൂട്ടുകയാണ് ചെയ്തത്.
റെയിൽപാളത്തിൽ കൂടി വടക്കോട്ടേക്കു വണ്ടി പാഞ്ഞുപോയി.
ജനൽപ്പടികൾ കുലുങ്ങിയോ.. ?
എവിടെയോ എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ട പോലെ..
തോന്നിയതാണോ.. ?
അവൾ ചെവി കൂർപ്പിച്ചു.
ഉണ്ട്.. അടുത്ത ഫ്ലാറ്റിൽ നിന്നാണ്.. അവൾ ഓടിപ്പോയി ടിവിയുടെ ഒച്ച കുറച്ചു..
അടുത്ത റൂമിൽ താമസിക്കുന്നത് ഒരു പ്രായമായ ദമ്പതികൾ ആണ്.
സ്റ്റാറ്റിറ്റിക്‌സ് വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത ജയദേവൻ സാറും ഭാര്യയും.
അവരുടെ മകൻ അബുദാബിയിൽ ജോലി ചെയ്യുന്നു.
അവർ രണ്ട് പേരും വൈകിട്ട് ഗുരുവായൂരിൽ പോയിരിക്കുകയാണല്ലോ.
പിന്നെയാരാണ്.. ?
മെല്ലെ വാതിലിനടുത്തേക്കു ചെന്ന് ലെൻസിലൂടെ പുറത്തേക്ക് നോക്കി.
ജയദേവൻ സാറിന്റെ ഫ്ലാറ്റ് അടഞ്ഞു കിടക്കുന്നു.
ഹാളിലെ ലൈറ്റ് ഓഫ്‌ ചെയ്തത് ആരാണ്.. ?
എതിർഭാഗത്തെ വാതിലിന്റെ വിടവിലൂടെ നേരിയ വെട്ടം കാണാം.
അകത്തു എന്തെല്ലാമോ വാരി വലിച്ചിടുന്ന ശബ്ദം..
പെട്ടെന്ന് വാതിൽ തുറന്ന് ഒരു കറുത്ത രൂപം അകത്തുനിന്നും ഇടനാഴിയിൽ പ്രത്യക്ഷപ്പെട്ടു.
മുഖംമൂടി ധരിച്ചിട്ടുണ്ട്.
താഴെ കാർപോർച്ചിൽ നിന്നുമുള്ള നേരിയ വെട്ടത്തിൽ ആ രൂപം അവളുടെ കണ്ണിനുമുന്നിൽ ഒരു അവ്യക്ത ചിത്രം പോലെ തെളിയാതെ നിന്നു.
അവളിലൂടെ അറിയാതെ ഒരു വിറയൽ കടന്ന് പോയി.
കയ്യിലെ ബാഗ് ചുമലിലിട്ട് അയാൾ താഴോട്ടുള്ള ബാൽക്കണിക്കരുകിലേക്ക് നീങ്ങി.
അയാൾ റൂമിനു നേരെ ഒന്ന് നോക്കിയോ.. ?
ഒരു നിലവിളി അവളുടെ തൊണ്ടയിൽ കുടുങ്ങി.
ദ്വാരത്തിനിപ്പുറം തിളങ്ങുന്ന കണ്ണുകൾ അയാൾ കണ്ടുവോ.. ?
തന്റെ നിഴൽ കാണുന്നുണ്ടോ.. ?
ആ രൂപം അനങ്ങാതെ കുറച്ചു സമയം അവൾ നിന്നിരുന്ന സ്ഥലത്തേക്ക് നോക്കിയത് അവൾ കണ്ടു.
ശ്വാസം നിലക്കുന്നതു പോലെ തോന്നി അവൾക്ക്.
ശരീരം അടിമുടി വിയർക്കാൻ തുടങ്ങി
ആ രൂപം വേഗത്തിൽ ബാൽക്കണിയിലൂടെ താഴേക്ക്‌ പോയി.
കാറ്റിന്റെ വേഗതയിൽ അവൾ ഓടി ജനലിനടുത്തേക്കു ചെന്ന് വാതിൽ പൂർണ്ണമായും തുറക്കാതെ ഒരു കോണിൽക്കൂടി പുറത്തേക്ക് നോക്കി.
കൈകൾ ആലിലപോലെ വിറക്കുന്നുണ്ടായിരുന്നു.
റോഡിലേക്കിറങ്ങിയ രൂപം ഒന്ന് നിന്നു.
തിരിഞ്ഞു അവളുടെ ഫ്ലാറ്റിനു നേരെ നോക്കി.
അയാൾ മനസ്സിലാക്കിയിരുന്നോ ആരുടെയോ രണ്ട് കണ്ണുകൾ അയാളെ പിന്തുടരുന്നത്...?
അയാൾ വിജനമായ റോഡിലിറങ്ങി കെട്ടിടത്തിന്റെ പിറകു ഭാഗത്തെ കട്ടപിടിച്ച ഇരുട്ടിലേക്ക് മറയുന്നതു നോക്കി ജനാലക്കരികിൽ ഒരു പ്രതിമ പോലെ അവൾ നിന്നു..
അപ്പോൾ ജനൽപ്പടികൾ കുലുക്കിക്കൊണ്ട് ഒരു ട്രെയിൻ പാഞ്ഞുപോയി.
........................................
തലേന്ന് രാവിലെ....
തിരക്കുള്ള സിറ്റി ബാങ്കിൽ ക്യാഷ് കൗണ്ടറിൽ നിന്നും പണം നിറച്ച ബാഗും കയ്യിലേന്തി ജയദേവൻ സർ പുറത്തേക്ക് നടന്നു.
അബുദാബിയിൽ നിന്നും മകൻ അയച്ച പണം വാങ്ങാനായിരുന്നു അയാൾ എത്തിയത്.
ജയദേവൻ സാറിനെയും കാത്തു ഭാര്യ പുറത്ത് കാറിലുണ്ടായിരുന്നു.
പുക പറത്തിക്കൊണ്ട് കാർ ഗേറ്റു കടന്ന് മെയിൻറോഡിലേക്ക്‌ പ്രവേശിച്ചപ്പോൾ അത് ശ്രദ്ധിച്ചു കൊണ്ട് ഒരാൾ അടുത്തുള്ള കടയുടെ മുൻപിലുള്ള തണൽ മരത്തിനു കീഴിൽ നിന്നിരുന്നു.
അയാൾ ഒരു സിഗെരെറ്റിന് തീ കൊടുത്ത് കയ്യിലെ തീപ്പെട്ടിക്കൊള്ളി നിലത്തേക്ക് വലിച്ചെറിഞ്ഞു.
ചിലന്തി വല നെയ്യും പോലെ മനസ്സിൽ കണക്കു കൂട്ടലുകൾ നടത്തുകയായിരുന്നു അയാളപ്പോൾ ...
---------------------------
പിറ്റേന്ന് രാവിലെ ജോലി കഴിഞ്ഞു വന്ന ഭർത്താവിനോട് പറയാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു അവൾക്ക്.
അവളുടെ വിവരണം കേട്ട് അയാൾ ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി.
ചേട്ടനെ വിളിച്ചിരുന്നു ഞാൻ. പക്ഷേ ഫോൺ ഓഫായിരുന്നു..
ചാർജ് ചെയ്തു വെക്കണം ഏട്ടാ.. എന്തെങ്കിലും പറ്റിയാൽ ഞാനെങ്ങനെ അറിയിക്കും..?
പോട്ടെ സാരമില്ല ഒന്നും പറ്റിയില്ലല്ലോ..
പേടി നിഴലിക്കുന്ന അവളുടെ കണ്ണുകളിൽ നോക്കി അയാൾ അവളെ ചേർത്ത് നിർത്തി മെല്ലെ പറഞ്ഞു.
നീ പെട്ടെന്നൊരുങ്ങ് നമ്മുക്കൊരിടം വരെ പോകണം എന്നും പറഞ്ഞു അയാൾ ശുചിമുറിയിലേക്ക് പോയി.
പ്രാതൽ കഴിക്കുമ്പോഴും അയാൾ ചിന്താമഗ്നനായിരുന്നു.
...വെള്ളം ചൂടാക്കാൻ വെച്ചിട്ടുണ്ട് കേട്ടോ.
ഞാനൊന്നു കുളിച്ച് റെഡിയാകാം.
ഭാര്യ കുളിമുറിയിലേക്ക് പോയപ്പോൾ അയാൾ കുടിച്ചു കൊണ്ടിരുന്ന ചായ മേശമേൽ വെച്ച് എഴുന്നേറ്റ് തീ ആളിക്കത്തിക്കൊണ്ടിരുന്ന അടുപ്പിനു നേർക്ക് കണ്ണുകൾ പായിച്ചു.
അയാളോടൊപ്പം ബസ്റ്റോപ് ലക്ഷ്യമാക്കി നടക്കുമ്പോൾ അവൾ ചോദിച്ചു
എങ്ങാട്ടാണ് പോകുന്നതെന്ന്..
..നമുക്കതു ചെയ്യണം.
ഐ വി എഫും കൂടി ചെയ്തു നോക്കാൻ തയ്യാറാണെങ്കിൽ ഇന്ന് ചെല്ലാൻ ഡോക്ടർ പറഞ്ഞിരുന്നില്ലേ.. ?
അത് കൂടി ചെയ്ത് എന്തെങ്കിലും ഫലമുണ്ടോന്നു നോക്കാം..
പക്ഷേ അതിനൊരുപാട് പണം വേണ്ടേ ചേട്ടാ.. ?
അവൾ ആശ്ചര്യത്തോടെ ചോദിച്ചു..
...അതൊക്കെ ശരിയാകും...
ദൃഢനിശ്ചയമായിരുന്നു അപ്പോൾ അയാളുടെ മുഖത്ത്...
അയാളോട് ചേർന്നു നടക്കുമ്പോൾ അവളുടെ ഉള്ളിൽ പുതിയ പ്രതീക്ഷയുടെ നാമ്പുകൾ മുളക്കുകയായിരുന്നു.
ഹൃദയം ഒരു പ്രത്യേക താളത്തിൽ മിടിക്കാൻ തുടങ്ങിയത് അവളറിഞ്ഞു.
ഒരമ്മഹൃദയത്തിന്റെ താരാട്ടിന്റെ ഈണമായിരുന്നു അത്.
മനസ്സിൽ ഉയരുന്ന ആഹ്ളാദം അടച്ചുവെക്കാൻ കഴിയാതെ അവൾ അയാളോട് മുട്ടുരുമ്മിനടന്നു.
അവൾ എല്ലാം മറക്കുകയായിരുന്നു...
തന്റെ മടുപ്പിക്കുന്ന ഏകാന്തതയും..
മനസ്സിൽ കൂട്ടിവെച്ച് ഒരു കുന്നുപോലെയാക്കിയ വിഷമങ്ങളും...
കൂടെ..
അയാളോട് ചോദിക്കാൻ കരുതിയ ആ ചോദ്യവും...
വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അടുപ്പിലെ തീ കെടുത്താൻ ചെന്നപ്പോൾ കണ്ട മുക്കാലും കത്തിയ ഒരു പ്ലാസ്റ്റിക് മുഖംമൂടിയെപ്പറ്റിയുള്ളത് ..
അവളുടെ മനസ്സിൽ മുറിയിലെ ഭിത്തിയിലുള്ള വെള്ളാരം കണ്ണുള്ള കുട്ടിയുടെ ചിത്രം തെളിഞ്ഞു.
വഴിയരുകിലുള്ള ചെടിയിൽ ചുവന്ന ചെത്തിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു.
ഉച്ചവെയിലിനു സ്വർണ്ണ നിറമായിരുന്നു അപ്പോൾ....
ശ്രീ
18/03/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo