Slider

മരണത്തിന്റെ വള്ളി

1

അകലെ പാടത്തിനും അപ്പുറത്തുള്ള ടാർ റോഡിലൂടെ കിതച്ചു വരുന്ന പോലീസ് ജീപ്പ് കണ്ടു താഴെ തോട്ടിൽ നിന്നിരുന്ന പിള്ളേര് അലറി...
"അച്ചോ..പോലീസുംവണ്ടി വന്നേക്കണ്.."
രാമൻ അനക്കമില്ലാതെ കൂരയിലേക്ക്‌ നോക്കി കിടന്നു...
ദേ..അവരു അങ്ങ് നോക്കി കെടപ്പൊണ്ട്..കോണടിക്കുന്നൂണ്ട് ...ന്താ ചെയ്യാ.." രാധമ്മ നിസ്സഹായതയോടെ അയാളെ നോക്കി..
"ഓ..കേട്ടെക്കണ് ...വയ്യാണ്ടിപ്പോ ഞാനെന്നാ ചെയ്യാനാ.." കുഴിഞ്ഞുന്തിയ നെഞ്ചും താങ്ങി രാമൻ എണീറ്റിരുന്നു..
"ന്നെ കൊണ്ടാവില്ലടീ..പിടിച്ചാ കിട്ടത്തില്ല..അതാ..."
"രണ്ടൂസായി പിള്ളേര് ഒന്നും കഴിച്ചേക്കണതല്ല..." നിസ്സഹായതയോടെ തല താഴ്ത്തി നില്ക്കുന്ന മെല്ലിച്ച ആ ശരീരത്തെ അയാൾ വേദനയോടെ നോക്കി...
പൊടിഞ്ഞ ചെങ്കൽ പടികൾ ചവിട്ടി മെതിച്ച് പോലീസുകാര് കയറി വന്നു..രാമൻ ഈറ്റ കഴുക്കോലിൽ ഒരു കൈ തൂക്കി തല പുറത്തേക്കിട്ട്..
"വയ്യാത്തോണ്ടാ ഏമാ..."
"നീ വായോ..മറ്റു വഴികളില്ലാത്തോണ്ടല്ലേ രാമോ.."
"എവിടാ ഏ മാ...റെയിലേലാണോ.."
"അല്ലടാ..തമ്പുരാട്ടിക്കുത്തില്..മുങ്ങി നിപ്പാ പെണ്ണ്...ചാടീതാ ഇന്നലെ വൈകിട്ട്..പൊങ്ങി വരൂല്ലാല്ലേ..?"
"തമ്പ്രാട്ടി കുത്തി പോയാ നേരെ ചൊവ്വേ വരത്തില്ല ഏമാ..താഴെ ച്ചെന്നു കാലേക്കുത്തി പൊക്കി വിടണം..പിന്നെ മുടിയേലും പിടിച്ചു ചുഴിപ്പിടി തൊരന്നു വരണം..പാടാ ഏമാ..."
രാമൻ നിന്നു കിതച്ചു..അയാൾക്കതിനുള്ള പാങ്ങില്ലായെന്നു അവർക്കറിയാമായിരുന്നു.
"പിന്നിപ്പോ ന്താ ചെയ്യാ.." അവരെന്തോ പ്രതീക്ഷിച്ചെന്ന പോലെ പിന്നെയും നിന്നു.
പോലീസില് മൂത്തവൻ പിന്നേയും ചോദിച്ചു...
"പിന്നിപ്പോ ന്താ ചെയ്യാടാ .."
രാമൻ മിണ്ടിയില്ല..അയാളുടെ ചങ്കു പിടിച്ചിൽ കൂടി വന്നു..
"ചെക്കനെ കൊണ്ടാവോ..? തോനെ കായ് തരും പെണ്ണിന്റെ തന്ത...മജിശ്രേട്ടാ..അല്ലേ ഞങ്ങള് വര്ര്വോ..?"
"ഏമാ.." തൊണ്ട കുരുങ്ങി നിന്നൊരു കരച്ചിൽ കടിച്ചു പിടിച്ചു രാമൻ..
"കൊച്ചാ..പതിനാറു കഷ്ട്ടിയാ..കുത്തില് ഏറക്കീട്ടില്ല...പേടിയാ...വലിച്ചില് പരിചയോത്തിലില്ലാ ചെക്കന്.."
"അയ്നെന്താ..നെന്റെയല്ലേ..സുയ്പ്പാക്കിക്കോളും..ഇനി അല്ലേ ത്തന്നെ ഞങ്ങളൊക്കെയില്ലേടോ കൂടെ..."
"ന്നാലും..."
"ഒരെന്നാലൂല്ല..വിളിക്ക്..ചോയ്ക്കട്ട്..."
എല്ലുന്തി വിളറിയ ചെക്കനെ നടുവില് നിർത്തി അവർ ചോദിച്ചു..
"നീ വരുവല്ലേ..."
ഭയത്തോടെ അവൻ തല താഴ്ത്തി നിന്നു..
"കായ് തരൂടോ..ദെയ് നോക്ക്...500 മുന്നേ പിടി..ബാക്കി പൊറെ..."
പ്രതീക്ഷയോടെ അവൻ ആ പണത്തിലേക്ക് നോക്കി..ചോറ് കൊതിച്ചു ഇളയതുങ്ങൾ അവനെ ഇമ വെട്ടാതെ നോക്കി നില്ക്കെ..അറിയാതെ അവൻ തലയാട്ടി..കൈ നീട്ടി വാങ്ങി..100 റിന്റെ അഞ്ച് നോട്ടുകൾ..
"വേണ്ടാടാ കൊച്ചേ..." രാമൻ ഒരു വിറയലോടെ കുമ്പിട്ടിരുന്നു...രാധമ്മ വിങ്ങി പ്പൊട്ടി...
പോലീസുകാര് തനി നിറം കാണിച്ചു തുടങ്ങി..
"ന്താടാ കായ് വാങ്ങീച്ചും കളിയെറക്കാ...?"
ജീപ്പ് പൊടി പറത്തി നീങ്ങുകയാണ്.. അവൻ പുറകിലേക്ക് നോക്കി..ലോകം അകന്നു പോകുന്ന പോലെ..അമ്മ...അച്ഛൻ..അനിയത്തി..അനിയൻ....വിജയ ഭാവത്തിൽ കുലുങ്ങിയോടുന്ന ജീപ്പിൽ അള്ളിപ്പിച്ചിരിക്കുമ്പോൾ ദൂരെ അവൻ കണ്ടു..സഞ്ചിയുമായി അരി വാങ്ങാൻ കുടിലിൽ നിന്നും ഇറങ്ങി ഓടുന്ന അനിയനെ..
"കുത്തിലെറങ്ങുമ്പോ പേടിക്കല്ല്..പ്രേതത്തെ കാണുമ്പോഴും ന്റെ മോൻ പേടിക്കല്ല്..അയൊന്നും ചെയ്യത്തില്ല..മുങ്ങീട്ടു അയിന്റെ കാലേ വള്ളി ചുറ്റീട്ടൊണ്ടോന്നു നോക്കണം..ഒണ്ടേ കൈക്ക് വലിച്ച് മാറ്റീട്ട് അയിനെ പൊക്കി മോളിലോട്ട് വിടണം...അതിന്റൊപ്പം മോളിലോട്ട് പൊന്തീട്ടു മുടിയേല് പിടിച്ചു കേറണം. ചുഴീടെ നടുവിലൊരു കണവൊണ്ട്..അവിടെ കട്ടി കൊറവാരിക്കും..അയിലൂടെ ആദ്യം ചാടണം..പ്രേതോം പൊറകെ പോരും..തിരിഞ്ഞു നോക്കല്ല്.."
അച്ഛന്റെ വാക്കുകൾ ഒന്നുകൂടി ഓർത്തു വച്ചു..അവനു പേടി തോന്നിയില്ല..
"നീ വെല്ലോം കയ്ച്ചിനാ...?"
ഒരു പോലീസുകാരൻ ചോദിച്ചു..അവനൊന്നും മിണ്ടിയില്ല..
"ഇരുപ്പു കണ്ടിട്ട് ബിരിയാണി കയ്ചേച്ചും വന്ന മട്ടൊണ്ട്.." പോലീസുകൂട്ടം ആർത്തു ചിരിച്ചു..
"ഇന്നാ തിന്നോ..."
ഒരാൾ അവനു നേരെ പഴം നീട്ടി..ആർത്തിയോടെ വാങ്ങുമ്പോൾ അയാൾ പറഞ്ഞു.."
കുത്തെത്താറാകുമ്പോ ചായ മേടിച്ചു തരാം.."
അവൻ മെല്ലെ തലയാട്ടി..
തമ്പുരാട്ടിക്കുത്ത്...അലറിച്ചാടി വരുന്ന കാട്ടു വെള്ളത്തെ ഗർഭത്തിലെന്ന പോലെ ഒളിപ്പിച്ച് അവൾ നിന്നു..കൂറ്റൻ കരിമ്പാറകൾ കാവൽ നിന്നു..രാത്രിയുടെ മദ്ധ്യ യാമങ്ങളിൽ അവൾ കുത്തിൽ നിന്നും പുറത്തു വരുമത്രേ ...പിന്നെ നിലാവൊരുക്കിയ വഴികളിലൂടെ വഴുക്കിയ പാറകളിൽ അള്ളി പ്പിടിച്ചു കയറും...മുറിഞ്ഞു തൂങ്ങി ചോരയൊലിക്കുന്ന മുലയുമായി..അവൾ..തമ്പുരാട്ടി..പിന്നെ അവളെ പിന്തുടർന്ന് പ്രേതങ്ങളോരോന്നും പുറത്തു വരും..കൂർത്ത പാറകളിൽ കയറി നിന്ന് അവർ അലറി ചിരിക്കുമത്രെ..അവനു പേടി തോന്നി..
"ദാ വന്നേക്കണ്...രാമന്റെ ചോര..കുത്തിനെ കറക്കിയോന്റെ..കുത്തീന്നു പ്രേതങ്ങളേം കൊണ്ട് കടന്നോന്റെ ചോര..വച്ചേക്കണ്..വായോ..വായോ..."
പ്രേതങ്ങൾ കൊതി പൂണ്ടു അലറി ...
"വെള്ളത്തിന്‌ പിടി കൊടുക്കല്ല്..കുത്ത് ചുറ്റിക്കാൻ നോക്കും..അതങ്ങനാ..ശവം മണത്താ പിന്നേം വേണംന്ന് പറയും..."
അച്ഛന്റെ വാക്കുകൾ പിന്നെയും ഓർത്തു..പിന്നെ അങ്ങു കുടിലിൽ തിളയ്ക്കുന്ന കഞ്ഞിയെ ഓർത്തു...അത് കുടിച്ചു ചിരിക്കുന്ന ഇളയതുങ്ങളെ ഓർത്തു..
"മജിസ്രെട്ടിനെ വണങ്ങീട്ടും ചാടടാ.."
പോലീസുകാരൻ മുരണ്ടു..
അവൻ മജിസ്രെട്ടിനെ നോക്കി..പിന്നെ കൈ കൂപ്പി...അയാളെയല്ല..കുത്തിനെ..പിന്നെ വെള്ളത്തിലേക്കിറങ്ങി..നുര പൊട്ടി പാഞ്ഞു കുത്തിലൊളിക്കുന്ന വെള്ളത്തിലേക്ക്‌..പിന്നെ..ഭ്രാന്തു പിടിച്ചു വട്ടം കറങ്ങുന്ന തമ്പുരാട്ടിക്കുത്തിലേക്ക് ആ മെല്ലിച്ച ശരീരം നൂണ്ടു പോയി..
നിമിഷങ്ങൾ...പച്ച പായൽ വായിലും മൂക്കിലും നിറഞ്ഞു..പതഞ്ഞു പൊങ്ങുന്ന കലങ്ങിയ വെള്ളത്തിൽ അവൻ കണ്ടു..
കുത്തിൽ നിന്നു കറങ്ങുന്ന പെണ്ണ്..കൈകൾ വിരിച്ചു പിടിച്ചേക്കണ് .. മൂക്കും കണ്ണും എല്ലാം അറ്റു പോയ..മുടി മാത്രം ബാക്കിയായ തല..
കാൽവിരൽ ആഞ്ഞു കുത്തി താഴെ ചെന്ന് പ്രേതത്തെ മുകളിലേക്ക് പൊക്കി വിട്ടു..ഒപ്പം ഊക്കോടെ പൊങ്ങി വരവേ..കുത്തൊരുക്കിയ വിടവിലൂടെ പ്രേതം പുറത്തേക്കെറിയപ്പെട്ടു..
വെള്ളം വളയുകയാണ്‌..മരണത്തിന്റെ വള്ളി പോലെ...അച്ഛൻ പറഞ്ഞ കണവെവിടെ...? ഇല്ല..പിടി തരാതെ കണവിനെ മടിയിലൊളിപ്പിച്ചു തമ്പുരാട്ടി...
നെഞ്ചു പറിയുന്നൊരു നോവുമായി മെല്ലെ മെല്ലെ...അവൻ താഴേക്കു ആണ്ടു പോയി..പിന്നെ മറ്റൊരു പ്രേതമായി..കൈകൾ വിരിച്ചു പിടിച്ചു..

Monsy
1
( Hide )
  1. കൊച്ചിനെ കൊല്ലണ്ടായിരുന്നു......

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo