ദ കാറ്.........
അതി രാവിലെ മുറ്റത്ത് നിന്ന് എന്റെ പല്ലിന്റെ രക്ഷ കോൾഗേറ്റിനെ ഏൽപ്പിച്ച് കൊണ്ടിരുന്ന സമയത്താണ് , മുഖമടച്ച് ഒരു ഏറ് കിട്ടിയത് .
വന്ന് പതിച്ച ഉൽക്ക അന്നത്തെ പത്രമാണെന്ന് മനസ്സിലാക്കി , എറിഞ്ഞ സാമദ്രോഹിയുടെ പിതാവിന് " വന്ദേ മുകുന്ദഹരെ " ചൊല്ലാനാരംഭിച്ചപ്പോഴേക്കും . അവന്റെ ആളെകൊല്ലി ന്യൂജൻ ബൈക്ക് നൂറ് കിലോ മീറ്റർ വേഗത്തിൽ പറന്നിരുന്നു .
എന്നാലും ഒരു പത്രം മുഖത്ത് കൊണ്ടാൽ ഇത്ര വേദനിക്കുമോ എന്ന് ചിന്തിച്ച് പരവശനായെങ്കിലും , നാൾക്കുനാൾ വർദ്ധിച്ച് വരുന്ന പീഢന വാർത്തകളുടെ കാഠിന്യം കൊണ്ടോ , സാമ്പത്തിക തട്ടിപ്പിന്റെ അമിത ഭാരം കൊണ്ടൊ ആവാം , അങ്ങനെ സംഭവിച്ചത് എന്ന് ആശ്വസിച്ച് സായൂജ്യമടഞ്ഞ് നിന്നപ്പോഴാണ് , അതിനോട് ചേർത്ത് റബ്ബർ ബാൻഡാൽ ബന്ധിപ്പിക്കപ്പെട്ട നിലയിൽ ഒരു കലണ്ടർ ദർശിക്കാൻ ഇട വന്നത് .
കലണ്ടറിന്റെ ദർശന ഭാഗ്യം സിദ്ധിച്ച ഉടനെ മനസ്സിലേക്ക് ഓടിയെത്തിയത് " ചരിത്രം വഴിമാറും ചിലർ വരുമ്പോൾ " എന്ന പരസ്യവാചകമായിരുന്നു .
വീട്ടിലെ പ്രധാന സംഭവങ്ങളായ പാല് വാങ്ങിതും , ഗ്യാസ് മാറീതും , കുറിപ്പണം അടച്ചതും എന്ന് വേണ്ട , തിലകൻ ചേട്ടൻ പരസ്യത്തിൽ പറയാത്ത , പാലുകാച്ചും , പ്രസവവും വരെയുള്ള ഒരു വർഷത്തെ ചരിത്ര സംഭവങ്ങൾ എല്ലാം തന്നെ കലണ്ടറിൽ ഭാര്യ രേഖപ്പെടുത്തിയിട്ടുണ്ടാകും .
ഈ ചരിത്ര രേഖകളാണ് പുതിയവൻ വരുമ്പോൾ ആണി ഭ്രഷ്ടനായ് തീരുന്നത്.
റബ്ബർ ബാൻഡിന്റെ ബന്ധനത്തിൽ നിന്നും മോചിതനാക്കിയ ഇണക്കുരുവികളിൽ പത്രത്തെ നിഷ്കരുണം ഉപേക്ഷിച്ച ഞാൻ , സാദാ സർക്കാരുദ്യോഗസ്ഥന്റെ ജാഗ്രതയോടും, നിരീക്ഷണ പാടവത്തോടും കൂടി ജനുവരി മാസത്തെ രക്താക്ഷരങ്ങളെ കൈവിരലാൽ എണ്ണി തൃപ്തിയടഞ്ഞു .
ഇരുപത്താറിനോടടുപ്പിച്ച് രണ്ട് ലീവു കൂടി എടുത്താൽ ഞായറാഴ്ച കൂട്ടി നാല് നാൾ ഓഫീസിൽ പോകാതിരിക്കാമെന്നും , ആ ദിവസങ്ങൾ കൊണ്ട് പൊളിഞ്ഞ് വീഴാറായ വിറക് പുര പൊളിച്ച് മേയാമെന്നും ഉള്ളിൽ കണക്ക് കൂട്ടി ഗണിതലോക വിരാചിതനായി നടുമുറ്റത്ത് നോക്കുകുത്തി പോലെ നിന്നപ്പോഴാണ് ,
ഉച്ചത്തിലുള്ള ഒരു മുന്നറിയിപ്പുമായി വാമ ഭാഗം അരികിലേക്ക് വന്നത് . അനർഘളമായി തുടരുന്ന നിങ്ങടെ ചിന്താസരണി പൂട്ടി കെട്ടി ഇല്ലെങ്കിൽ , എട്ടരക്കുള്ള ' ലൈല ' അവളുടെ പാട്ടിന് പോകുമെന്നും , തത്ഫലമായി ഓഫീസിൽ വൈകി എത്തിയാൽ സൂപ്രണ്ട് നിർഗ്ഗളമായി നിങ്ങളെ ചീത്ത വിളിക്കുമെന്നും
ആയിരുന്നു ആ മുന്നറിയിപ്പ് .
ആയിരുന്നു ആ മുന്നറിയിപ്പ് .
അടുത്ത് വന്ന ഉടൻ എന്റെ കൈവശമുള്ള പുതു ചരിത്രാഖ്യായിക കണ്ട അവൾ , അത് തിടുക്കത്തിൽ കൈക്കലാക്കുകയും , മാസം പന്ത്രണ്ടും പിന്നിട്ട് പിന്നാമ്പുറത്തുള്ള ജ്യോതിർ ഗോള മനനി നക്ഷത്ര ഫലത്തിലേക്ക് കടക്കുകയും ചെയ്തു .
എന്നിട്ട് മമ സ്വഭാവത്തിന് (എന്റെ ചതഞ്ഞ സ്വഭാവത്തിന് ) പൂരിതമാം തക്ക വണ്ണമുള്ള നക്ഷത്രമായ ചതയത്തിൽ ഭൂജാതനായ ഈയുള്ളവനെ , ആദ്യം തന്നെ പരിഗണിച്ച് ,
ചതയ നക്ഷത്രകാർക്ക് വർഷാദ്യം ഗുണകരമാണെന്നും , വാഹന യോഗമുണ്ടെന്നും ,ഗൃഹത്തിൽ അറ്റകുറ്റപ്പണി നടത്തി ഭവനം മോടിപിടിപ്പിക്കുമെന്നും ,എന്നാൽ വർഷാവസാനത്തിൽ ദോഷാധിക്യമാണ് കാണുന്നതെന്നും ഉച്ചത്തിൽ വായിച്ച് കേൾപ്പിച്ചു .
എന്നാൽ വിറകു പുരയുടെ കാര്യത്തിലൊഴികെ നിലവിൽ മറ്റൊരു നിർമ്മാണ പ്രവർത്തനത്തിലും ഉത്സുകനല്ലാതിരുന്ന എന്നെ പുതിയൊരു ആശയത്തിലേക്ക് തള്ളി വിട്ടു കൊണ്ടായിരുന്നു അവളുടെ അടുത്ത പ്രഖ്യാപനം .
വർഷാവസാനം നിങ്ങൾക്ക് ദോഷകരമായി കാണുന്നതിനാൽ
ഉടൻ തന്നെ നമുക്ക് ഒരു കാറ് വാങ്ങണം വർഷാരഭംത്തിൽ വാഹന യോഗമുണ്ട്............
ഉടൻ തന്നെ നമുക്ക് ഒരു കാറ് വാങ്ങണം വർഷാരഭംത്തിൽ വാഹന യോഗമുണ്ട്............
രാവിലെ നിങ്ങൾ സ്കൂട്ടർ മറിച്ചിടുന്നത് കണ്ട് ഞാൻ മടുത്തു .( കൈവശമുള്ള ചേതക് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ ഞാൻ ചെരിച്ച് നിലം പറ്റെ വക്കുന്ന കാര്യമാണ് അവൾ ഉദ്ദേശിച്ചത് ) .
ഈ യുള്ളവനും കുറെക്കാലമായി ചിന്തിക്കുന്നു ഒരു " നാൽ വീലിയെ " വാങ്ങണം ഓഫിസിൽ എല്ലാവർക്കും കാറുണ്ട് . സെക്കൻഡ് ഹാൻഡ് എങ്കിലും ഒരെണ്ണം സ്വന്തമാക്കണം .
കുറിപ്പണം കിട്ടിയ വകയിൽ സ്വന്തം കൈയ്യിലുള്ള നീക്കി ഇരുപ്പും , ഭാര്യയുടെ കൈവശമുള്ള വൃത്താകൃതിയിലെ രണ്ട് കൈയ്യിലിരിപ്പും ചേർത്ത് , പഴയ ഒരു നാല് ചക്ര ശകടം സ്വന്തമാക്കാൻ അപ്പോഴേ ഉന്നത നിലയിൽ ഞാൻ ഒരു തീരുമാനം കൈക്കൊണ്ടു .
അന്ന് ഓഫീസിലേക്ക് പോകും വഴി ആ സ്ഥാന കാർ ബ്രോക്കറായ ഭരതണ്ണന്റെ സമക്ഷത്ത് ഹാജരായ ഞാൻ എന്റെ ആവശ്യം മൂപ്പരെ അറിയിച്ചു .
എ ബി എസ് , എയർ ബാഗ് , സൺ റൂഫ് എന്നൊക്കെ പറഞ്ഞ് കത്തിക്കയറിയ ഭര തണ്ണൻ എന്റെ ബഡ്ജറ്റ് കേട്ടതും ,പത്മിനി ,മാരുതി എന്നി പേരുകളിലേക്ക് ചുരുണ്ട് കൂടി . എന്നിട്ട് എന്നെ അടിമുടി നോക്കിയിട്ട് പറഞ്ഞു . സാറിന്റെ ഉയരം വച്ച് വാനാണ് ചേരുക ഒരെണ്ണം കസ്റ്റഡിയിൽ ഉണ്ട് ഒരു "ഓമ്നി വാൻ " നമുക്ക് വൈകിട്ട് പോയി ഒന്ന് കാണാം .
അന്ന് ഓഫീസിൽ ജോലികളിൽ മുഴുകിയപ്പോഴും എന്റെ ചിന്ത മുഴുവനും ഞാൻ ആ വൈകുന്നേരം കാണാൻ പോകുന്ന ആ ഓമ്നി എന്ന ആ കോമളാംഗനെ കുറിച്ചായിരുന്നു .
ഓഫീസിലെ സഹപ്രവർത്തകനായ വാഹന വിദഗ്ദൻ ജോർജിനോട് ചോദിച്ചപ്പോൾ . ഗ്ലാസുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇയർ ഓഫ് മാനുഫാക്ചറിംഗും . എഞ്ചിൻ ശബ്ദത്തിലെ ഗ്ലാസ് കൂട്ടിയിടിക്കുന്നതിലുള്ള അപാകതയും , പുകയുടെ നിറവിത്യാസം കൊണ്ട് മനസ്സിലാക്കാവുന്ന ആന്തരിക അസുഖങ്ങളും , പ്ലാറ്റ് ഫോമിലെ തകിടിന്റെ നിലവാരവും എന്ന് വേണ്ട ആർ സി ബുക്കിലെ സകല നൂലാമാലകളും എന്റെ മുൻപിൽ അവൻ വിവരിച്ചു തന്നു .
ഇതിൽ നിന്നും ഉൾകൊണ്ട ആത്മ വിശ്വാസവുമായി വളരെ ഉല്ലാസ ഭരിതനായാണ് ഞാൻ വൈകുന്നേരം ഭരതണ്ണനെ കാണാൻ പോയത് .
എന്റെ സ്കൂട്ടറിന്റെ പിന്നിലിരുത്തിയ ഭരതണ്ണനുമായി ഏതൊക്കെയോ വഴികൾ കറങ്ങി അവസാനം ഞങ്ങൾ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് മുന്നിലെത്തി . അവിടെ അതാ വിറക് കൂമ്പാരങ്ങൾക്കിടയിൽ വെയിലേറ്റ് നിറം മങ്ങി നമ്മുടെ 'കഥാ നായകൻ വിശ്രമിക്കുന്നു .
ടയർ കണ്ടീഷൻ അത്ര പോരാ , എന്നാലും എഞ്ചിൻ പുലിയാണ് . കണ്ടില്ലേ സ്റ്റാർട്ട് ചെയ്തിട്ടും ഒരു അപശബ്ദവുമില്ല . പ്ലാറ്റ് ഫോം പാച്ച് വർക്കെല്ലാം ചെയ്ത് കുട്ടപ്പനാക്കീട്ടുണ്ട് . സീറ്റൊക്കെ പുതുപുത്തൻ .പുക ലവലേശം ഇല്ല എന്നൊക്കെ ഭരതണ്ണൻ പറഞ്ഞു .
ആകെ മൊത്തം ഒരു ഏനക്കേട് തോന്നി എങ്കിലും . എഞ്ചിനിൽ നിന്നും അപ ശബ്ദങ്ങൾ ഒന്നും ഇല്ലാത്തതും , പഴഞ്ചനെങ്കിലും തറയിൽ വിരിച്ചിരുന്ന മാറ്റ് മാറ്റിയപ്പോൾ പ്ലാറ്റ് ഫോം മിന്നിതിളങ്ങുന്ന തകിടിനാൽ പാച്ച് വർക്ക് ചെയ്തതും ,പുതുപുത്തൻ സീറ്റും മങ്ങിയ വെളിച്ചത്തിൽ കണ്ട് ഞാൻ പുളകിതനായി.
സർവ്വോപരി ബഡ്ജറ്റിൽ ഒതുങ്ങും എന്ന ഒറ്റക്കാരണം കൊണ്ട് കൂടുതലൊന്നും ചിന്തിക്കാതെ അവനെ തന്നെ ഉറപ്പിച്ചു .
അങ്ങനെ അന്ന് തന്നെ കച്ചവടം ഉറപ്പിച്ച് താക്കോലും കൈപ്പറ്റി . വണ്ടി വീട്ടിൽ കൊണ്ടു വരാൻ ഭരതണ്ണനെ ഏൽപ്പിച്ച് ഞാൻ എന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങി .
വീട്ടിലെത്തിയിട്ടും വണ്ടി എത്താത്തതു കൊണ്ട് ഭരതണ്ണനെ വിളിച്ചപ്പോൾ എഞ്ചിൻ ഓയിൽ കുറവ് ഉണ്ടെന്നും , ആകെ ഒന്ന് പരിശോധിപ്പിച്ച് വീൽ അലൈൻമെൻറും ചെയ്ത് നാളെ രാഹു കാലം കഴിഞ്ഞ് വീട്ടിലെത്തിക്കാമെന്നും അറിയിപ്പ് ലഭിച്ചു .
പിറ്റേന്ന് ഓഫിസിൽ ഇരുന്നപ്പോൾ വണ്ടി വീട്ടിൽ എത്തിച്ചിട്ടുണ്ടെന്നും ,വർക് ഷോപ്പ് വകയിൽ ചിലവായ രൂപാ ആയിരം ഭാര്യാ സമക്ഷത്ത് നിന്നും വാങ്ങിയിട്ടുണ്ടെന്നും അണ്ണൻ ഫോൺ ചെയ്ത് അറിയിച്ചു .
അങ്ങനെ ആവൈകുന്നേരം വീട്ടിലെത്തിയ ഞാൻ ഭാര്യയെയും മക്കളെയും സാക്ഷി നിർത്തി വണ്ടി സ്റ്റാർട്ട് ചെയ്ത് ,പഴയ ഡ്രൈവിംഗ് പാഠങ്ങൾ മനസ്സിൽ ഓർത്ത് മുറ്റത്ത് കൂടി ഒന്ന് വലം വക്കാൻ തീരുമാനിച്ചു .
ഫസ്റ്റ് ഗിയറിൽ പതുക്കെ മുന്നോട്ട് ഉരുട്ടി യ വണ്ടി സെക്കൻഡിൽ ഇട്ട് ആക്സിലേറ്റർ കൊടുത്തതും . പിന്നോട്ട് പാഞ്ഞ് വിറക് പുര തകർത്തതും ഒരുമിച്ചായിരുന്നു . ആ ആഘാതത്തിൽ നിന്നും മോചിതനാകാൻ മുന്നോട്ടെടുത്ത വണ്ടി ഉച്ചത്തിൽ മുഴങ്ങിയ നിലവിളികളേയും ഭേദിച്ച് മുന്നിലുള്ള ചുറ്റുമതിലും പൊളിച്ചാണ് അടങ്ങിയത് . ബ്രേക്ക് ചവിട്ടിയപ്പോൾ പാച്ച് വർക്ക് ചെയ്ത പ്ലാറ്റ് ഫോമും തകർത്ത് എന്റെ കാല് താഴെ എത്തിയിരുന്നു .
അങ്ങനെ ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും നക്ഷത്ര ഫലത്തിൽ പറഞ്ഞ പോലെ വാഹനയോഗവും , ഗൃഹം മോടിപിടിപ്പിക്കലും , ഇതിന് ചിലവായ തുകയുടെ കടം മൂലം വർഷാവസാനം വന്ന് ഭവിച്ച സാമ്പത്തിക ക്ലേശവും അടക്കം ആകെ പ്രവചന തുല്യമായ ഒരു വർഷമായിരുന്നു അത് .
വാൽക്കഷണം
ഭരതണ്ണൻ എന്റെ തലയിൽ കെട്ടി വച്ച ഒമ്നി കാറ്ററിംഗ് കാർ വിറക് കയറ്റാൻ ഉപയോഗിച്ചിരുന്നതായിരുന്നു . ഈ ആവശ്യത്തിനായി സീറ്റ് അഴിച്ച് വെച്ചതിനാലാണ് അത് പുത്തൻ പോലെ ഇരുന്നത് . പ്ലാറ്റ് ഫോമിലെ പാച്ച് വർക്ക് വെള്ളി നിറത്തിലുള്ള ഗിൽറ്റ് പേപ്പർ ഒട്ടിച്ച് നടത്തിയിരുന്നതായിരുന്നു .എഞ്ചിനിൽ നിന്നും ശബ്ദം ഒഴിവാകാൻ അതിൽ ഗ്രീസ് വാരി നിറച്ചിരുന്നു . ഓയിൽ ഇല്ലാത്തതിനാലാണ് പുക വരാതിരുന്നത് . ഇതിനെല്ലാമുപരി ഗിയർ ബോക്സ് തകരാറ് കൊണ്ട് ഫസ്റ്റും , റിവേർസും മാത്രമെ ആ വണ്ടിക്ക് ഉണ്ടായിരുന്നുള്ളൂ .
കുറെക്കാലം ഞങ്ങളുടെ നായ ലില്ലിയുടെ ഗൃഹമായിരുന്ന ഒമ്നി പിന്നീട് ആക്രി വിലക്ക് വിൽക്കുകയാണ് ചെയ്തത് .
പിന്നീട് ഭരതണ്ണനെ കാണുമ്പോൾ ഞാൻ മനസ്സിൽ പല്ല് കടിച്ച് കൊണ്ട് പറഞ്ഞു ............ (ബാക്കി നിങ്ങൾക്ക് പൂരിപ്പിക്കാം )
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക