Slider

സ്ത്രീ ധനം ..

0
സ്ത്രീ ധനം ..
********
""ഇവൾ മൂത്ത ആളാ.. താഴെ രണ്ടു പെൺകുട്ടികൾ കൂടെയാർന്നു,ഇവള് ദുബായീ കെടന്നു കഷ്ടപ്പെട്ടാ രണ്ടിനെയും ഒരു കരയ്ക്ക് എത്തിച്ചത് ""
വത്സല ചേച്ചി നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു..
"രാജമ്മയും കൊറേ കഷ്ട്ടപെട്ടു ഇവറ്റൊളെ വളർത്തി വലുതാക്കാൻ. ആ പ്രഭാകരൻ മരിച്ചേ പിന്നെ അവള് ഒന്ന് സ്വസ്ഥമായി ഉറങ്ങീത് ഈ കൊച്ചിന് ജോലി കിട്ടിയേ പിന്നാ ""
അനീഷ് ഒന്നും മിണ്ടാതെ നഗര തിരക്കിൽ നോക്കി ഡിസയർ ഡ്രൈവ് ചെയ്തു. എങ്കിലും പുറകിൽ അമ്മയും വത്സല ചേച്ചിയും പറയുന്നത് മുഴുവൻ അവൻ കേൾക്കുന്നുണ്ടായിരുന്നു,,
സിങ്കപ്പൂർ നിന്നും ലീവിന് വന്നിട്ട് ഇത് നാലാമത്തെ പെണ്ണ് കാണൽ ആണ്. ലീവ് ഒരാഴ്ച കടന്നു പോയി. ഈ പെൺകുട്ടിയുടെ കാര്യങ്ങൾ വത്സല ചേച്ചി രണ്ടു ദിവസം മുന്നേ വന്നു പറഞ്ഞപ്പോളെ അമ്മയ്ക്ക് താല്പര്യം തോന്നിയിരുന്നു..
രണ്ടു പെങ്ങന്മാരെ കെട്ടിക്കാൻ കാലം നോക്കാതെ അധ്വാനിച്ച അനീഷിന് ഇത് ചേരുമെന്ന് അമ്മ അപ്പോൾ തന്നെ മനസ്സിൽ കരുതി. ഉത്തരവാദിത്തം ഉള്ളവൾ ആണല്ലോ. ജോലി ഉണ്ടായിട്ടും അന്യ നാട്ടിൽ ആയിട്ടും, സ്വന്തം കാര്യം നോക്കാതെ കുടുംബം നോക്കിയവൾ ആണല്ലോ..
"കേട്ടോ രാഗിണിയേച്ചീ.. ജോലീം കൂലീം ഒക്കെ ഉണ്ടന്നെ ഉള്ളു.. ആൾ വെറും പാവമാ ""
"ഉവ്വുവ്വ്.. വൽസേച്ചിയെ.. ദുബായി കെടന്നു രണ്ടു അനിയത്തിമാരെ കെട്ടിച്ചു വിട്ടവളാ . നല്ല തന്റേടവും കാര്യപ്രാപ്തിയും കാണും ""
പാലാരിവട്ടം നിന്നും തമ്മനത്തെക്കുള്ള റോഡിലേക്ക് കാർ തിരിച്ചു കൊണ്ടാണ് അനീഷ് പറഞ്ഞത്.
"മിക്കവാറും ഇവള് ന്റെ തലേ കേറി നിരങ്ങാനാ ചാൻസ് ""
"ഓ, അതിനു നീ തല കാണിച്ചു കൊടുത്താൽ അല്ലെ. ഒന്ന് പോടെർക്ക,നീയും രണ്ടു പേരെ കെട്ടിച്ചു വിട്ടതല്ലേ ?
നിനക്കുണ്ടോ അഹങ്കാരം... അതോ നീ നിന്റെ കുടുംബ സ്നേഹം കാണിച്ചതോ ""
അനീഷ് തിരിഞ്ഞു അമ്മയെ നോക്കി ചിരിച്ചു..
"മോനെ തമ്മനത്തു നിന്നും ഇടത്തോട്ട്, ബൈപ്പാസില് കേറണ്ട, അതിനു മുന്നേ ആണ് വീട്‌ ""..
അനീഷ് ഇൻഡിക്കേറ്റർ ഇട്ട് കാർ ഇടത്തോട്ട് തിരിച്ചു. പഴയ പ്രതാപം അയവിറക്കി കിടക്കുന്ന മാർക്കറ്റിനു മുന്നിലൂടെ വണ്ടി ബൈപ്പാസ് റോഡിലേക്ക് കയറി. നഗരത്തിനുള്ളിലെ ഗ്രാമം പോലെ തമ്മനം റോഡ് കിടന്നു. ആഡംബര വില്ലകളും, സാധാരണ ഓട് മേഞ്ഞ വീടുകളും ഒരേ പോലെ ഉണ്ടായിരുന്നു റോഡ് സൈഡിൽ..
"നേരത്തെ വെറും പുഞ്ചപ്പാടം ആയിരുന്നു, ഇപ്പൊ ന്താ ഇവിടെ സ്ഥലത്തിന്റെ വില "
വല്സേച്ചി പുറത്തേക്കു നോക്കി ആരോടെന്നില്ലാതെ പറഞ്ഞു. അനീഷും അമ്മയും ഒന്നും മിണ്ടിയില്ല. രണ്ടാളും ഓരോ വിചാരങ്ങളിൽ ആയിരുന്നു.
പെണ്ണുവീട്ടിലേക്കു കയറുമ്പോൾ വാതിലിൽ രണ്ടു പേർ ഉണ്ടായിരുന്നു. അനിയത്തിമാരുടെ ഭർത്താക്കന്മാർ ആണത് എന്ന് അനീഷിന് മനസിലായി.ഓട് മേഞ്ഞ ചെറിയ വീടാണെങ്കിലും അതിന്റെ വൃത്തിയും വെടിപ്പും അവർക്കിഷ്ടമായി..
ആതിഥ്യ മര്യാദകൾക്കും കുശലങ്ങൾക്കും ശേഷം കാപ്പി കൊണ്ടു വന്ന "രേഷ്മ"യെയും ഒറ്റ നോട്ടത്തിൽ അനീഷിന് ഇഷ്ടമായി.
രണ്ട് അമ്മമാരും വത്സല ചേച്ചിയും അടുക്കളയിൽ വർത്താനം തുടങ്ങിയപ്പോൾ, അനിയത്തിമാരുടെ ഹസ്ബൻഡ്‌സ് അനീഷിന് കമ്പനി കൊടുത്തു.. സാധാരണ നാട്ടു വർത്തമാനങ്ങൾ, ജോലി., സിങ്കപ്പൂർ കാര്യങ്ങൾ...
എല്ലാം എല്ലാവർക്കും ഇഷ്ട്ടം ആയെന്നു പറയാതെ പറയുണ്ടായിരുന്നു ഓരോ മുഖവും..
മുറ്റത്തെ പടർന്നു പന്തലിച്ച കിളിച്ചുണ്ടൻ മാവിന്റെ തണലിൽ രേഷ്മയോട് തനിച്ചു സംസാരിക്കുമ്പോൾ അനീഷ് ഒന്നേ ചോദിച്ചുള്ളൂ.
"എന്നെ ഇയാൾക്ക് ബോധിച്ചെങ്കിൽ നമുക്ക് മുന്നോട്ടു പോകാം ""
രേഷ്മ ഒരു നിമിഷം ആലോചിച്ചു നിന്നു. എന്നിട്ട് ആണ് മറുപടി പറഞ്ഞത്.
"ബാഹ്യമായ ഇഷ്ട്ടം ആണെങ്കിൽ എനിക്കും its ok. യൂ ആർ ലൂക്കിങ് സ്മാർട്ട്‌ ആൻഡ് ഹാൻഡ്സം.. പക്ഷെ അതിനപ്പുറം ഇത് മുന്നോട്ടു പോകണമെങ്കിൽ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. വീട്ടുകാർ കൂടി അറിയേണ്ട കാര്യം ആണ് "
അനീഷിന് അത്ഭുതം തോന്നി, ഇത് എന്താണാവോ എന്ന്. എങ്കിലും അത് പുറത്തു കാട്ടാതെ പറഞ്ഞു.
"ഓക്കേ. വാ അകത്തു പോകാം. "
രേഷ്മയുടെ ഒപ്പം പടി കേറവ അവളുടെ മുടിയിലെ ഷാംപൂ സുഗന്ധം അവനെ വന്നു പൊതിഞ്ഞു..
"ഞാൻ അമ്മയെന്ന് തന്നെ വിളിക്കട്ടെ, അനീഷിന് അച്ഛൻ ഇല്ലാത്ത കൊണ്ട് അമ്മയുടെ തീരുമാനം ആണ് അവസാന വാക്ക് "
അനീഷിന്റെ അമ്മയുടെ മുന്നിൽ ആയിരുന്നു രേഷ്മ. അവർ മിഴികൾ വിടർത്തി അവളെ നോക്കി.
നല്ല നിറം. നല്ല മുഖം, നീളം കുറഞ്ഞു എങ്കിലും സമൃദ്ധമായ മുടി, ഹൃദയം കവരുന്ന കണ്ണും ചിരിയും. അനീഷിന് ചേരുന്ന പെണ്ണ്.. അമ്മ മനസ്സിൽ ഓർത്തു.
"മോള് ചോയ്ക്ക് ന്താ കാര്യം "??
"തുറന്നു ചോദിക്കുന്നത് കൊണ്ടു ഒന്നും വിചാരിക്കല്ല്, ഇവിടെയും അച്ഛനില്ല, ഊണ്
കഴിക്കാൻ വരുന്ന ബന്ധുക്കൾ മാത്രമേ ഉള്ളു ഇവിടെ. ഈ രണ്ടു അനിയന്മാരും ഞാനും കൂടെ കൂട്ടിയാൽ കൂടുമോ ഈ ബന്ധം ""??
"എന്താ മോള് ഉദേശിച്ചത്‌ ?"
"അത് അമ്മേ "
മൂത്ത അനിയൻആണ് ബാക്കി പറഞ്ഞത്.
"ചേച്ചി പറഞ്ഞത് സ്ത്രീ ധനത്തിന്റെ കാര്യം ആണ്. നിങ്ങൾക്ക് ഒരു പാട് ഡിമാൻഡ്സ്‌ ഉണ്ടെങ്കിൽ ഞങ്ങക്ക് താങ്ങൂല്ല അതാ അമ്മേ ""
"ഒരു ഇരുപതു പവൻ ഉണ്ട് ന്റെ കയ്യിൽ. Ksfe യുടെ ഒരു ചിട്ടിയും, കുറച്ചു കടം ബാക്കി ഉണ്ട്. എങ്കിലും ഒരു രണ്ടു ലക്ഷം ക്യാഷ് തരാം, അതെ പറ്റു ഞങ്ങൾ നോക്കിയാൽ "
"അമ്മയുടെ മകൻ രണ്ടു മാസം ജോലി ചെയ്താൽ ആ കാശ് കിട്ടും എന്നെനിക്കറിയാം, ഞാൻ വെറുതെ മോഹിക്കേണ്ടല്ലോ ""
ആ നിമിഷം രേഷ്മയെ നെഞ്ചോട് ചേർക്കാൻ തോന്നി അനീഷിന്. എന്തിനാ സ്വത്തും സ്വർണവും പണവും.. ഇത്രയും ബോധവും ചിന്താ ശക്തിയും വകതിരിവും ഉള്ള ഒരു പെണ്ണിന് മുന്നിൽ ഈ പറഞ്ഞ ബാക്കി ഒക്കെ വെറും വെറുതെ..
അനീഷിന്റെ അമ്മ കണ്ണു ചിമ്മാതെ രേഷ്മയുടെ മുഖത്തു നോക്കി നിന്ന് കുറച്ചു നേരം. പിന്നെ തോളിൽ പിടിച്ചു അവളെ ദേഹത്ത് ചേർത്ത് നിർത്തി..
"ആ ഇരുപത് പവനിൽ ഒരു പവൻ എടുത്തു ന്റെ മോന്റെ പേരെഴുതി നീ വിരലിൽ ഇട്ടോളൂ, ഒരു പവന്റെ മാല ഈ വത്സലയുടെ കഴുത്തിലും, നിന്നെ പോലൊരു മോളെ എനിക്ക് കൊണ്ടു തന്നതിന്.
ബാക്കി നീ നിന്റെ അനിയത്തിമാർക്ക് തന്നെ കൊടുത്തോ "
അനീഷിന് അമ്മയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി.
"അമ്മേ അമ്മയാണ് അമ്മേ അമ്മ. നിങ്ങൾ മരണ മാസ് ആണ് "
ഉള്ളിൽ പതഞ്ഞുയർന്ന സന്തോഷം അടക്കി അവൻ രേഷ്യെ നോക്കി.
"എനിക്ക് എന്റെ മകൾ ആയി നീ മാത്രം മതി "
അമ്മയുടെയും രേഷ്മയുടെയും കണ്ണുകൾ നനയുന്നത് നോക്കി അനീഷും അനിയന്മാരും ചിരിച്ചു..
പിന്നെ പുറത്തേക്കു കൈ കോർത്തു നടന്നു. നിറഞ്ഞ സ്നേഹം ഉള്ള രണ്ടു മിഴികൾ പിറകെ വരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു...
*****സച്ചു ********
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo