Slider

പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ

0
പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ
നേരം സന്ധ്യ മയങ്ങി കഴിഞ്ഞു . സ്വർലോകത്ത് ദൈവം തമ്പുരാൻ ഭയങ്കര ബിസിയാണ് .
ഈ സമയത്താണ് കൂടുതൽ പ്രാർത്ഥനകൾ ഓൺ എയറിൽ മുഴങ്ങി കേൾക്കുന്നത് . ഒന്ന് ' സോർട്ട് ' ചെയ്യാൻ പോലും സമയമില്ലാതെ , ഇടതടവില്ലാതെ ശബ്ദ സന്ദേശങ്ങൾ നിരന്തരം എത്തിക്കൊണ്ടെ ഇരിക്കുന്നു .
പല തരം പ്രാർത്ഥനകളിൽ ഏതൊക്കെ നടത്തി കൊടുക്കണമെന്ന കൺഫ്യൂഷനിൽ ആയപ്പോൾ , എങ്ങനെ എങ്കിലും ഇതിനൊരു പരിഹാരം കാണണമെന്ന് അദ്ദേഹം തീരുമാനിച്ചു .
എന്തായാലും അവസാനവാക്ക് യമധർമ്മനോട് ചോദിക്കാം . തുടങ്ങുന്നത് തന്നിലൂടാണെങ്കിലും , അവസാനം അവനിലൂടാണല്ലോ .
ഇങ്ങനെ ചിന്തിച്ച ദൈവം യമധർമ്മനെ വരുത്താൻ ആളയച്ചു .
അല്പനേരത്തിനകം കിതച്ച് കൊണ്ട് യമരാജൻ തന്റെ ' റോയൽ ബഫല്ലോയിൽ ' അവിടെ കുതിച്ചെത്തി സൈഡ് സ്റ്റാൻഡ് ഇട്ടു . ( സൈഡിലെ തൂണിൽ കെട്ടി ഇട്ടു )
എന്നിട്ട് സ്വർഗ്ഗാധിപനോട് പറഞ്ഞു .
" നരകത്തിൽ ആകെ പ്രശ്നം തമ്പുരാൻ . "
" പുതുതായി തുടങ്ങിയ ശൗചാലയത്തിന്റെ പണി പാതിയിൽ മുടങ്ങിയിരിക്കുന്നു . അന്തേവാസികൾ ആകെ ആശങ്കാകുലരാണ് . "
" വെളിയിടങ്ങളിലെ വിസർജ്ജനം തടഞ്ഞ ശുചിത്വ വാന മിഷന്റെ " സ്വച്ഛ നരക് " പദ്ധതി വന്നതിൽ പിന്നെ പുറത്ത് കാര്യം സാധിക്കുന്നവരെ , ശുചിത്വ മിഷന്റെ 'ഭൂതഗണങ്ങൾ ' അടിച്ച് ഓടിക്കുന്നു .
തന്നെയുമല്ല ഇതുമൂല ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് എല്ലാവരും ഇപ്പോൾ നല്ല ബോധവാൻമാരുമാണ് . ഇപ്പോൾ ഉള്ള ശൗചാലയങ്ങൾക്ക് മുൻപിലെ രാവിലത്തെ ക്യൂ കണ്ടാൽ , കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റിന്റെ മുൻവശം പോലെ ആണ് തോന്നുക ."
" അടുത്തിടെ ഭൂമിയിൽ നിന്നും എത്തിയ നിർമ്മാണ തൊഴിലാളികളാണ് സമരത്തിൽ . അവർ പാർട്ടി ഉണ്ടാക്കി സ്വന്തമായി രക്തസാക്ഷി ബ്ലോക്ക് അനുവദിക്കണമെന്ന് പറഞ്ഞ് ഇന്നലെ മുതൽ കുത്തിയിരിപ്പ് സമരം നടത്തുന്നു . "
" എന്ത് സ്വന്തമായിരക്തസാക്ഷി ബ്ലോക്കോ......? "
ദൈവം മറു ചോദ്യമുന്നയിച്ചു .
" അതേ സ്വർഗ്ഗാധിപൻ അതാണ് അവരുടെ ആവശ്യം ...... "
" അങ്ങേക്കറിയാമല്ലോ , അടുത്തിടയായി ഭൂമിയിൽ നിന്നും ഇവിടെ എത്തുന്ന രക്തസാക്ഷികളിൽ ഭൂരി ഭാഗവും നിർമ്മാണ തൊഴിലാളികൾ ആണ് . നിർമ്മാണ ജോലികൾ ചെയ്യാൻ ആരോഗ്യവും കരുത്തുമുള്ള ചെറുപ്പക്കാരെ നമുക്ക് ആവശ്യവുമാണ് . അത് കൊണ്ട് ചെറുപ്പക്കാരായ അവരെയാണ് ശൗചാലയ നിർമ്മാണ ജോലികൾക്ക് നിയോഗിച്ചത് . "
" ഇപ്പോൾ അവർക്ക് മാത്രമായി ഒരു ഇടം വേണമെന്നാണ് അവരുടെ വാദം. "
" അവരില്ലാതെ നരകത്തിൽ കൽപണി ,പൂശ് ,ഭിത്തി കെട്ട് ,മൈക്കാട് ഒന്നും മുന്നോട്ട് കൊണ്ടു പോകാൻ കഴിയുകയുമില്ല . "
യമ ഭഗവാൻ മറുപടി പറഞ്ഞു .
" ഞാനും ശ്രദ്ധിച്ചിരുന്നു യമധർമ്മൻ , എന്താണിതിന് കാരണം....? ഇതിനൊരു പരിഹാരം കാണേണ്ടതായുണ്ട് . "
ദൈവം ആരാഞ്ഞു.
" നടപ്പുള്ള കാര്യമല്ല പ്രഭോ , വെട്ടും വെടിയും വരുമ്പോൾ ഓടാതെ ചങ്ക് വിരിച്ച് നിൽക്കാൻ ഇവരെ പോലെ ഉള്ളവർക്കെ അറിയൂ . ഉന്നത നിലേലുള്ളവരൊക്കെ തടി രക്ഷിച്ച് വീട്ടിൽ കേറാൻ കഴിവുള്ളവരാണ് ."
ഇങ്ങനെ പറഞ്ഞ യമധർമ്മന് ദൈവം മറുമൊഴി നല്കി .
" അതും ശരിയാണ് യമൻ ചിന്തനീയം........!!! "
ഒരു നിമിഷം ആലോചിച്ച ശേഷം ദൈവം തുടർന്നു .
" അല്ലയോ യമരാജൻ നാം താങ്കളെ വിളിപ്പിച്ചത് വേറൊരു പ്രശ്ന പരി ഹാരത്തിനായാണ് . "
" അടുത്തിയായി പ്രാർത്ഥനകളുടെ ബാഹുല്യം കാരണം എത് നടത്തി കൊടുക്കണം എന്നറിയാതെ നാം ആകെ പര വശനായിരിക്കുന്നു . "
താങ്കൾ തന്നെ ഇത് കേട്ടു നോക്കൂ ,
കവല മുക്കിലെ ഷാപ്പിൽ നിന്നും ' ലിക്കർ വാസു ' താൻ സ്റ്റെഡിയാണ് എന്ന് സ്വയം വിശ്വസിച്ച് ആടി ആടി നടന്ന് , വഴിയോരത്തെ ടെലഫോൺ ട്രെഞ്ചിൽ ലാൻഡ് ചെയ്തു .
ക്രാഷ് ലാൻഡിൽ കിടന്ന് കൊണ്ട് ടിയാൻ ടെലിഫോൺ വകുപ്പിൽ കുഴിവെട്ടാൻ വന്നവൻ മുതൽ വാർത്താ വിനിമയ വകുപ്പ് മന്ത്രീടെ വരെ തലയിൽ വെള്ളിടി വീഴണെ ദൈവമേന്ന് പ്രാർത്ഥിച്ചു .
ട്രഞ്ചിൽ നിന്നും ഇഴഞ്ഞ് കയറിയ വാസു പൂർവ്വാധികം പരിക്ഷീണനായി വീട്ടിൽ എത്തിയപ്പോഴാണ് കരണ്ട് പോയത് .
കണ്ണീർ പാടം സീരിയലിലെ
ജാൻസിയുടെ പ്രസവം മിസ്സായ വിഷമത്തിൽ കരണ്ട് കളഞ്ഞവന്മാരെ ' കാലപാമ്പ് ' കൊത്തണെ എന്റെദൈവമെ , എന്നായിരുന്നു വാസുവേട്ടന്റെ ഭാര്യ സുമതിയേച്ചി പ്രാർത്ഥിച്ചത് .
വാസുവേട്ടന്റെ മകൾ മിനിക്കുട്ടിയുടെ പ്രാർത്ഥന , നാളെ കൂട്ടുകാരി മഞ്ചിമ പുതിയ ചുരിദാർ ഇട്ട് വരരുതെ എന്നായിരുന്നു .
എട്ടാം ക്ലാസ് കാരൻ മകൻ മിഥുൻ പ്രാർത്ഥിച്ചത് നാളെ സ്കൂളിൽ സമരമായിരിക്കണേ എന്റെ ദൈവമേന്നാണ് .
ഇമ്മാതിരി ചീള് കേസുകൾ കൂടാതെ മന്ത്രിസ്ഥാനം തെറിക്കണെ , റിസർവ് ബാങ്ക് പലിശ നിരക്ക് കുറക്കണേ , റബ്ബറിന് വില കൂടണെ , സൂപ്പർ സ്റ്റാറിന്റെ പടം നൂറ് ദിവസം തികച്ചോടണെ . ഓഹരി വിപണി നിലം പതിക്കല്ലെ .
മാസം തികഞ്ഞ് പ്രസവിക്കാറായവളുടെ കുഞ്ഞ് പെണ്ണാകല്ലെ , ഇനി എങ്ങാനും അങ്ങനെ ആയാൽ ഈ ഉരുളി കമഴ്ത്തുന്നതിനാൽ ലിംഗ മാറ്റം നടക്കണെ .
പ്രമോഷൻ കിട്ടണേ , ലോട്ടറി അടിക്കണെ , കെട്ട്യോൻ കുടി നിറുത്തണെ . ആങ്ങള ചത്താലും വേണ്ടില്ല അഹങ്കാരി നാത്തൂന്റെ കണ്ണീര് വീഴണെ . അരി വാങ്ങാൻ വച്ച കാശ് കൊണ്ട് അച്ഛൻ 'കിന്റർ ജോയ് ' വാങ്ങി തരണെ . എന്റെ കഥക്ക് ആയിരം ലൈക്ക് കിട്ടണെ . എന്ന് വേണ്ട നാളെ ഒരഞ്ചാറ് എണ്ണം തട്ടിപ്പോണേന്ന് വരെയുള്ള ശവപ്പെട്ടി കടക്കാരന്റെ പ്രാർത്ഥന വരെ ദൈവം യമധർമ്മനെ കേൾപ്പിച്ചു .
ഇതെല്ലാം കേട്ട് കാത് തഴമ്പിച്ച യമരാജൻ പറഞ്ഞു.
" പ്രഭോ ഒരു ഐഡിയാ ഉണ്ട്.........."
" ഭൂലോകത്ത് റിയാലിറ്റി ഷോന്ന് പറയണ ഒരു ഏർപ്പാട് ഉണ്ട് . അതിൽ വിജയിയെ തിരഞ്ഞെടുക്കുന്നത് വോട്ടും , ലൈക്കും നോക്കിയാണ് . എന്ത് കൊണ്ട് നമുക്ക് ഈ കാര്യത്തിൽ ആ തന്ത്രം പയറ്റി കൂടാ......? " .
"കൂടുതൽ ലൈക്ക് കിട്ടുന്ന ആൾ വിജയിക്കും പോലെ , കൂടുതൽ ആളുകൾ ആവശ്യപ്പെടുന്ന കാര്യം വേണം നടത്തി കൊടുക്കാൻ . "
" ഹൊ..... എങ്കിൽ ആ ഏർപ്പാട് നമുക്ക് ഇവിടെയും നടത്തി നോക്കാം . ഒരേ ആവശ്യത്തിനായി ഏറ്റവും കൂടുതൽ ആളുകൾ പ്രാർത്ഥിക്കുന്ന കാര്യം നമുക്ക് അങ്ങ് നടത്തി കൊടുക്കാം ."
ദൈവം മറുപടി പറഞ്ഞു .
അങ്ങനെ പിറ്റെന്ന് മുതൽ ആളുകളുടെ പ്രാർത്ഥനയെ മോനിറ്റർ ചെയ്ത ദൈവം
പ്രാർത്ഥന ഒന്ന് ഒരു ലൈക്കാക്കി കണക്കാക്കിയപ്പോൾ , ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയത് കേരളത്തിലെ കുടിയന്മാരുടെ പ്രാർത്ഥനയായ ഒന്നാം തീയതി കൂടി ബീവറേജ് തുറക്കണെ എന്നതിനാണ് .
അങ്ങനെ ആ കാര്യം നടത്തി കൊടുക്കാൻ ദൈവം തീരുമാനിച്ചിട്ടുണ്ട് . കോടതി വിധി ഉടൻ പ്രതീക്ഷിക്കുക .
ഈ കഥക്ക് ലൈക്ക് അടിക്കാതിരിക്കുകയോ , ഷെയർ ചെയ്യാതിരിക്കുകയോ ചെയ്യുന്നവരുടെ കുടുംബത്തിൽ ഉടനെ കഷ്ടകാലം ഉണ്ടാകുന്നതായിരിക്കും . എന്റെ ഈ കഥ അഞ്ച് പേർക്ക് ഷെയർ ചെയ്ത ആൾക്ക് ലോട്ടറി അടിച്ചതായാണ് വിവരം കിട്ടിയത് . .................................
കൂടുതലൊന്നും ഞാൻ പറയുന്നില്ല.
ശുഭം
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo