ഒരു വീട്ടമ്മയുടെ തിരിച്ചറിവുകൾ
********************************
കുട്ടികളെ നോക്കലും വീട് നോക്കലും ചില ഫ്ലോപ്പ് പാചക പരീക്ഷണങ്ങളുമായ് ഒരു ടിപ്പിക്കൽ വീട്ടമ്മയായ് അമേരിക്കൻ പ്രവാസ ജീവിതം ജീവിക്കുകയായിരുന്നു ഞാൻ...
********************************
കുട്ടികളെ നോക്കലും വീട് നോക്കലും ചില ഫ്ലോപ്പ് പാചക പരീക്ഷണങ്ങളുമായ് ഒരു ടിപ്പിക്കൽ വീട്ടമ്മയായ് അമേരിക്കൻ പ്രവാസ ജീവിതം ജീവിക്കുകയായിരുന്നു ഞാൻ...
കുറച്ച് നാൾക്ക് മുമ്പ് എനിക്ക് രണ്ടാഴ്ചത്തേക്ക് ഒറ്റക്ക് നാട്ടിലേക്ക് പോവേണ്ട ആവശ്യം വന്നു... എന്റെ കളി ചിരി തമാശകളും സ്നേഹപ്രകടനങ്ങളും ഇല്ലാതെ എത്ര നിശ്ചലവും ശൂന്യവും ആയിരിക്കും എന്റെ വീട് എന്നാലോചിച്ചിട്ട് എനിക്ക് തന്നെ സങ്കടം സഹിക്കാൻ പറ്റിയില്ല!
പിന്നെ എന്റെ വില കെട്ടിയോനെ മനസിലാപ്പിക്കാൻ പറ്റിയ അവസരം ഇതാണ് ഇതാണ് ഇതാണെന്നോർത്ത് അഞ്ചരയും ഏഴും വയസുള്ള എന്റെ പിള്ളേരെ അങ്ങേരെ ഏൽപ്പിച്ചിട്ട് ഞാൻ നാട്ടിലേക്ക് യാത്രയായി...
ഷാർലറ്റിൽ നിന്ന് വാഷിങ്ങ്ടൺ എത്തിയപ്പോ ഞാൻ വിളിച്ച് ചോദിച്ചു " എങ്ങനേണ്ട്? എങ്ങനേണ്ട്? " ചേട്ടായി പറഞ്ഞു " ഒരു ശൂന്യത അനുഭവപ്പെടണെണ്ട്! " .... ഭാഗ്യം സംഗതി ഏറ്റ് തുടങ്ങി എന്ന് ഞാനോർത്തു....'' അപ്പൊ എന്റെ വില മനസിലായി തുടങ്ങിയല്ലേ? '' ....'' എന്ത്?? ഒന്ന് പോടി അതൊന്നും അല്ല ... സിൽമാ നടി ശ്രീദേവി മരിച്ചൂന്ന് ... ഹാർട് അറ്റാക്ക്! ....ശൊ ഈ പ്രായത്തിലും എന്നാ ഒരിതായിരുന്നു!''.
സത്യം പറഞ്ഞാൽ അതെനിക്കും ഒരു ഷോക്കായിപ്പോയ്... ശ്രീദേവിയുടെ മരണം!.... ഈ വാർത്ത ആരോടേലും പറയണമല്ലോ എന്നോർത്ത് എന്റെ ഉണ്ടക്കണ്ണുകൾ എയർപോർട് ഗേറ്റ് ചുറ്റും പരതി... അതാ ഒരിര! ഒരിന്ത്യൻ മുഖം... ഒട്ടും ആലോചിച്ചില്ല, അയാൾടെ അടുത്ത് ചാടിപോയ് ഈ ദു:ഖ സത്യം വെളിപ്പെടുത്തി ....അയാളും അറിഞ്ഞായിരുന്നു... എന്തായാലും ആ മനുഷ്യനോട് പിന്നെ ഒരൊന്നൊന്നര മണിക്കൂർ സംസാരിച്ചു.. സിനിമ, രാഷ്ട്രീയം, അധോലോകം അങ്ങനെ പലതും .....ഒരു തെലുങ്കൻ സുന്ദരൻ ആയിരുന്നു.... അങ്ങനെ ബോർ അടിച്ചില്ല.... ആർക്ക്? എനിക്ക് തന്നെ .....
13 മണിക്കൂർ യാത്ര ചെയ്ത് പിന്നെ ഖത്തറിൽ എത്തി... തൊട്ടടുത്ത രണ്ട് സീറ്റുകളിലും ആളില്ലാത്തതിനാൽ ബിസിനസ് ക്ലാസിനേക്കാൾ വിശാലമായ് കിടന്നായിരുന്നു യാത്ര....
അവിടെ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ലെറ്റ്... എയർപോർട് മുഴുവൻ നമ്മുടെ മലയാളികൾ ....ഇറ്റലിയിൽ ജോലി ചെയ്യുന്ന ഒരു നല്ല പാവം നഴ്സിനേയും പിന്നെ നഴ്സറിയിൽ പഠിക്കുന്ന ഒരു സ്മാർട് കൊച്ചിനേയും പരിചയപ്പെട്ടു...
ഫ്ലൈറ്റിൽ മലയാളികൾ മാത്രം... കൊച്ചിയിലേക്കുള്ള ഫ്ലൈറ്റല്ലേ... അവസാനം ഫ്ലൈറ്റ് ടേക് ഓഫ് ചെയ്യാൻ റൺവേയിൽ കൂടി നീങ്ങി തുടങ്ങി... ടേക്ക് ഓഫിന്റെ ഭാഗമായ് ലൈറ്റ് ഓഫ് ചെയ്തു.. ''കൊച്ചീ.. ഇതാ ഞാൻ എത്തി!....''. അപ്പൊ അതാ മലയാളത്തിൽ ഒരലർച്ച! "നിർത്തെടാ... നിർത്താൻ ....മലയാളികളോടാണവന്റെ കളി! " ഒരു ചേട്ടൻ വെള്ളമടിച്ച് ആകെ ബഹളം....എയർ ഹോസ്റ്റസ് അടുത്തെത്തി... ചേട്ടൻ വികാരപരവശനായി ".....മോളേ " എന്നൊക്കെ വിളിക്കണുണ്ട്... ഒരു പത്തു മുപ്പത്തഞ്ച് വയസു കാണും പുള്ളിക്ക് .... എന്തായാലും വിമാനം തിരിച്ച് എയർപോർട്ടിനടുത്തേക്ക് കൊണ്ട് പോയി ആ അലവാലതിയെ ഇറക്കി വിട്ടു....
ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ ... ഫ്ലൈറ്റ് ഒരു മണിക്കൂർ ലേറ്റ് ... എന്റെ രക്തം തിളച്ചു.... '' മലയാളികൾടെ അഭിമാനം കളയാൻ ഒരോന്ന് ഇറങ്ങിക്കോളും " എന്റെ അപ്രത്തിരിക്കുന്ന ചേട്ടൻ രോഷാകുലനായി... കുറേ നേരം കഴിഞ്ഞ് ഫ്ലൈറ്റിൽ കിട്ടുന്ന എല്ലാതരം മദ്യവും സേവിച്ച് അദ്ദേഹവും മലയാളികൾടെ യശസ്സ് നല്ലോണം ഉയർത്തി.... എന്തായാലും പുള്ളിക്ക് നല്ല കപ്പാസിറ്റി ആണെന്ന് തോന്നണു ഇത്രേം അകത്താക്കിയിട്ടും അലമ്പൊന്നും ഉണ്ടാക്കിയില്ല....
എന്തായാലും നാട്ടിൽ എത്തി... അവിടെ ഞാനില്ലാത്ത ഒരു കുറവുമില്ലന്ന് ചേട്ടായി പറഞ്ഞു.... അഹങ്കാരി .... ഞാൻ ആട്ടി വെച്ച ദോശമാവും അപ്പത്തിനുള്ള മാവും, ഉണ്ടാക്കി വെച്ച കറികളും തീരട്ടെ അപ്പൊ കാണാം എന്ന് ഞാനോർത്തു... പക്ഷെ എന്നെ നിരാശയുടെ പടുകുഴിയിൽ തള്ളിയിട്ട് അങ്ങേര് പുഷ്പം പോലെ വീട്ടുപണികളും പിള്ളേരെ നോക്കലും ഓഫീസ് പോകലും എല്ലാം ഭംഗിയായ് ചെയ്തു.... എന്നിട്ടൊരു ഡയലോഗും '' എനിക്ക് മനസ്സിലായി വീട് അലമ്പാക്കുന്നത് പിള്ളേരല്ല... നീയാണ് !.... ഇപ്പൊ ഓഫീസ് വിട്ട് വരുമ്പോൾ വീട് മര്യാദക്ക് കിടക്കണ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്!"
അകലെ അകലെ അറ്റ്ലാന്റിക് സമുദ്രത്തിനുമപ്പുറം വിരഹ ദു:ഖത്തിൽ കഴിയുന്ന ഭാര്യയോട് ഇത്ര ക്രൂരതയോടെ സംസാരിക്കാൻ മാത്രം ചീപ്പായിരുന്നോ ആർടിസ്റ്റ് ബേബി എന്ന് ഞാനോർത്തു.... അടുത്തറിയുമ്പോൾ മാത്രമല്ല അകന്ന് നിൽക്കുമ്പോളും ചില വിഗ്രഹങ്ങൾ ഉടയും ...(ക്രിസ്പിൻ ഏലിയാസ് ദീപ്തി )
എന്തായാലും എന്റെ തകർന്ന് പോയ സെൽഫ് എസ്റ്റീം വീണ്ടെടുക്കാൻ ഞാൻ എന്നെ തന്നെ സന്തോഷിപ്പിക്കാൻ തിരുമാനിച്ചു.... എനിക്ക് ഇഷ്ടപ്പെട്ട സ്ഥലത്തൊക്കെ പോയി... എന്റെ പ്രിയ കൂട്ടുകാരോടൊത്ത് ഗെറ്റ് ടുഗെതർ നടത്തി.. (അതായിരുന്നു ഞാൻ ഏറ്റോം സന്തോഷിച്ച ദിവസം)...ചേട്ടായീടെ അമ്മേനേം ചേടത്തിയേയും മോനേം കൊണ്ട് ലുലുവിൽ കറങ്ങാൻ കൊണ്ട് പോയി... മെട്രോയിൽ കേറി... അമ്പലങ്ങളിൽ പോയി... ഗുരുവായിരിൽ ഉൽസവം കണ്ടു.....ആകെ ആർമാദിച്ചു ...
കാര്യം എന്തൊക്കെ പറഞ്ഞാലും ചേട്ടായിയേക്കാൾ ജനസമ്മതി എനിക്ക് തന്നെയാണെന്നും മനസിലായി.... ചേട്ടായിയുടെ അയൽപക്കക്കാരും ബന്ധുക്കളുമൊക്കെ എന്നെ കാണാൻ വന്നു.... ചേട്ടായിക്ക് പല അയൽപ്പക്കകാരേയും കണ്ടാൽപോലും തിരിച്ചറിയില്ല എന്നതിലാണ് ഇതിന്റെ കാലികപ്രസക്തി....
അങ്ങനെ രണ്ടാഴ്ചത്തെ സംഭവബഹുലമായ ഇന്ത്യ വേക്കേഷനും കഴിഞ്ഞ് ഞാൻ തിരിച്ച് കേറി.... സത്യം പറയാലോ മൂന്ന് ഫ്ലൈറ്റുകൾ മാറിക്കേറലും ട്രാൻസിറ്റും ഒന്നര ദിവസത്തെ നീണ്ട യാത്രയൊന്നും എന്നെ തീരെ മടുപ്പിച്ചില്ല... ഫ്ലൈറ്റിൽ കിട്ടുന്ന എല്ലാ ഫുഡും കഴിച്ചും ജെറ്റ് ലാഗ് വരാതിരിക്കാനും ഫുഡൊന്നും മിസ്സാകാതെയിരിക്കാനും ഉറങ്ങാതെ സിനിമകൾ കണ്ടും ഞാൻ മാതൃക ആയി ...ആകെ രസകരമായിരുന്നു....
തിരിച്ച് വരുന്ന വഴിക്ക് വാഷിങ്ങ്ടണിൽ വെച്ച് ഒരു തെലുങ്ക് പെൺകുട്ടിയെ പരിചയപ്പെട്ടു ( നമ്മൾ മലയാളികൾക്ക് ഗൾഫ് പോലെയാണ് തെലുങ്കൻമാർക്ക് അമേരിക്ക) ... ആ കുട്ടി കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ താമസിക്കാൻ വരുവാണ് .... എന്തൊരു മടുപ്പ് യാത്രയാണെന്ന് ആ കുട്ടി പറഞ്ഞു.... ആദ്യം ഇത്തിരി പോന്ന രണ്ട് കുഞ്ഞുങ്ങടെ കൂടെ യാത്ര ചെയ്തിട്ട് ഒറ്റക്ക് യാത്ര ചെയ്താലെ അതിന്റെ സുഖം അറിയാൻ പറ്റൂ എന്ന് ഞാനും പറഞ്ഞു...
ആ കുട്ടിയുടെ കൂടെ വാഷിങ്ങ്ടൻ എയർപോർട് ഒക്കെ കുറച്ച് നടന്ന് കണ്ടു... ചേട്ടായീടെ ഉത്ബോധന പ്രകാരം ഒരു റെസ്റ്ററന്റിൽ കയറി ഫുഡും കഴിച്ചു....
അവസാനം തിരിച്ച് ഷാർലെറ്റ് എയർപോർട് എത്തി... എന്നെ കണ്ട് പിള്ളേർ സിനിമാ സ്റ്റൈലിൽ ഓടി വന്ന് കെട്ടി പിടിച്ചു.... വീട്ടിലേക്കുള്ള ഒന്നരമണിക്കൂർ ഡ്രൈവ് ഞാൻ വർത്താനം പറഞ്ഞ് ചേട്ടായീടെ കോൺസൻട്രേഷൻ കളഞ്ഞ് വഴി തെറ്റിപ്പിച്ച് രണ്ട് മണിക്കൂറെടുത്തു... അങ്ങനെ രാത്രി പന്ത്രണ്ടായപ്പോളേക്കും ഞങ്ങൾടെ വീട്ടിലെത്തി ....
അവസാനം തിരിച്ച് ഷാർലെറ്റ് എയർപോർട് എത്തി... എന്നെ കണ്ട് പിള്ളേർ സിനിമാ സ്റ്റൈലിൽ ഓടി വന്ന് കെട്ടി പിടിച്ചു.... വീട്ടിലേക്കുള്ള ഒന്നരമണിക്കൂർ ഡ്രൈവ് ഞാൻ വർത്താനം പറഞ്ഞ് ചേട്ടായീടെ കോൺസൻട്രേഷൻ കളഞ്ഞ് വഴി തെറ്റിപ്പിച്ച് രണ്ട് മണിക്കൂറെടുത്തു... അങ്ങനെ രാത്രി പന്ത്രണ്ടായപ്പോളേക്കും ഞങ്ങൾടെ വീട്ടിലെത്തി ....
അപ്പൊ ഞാൻ പറഞ്ഞ് വന്നത്, നമ്മളാണീ ഭൂലോകത്തിന്റെ സ്പന്ധനമായ മാത്തമാറ്റിക്സ് എന്ന ഭാവം കളഞ്ഞ് കുറേയൊക്കെ നമ്മൾക്ക് വേണ്ടി ജീവിക്കണം... പ്രത്യേകിച്ചും ചില സ്ത്രീകൾ അവരവരുടെ സന്തോഷം വേണ്ടെന്ന് വെച്ച് വല്യ ത്യാഗിണികളായി ജീവിക്കും.... ഇങ്ങനെ ജീവിക്കുമ്പോൾ ഉള്ള പ്രശ്നം എന്താന്ന് വെച്ചാൽ അറിയാതെയെങ്കിലും തിരിച്ചും അവർ നമുക്ക് വേണ്ടിയും ത്യാഗം ചെയ്യണം എന്നാഗ്രിഹിക്കും... അങ്ങനെ വരാതാവുമ്പോൾ വെറുതെ സങ്കടപെടേണ്ടിയും വരും....
ഒരോന്നിനും ഒരോ പ്രായവും സമയവും ഉണ്ട് ദാസാ... നല്ല പ്രായത്തിൽ തന്നെ പറ്റാവുന്നത്ര യാത്ര ചെയ്യുക, കൂട്ടുകാരും ഒത്ത് കൂടുക ... ... നമ്മളിലെല്ലിങ്കിൽ ഒന്നും മര്യാദക്ക് നടക്കില്ല എന്ന തെറ്റിദ്ധാരണ മാറ്റിവെച്ച് ആരും അനിവാര്യരല്ല എന്ന സത്യം സന്തോഷത്തോടെ മനസിലാക്കി ജീവിതം നമുക്ക് വേണ്ടിയും ജീവിക്കുക ....
P.S ഇനി ഇത് പോലെ പിള്ളേരെ ചേട്ടായീനെ ഏൽപ്പിച്ചിട്ട് വേണം ഒരു ഗേൾസ് ഓൺലി ട്രിപ്പ് പോവാൻ ....
Deepthi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക