S8 കോച്ചിലെ 25 -ആം നമ്പർ ലോവർ ബർത്ത്.
ടിക്കറ്റിൽ ഒരിക്കൽകൂടി നോക്കി എന്റെ സീറ്റ് അത് തന്നെയെന്ന് ഉറപ്പ് വരുത്തി. ബാഗ് സീറ്റിനടിയിൽ തിരുകി. ജനലിന്റെ ഷട്ടർ തുറന്ന് വെച്ചു. സായാഹ്നത്തിലെ കുളിർമയുള്ള കാറ്റ് ജനലിലൂടെ വന്ന് മെല്ലെ തഴുകി. പുതിയ വൃത്തിയുള്ള കംപാർട്മെന്റ്. സീറ്റിനും നല്ല മാർദ്ദവം. കൈയിലെ ചെറിയ ബാഗ് തുറന്ന് എയർപില്ലോയും, ഒരു ബെഡ് ഷീറ്റും പുറത്തെടുത്തു.
ഷീറ്റ് വിരിച്ച് തലയിണ ഊതി വീർപ്പിച്ച് അതിൽ ചാരിയിരുന്നു. തോൾ സഞ്ചിയിൽ നിന്ന് പ്രിയ കഥാകൃത്തിന്റെ ചെറുകഥാ സമാഹാരം എടുത്ത് വായന തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ വിജനമായ ആ കംപാർട്മെന്റ് വിരസതയുളവാക്കി. അടുത്ത സ്റ്റേഷനിൽ നിന്ന് ഒന്ന് രണ്ട് നല്ല സഹയാത്രീകരെ കിട്ടണേ എന്ന് ആഗ്രഹിച്ചു പോയി .
മെല്ലെ സീറ്റിലേക്ക് കിടന്ന് വായന തുടർന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ട്രെയിനിന്റെ വേഗത കുറഞ്ഞു, ഒരു സ്റ്റേഷനിലേക്ക് പ്രവേശിക്കുകയാണ്. വായനയ്ക്ക് ചെറു ഇടവേളയിട്ട് സീറ്റിൽ നിവർന്നുകിടന്നു. പ്ലാറ്റ്‌ഫോമിൽ കേട്ട അറിയിപ്പിൽ നിന്നും വണ്ടി കോട്ടയം സ്റ്റേഷനിൽ ആണെന്ന് മനസ്സിലായി.
ആരൊക്കൊയോ ആ കംപാർട്മെന്റിൽ കയറിയിട്ടുണ്ട് എന്ന് പദചലനങ്ങൾ കൊണ്ട് മനസ്സിലായി. തൊട്ടടുത്ത് വസ്ത്രം ഉലയുന്ന ശബ്ദം കേട്ട് മുഖത്തെ മൂടിയിരുന്ന പുസ്തകം അൽപ്പം മാറ്റി നോക്കി. നിറയെ ഞൊറികൾ ഉള്ള ഒരു പ്ലീറ്റഡ് ഷിഫോൺ പാവാടയാണ് ആദ്യം കണ്ടത്. മുട്ടിന് താഴെ വരേയുള്ളൂ ഇറക്കം, വെളുത്ത സുന്ദരമായ കണങ്കാലുകൾ. നഖങ്ങളിൽ പിങ്ക് കളർ ക്യൂട്ടക്സ് ഇട്ടിട്ടുണ്ട്. ഒരു സുന്ദരിയായ പെൺകുട്ടി എനിക്ക് നേർ എതിർവശത്തുള്ള സീറ്റിൽ അവളുടെ ബാഗുകൾ ഇറക്കി വെച്ചു.
സീറ്റിലിരുന്ന് അവളുടെ അരികിലെ ജനൽ തുറക്കാൻ തിടുക്കത്തിൽ ശ്രമിച്ചു, സാധിക്കാത്തത് മൂലം, എന്റെ സീറ്റിനരികിലെ ജനാലയിൽ വന്ന് പുറത്തേക്ക് നോക്കി വിളിച്ചു.
"മമ്മീ,.. ദേ ഇവിടെ ..."
പുറത്തു നിന്നും ഒരു സ്ത്രീയുടെ ശബ്ദം " പപ്പേ... ദേ മോളുടെ സീറ്റിവിടെയാ, ഇങ്ങോട്ട് വാ ..."
ബെർത്തിൽ മലർന്ന് കിടന്നിരുന്ന എന്റെ മുഖത്തിനരുകിലൂടെ രണ്ടു കരങ്ങൾ ജാലകത്തിനുള്ളിലേക്ക് നീണ്ടു വന്നു . പെൺകുട്ടിയുടെ വലതു കൈത്തലം ഇരുകരങ്ങൾ കൊണ്ടും പിടിച്ചിട്ട് അവളുടെ മമ്മി നിറയെ നിർദ്ദേശങ്ങൾ നൽകുന്നുണ്ട് - ട്രെയിനിന്റെ വാതിലിനരുകിൽ നിൽക്കരുത്, ചെന്നിറങ്ങുമ്പോൾ തന്നെ വിളിക്കണം, പരീക്ഷ നന്നായി എഴുതണം, ഭക്ഷണം ശരിക്ക് കഴിക്കണം, പ്രാർത്ഥന മുടക്കരുത് ... എന്നിങ്ങനെ പലതും.
ഞാൻ ആ സ്ത്രീയുടെ കരങ്ങൾ ശ്രദ്ധിച്ചു. ഒരു കാലത്ത് നല്ല വെളുത്ത നിറമുണ്ടായിരുന്നിരിക്കണം.
വെയിലേറ്റു കരുവാളിച്ചതാണെന്ന് കണ്ടാലറിയാം. ഒന്ന് രണ്ട് വളകൾ ധരിച്ചിട്ടുണ്ട് - നിറം മങ്ങിത്തുടങ്ങിയ മുക്കുപണ്ടങ്ങൾ. ആ കൈകൾ സീറ്റിൽ കിടക്കുന്ന എന്റെ മുഖത്തിന് നേരെ മുകളിലാണ്, അവയ്ക്ക് പച്ചച്ചാണകത്തിന്റെ ഗന്ധം.
എന്നെ വളർത്തി വലുതാക്കിയ കൈകൾക്കും പണ്ടിത് പോലെ പച്ചച്ചാണകത്തിന്റെ മണമായിരുന്നു. പുലർച്ചെ മുതൽ സന്ധ്യവരെ തൊഴുത്തിലും തൊടിയിലും കഷ്ടപാടുകൾക്കിടയിൽ അലഞ്ഞ എന്റെ അമ്മയുടെ കൈകൾക്ക്. ചിലപ്പോളൊക്കെ ഞാനിതു പറഞ്ഞമ്മയെ ശുണ്ഠി പിടിപ്പിക്കാറുമുണ്ടായിരുന്നു. പക്ഷെ ഒടുവിലത്തെ യാത്രയ്ക്ക് അന്ത്യചുംബനം കൊടുത്തപ്പോളാണ് ആ ഗന്ധം പനിനീർപ്പൂവിനേക്കാൾ എത്രയോ ഹൃദ്യമായതാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.
മകളുടെ കൈകളിൽ ഒന്നുകൂടി തലോടി ആ സ്ത്രീയുടെ കൈകൾ പുറത്തേക്ക് വലിഞ്ഞു. പകരം മണ്ണിന്റെ മണമുള്ള, കറുത്തിരുണ്ട രണ്ടു കൈകൾ ജനലിനുള്ളിലേക്ക് വന്നു . ആ കൈവെള്ളകളിൽ നിറയെ തഴമ്പുണ്ടായിരുന്നു. ഒരു കഠിനാദ്ധ്വാനിയുടെ കരങ്ങൾ. അവ മകളുടെ കൈവിരലുകൾ മെല്ലെ തലോടിക്കൊണ്ടിരുന്നു. സ്നേഹം വിരലുകളിലൂടെ പകർന്നു നൽകുന്ന തലോടൽ. മകൾക്ക് പപ്പയുടെ വക ഉപദേശങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം നിശബ്ദമായ ആ തലോടലിൽ ഒളിപ്പിച്ചിട്ടുണ്ടാവണം. ട്രെയിൻ നീങ്ങിത്തുടങ്ങി. പപ്പയുടെ കയ്യിൽ കുറച്ചു നോട്ടുകൾ, അത് അവളുടെ കൈകളിൽ സ്നേഹപൂർവ്വം തിരുകി.
" നേരത്തെ പൈസ തന്നതല്ലേ പപ്പാ, നിങ്ങൾക്ക് തിരിച്ചു പോകാൻ വണ്ടിക്കൂലി ? "
അവൾ ആ പണം വാങ്ങാൻ മടിച്ചപ്പോൾ ട്രെയിനിനൊപ്പം നടന്നു കൊണ്ട് അയാൾ പറഞ്ഞു
" അത്... ഞങ്ങളെങ്ങനെയെങ്കിലും പൊയ്ക്കൊള്ളാം.. നീയിതുകൂടിവച്ചോ. അന്യനാട്ടിലേക്ക് പോകുവല്ലേ എന്തെങ്കിലും ആവശ്യം വരും ". മടിച്ചിട്ടാണെങ്കിലും അവൾ ആ നോട്ടുകൾ വാങ്ങി ബാഗിൽ വെച്ചു. ജനലിലൂടെ കൈവീശി യാത്ര പറഞ്ഞു.
ലഗേജ് സീറ്റിനടിയിൽ സുരക്ഷിതമായി വെച്ച ശേഷം ഒരു തടിച്ച പുസ്തകം തുറന്ന് വായന തുടങ്ങി. തലയിലൂടെ ഒരു ഷാൾ പുതച്ചിരുന്നു. ഓമനത്തമുള്ള ചെറിയ വട്ടമുഖം.
അവൾ ധരിച്ചിരുന്നപോലുള്ള നിറയെ ഞൊറികളുള്ള ഷിഫോൺ പാവാട ഞാനെന്റെ ആറു വയസ്സുള്ള മകൾക്കും ഒരിക്കൽ വാങ്ങി കൊടുത്തിരുന്നു. അവൾക്ക് ആ പാവാടയും ചുവന്ന കളറുള്ള ടി ഷർട്ടും നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. എന്റെ എതിർ സീറ്റിലെ യാത്രക്കാരിയായ പെൺകുട്ടിയുടെ ഞൊറികളുള്ള ഷിഫോൺ പാവാട കണ്ടപ്പോൾ മകളെക്കുറിച്ചോർമ്മ വന്നു.
വായിച്ചുകൊണ്ടിരുന്ന ചെറുകഥയിലെ നിഷ്കളങ്കയായ ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രത്തിന് അവളുടെ മുഖമാണെന്ന് തോന്നി. ട്രെയിൻ വേഗതയാർജ്ജിച്ചു. ഞാൻ പുസ്തകവായനയിൽ മുഴുകി. ഏകദേശം ഒന്നര മണിക്കൂറിൽ കൂടുതലായിക്കാണും. കിടപ്പ് മതിയാക്കി ഞാൻ സീറ്റിൽ എഴുന്നേറ്റിരുന്നു. അടുത്ത സ്റ്റോപ്പ് എറണാകുളമാണ്. ട്രെയിൻ അവിടെക്കടുക്കുന്നു.
ഇപ്പോൾ ആ പെൺകുട്ടി അവളുടെ തല മൂടിയിരുന്ന ഷാൾ കഴുത്തിന് ചുറ്റി ഇട്ടിരിക്കുകയാണ്.
പിന്നിയിട്ടിരുന്ന മുടി അഴിച്ചു വിടർത്തിയിട്ടിരിക്കുന്നു. സ്ട്രെയ്റ്റൻ ചെയ്ത മുടിയിലങ്ങിങ് ചുവന്ന ഡൈയടിച്ചിട്ടുണ്ട്. കയ്യിലെ മൊബൈൽ ഫോണിൽ നിന്നും ഇയർ ഫോണിലൂടെ ഏതോ പാട്ടുകേട്ട് മെല്ലെ തലയാട്ടി പുറത്തേക്ക് നോക്കിയിരിക്കുന്നു.
ഞാനാദ്യം കണ്ട നിഷ്കളങ്കയായ ഗ്രാമീണ പെൺകുട്ടിയിൽ നിന്ന് ഒരു തികഞ്ഞ പരിഷ്ക്കാരിയായി പൊടുന്നനെ മാറിയത്പോലെനിക്ക് തോന്നി. നഗരത്തിലെ പരസ്യഫലകങ്ങളിൽ നിന്നും പല നിറങ്ങളിലുള്ള വെളിച്ചം മാറിമാറി അവളുടെ മുഖത്ത് പ്രതിഫലിച്ചു. ആ പരസ്യങ്ങളിൽ അവളുടെ നോട്ടം ഇടയ്ക്കിടെ തങ്ങിനിന്നു.
അവളുടെ കണ്ണുകളിൽ ആരെയോ കണ്ടുമുട്ടുവാനുള്ള വെമ്പൽ. ട്രെയിൻ സ്റ്റേഷനിൽ നിന്നപ്പോൾ അവൾ തിടുക്കത്തിൽ പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞ് തിരികെ വരുമ്പോൾ അതേ പ്രായത്തിലുള്ള ഒരുപറ്റം കൂട്ടുകാർ കൂടെയുണ്ടായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന ആ സംഘം അവളുടെ കൂടെ പഠിക്കുന്നവരാണെന്ന് സംഭാഷണങ്ങളിൽ നിന്നും മനസ്സിലായി. ആഷ് പോഷ് ഇംഗ്ലീഷ് കൊണ്ട് ആ കംപാർട്മെന്റ് മുഖരിതമായി. എല്ലാവരും ധരിച്ചിരുന്നത് ആധുനിക വേഷവിധാനങ്ങൾ. മുടി നീട്ടിവളർത്തി ഒറ്റകാതിൽ കമ്മലിട്ട ആൺകുട്ടികൾ, മുടി പറ്റെ വെട്ടി ആൺകുട്ടികളെപ്പോലെ ട്രൗസറും ടി ഷർട്ടും ധരിച്ച പെൺകുട്ടികൾ. കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് പോയി. ഒരാൺകുട്ടി അവന്റെ ലഗേജ് എന്റെ സീറ്റിനടിയിൽ വെച്ചു. അവന്റേത് എന്റെ സീറ്റിന് നേരെ മുകളിലുള്ള മിഡ്ഡിൽ ബെർത്താണ്.
അവൻ എന്റെ അരികിൽ വന്നു ഒന്ന് ശങ്കിച്ച് നിന്ന ശേഷം ചോദിച്ചു
"അങ്കിൾ ക്യാൻ വി എക്സ്ചേഞ്ച് ഔർ ബെർത്ത് , വി ഹാവ് റ്റു ഡിസ്‌കസ് സംതിങ് എബൌട്ട് ഔർ സ്റ്റഡീസ് "
പഠിക്കുന്ന കുട്ടികൾ, ഈ യാത്രയിൽ പോലും പാഠ്യ വിഷയങ്ങൾ ചർച്ച ചെയ്യുവാനുള്ള അവരുടെ ഉത്സാഹം കണ്ടപ്പോൾ സീറ്റ് മാറാൻ ഒരല്പം വിഷമം തോന്നിയെങ്കിലും ഞാൻ സമ്മതിച്ചു. മുകളിലെ ബെർത്തിൽ കയറി എന്റെ ബെഡ്ഷീറ്റ് വിരിച്ചു കിടന്നു.
"അങ്കിൾ ക്യാൻ വി എക്സ്ചേഞ്ച് ഔർ ബെർത്ത് , വി ഹാവ് റ്റു ഡിസ്‌കസ് സംതിങ് എബൌട്ട് ഔർ സ്റ്റഡീസ് "
പഠിക്കുന്ന കുട്ടികൾ, ഈ യാത്രയിൽ പോലും പാഠ്യ വിഷയങ്ങൾ ചർച്ച ചെയ്യുവാനുള്ള അവരുടെ ഉത്സാഹം കണ്ടപ്പോൾ സീറ്റ് മാറാൻ ഒരല്പം വിഷമം തോന്നിയെങ്കിലും ഞാൻ സമ്മതിച്ചു. മുകളിലെ ബെർത്തിൽ കയറി എന്റെ ബെഡ്ഷീറ്റ് വിരിച്ചു കിടന്നു.
"ഷാൾ വി ഹാവ് ഡിന്നർ " അവൻ അവളെ അത്താഴം കഴിക്കാൻ ക്ഷണിച്ചു.
"യാ ഷുവർ " അവൾ ബാഗ് തുറന്ന് ഒരു പൊതിച്ചോറെടുത്തു. പൊതി തുറന്നപ്പോൾ നല്ല വാട്ടിയ
വാഴയിലയുടെയും ഉപ്പേരിയുടെയും അച്ചാറിന്റെയുമെല്ലാം ആസ്വാദ്യകരമായ സുഗന്ധം കംപാർട്മെന്റിൽ നിറഞ്ഞു. അവൻ അവന്റെ ബാഗിൽ നിന്നും ഒരു പേപ്പർ ബോക്സ് എടുത്തു. അതിൽ നിന്ന് ഉരുകിയ ചീസിന്റെ ഗന്ധമുയർന്നു. വേറൊരു പാക്കിൽ കെന്റഗി ചിക്കനും.
" ഹായ് പിസ്സ , ചിക്കൻ... യു ബ്രോട്ട് മൈ ഫേവറിറ്റ്സ് .. " അവൾ പൊതിച്ചോർ മാറ്റിവെച്ചു.
പിസ്സയും ചിക്കനും അവർ പങ്കിട്ട് കഴിച്ചു. വയർ നിറഞ്ഞതിനാലാകണം- ഒടുവിൽ ഒട്ടുംതന്നെ കഴിക്കാതെ ബാക്കിയായ പൊതിച്ചോർ ജനലിലൂടെ പുറത്തേക്കെറിഞ്ഞു. കംപാർട്മെന്റിൽ നിന്ന് വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ, ഒരമ്മയുടെ സ്നേഹത്തിന്റെ സുഗന്ധം മാഞ്ഞു. കെന്റകി ചിക്കന്റെയും ഉരുകിയ ചീസിന്റെയും കൃത്രിമമായ ഗന്ധം പോകാൻ മടിച്ചെന്നവണ്ണം പിന്നെയും അവിടെ തങ്ങി നിന്നു .
ഭക്ഷണം കഴിച്ച ശേഷം അവരിരുവരും പുസ്തകങ്ങൾ എടുത്ത് വായിക്കുവാൻ തുടങ്ങി. ഞാനുറങ്ങാൻ കിടന്നു. നാലഞ്ച് നാൾ ജോലി സംബന്ധമായ അലച്ചിലിൽ ആയിരുന്നതിനാൽ ഉറക്കം വളരെ വേഗം കണ്ണുകളെ മൂടി.
രാത്രിയിൽ ബാത്‌റൂമിൽ പോയി തിരിച്ചു വന്നപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്.
താഴെയുള്ള ബെർത്തിൽ അവളുടെ മടിയിൽ തലവെച്ച് അവൻ കിടക്കുന്നു . അവൾ തന്റെ ഷാൾ കൊണ്ട് ഇരുവരെയും മൂടിയിട്ടുണ്ട്.
അവന്റെ കരങ്ങൾ അവളുടെ മേനിയിൽ ചില കുസൃതികൾ കാണിക്കുന്നുണ്ടാവണം.
പതിഞ്ഞ ശബ്ദത്തിൽ അവളവനെ കൊഞ്ചലോടെ ശാസിക്കുന്നു
" ഡോണ്ട് ബി സില്ലി ... .. അവിടെയെല്ലാം തൊടല്ലേ..ഛെ ആരെങ്കിലും കാണും....അനങ്ങാതെ കിടക്ക് പ്ളീസ് "
ജാലകത്തിനപ്പുറത്ത് നിന്ന് മണ്ണിന്റെ മണമുള്ള കൈവെള്ളയിൽ കഷ്ടപ്പാടിന്റെ തഴമ്പ് നിറഞ്ഞ രണ്ടു കരങ്ങൾ അവനോട് അരുതേ എന്ന് തൊഴുത് കൊണ്ട് പറയുന്നത് പോലെ എനിക്ക് തോന്നി. ബെർത്തിൽ കയറി കിടന്നിട്ടും മനസ്സിൽ എന്തോ ഭാരം പോലെ.
ഉറങ്ങാൻ ശ്രമിക്കുമ്പോളെല്ലാം കണ്മുന്നിൽ ആ നാല് കൈകൾ. ഏറെ വൈകിയാണ് ഒന്ന് മയങ്ങിയത്. ഉണരുമ്പോൾ നേരം നന്നേ വെളുത്തിരുന്നു. പുറത്ത് തെളിഞ്ഞ പകൽ വെളിച്ചം . വാച്ചിൽ നോക്കി സമയം എട്ടര. എനിക്കിറങ്ങേണ്ട സ്ഥലത്തേക്ക് ഇനി അരമണിക്കൂർ മാത്രം. വേഗം ബെർത്തിൽ നിന്നിറങ്ങി. ബെഡ്ഷീറ്റും തലയിണയുമെല്ലാം മടക്കി ബാഗിലാക്കി. ജനലരുകിലെ സീറ്റിൽ ഇരുന്നു. എതിരെയുള്ള സീറ്റിൽ ആ പെൺകുട്ടി ചാരിയിരുന്നുറങ്ങുന്നു, അവളുടെ മടിയിൽ കിടന്ന് അവനും ഉറങ്ങുന്നുണ്ട്.
അവളുടെ വസ്ത്രങ്ങൾക്ക് രാത്രി കണ്ടതിനേക്കാൾ ചുളിവുകൾ കൂടിയിരിക്കുന്നു..
ട്രെയിൻ വേഗം കുറച്ചു.. ഇനി ഏകദേശം ഒന്നോ രണ്ടോ കിലോമീറ്റർ പോയാൽ ഞാൻ താമസിക്കുന്ന നഗരത്തിലെ സ്റ്റേഷനിൽ വണ്ടി നിൽക്കും. സിഗ്നൽ കിട്ടാത്തതിനാലാകണം ട്രെയിൻ സ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ മുമ്പ് നിന്നു.
റയിൽവേ പാളത്തിനിരുവശവും തലയുയർത്തി നിൽക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവയെ ചുറ്റി സ്റ്റുഡന്റസ് ഹോസ്റ്റലുകളും.
ട്രെയിൻ നിന്നു.
തൊട്ടപ്പുറത്തെ പാളത്തിനും ട്രെയിനിനുമിടയിൽ ഒരു സിമന്റിട്ട കലുങ്ക്. അതിൽ ഒരു റയിൽവേ പോലീസുകാരനിരിക്കുന്നു. ഒരു കല്ലെടുത്ത് അയാൾ നീട്ടി എറിഞ്ഞു.
"പോ നായെ ...ദൂരെ പോ .. " അയാളുടെ കല്ലേറ് കൊണ്ട് ഒരു തെരുവ്പട്ടി മോങ്ങികൊണ്ട് ഓടി.
ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന പെൺകുട്ടി ഉണർന്നു. ഞങ്ങൾ ആ പോലീസ്കാരൻ കല്ലെറിഞ്ഞ ദിക്കിലേക്ക് നോക്കി. അവിടെ ഒരു തലയില്ലാത്ത ജഡം കിടക്കുന്നുണ്ടായിരുന്നു. ട്രെയിനിന് തല വെച്ച് ആത്മഹത്യ ചെയ്തതാവണം. മരിച്ചു കിടന്ന ആ പെൺകുട്ടിയും ധരിച്ചിരുന്നത് ഞൊറികളുള്ള ഒരു ഷിഫോൺ പാവാടയായിരുന്നു.. അവളുടെ കാൽ നഖങ്ങളിലും പിങ്ക് കളർ ക്യൂട്ടക്സ്.
അത് കണ്ടപ്പോൾ ഞാൻ എതിരെയിരുന്ന പെൺകുട്ടിയുടെ കാൽപാദങ്ങളിലേക്ക് അറിയാതെ നോക്കിപോയി.
എന്റെ നോട്ടം കണ്ടിട്ടാവണം അവളും സ്വന്തം പാദങ്ങളിലെക്കും തൊട്ടപ്പുറത്ത് മരിച്ചു കിടന്ന പെൺകുട്ടിയുടെ നേർക്കും മാറിമാറി നോക്കി. ഒരു ഞെട്ടൽ അവളിൽ കണ്ടു.
തനിയെ ഒരു ജഡത്തിന് കാവൽ നിൽക്കേണ്ടി വന്ന പോലീസുകാരൻ കുറച്ചുറക്കെ ആത്മഗതം എന്നവണ്ണം പറഞ്ഞു
" ഓരോന്ന് പഠിക്കാനെന്നും പറഞ്ഞ് ഇങ്ങോട്ട് കെട്ടിയെടുക്കും, വല്ല ചെക്കന്മാരും വിളിച്ചാൽ കൂടെ പോയി കിടന്നും കൊടുക്കും.. എന്നിട്ട് മനുഷ്യനെ ബുദ്ധിമുട്ടിക്കാനായിട്ട് ട്രെയിനിന് തല വെച്ചു ചാകും .. കൂത്തച്ചികൾ".
അയാളുടെ വാക്കുകൾ കേട്ട് എനിക്കെതിരെ ഇരുന്ന പെൺകുട്ടി വല്ലാതായി. അവൾ മടിയിൽ നിന്ന് കൂട്ടുകാരന്റെ തല തള്ളി മാറ്റി. എതിർവശത്തുള്ള ഒഴിഞ്ഞ സീറ്റിലേക്ക് മാറിയിരുന്നു.
ട്രെയിൻ മെല്ലെ നീങ്ങി എനിക്കിറങ്ങേണ്ട സ്റ്റേഷനിൽ നിന്നു. ബാഗുമെടുത്ത് പുറത്തിറങ്ങി കുറച്ചു ദൂരം നടന്ന ശേഷം ഞാൻ തിരിഞ്ഞ് നോക്കി. ആ പെൺകുട്ടി എന്നെ നോക്കുന്നുണ്ട്.
അവളുടെ കണ്ണുകളിൽ അപ്പോൾ നിഴലിച്ചത് കുറ്റബോധമോ തിരിച്ചറിവൊ ആകട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ വീട്ടിലേക്കു നടന്നു. എന്നെ കാത്തിരിക്കുന്ന എന്റെ മകളുടെ അടുത്തേക്ക്.
By
Saji.M.Mathews..
07/03/2018..
Saji.M.Mathews..
07/03/2018..
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക