Slider

പ്രണയം ബാക്കി വെച്ചത്

0
പ്രണയം ബാക്കി വെച്ചത്
**************************
കോളേജ് ബസ് സ്റ്റോപ്പിനു മുന്നിലെ ആല്‍മരച്ചുവട്ടില്‍ നിത്യവും വെെകുന്നേരം നാലു മണിയ്ക്ക് അയാളെത്തുമായിരുന്നു..
നരച്ച താടിയും അതിനേക്കാള്‍ നരച്ച വസ്ത്രങ്ങളും ധരിച്ച ഒരാള്‍..
അയാളുടെ തോളില്‍ ഒരു തുണി സഞ്ചിയുണ്ടായിരുന്നു..
കോളേജ് വിട്ടിറങ്ങുന്ന കുട്ടികളുടെ കൂട്ടത്തില്‍ ആരെയോ തിരയുന്ന കണ്ണുകളുമായി എന്നും അയാളവിടെയുണ്ടാകും..
പെണ്‍കുട്ടികളുടെ ഇടയിലാണ് അയാളുടെ കണ്ണുകള്‍ ഉടക്കി നില്‍ക്കുന്നത് എന്ന് ആ കോളേജിലെ ആണ്‍കുട്ടികള്‍ കണ്ടുപിടിച്ചു..
അവര്‍ അയാളെ കിഴവന്‍ വായിനോക്കി എന്നു വിളിച്ചു.. പലപ്പോഴും രഹസ്യമായുള്ള ആ വിളിപ്പേര് അയാളുടെ കാതുകളിലും ചെന്നു പതിച്ചു.. പക്ഷേ അയാളതിനെ തികഞ്ഞ നിസ്സംഗതയോടെ അവഗണിച്ചു..
ആ കോളേജിലെ എല്ലാ കുട്ടികളും ബസില്‍ കയറി പോയതിനു ശേഷം അയാളും പതുക്കെ അവിടുന്ന് അപ്രത്യക്ഷനാകും..
എവിടെ നിന്നാണ് അയാള്‍ വരുന്നതെന്നും ആരെയാണ് തിരയുന്നതെന്നും ആര്‍ക്കും മനസ്സിലായില്ല..
എന്നും വെെകുന്നേരം കൂട്ടത്തോടെ കോളേജ് വിട്ടു ഇറങ്ങി വരുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ അവളുമുണ്ടായിരുന്നു..
ശ്രീബാല മേനോന്‍.. കോളേജ് ബ്യൂട്ടി..
അവളോട് കൂട്ടുകാരികള്‍ പറഞ്ഞു..
''ശ്രീ .. നിന്നെയാണയാള്‍ നോക്കുന്നത്..
നിന്നോടയാള്‍ക്ക് പ്രണയമാണെന്ന് തോന്നുന്നു..''
ആ പറച്ചിലൂടെ അവര്‍ ആത്മസംതൃപ്തി കണ്ടെത്തുകയായിരുന്നു.. കാരണം അവര്‍ക്കവളോട് അസൂയയാണ്.. ഇത്രയും സൗന്ദര്യമുള്ള അവളെ ഒരു വയസ്സന്‍ പ്രണയിക്കുന്നത് അവരെ സന്തോഷിപ്പിച്ചു..
ശ്രീബാല അത് നിഷേധിച്ചില്ല.. അവള്‍ക്കും തോന്നിയിരുന്നു അയാള്‍ അവളെയാണ് നോക്കുന്നത് എന്ന്.. പക്ഷേ അയാളുടെ കണ്ണുകള്‍ ഒരിക്കലും അവളെ അലോസരപ്പെടുത്തിയില്ല.. അതില്‍ പ്രണയമോ കാമമോ അവള്‍ കണ്ടില്ല.. പകരം വാത്സല്യമെന്നോ സ്നേഹമെന്നോ നിര്‍വ്വചിക്കാനാവാത്ത എന്തോ ഒന്ന്.. അതാണവള്‍ കണ്ടത്..
ശ്രീബാലയുടെ ചിന്തകളില്‍ പലപ്പോഴും അയാള്‍ കടന്നു വന്നു..
'എന്തിനായിരിക്കും അയാള്‍ എപ്പോഴും എന്നെ കാണാനായി വരുന്നത്.. എന്നെ കാണാന്‍ തന്നെയാണോ .. അതോ മറ്റാരെയെങ്കിലും.. എന്തായാലും സത്യം എന്താണെന്ന് കണ്ടു പിടിക്കണം..'
അവള്‍ തീരുമാനിച്ചു..
പിറ്റേന്ന് അവള്‍ അവസാനത്തെ പിരിയഡ് ക്ളാസ് കട്ട് ചെയ്തു ബസ് സ്റ്റോപ്പിനു മുന്നിലുള്ള ആല്‍മരത്തിന്‍റെ പിന്നില്‍ ഒളിച്ചു നിന്നു.. നാലു മണിയാവാറായപ്പോള്‍ ദൂരെ നിന്ന് അയാള്‍ നടന്നു വരുന്നത് കണ്ടപ്പോള്‍ അവള്‍ അയാളുടെ ശ്രദ്ധയില്‍പ്പെടാത്ത ഒരിടത്തേക്ക് മാറി നിന്നു..
അയാള്‍ അടുത്തെത്തി ആല്‍മരച്ചുവട്ടില്‍ നില്‍പ്പുറപ്പിച്ചപ്പോള്‍ അവള്‍ പതിയെ അടുത്ത് ചെന്നു വിളിച്ചു..
''അമ്മാവാ..''
അയാള്‍ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി ..
''അമ്മാവനെന്തിനാ ദിവസവും ഇവിടെ വന്നു നില്‍ക്കുന്നത്... എന്നെ കാണാനാണോ..''
അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു..
''ഇന്ദുമതിയുടെ മകളല്ലേ.. എന്താ കുട്ടിയുടെ പേര് ?''
അയാളുടെ ഉത്തരം ഒരു മറു ചോദ്യമായിരുന്നു..
''ശ്രീബാല..''
അവളുടെ മറുപടി കേട്ടപ്പോള്‍ അയാളുടെ മുഖത്ത് ആയിരം മഴവില്ലുകള്‍ ഒരുമിച്ച് വിരിഞ്ഞു.. വര്‍ഷങ്ങള്‍ക്കപ്പുറം സഞ്ചരിച്ച അയാളുടെ മനസ്സ് പൂത്തു നില്‍ക്കുന്ന ഒരു വാകമരത്തിന്‍റെ അരികിലെത്തി നിന്നു..
വാകപ്പൂക്കള്‍ കൊഴിഞ്ഞുവീണു കിടക്കുന്ന സിമന്‍റ് ബെഞ്ചിലിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍.. അയാളുടെ തോളിലേക്ക് തലചായ്ച്ച് ചേര്‍ന്നിരിക്കുന്ന ഒരു പെണ്‍കുട്ടി..
അവള്‍ പറയുകയാണ്..
''പെണ്‍കുട്ടികളെയല്ലേ ബാലേട്ടനിഷ്ടം.. നമ്മുടെ ആദ്യത്തെ കുട്ടി പെണ്ണായിരിക്കും.. അവള്‍ക്ക് ഞാന്‍ ശ്രീബാല എന്നു പേരിടും.. ശ്രീബാല ബാലചന്ദ്രന്‍..''
''അങ്ങനെയല്ലേ പറ്റൂ.. നിന്നെ പോലെ പേരിനു പിന്നില്‍ വാലൊന്നും ചേര്‍ക്കാന്‍ അവള്‍ക്ക് പറ്റില്ലല്ലോ.. പാവം എന്‍റെ കുട്ടി..''
അവന്‍ കളിയാക്കി ചിരിച്ചപ്പോള്‍ അവള്‍ പരിഭവിച്ചുകൊണ്ട് എഴുന്നേറ്റ് മാറി..
''അമ്മയെ എങ്ങനെയറിയാം..''
ശ്രീബാലയുടെ ചോദ്യം അയാളെ ചിന്തകളില്‍നിന്നുണര്‍ത്തി..
''അറിയാം.. ഇന്ദുമതിയോട് പറയൂ.. ബാലചന്ദ്രന്‍ അന്വേഷിച്ചുവെന്ന്..''
പെട്ടെന്ന് അവളുടെ മുഖഭാവം മാറി..കണ്ണുകള്‍ നിറഞ്ഞു തുളുമ്പാന്‍ തുളുമ്പാന്‍ തുടങ്ങി..
''ഇതു പറയാന്‍ എന്‍റെ അമ്മ ഇപ്പോള്‍ ഇല്ല.. പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു..''
തന്‍റെ കാല്‍ച്ചുവട്ടിലെ ഭൂമി കീഴ്മേല്‍ മറിയുന്നതു പോലെ അയാള്‍ക്ക് തോന്നി..
'തന്‍റെ ഇന്ദു പോയി എന്നോ.. പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താനത് അറിഞ്ഞെല്ലെന്നോ..'
''നിങ്ങള്‍.. നിങ്ങളാണോ എന്‍റെ അച്ഛന്‍..
ശ്രീബാല പരിസരം മറന്നു കൊണ്ട് അയാളുടെ ചുമല്‍ പിടിച്ചു കുലുക്കി..
ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയ ബാലചന്ദ്രന്‍ അവളുടെ കെെയ്യില്‍ പിടിച്ചു കൊണ്ടു പറഞ്ഞു..
''അല്ല..മോളേ.. ഞാനത് ആഗ്രഹിച്ചിരുന്നെങ്കിലും അതൊരിക്കലും സത്യമല്ല..'
''നിങ്ങളുടെ പേരില്‍ പീഡനങ്ങളൊരുപാട് ഏറ്റു വാങ്ങിയിട്ടുണ്ട് എന്‍റെ അമ്മ.. ഒടുവില്‍ സഹികെട്ട് ഒരു ദിവസം എല്ലാം അവസാനിപ്പിച്ചു..''
''ഇന്നും ഞാനൊരു രണ്ടാം സ്ഥാനക്കാരിയാണ് വീട്ടില്‍..''
അവള്‍ വിതുമ്പി..
അയാള്‍ എന്തോ പറയാന്‍ ഭാവിച്ചപ്പോഴേക്കും കോളേജ് വിട്ട് കുട്ടികള്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങി.
അവള്‍ കണ്ണുകള്‍ തുടച്ച് അവരിലൊരാളായി അലിഞ്ഞു ചേര്‍ന്നു..
അയാള്‍ പിന്നെയവിടെ നിന്നില്ല.. തിരിഞ്ഞു നടന്നു .. ഒരു നഷ്ട പ്രണയത്തിന്‍റെ ഓര്‍മ്മകളും പേറിക്കൊണ്ട്..
അപ്പോഴും അയാളുടെ തോള്‍ സഞ്ചിയ്ക്കകത്ത് അവള്‍ക്ക് കൊടുക്കാനുള്ള ഒരു സമ്മാനമുണ്ടായിരുന്നു.. ശ്രീബാലയ്ക്കല്ല..
ഇന്ദുമതിയ്ക്ക്...
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo