Slider

ആദിമചോദനകളുടെ ആവിഷ്കാരങ്ങള്‍.

0
ആദിമചോദനകളുടെ ആവിഷ്കാരങ്ങള്‍.
നായാടി വളര്‍ന്നവനാണ് മനുഷ്യന്‍.ഉദരനിമിത്തം ചെയ്യാന്‍ നിര്‍ബ്ബന്ധിതമായ ഈ മൃഗയ, ഒരു ആട്ടം (കളി)ആയതും 'നായാട്ട് ' ആയതും പില്‍ക്കാലത്താണ്. കൊല്ലാതെ തന്നെ വിശപ്പുമാറ്റാനുള്ള ഉപാധികള്‍ കൃഷിയിലൂടെ കണ്ടെത്തിയതിനു ശേഷവും മൃഗയയുടെ മൃഗീയത അവനെ വിട്ടുപോയിട്ടില്ല. ഹിംസയോടുള്ള അഭിനിവേശം അവനെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്നു.
രാജാക്കന്മാരും മേലെത്തട്ടുകാരും നായാട്ടിലൂടെ അവരുടെ അഭിലാഷം പൂര്‍ത്തീകരിച്ചുപോന്നു.മാനിനെ വേട്ടയാടി കണ്വന്റെ തപോവനത്തിലെത്തിയ ദുഷ്യന്തനും, ആനയെന്നോര്‍ത്ത് മുനികുമാരനെ അമ്പെയ്തുകൊന്ന ദശരഥനും മാത്രമല്ല ,പുരാണപ്രഥിതരായ പല രാജാക്കന്മാരും നായാട്ട് ഒരു അനുഷ്ഠാനം പോലെ കൊണ്ടുനടന്നവരാണ്. ഹിംസ ത്യജിച്ചുവെന്നഭിമാനിക്കുന്ന ബ്രാഹ്മണര്‍ യജ്ഞത്തിലെ അനുഷ്ഠാനങ്ങളുടെ ഒരു ഭാഗമായി പശുഹത്യ തുടര്‍ന്നു പോന്നതും ഇതിന് ഉദാഹരണമാണ്.*
യാഗങ്ങളിലെ പശുഹത്യയ്ക്കെതിരെ പ്രതിഷേധം വ്യാപകമായപ്പോള്‍ പശുവിന്റെ സ്ഥാനത്ത് അട ഹോമിക്കുന്ന രീതി അവര്‍ സ്വീകരിച്ചു. പക്ഷേ ,സങ്കല്‍പ്പത്തില്‍ മാറ്റമൊന്നും സംഭവിച്ചില്ല. പശു എന്ന് സങ്കല്‍പ്പിച്ചുകൊണ്ടുതന്നെയാണ് യാഗത്തിലെ ഈ കര്‍മം ഇന്നും ചെയ്തു പോരുന്നത്. ഹിംസയോടുള്ള അഭിനിവേശം പ്രതിരൂപാത്മകമായ അനുഷ്ഠാനത്തിലൂടെ അവര്‍ തൃപ്തിപ്പെടുത്തുന്നു.താന്ത്രിക ചടങ്ങായ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ പോലും പള്ളിവേട്ട ( ദേവന്റെ നായാട്ട് )ഒരു പ്രധാന ചടങ്ങാണല്ലോ !
ഹിംസകൊണ്ട് സമൂഹത്തിനുണ്ടാകാവുന്ന വ്യാപകമായ വിപത്ത് ഒഴിവാക്കാനുള്ള ഒരുപാധിയായിട്ടായിക്കാം അത് ഒരു അനുഷ്ഠാനമായി തുടരുന്നത്. ഓരോ ദവസവും ഓരോ മൃഗം മൃഗരാജാവിന് ഇരയാവാന്‍ സമ്മതിച്ച കാട്ടുമൃഗങ്ങള്‍ സിംഹംമൂലം സംഭവിച്ചേക്കാവുന്ന വ്യാപകമായ വംശനാശത്തെ തടയുകയായിരുന്നു. ബകാസുരന്റെ കഥയും ഈ അടവിന്റെ ഭാഗമാണ്. ഗ്രമത്തിലെ ഏതെങ്കിലുമൊരാള്‍ എന്നും ബകാസുരന് ഭക്ഷണമാവാമെന്ന വ്യവസ്ഥ ഗ്രാമവാസികള്‍ ഒരനുഷ്ഠാനമായി പിന്‍തുടര്‍ന്നു.
മനുഷ്യവംശത്തിന്റെ മുഴുന്‍ മൃഗീയവാസനയെയും ഭീമനില്‍ ആവാഹിച്ചിരുത്തി , അയാളെ രൗദ്രഭീമനായി അവതരിപ്പിക്കുന്ന മഹാഭാരതം ഹിംസയെ ഒരു കഥയായി, അരങ്ങിലെ ഒരു ബീഭത്സരംഗമായി ,ചുരുക്കി ആവിഷ്കരിക്കുന്നു. കഥകളിയിലെ 'നിണം ' കണ്ടിട്ടുള്ളവരോട് ഇതു വിസ്തരിക്കേണ്ട ആവശ്യമില്ല. എഴൂത്തച്ഛന്റെ മഹാഭാരതം കിളിപ്പിട്ടിലെ ദുശ്ശാസനവധം കഥകളിയിലെ നിണത്തിന്റെ ഒരു വാങ്മയചിത്രമാണ്. വായിച്ചു നോക്കുക.
''പൊടുപൊടെപ്പൊടിച്ചുടനുടന്‍ ചുടു
ചുടെത്തെളിച്ചൊലിച്ചരുവിയാര്‍ പോലെ
തുടുതുടെ വന്ന രുധിരപൂരത്തെ
കുടുകുടെക്കുടിച്ചലറിയോടിയും,
പെരുവെള്ളം പോലെവരുന്ന ശോണിത -
മൊരു തുള്ളി പോലും പുറത്തു പോകാതെ
കവിണു നന്നായിക്കിടന്നുകൊണ്ടുതന്‍
കവിള്‍ത്തടം നന്നായ് നിറച്ചിറക്കിയും,
മദിച്ചു മാരുതി ചിരിച്ചു ചൊല്ലിനാന്‍
മതിര്‍ത്തിതു നാവുമുദരവുമെല്ലാം.
കുടല്‍മാല മെല്ലെന്നെടുത്തുകൊണ്ടുടന്‍
തുടര്‍മാല പോലെ കഴുത്തിലിട്ടു കൊ -
ണ്ടടര്‍ക്കളമെല്ലാം പൊടിപെടുംവണ്ണ -
മുടനുടന്‍ ചാടി തുടമേലെ തച്ചും....'' (കര്‍ണ്ണപര്‍വം, ദുശ്ശാസനവധം )
അങ്ങനെ പോവുന്നു ആ ബീഭത്സരംഗം.
തിറയിലും തെയ്യത്തിലും മുടിയേറ്റിലും ഏറിയും കുറഞ്ഞും ഈ ചോരയോടുള്ള തീവ്ര അഭിലാഷത്തിന്റെ ആവര്‍ത്തനം കാണാം. സിനിമകളിലെ നായക -പ്രതിനായക സംഘട്ടനങ്ങള്‍ മനുഷ്യന്റെ ആദിമ ഹിംസചോദനയെ തൃപ്തിപ്പെടുത്താനും തണുപ്പിക്കാനുമുള്ള അനുഷ്ഠാനങ്ങള്‍ മാത്രമാണെന്നു തോന്നുന്നു. കീഴടക്കലും വിജയിഭേരി മുഴക്കലും
തന്‍ പങ്കാളിത്തമില്ലാതെ ,തിരശ്ശീലയില്‍ വെറും കാഴ്ച്ചക്കാരനായി ഇരുന്നു കാണുന്ന സിനിമാ /വിഡിയോനായാട്ട് ആധുനികമനുഷ്യനെ അനുഷ്ഠാനങ്ങളില്‍ നിന്നകത്തി നിര്‍ത്തുന്നു. കളികളെല്ലാം പങ്കാളിത്തമില്ലാത്ത ദൃശ്യവിസ്മയങ്ങളായിമാറുന്ന ഇന്നത്തെ 'നായാട്ടിന്' ചോരയോടുള്ള മനുഷ്യന്റെ ആദിമ അഭിനിവേശത്തെ നിയന്ത്രിക്കാന്‍ ആവുന്നില്ലെന്നു വേണം കരുതാന്‍. ബലാല്‍സംഗത്തിലും കൊലയിലും പീഡനത്തിലും അവന്‍ ആനന്ദം കണ്ടെത്തുന്നത് അതുകോണ്ടായിരിക്കാം.യുദ്ധങ്ങള്‍ ഒഴിവാക്കാനാവാത്ത ഒരു ആവശ്യമായി ആവര്‍ത്തിക്കുന്നതും, അത്യന്തം ക്രൂരവും ബീഭത്സവുമായ പീഡന രംഗങ്ങള്‍ വിഡിയോ വെെറലുകളാവുന്നതും ആദിമമനുഷ്യന്റെ നായാട്ടുജീവീതത്തിന്റെ അനുസ്മരണമാവാം.
രക്തത്തിനു പകരം കുരുതി തര്‍പ്പിച്ചുപോരുന്നതും തലയോട്ടിനു പകരം തേങ്ങയുടയ്ക്കുന്നതും രക്തദാഹം തീര്‍ക്കാനുള്ള മാര്‍ഗമാണെങ്കിലും ഈ അനുഷ്ഠാനങ്ങള്‍ക്ക് അവന്റെ ആദിമ ഹിംസപ്രവണതയെ ഉള്ളിലൊതുക്കാനാവുന്നില്ലെന്നത് മനുഷ്യസമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണ്.
*അനുഷ്ഠാനം എന്ന പദത്തിന്റെ നിരുക്തി 'അനു ' 'സ്ഥാനം ' എന്നാണെന്നു ഭാഷാപണ്ഡിതര്‍ പറയുന്നു. മറ്റൊന്നിനെ അനുസരിച്ചുള്ള പ്രവര്‍ത്തനം ,പൂര്‍വ്വികമായ ഒരു ക്രിയയേയോ, രൂപത്തെയോ ആവര്‍ത്തിക്കുക ,എന്നൊക്കെ ഈ പദത്തിന് ്അര്‍ത്ഥം പറയാം.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo