Slider

ബോൺസായ്

0
ബോൺസായ്
----------------------------
അസ്തിത്വത്തിന്റെ വേരുകളിൽ
തല പൂഴ്ത്തി
തന്നിലേക്കു മാത്രം ഒതുങ്ങുന്ന ചില മനസ്സുകളുണ്ട്.
വരിഞ്ഞുമുറുക്കി തടങ്കലിട്ട്
പുതുമ തേടാതെ ചിലർ.
ഞാൻ മാത്രം ശരിയെന്നു വിശ്വസിച്ച്
ജീവിതം മുരടിച്ചു പോകുന്നവർ.
അവനവന്റെ കാഴ്ച്ചുവട്ടിൽ മാത്രം നോക്കി
ഇതു തന്നെ ലോകമെന്നു ധരിച്ച് .
മൂഢസ്വർഗ്ഗത്തിൽ,
പ്രാർത്ഥനകളും നന്മകളുമില്ലാതെ ഒതുങ്ങി
മാഞ്ഞു പോകുന്നു അവർ.
മറ്റുള്ളവർക്കും അസ്വസ്ഥത ഉളവാക്കും വിധം
ചെറുതായി ചെറുതായി ഇത്തിരി കുഞ്ഞൻമാരായി നന്നങ്ങാടിയിൽ മൂടപ്പെടുന്ന വിചിത്ര ജന്മങ്ങൾ.
ആശിക്കാനെന്തൊക്കെയുണ്ട്
ഈ ഉലകത്തിൽ
ആകാശത്തിലേക്ക് മുളച്ചുപൊന്തുന്ന തളിരുകളെയും ശിഖിരങ്ങളെയും സ്വാതന്ത്ര്യം കൊടുക്കാതെ വളരാനനുവദിക്കാതെ വെട്ടിമാറ്റി ഞാനെന്ന് അഹങ്കരിക്കുന്നു.
വിശ്വാസ പ്രമാണങ്ങളെ
ധിക്കാരപൂർവ്വം പുറം കാലുകൊണ്ട് തൊഴിച്ചകറ്റി നിന്ദിച്ചും നാണം കെടുത്തിയും മനസ്സിന് പോറലേൽപ്പിക്കുമ്പോൾ,
സാഡിസ്റ്റുകളായി ഏകപക്ഷീയമായി ആക്രമിച്ച് പെരുകുന്ന ബോൺസായിക്കൂട്ടങ്ങളെ സ്വപ്നം കണ്ടപ്പോൾ അറിഞ്ഞിരുന്നില്ല,
പുറത്ത് അതിവിശാലമായൊരാകാശവും ഭൂമിയുമുണ്ടെന്ന്.
അല്ലെങ്കിൽ തന്നെ ഇനിയെന്തിന് ജീർണ്ണത പേറുന്ന തായ്ത്തടിയിലെ അവസാന ശിഖിരവും ഇലകൾ പൊഴിഞ്ഞ് ഉണങ്ങി തുടങ്ങുമ്പോൾ.
Babu Thuyyam.
6/3/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo