Slider

തണൽമരങ്ങൾ

0
തണൽമരങ്ങൾ
******
"ബാലാ, ആരൊക്കെയാ അപ്പുറത്ത് വന്നേയ്ക്കണേ, എന്തൊരു ബഹളാത്..."
എറയത്തിന്റെ വടക്കേഭാഗത്ത് തിണ്ണയിൽ ഇരുന്ന് ബാലേട്ടന്റെ അമ്മ രാജുക്കുട്ടനോട് ചോദിക്കുന്നത് കേട്ടു.
"അച്ഛമ്മേ ഞാൻ ബാലനല്ല, രാജുക്കുട്ടനാ, ബാലന്റെ മകൻ. അപ്പുറത്ത് വല്ല്യച്ഛനും വല്ല്യമ്മാമന്മാരും വർത്തമാനം പറയുന്നുണ്ട്, അതാ.. "
"അപ്പോ ബാലനോ ?"
"അച്ഛമ്മേ, അച്ഛൻ മരിച്ചിട്ട് പതിനാറ് കൊല്ലായില്ലേ? " രാജുക്കുട്ടൻ ഇത് നാലാമത്തെ തവണയാണ് പറയുന്നത്.
"അത്യോ? എനിക്കോർമ്മേല്ല്യ..."
അമ്മയ്ക്ക് അൽഷിമേഴ്സിന്റെ അസുഖം തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇത്രയും നാൾ അച്ഛൻ അമ്മയുടെ കൂടെ എപ്പോഴും ഒരു നിഴൽ പോലെ ഉണ്ടായിരുന്നതിനാൽ ആരും ബുദ്ധിമുട്ടുകൾ അറിഞ്ഞില്ല.
അച്ഛൻ മരിച്ച് അടിയന്തിര കർമ്മങ്ങൾ ഇന്ന് കഴിഞ്ഞു. അച്ഛന്റെ മരണം അമ്മ അറിഞ്ഞതായിട്ടുപോലും തോന്നുന്നില്ല. അച്ഛന്റെ അടിയന്തിരത്തിന് വന്നവരെ കണ്ടപ്പോള്‍ ആരുടെയോ പിറന്നാളിന് വന്നവരാണെന്നാണ് അമ്മ കരുതിയിരിക്കുന്നത്. ഇപ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെയാണ്, എന്താണ് ചെയ്യുന്നതെന്നോ പറയുന്നതെന്നോ അമ്മയ്ക്കറിയില്ല.
ഇതേ അമ്മയാണ് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ മുന്‍പില്‍ ഈ വിടിന്റെ വാതില്‍ കൊട്ടിയടച്ചത്. അന്നാദ്യമായി ബാലേട്ടന്റെ കൈപ്പിടിച്ച് ഈ തറവാടിറൈ പടിപ്പുര കയറുമ്പോഴും അമ്മ എറയത്തിന്റെ വടക്കേ ഭാഗത്തുള്ള കസേരയിൽ ആണ് ഇരുന്നിരുന്നത്. ആ ദിവസങ്ങളാണ് മനസ്സിലേക്ക് ഓടി വന്നത്.
പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞു വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ ആണ് വാര്യത്തെ ജാനുവും, മനക്കലെ തങ്കവും ടൈപ്പിംഗ് പഠിക്കാന്‍ തീരുമാനിച്ചത്. ഒന്നാം ക്ലാസ് മുതല്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ചവരാണ് ഞങ്ങള്‍. എന്നെയും അവര്‍ ടൈപ്പിംഗ് പഠിക്കാന്‍ നിര്‍ബന്ധിച്ചു. പക്ഷെ കൂലിപ്പണിക്കാരനായ അച്ഛനോട് പറയാന്‍ ഒരു പേടി. ഓലമേഞ്ഞ വീട് മഴയ്ക്ക് മുൻപ് അഴിച്ചുപണിയാന്‍ പണമില്ലാതെ വിഷമിച്ചിരിക്കുന്ന അച്ഛനോട് ടൈപ്പിങ്ങിന് പോകാൻ ഫീസെങ്ങിനെ ചോദിക്കും. പിന്നെയുള്ള ഏക അത്താണി എന്ന് പറഞ്ഞാൽ ജാനുവിന്റെ അച്ഛൻ വാരിയർ മാഷാണ്. ഫീസ്‌ അദ്ദേഹം തരാം എന്ന് സമ്മതിച്ചു. പഠിക്കാനുള്ള അനുവാദം അച്ഛനോട് ചോദിച്ചോളാന്‍ വാരിയര്‍ മാഷ്‌ പറഞ്ഞു. അങ്ങിനെ ടൈപ്പിങ്ങിനു ചേര്‍ന്നു.
കാലത്ത് പത്ത് മണിക്കാണ് ക്ലാസ്. നാല് ടൈപ്പ് റൈറ്റര്‍ മാത്രമേ ആ കാലത്ത് ഇൻസ്റ്റിട്ട്യൂട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അതില്‍ രണ്ടെണ്ണം പഴതും രണ്ടെണ്ണം പുതിയതും. പുതിയത് ഹയര്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ളതായിരുന്നു . ജാനുവും തങ്കവും ആദ്യം ടൈപ്പിംഗ്‌ ചെയ്യാന്‍ ഇരിക്കും.
വിരലുകൾ ടൈപ്പ് റൈറ്ററിൽ പരിശീലിക്കാൻ ബാലപാഠം പഠിച്ചുതുടങ്ങി. asdfgf ;lkjhj കൂടെ പറയുകയും വേണം... 'എ, എസ്, ഡി, എഫ്, ജി, എഫ്, സ്പേയ്സ്, സെമി കോളൻ, എൽ, കെ, ജെ, എച്ച്, ജെ, സ്പേയ്സ് '.. എന്നിങ്ങനെ ഒരേ താളത്തിൽ പറയണം. പറയാതെ ടൈറ്റ് ചെയ്താൽ ടീച്ചർ തലക്ക് മേടും ഇത് ഒരു പേജ് മുഴുവൻ തെറ്റ് കൂടാതെ അടിക്കുമ്പോഴെക്കും കൈകൾ കഴക്കാൻ തുടങ്ങും ജനുവും തങ്കവും ഒരു പേജ് അടിച്ചു കഴിയും വരെ ഞാൻ കാത്തിരിക്കും.
ലോവേര്‍ പാസ്സായി, ടൈപ്പ് റൈറ്റിങ്ങ് ഹയറിന് തയ്യാറെടുക്കുന്ന ബാലേട്ടനും ആ സമയത്താണ് വരിക. ബാലേട്ടൻ ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഇരിക്കുകയാണ്, കൂടെ ടൈപ്പിംങ്ങും. പത്തു മണി മുതൽ ബാലേട്ടന് ഷോർട്ട് ഹാന്റ് എഴുതാൻ ടീച്ചർ ഇംഗ്ലീഷ് ടെക്സ്റ്റ് വായിച്ചു കൊടുക്കും. ഒരു ദിവസം വെറുതെ ഇരിക്കുന്ന എന്നോട് ടെക്സ്റ്റ് വായിച്ചുകൊടുക്കാൻ പറഞ്ഞു. അന്ന് മുതൽ അതൊരു പതിവായി. എനിക്ക് ടൈപ്പ് റൈറ്റര്‍ കിട്ടുമ്പോഴേക്കും പത്തേമുക്കാല്‍ ആവും. ആദ്യമൊക്കെ ജാനുവും തങ്കവും എന്നെ കാത്തുനില്‍ക്കാറുണ്ടായിരുന്നു. പിന്നെപ്പിന്നെ അവരുടെ ക്ലാസ് കഴിഞ്ഞാൽ അവർ പോകാൻ തുടങ്ങി.
ബാലേട്ടന്റെ അച്ഛൻ നാണു മേനോൻ ചെട്ടിയാരുടെ നൂല്‍ക്കമ്പനിയിൽ മാനേജർ ആയിരുന്നു. പണത്തേക്കാള്‍ പദവിയായിരുന്നു പ്രമാണിയാവാന്‍ അന്നത്തെ യോഗ്യത. ബാലേട്ടന് ഒരു ചേട്ടനും ഉണ്ടായിരുന്നു. ചേട്ടനെ നാണു മേനോന്‍ ആദ്യമേ തന്റെ കമ്പനിയില്‍ കയറ്റിയിരുന്നു.
ക്ലാസ് കഴിഞ്ഞു പോവുമ്പോള്‍ ബാലേട്ടൻ കൂട്ടിനുണ്ടാവും പാടത്തേക്ക് ഇറങ്ങുന്നതുവരെ. ബാലന്റെ വീട് അവിടെ നിന്ന് പിന്നെയും കുറെ ദൂരെ പോകണം. വായന ഞങ്ങൾക്ക് രണ്ടു പേരും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു വിഷയമായിരുന്നു, ബാലേട്ടന് പ്രത്യേകിച്ചും ഇംഗ്ലീഷ് പുസ്തകങ്ങള്‍. ഓരോ ദിവസവും വായിച്ച കഥകൾ അതിനടുത്ത ദിവസം എനിക്ക് പറഞ്ഞു തരും.
എപ്പോഴാണ് ഞങ്ങള്‍ രണ്ടുപേരും നാട്ടുകാരുടെ കഥകളിലെ നായകനും നായികയും ആയതെന്നറിയില്ല. ഞങ്ങളറിയാതെ അവരുടെ കണ്ണുകളില്‍ റോമിയോയും ജൂലിയറ്റും , ദുഷ്യന്തനും ശകുന്തളയും, നളനും ദമയന്തിയും ഒക്കെയായി ഞങ്ങൾ.
ഇതിനിടെ ബാലേട്ടന് പി എസ് സി എഴുതി കേരള സർക്കാറുദ്യോഗം ലഭിച്ചു.
ഞാനും ജാനുവും തങ്കവും നഗരത്തിൽ ഒരേ കോളേജിൽ ഡിഗ്രിക്ക് ചേർന്നു ബാലേട്ടനുമായുള്ള സൌഹൃദം തുടർന്നു.
ദിവസങ്ങൾ കൊഴിഞ്ഞു വീണു. പല ചെവികളിലൂടെ കടന്ന് ഞങ്ങളെപ്പറ്റിയുള്ള നാട്ടുകാരുടെ കഥകൾ ബാലേട്ടന്റെ അമ്മയുടെ ചെവികളിലെത്തിയപ്പോഴെക്കും അത് ഞങ്ങളുടെ വഴിപിഴച്ച നടപ്പ് എന്ന് വരെയായി.
ഒരു ദിവസം ബാലേട്ടന്റെ വീട്ടില്‍ പണിക്കുപോയ അച്ഛനെ ബാലേട്ടന്റെ അമ്മ കണക്കിനു ശകാരിച്ചു, അവരുടെ മകനെ പ്രേമിച്ച് വശീകരിക്കാന്‍ അച്ഛനും കൂട്ട് നിൽക്കുന്നു എന്ന് പറഞ്ഞായിരുന്നു ചീത്ത.
അന്ന് രാത്രി വീട്ടില്‍ വന്ന അച്ഛന്‍ നിജസ്ഥിതി ചോദിച്ചറിയാതെ എന്നെ കുറെ തല്ലി, കൂടെ എന്റെ തുടർന്നുള്ള പഠനവും നിര്‍ത്തിയതായി ആജ്ഞാപിച്ചു. ബാലേട്ടന്റെ അമ്മയും ബാലേട്ടനെ ഞാനുമായുള്ള ബന്ധത്തിന്റെ പേരില്‍ കുറെ ശകാരിച്ചു.
പരസ്പരം അറിയുന്ന രണ്ടു സുഹൃത്തുക്കള്‍ മാത്രമായിരുന്ന ഞങ്ങളെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്നു കാമുകി-കാമുകന്മാര്‍ ആക്കി.
അടുത്തൊരു ദിവസം കണ്ടപ്പോൾ ബാലേട്ടന്‍ എന്നോട് അദ്ദേഹം മൂലം എന്റെ പേരിൽ കളങ്കമുണ്ടായതിൽ ഖേദം പ്രകടിപ്പിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് ബാലേട്ടൻ എന്നോട് അദ്ദേഹത്തെ വിവാഹം ചെയ്യുന്നതിൽ വിരോധമുണ്ടോ എന്ന് ചോദിച്ചത്. രാജ്ഞിയേപ്പോലെ അല്ലെങ്കിലും ജീവിതകാലം മുഴുവന്‍ നല്ലതുപോലെ കാത്തോളാമെന്നും അദ്ദേഹത്തെ വിശ്വസിക്കാമെങ്കില്‍ കൂടെ ഇറങ്ങി വരാമെന്നും പറഞ്ഞു. ഒരുപക്ഷേ ഞാൻ സ്വാർത്ഥയാവുകയായിരുന്നു. എന്റെ മീതെ രണ്ടു പെൺകുട്ടികൾ കല്ല്യാണപ്രായമായി നിൽക്കുന്നുണ്ടെന്ന കാര്യം ഞാൻ മറന്നു. എനിക്ക് സ്വപ്നം കാണാവുന്നതിലും വലിയൊരു ഭാഗ്യമാണിതെന്ന് എനിക്ക് തോന്നി. അതിലുപരി ഞങ്ങളുടെ ചിന്തകളും മോഹങ്ങളുമെല്ലാം ഒരുപോലെയായിരുന്നു.
അന്ന് വൈകീട്ട് ഞങ്ങൾ വാരിയർ മാഷിനെ വീട്ടിൽ പോയി കണ്ടു. കാര്യങ്ങൾ ഒക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ അനുവാദത്തോടെ അടുത്ത ദിവസം തന്നെ അമ്പലത്തിൽ വെച്ച് ഞാനും ബാലേട്ടനും വിവാഹിതരായി. ജാനുവും, തങ്കവും, ബലേട്ടന്റെ മറ്റു രണ്ടു സുഹൃത്തുക്കളും വാരിയർ മാഷും പിന്നെ തിരുമേനിയും മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ പറഞ്ഞാൽ അത് പ്രശ്നമാവുമെന്നതിനാൽ ആരെയും അറിയിച്ചില്ല.
വിവാഹശേഷം നേരെ പോയത് ബാലേട്ടന്റെ വീട്ടിലേക്കാണ്, കൂടെ വാരിയർ മാഷും ഉണ്ടായിരുന്നു.. എന്റെ കൈപ്പിടിച്ച് പടിപ്പുര കടന്നുവരുന്ന ബാലേട്ടനെക്കണ്ടതും എറയത്തിന്റെ വടക്കേഭാഗത്തിരുന്ന ബാലേട്ടന്റെ അമ്മ മുറ്റത്തേക്ക്‌ ഇറങ്ങി വന്നു. തുളസിത്തറയിലെ തുളസിയില്‍ നിന്നും ഒരു ഉണങ്ങിയ കമ്പ് പൊട്ടിച്ചെടുത്ത് അതിനെ രണ്ടാക്കി മുറിച്ച് താഴെ വലിച്ചെറിഞ്ഞു എന്നിട്ട് ഇന്ന് മുതല്‍ അമ്മയ്ക്ക് ഒരൊറ്റ മകനെ ഉള്ളു എന്നു പറഞ്ഞ് വീടിനകത്ത് കയറി വാതില്‍ കൊട്ടിയടച്ചു.
ആ അമ്മയെ കുറ്റം പറയാൻ പറ്റില്ല. ബാലേട്ടനെ അമ്മയ്ക്കത്ര ഇഷ്ടമായിരുന്നു. ഈക്കണ്ട കാലമത്രയും അമ്മയോട് പറയാതെയോ, ചോദിക്കാതെയോ ബാലേട്ടൻ ഒന്നും ചെയ്യാറില്ലായിരുന്നു. പെട്ടെന്നൊരു ദിവസം , അതും ഇത്ര പ്രധാനമായ ഒരു കാര്യം ചെയ്തത് അമ്മയ്ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.
ഇനി എങ്ങോട്ടെന്നറിയാതെ തിരികെ പടിപ്പുരയ്ക്ക് പുറത്ത് വന്നപ്പോള്‍, എന്റെ അച്ഛന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.
മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരയായാലും അതിന്റെ വാതിലുകള്‍ ഞങ്ങള്‍ക്കായി എന്നും തുറന്നിരിക്കുമെങ്കിലും വീട്ടില്‍ മൂത്ത രണ്ടു പെണ്‍കുട്ടികള്‍ വിവാഹം കഴിയാതെ നില്‍ക്കുമ്പോള്‍ എങ്ങിനെ ഞങ്ങളെ വീട്ടിലേക്കു വിളിക്കും എന്ന് അച്ഛന്‍ സങ്കടത്തോടെ പറഞ്ഞു.
വാരിയർ സാര്‍ അമ്പലനടയിലുള്ള അദ്ധേഹത്തിന്റെ പീടികക്കെട്ടിടതിന്റെ മുകളിലെ മുറിയില്‍ താമസിക്കാന്‍ അനുവദിച്ചു.
വാരിയർ മാഷ് ട്യൂഷൻ എടുക്കാറുള്ള മുറിയായിരുന്നു അത്. കൂട്ടുകാര്‍ എല്ലാവരും കൂടി ഉടനെ ആ മുറി വൃത്തിയാക്കി, വാര്യത്തുനിന്നും കുറച്ചു പാത്രങ്ങളും ഒരു മണ്ണെണ്ണ അടുപ്പും കൊണ്ട് വന്നു. അങ്ങാടിയില്‍ മാപ്ലയുടെ കടയില്‍ നിന്നും അത്യവശ്യത്തിനുള്ള വീട്ടുസാധനങ്ങളും വാങ്ങി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ വാരിയര്‍ മാഷ്‌ വന്നു. വാര്യത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് അഞ്ചു സെന്റു സ്ഥലം ഞങ്ങളുടെ പേരില്‍ എഴുതി വെച്ചിട്ടുണ്ടെന്നും അതില്‍ അദ്ദേഹം ഞങ്ങൾക്കായ് ഒരു കൊച്ചു വീടിന്റെ പണി തുടങ്ങിയതായും അറിയിച്ചു.
അധികം വൈകാതെ തന്നെ പുതിയ വീട്ടില്‍ താമസം തുടങ്ങി. ജീവിതം ഏറെ സന്തോഷം നിറഞ്ഞതായിരുന്നു. മുടങ്ങിക്കിടന്ന പഠനം തുടർന്നു. ഞാൻ ഡിഗ്രി പാസ്സായി കൂടെ ടൈപ്പിങ്ങ് ഹയറും പാസ്സായി. ഞങ്ങളുടെ ദാമ്പത്യവല്ലരിയിൽ രണ്ട് കുസുമങ്ങൾ വിരിഞ്ഞു, രാജുക്കുട്ടനും രജനിയും.
ജാനുവിന്റെയും തങ്കത്തിന്റെയും വിവാഹം കഴിഞ്ഞു. ജാനു നാട്ടിൽ തന്നെ ഉണ്ടായിരുന്നു. തങ്കം രാജ്യത്തിന് പുറത്തായിരുന്നു. ഞങ്ങൾ തമ്മിലുള്ള സൌഹൃദം മുറിയാതെ തുടർന്നു. ഞങ്ങൾ പരസ്പരം അറിയാത്ത ഒന്നുമില്ലായിരുന്നു. പക്ഷേ അവ ഞങ്ങൾ മൂവരിൽ നിന്നും പുറത്തേക്ക് ഒരിക്കലും പോയില്ല.
ബാലേട്ടന്റെ അച്ഛൻ ജോലിയിൽ നിന്നും വിരമിച്ചു.
ഞങ്ങളുടെ കൊച്ചു വീട്ടിലെ സന്തോഷം പെട്ടെന്നൊരു ദിവസം ഇല്ലാതായി.
ഒരു ദിവസം വൈകുന്നേരം വാരിയർ സാറും ജാനുവും കൂടി എന്റെ അടുത്ത് വന്ന് പെട്ടെന്ന് തറവാട്ടിൽ പോണമെന്ന് പറഞ്ഞ്, ഞങ്ങളെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോൾ എനിക്കൊന്നും അറിയില്ലായിരുന്നു.
തറവാടിന്റെ മുന്നിൽ കൂട്ടം കൂടി നിൽക്കുന്ന നാട്ടുകാരെക്കണ്ടപ്പോൾ അച്ഛന് എന്തോ സംഭവിച്ചു എന്നാണ് ആദ്യം വിചാരിച്ചത്.
തറവാടിന്റെ മുറ്റത്ത് മടിച്ചു നിന്ന എന്നെ കുട്ടേട്ടൻ അകത്തേക്ക് കൊണ്ടുപോയി. ഇടനാഴിയിൽ ചാരുകസേരയിൽ അച്ഛന്‍ തളർന്ന് കിടപ്പുണ്ട്. മരിച്ചത് ആരാണെന്ന് മനസ്സിലാവാതെ അകത്തളത്തിലേക്ക് കയറി. തളത്തിന്റെ നടവിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു ശരീരത്തിനോട് ചേർന്ന് ഒരു വശത്ത് കരഞ്ഞ് തളർന്നിരിക്കുന്ന അമ്മയും. പിന്നീടാണ് മൃതദേഹത്തിന്റെ മുഖം ശ്രദ്ധിച്ചത്. കണ്ണുകളിൽ ഇരുട്ട് കയറി.. എന്റെ കാലിനടിയിലെ ഭൂമി പിളർന്നു പോകുന്ന പോലെ തോന്നി. ബാലേട്ടൻ! രാവിലെ വീട്ടിൽ നിന്നും ജോലിക്കിറങ്ങിയ ബാലേട്ടന്റെ നിശ്ചലമായ ശരീരം. ആർത്തലച്ച് ആ ശരീരത്തിലേക്ക് വീണത് മാത്രമേ ഓർമ്മയുള്ളൂ. പിന്നെ കണ്ണുതുറക്കുമ്പോൾ രാജുക്കുട്ടൻ ഈറനുടുത്ത് കർമ്മങ്ങൾ ചെയ്യാൻ ഒരുങ്ങിയിരുന്നു. അവസാനമായി ആ മുഖത്തേക്ക് ഒന്നുകൂടി നോക്കി.
പിന്നീട് വാരിയർ മാഷ് പറഞ്ഞറിയുകയായിരുന്നു ഒരു വാഹനാപകടമായിരുന്നെന്നും, നിയമ നടപടികൾക്ക് ശേഷം ബാലേട്ടന്റെ അച്ഛനും കുട്ടേട്ടനും മൃതശരീരം ഏറ്റുവാങ്ങി അവരുടെ വീട്ടിൽ കൊണ്ടുപോകുകയായിരുന്നുവെന്നും.

കർമ്മങ്ങളെല്ലാം കഴിഞ്ഞപ്പോൾ ഞാൻ വാരിയർ മാഷുടെ കൂടെ ഇറങ്ങുമ്പോൾ കുട്ടേട്ടൻ വന്ന് കർമ്മങ്ങൾ കഴിയുന്നത് വരെയെങ്കിലും പോകരുതെന്ന് പറഞ്ഞു പക്ഷേ ബാലേട്ടനില്ലാത്ത ആ വീട്ടിൽ എനിക്ക് ഒരു നിമിഷം കൂടി നിൽക്കാൻ പറ്റില്ലായിരുന്നു. എന്റെ മനസ്സ് വായിച്ച പോലെ വാരിയർ മാഷ് കുട്ടേട്ടനോട് പിന്നെ കൊണ്ടു വരാമെന്ന് പറഞ്ഞു..
ബാലേട്ടനില്ലാത്ത ആ വീട്ടിൽ താൻ ഒറ്റപ്പെടരുതെന്ന് തോന്നിയിട്ടാവും എന്റെ അമ്മ കൂടെ വന്ന് താമസിച്ചു. ബാലേട്ടൻ മരിച്ച് മൂന്നാം ദിവസം ഉച്ചതിരിഞ്ഞ് ബാലേട്ടന്റെ വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന സാധനങ്ങളും ഒതുക്കി വെയ്ക്കുമ്പോളാണ് കുട്ടേട്ടൻ വന്നത്. അമ്മയ്ക്ക് എന്നെ കാണണമെന്നും തറവാട് വരെ ഒന്ന് വരണമെന്നും പറഞ്ഞു. ഞാനും കുട്ടികളും കുട്ടേട്ടന്റെ കൂടെ പോയി.
തറവാട്ടിൽ അകത്തെ മുറിയിൽ കരഞ്ഞ് തളർന്ന് കിടക്കുകയായിരുന്നു അമ്മ. കട്ടിലിന്റെ ഒരു ഭാഗത്ത് മേശമേൽ ബാലേട്ടൻ പണ്ടുപയോഗിച്ചിരുന്ന വസ്ത്രങ്ങൾ മടക്കിയൊതുക്കി വെച്ചിട്ടുണ്ടായിരുന്നു. ബാലേട്ടന്റെ പഴയ വസ്ത്രങ്ങൾ കണ്ട് എനിക്ക് സങ്കടം സഹിക്കാനായില്ല. പൊട്ടിക്കരഞ്ഞ എന്നെ അമ്മ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തു.
അവരുടെ നശിച്ച ദുരഭിമാനം ഒന്നുമാത്രമാണ് ബാലേട്ടനെയും എന്നെയും അവരിൽ നിന്ന് അകറ്റിയതെന്നും, ചെയ്തതിനെല്ലാം തന്നോട് ക്ഷമിക്കണമെന്നും അവർ കരഞ്ഞുകൊണ്ട് പറഞ്ഞു. ബാലേട്ടന്റെ കർമ്മങ്ങൾ ചെയ്യാൻ മകനെ പറഞ്ഞയക്കണമെന്നും അപേക്ഷിച്ചു.
ബാലേട്ടന്റ കർമ്മങ്ങൾ ചെയ്യാൻ രാജുക്കുട്ടൻ വരുമെന്ന് അമ്മയ്ക്ക് ഉറപ്പ് നൽകി. അമ്മ പിണക്കം മാറി ഒരു ദിവസം ഞങ്ങളെ വീട്ടിലേക്ക് തിരിച്ചുവിളിക്കും എന്ന് ബാലേട്ടൻ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടാണ് ബാലേട്ടനില്ലാത്ത ഈ വീട്ടിൽ ഒരു നിമിഷം കൂടി നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞതെന്ന് അമ്മയോട് പറഞ്ഞു.
അമ്മ രാജുക്കുട്ടനേയും രജനിയേയും അടുത്ത് വിളിച്ച് അവരെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു. കരഞ്ഞു തളർന്നിരുന്ന എന്റെ നെറുകയിൽ അമ്മ കൈകൊണ്ട് മെല്ലെത്തലോടി. തിരിച്ചുപോരുമ്പോൾ എറയം വരെ അമ്മ കൂടെ വന്നു.
അടുത്ത ദിവസം മുതൽ കുട്ടേട്ടൻ വന്ന് ഞങ്ങളെ തറവാട്ടിൽ കൊണ്ടുപോയി കർമ്മങ്ങൾ ഒക്കെ നടത്തി.
വാരിയർ മാഷ് പിന്നീട് ഓടിനടന്ന് പേപ്പറുകൾ ഒക്കെ ശരിയാക്കി, രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ ശിഷ്യർ മുഖാന്തിരം ബാലേട്ടന്റെ ജോലി എനിക്ക് വാങ്ങിത്തന്നു.
സാമ്പത്തികമായും ശാരീരികമായും മാനസികമായും ഞാൻ തളരാതിരിക്കാൻ ജാനു എന്നും എന്റെ കൂടെ നിന്നു. തങ്കവും തന്നാലാവും വിധം എന്നെ സഹായിച്ചു. . ഞാൻ ജോലി കഴിഞ്ഞു വരുമ്പോഴേക്കും പലപ്പോഴും രാത്രിയാവാറുണ്ട്. കുട്ടികളില്ലാത്ത ജാനു ഞാൻ ഇല്ലാത്തപ്പോൾ അവരുടെ അമ്മയായി.
കൊല്ലം പതിനാറ് കഴിഞ്ഞു. രാജുക്കുട്ടന് ഇപ്പോൾ ഇരുപത്തിയൊന്ന് വയസ്സായി. രജനിക്ക് പതിനെട്ടും പഠിക്കാൻ രണ്ടു പേരും ബാലേട്ടനെപ്പോലെത്തന്നെ മിടുക്കരാണ്. രാജുക്കുട്ടന് കോളേജിൽ നിന്നും ക്യാമ്പസ് ഇന്റർവ്യൂവിൽ കൂടി ബാഗ്ലൂരിലെ വലിയ ഒരു കമ്പനിയിൽ ജോലിയായി. അടുത്ത കൊല്ലം അവന് ജോലിയിൽ പ്രവേശിക്കണം. രജനിയ്ക്ക് ടീച്ചർ ആവാൻ ആണ് മോഹം. ടൌണിൽ കോളെജിൽ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചിന് ചേർന്നു.
കുട്ടേട്ടൻ ഭാര്യവീട്ടിൽ പണിത വീട്ടിൽ താമസമായി. ഏകമകളുടെ വിവാഹം കഴിഞ്ഞ് അമേരിക്കയിൽ സ്ഥിരതാമസമാക്കി.
ഇതിനിടെ ഒരു വർഷം മുൻപ് ക്യാൻസർ ബാധിച്ച് വാരിയർ മാഷ് മരിച്ചു. അദ്ദേഹം ചെയ്ത നന്മകളാവാം വേദനയറിയാതെ ഒരു മരണം അദ്ദേഹത്തിന് കിട്ടിയത്. കാൻസറാണെന്ന് അറിഞ്ഞത് തന്നെ അതിന്റെ അവസാന ഘട്ടത്തിലായിരുന്നു. തന്റെ സമയം അടുത്തുവെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. വാരിയർ മാഷുടെ മരണം എന്നെ മാനസികമായി വല്ലാതെ തളർത്തി. ഒരച്ഛനായും, ചേട്ടനായും സുഹൃത്തായും, ഗുരുവായും ജീവിതത്തിലെ ഓരോ നിലയിലും ഒരു നിഴലായി, ഒരു തണലായി എന്നും വാരിയർ മാഷുണ്ടായിരുന്നു.
ബാലേട്ടന്റെ മരണം അമ്മയെ മാനസികമായി വളരെ തളർത്തിയിരുന്നു. മകനോട് ചെയ്ത തെറ്റുകൾക്ക് സ്വയം പഴിച്ച് അമ്മ ജീവിച്ചു.
കുട്ടികൾ ദിവസവും തറവാട്ടിൽ പോകും. വീട്ടിലെ കാര്യങ്ങൾക്കൊക്കെ അച്ഛനേയും അമ്മയെയും സഹായിക്കാൻ അധികവും രാജുക്കുട്ടൻ അവിടെയുണ്ടാവും, ഒഴിവു ദിവസങ്ങളിൽ ഞാനും പോകും. അമ്മ രജനിയെ എല്ലാ അടുക്കളപ്പണികളും പഠിപ്പിച്ചു. രജനിക്ക് നല്ല കൈപ്പുണ്ണ്യം ഉണ്ടെന്നും അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ രുചി രജനിയുടെ ഭക്ഷണത്തിനും ഉണ്ടെന്ന് അച്ഛൻ എപ്പോഴും പറയും. ബാലേട്ടനില്ലാത്ത ആ വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങിയില്ല, അമ്മയ്ക്കതറിയാവുന്നത് കൊണ്ടാവാം ഒരിക്കലും എന്നെ അതിന് നിർബന്ധിച്ചതുമില്ല.. അമ്മയും വളരെയധികം മാറി. അവിടെ ചെന്നാൽ എല്ലാ കാര്യങ്ങളും തുറന്ന് പറയും. എന്തെങ്കിലുമൊക്കെ പറഞ്ഞ് അവസാനം ബാലേട്ടനിൽ എത്തും പിന്നെ അമ്മ കരയാൻ തുടങ്ങും
അപ്പോഴാണ് അമ്മയ്ക്ക് മറവിയുടെ ലക്ഷണങ്ങൾ തുടങ്ങിയത്. ആദ്യം ചെറിയ ചെറിയ മറവികളേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ നല്ലോണം കൂടി. സദാസമയവും കൂടെ ഒരാൾ വേണം. ഒരു കൊല്ലം മുൻപ് വരേ അമ്മക്ക് ഇത്രയും മറവി ഉണ്ടായിരുന്നില്ല. ഏറ്റവും കഷ്ടം ഇപ്പോൾ മലമൂത്ര വിസർജനം ചെയ്താലും അമ്മ അറിയുന്നില്ല എന്നതാണ്. ഇത്രയും കാലം.
ബാലേട്ടന്റെ അച്ഛന്റെ മരണം പെട്ടെന്നായിരുന്നു. വയ്യാത്ത അമ്മയ്ക്ക് ചോറ് വാരിക്കൊടുത്ത് ഉച്ചയുറക്കത്തിന് കട്ടിലിൽ കിടത്തി അച്ഛൻ ഊണ് കഴിക്കുമ്പോഴാണ് പെട്ടെന്ന് ഒരു വശത്തേക്ക് ചെരിഞ്ഞ് കസേരയിൽ നിന്നും താഴെ വീണത്. ഭാഗ്യത്തിന് അടുക്കളയിൽ സഹായത്തിന് നിൽക്കുന്ന വിലാസിനി അവിടെ ഉണ്ടായിരുന്നു. ഉടനെ അടുത്തുള്ള അയൽപക്കക്കാരെയും അമ്മാമന്മാരെയും എന്നെയും വിളിച്ചു. പക്ഷേ ആശുപത്രിയിൽ എത്തിയപ്പോഴെക്കും എല്ലാം കഴിഞ്ഞിരുന്നു.
അച്ഛന്റെ മരണത്തേക്കാൾ ഇപ്പോൾ എല്ലാവരുടേയും പ്രശ്നം അമ്മയെ ഇനിയാരു നോക്കുമെന്നായിരുന്നു.
"സിന്ധു എന്താ ഇവിടെ നിക്കണേ അങ്ങട്ട് വരൂ" ശാന്തേച്ചി പറഞ്ഞു. കുട്ടേട്ടന്റെ ഭാര്യയാണ് ശാന്തേച്ചി.
"ഞാൻ കേക്കുന്നുണ്ട് ചേച്ചി " ഞാൻ പറഞ്ഞുവെങ്കില്ല എന്നെ നിർബന്ധിച്ച് എറയത്തിന്റെ കിഴക്കേ അറ്റത്ത് കുട്ടേട്ടനും വല്യമ്മാനും കുഞ്ഞമ്മാനും ഇരിക്കുന്നിടത്തേയ്ക്ക് കൊണ്ടുപോയി.
"ഈയ്യൊരു അവസ്ഥയില്‍ ഓപ്പോളെ വീട്ടില്‍ ഒറ്റയ്ക്ക് താമസിപ്പിക്കാന്‍ എന്തായാലും പറ്റില്ല്യ..." വല്ല്യമ്മാമന്‍ തീര്‍ത്തു പറഞ്ഞു.
"അമ്മാമാ, ഞാന്‍ കൊണ്ടുപോയി നോക്കാമെന്നു വെച്ചാല്‍ തന്നെ നോക്കാന്‍ ഒരു ഹോംനേഴ്സ് വേണം. ചെലവ് അത്ര തന്നെ ആവും, പിന്നെ അവരുടെ കാര്യങ്ങളും നോക്കണം, അമ്മയ്ക്ക് എന്നെയോ, ശാന്തയേയോ കണ്ടാല്‍ തിരിച്ചറിയുകയുമില്ല, അതു കൊണ്ട് ....."
കുട്ടാ, നീയെന്താ ഉദ്ദേശിക്കണേച്ച തെളിച്ച് പറയാ.."
" ഞങ്ങൾക്ക് ചിലപ്പോ മോൾടെ പ്രസവത്തിന് അമേരിക്കയിലേക്ക് പോകേണ്ടി വരും. അതുകൊണ്ട് അമ്മയെ നമുക്ക് നല്ല ഒരു ശരണാലയത്തിലാക്കാം, മാസാമാസം എന്താ വേണ്ടേന്നുച്ചാല്‍ കൊടുക്കാം, അവിടെയാവുമ്പോ നേഴ്സും, ഡോക്ടറും ആംബുലന്‍സും ഒക്കെ ഉണ്ടാവും."
"ഞാന്‍ കൊണ്ടോയേനെ, പക്ഷെ എന്നെക്കൊണ്ട് ചേച്ചിയെ നോക്കാനൊന്നും പറ്റില്ല്യ, പിന്നെ കൈയ്യുംകാലും കെട്ടിയിട്ട പോലെ ആവും. രണ്ടു ദിവസം മക്കളുടെ അടുത്ത് പോയി താമസിക്കണച്ചാല്‍ അതും പറ്റില്ല." ചെറിയമ്മാമനും കൈമലര്‍ത്തി.
" കുട്ടേട്ടാ... ഞാനൊന്ന് പറയട്ടേ...." ഞാൻ ചോദിച്ചു..
"പറയൂ സിന്ധു " കുട്ടേട്ടൻ പറഞ്ഞു.
"അമ്മയെ ഞാൻ കൊണ്ടുപോയി നോക്കിക്കോളാം..."
കുട്ടേട്ടൻ വിശ്വസിക്കാനാവാതെ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു.
" വേണ്ട സിന്ധു. നിനക്ക് ജോലിയുള്ളതല്ലേ. ബുദ്ധിമുട്ടാവും''
"എനിക്കൊരു ബുദ്ധിമുട്ടും ഇല്ല്യാ, ഉണ്ടെങ്കിൽ തന്നെ അതെനിക്കൊരു പ്രശ്നമല്ല "
"സിന്ധു, നിങ്ങളായാലും മറ്റൊരാളായാലും ഓപ്പൾക്ക് തിരിച്ചറിയാനുള്ള ബോധമൊന്നുമില്ല അതുകൊണ്ട് അതാലോചിച്ച് വിഷമിക്കണ്ട. ശരണാലയത്തിലാക്കിയാലും മതി" വല്യമ്മാമൻ പറഞ്ഞു.
"അമ്മയ്ക്കെന്നെ ഓർമ്മേണ്ടാവില്ല്യ, പക്ഷേ അത് അമ്മയുടെ രോഗത്തിന്റെ ഒരു ഭാവം ആണ്, എനിക്ക് രോഗമൊന്നുമില്ലല്ലോ എനിക്ക് അമ്മയെ മനസ്സിലാവുമല്ലോ. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നമുക്കല്ലേ അറിയൂ. ഇതൊരു ചുമതലയായല്ല മറിച്ച് എന്റെ കടമയായാണ് ഞാൻ ചെയ്യുന്നത്. അമ്മയെ കാര്യത്തിൽ ഒരു ചർച്ചയും വേണ്ട. ഞാൻ രണ്ട് വർഷത്തെ ലീവ് എടുക്കാം. വേണമെങ്കിൽ സ്വമേധയാ വിരമിക്കുന്നതിനെപ്പറ്റിയും ചിന്തിക്കാമല്ലോ. എന്തായാലും അമ്മയെക്കാളും വലുതല്ല മറ്റൊന്നും. ഞാൻ എന്റെ വീട്ടിൽ കൊണ്ടുപോയി നോക്കും."
പിന്നെ അധികം സംസാരം ഉണ്ടായില്ല. എല്ലാവർക്കും സമ്മതമായിരുന്നു.
എല്ലാവരും മാറിയപ്പോൾ രാജുക്കുട്ടൻ അടുത്തു വന്ന് ചോദിച്ചു.
"അമ്മ നല്ലവണ്ണം ആലോചിച്ചിട്ടാണോ ഇത് ചെയ്തത്? നാളെ ഒരു വിഡ്ഢിത്തം ചെയ്തുവെന്ന് അമ്മയ്ക്ക് തോന്നരുത് . "
"അങ്ങിനെ ഒരു തോന്നൽ പിന്നീട് ഉണ്ടാവാതിരിക്കാനാണ് ഞാനിപ്പോൾ ഇത് ചെയ്യുന്നത്. " ഇതും പറഞ്ഞ് ഞാൻ മണിപ്പേഴ്സിലെ മടക്കി വെച്ച കടലാസെടുത്ത് അവന് കൊടുത്തു.
"എന്താ ഇത്?" രാജുക്കുട്ടൻ ചോദിച്ചു.
"മരണം മണത്തറിഞ്ഞ സമയത്ത് വാരിയർ മാഷ് എഴുതി വെച്ചിരുന്ന കത്താണിത്. മരണശേഷം ജാനുവിന് ഇത് മാഷ്ടെ ഡയറിയിൽ നിന്നും കിട്ടി എനിക്ക് തന്നതാണ്.: നീ വായിച്ച് നോക്ക്!'
"പ്രിയപ്പെട്ട സിന്ധുവിന്,
ജീവിച്ചിരിക്കുമ്പോൾ ആരോടും പറയില്ല എന്ന് ഞാൻ കൊടുത്ത ഒരു വാക്ക് പാലിക്കാനായി ഞാനിത് എഴുതുന്നു. അധികം എഴുതാൻ വയ്യ എങ്കിലും രണ്ടു വരി.
നിന്റെയും ബാലന്റെയും ജീവിതത്തിൽ ഞാൻ ഒരു മൂന്നാമന്റെ ഭാഗം കളിച്ചുവെന്നേയുള്ളൂ. യഥാർത്ഥത്തിൽ നിങ്ങൾക്ക് വേണ്ടി എന്നിലൂടെ എല്ലാം ചെയ്തത് നാണു മേനോൻ ആയിരുന്നു, അതും ബാലന്റെ അമ്മയുടെ അറിവോടെ. നിങ്ങളെ എന്റെ പീടികയിൽ താമസിപ്പിച്ചതു മാത്രമേ ഞാൻ ചെയ്തുള്ളൂ. അടുത്ത ദിവസം നാണുവേട്ടൻ എന്നെ വീട്ടിൽ വിളിച്ചിരുന്നു. എന്റെ പറമ്പിൽ നിങ്ങൾക്കുവേണ്ടി വീട് പണിതതും, ഇടയ്ക്കിടെ പണമായും കുട്ടികൾക്ക് വസ്ത്രങ്ങളായും നിങ്ങളെ സഹായിച്ചതും, ബാലന്റെ മരണശേഷം നിനക്ക് ജോലിയാക്കിത്തന്നതും എല്ലാം എല്ലാം അവരായിരുന്നു. വെറും ദുരഭിമാനം മൂലം മകനെ വേർപിരിയേണ്ടി വന്നവരുടെ പ്രായശ്ചിത്തം. നാണു മേനോന്റെ ഷഷ്ഠിപൂർത്തിക്ക് നിങ്ങളെ തിരിച്ചു വീട്ടിലേക്ക് വിളിക്കാം എന്ന് കരുതി ഇരുന്നതാണ്. പക്ഷെ അതിന് മുൻപ് ബാലൻ പോയി. അവരെ നീ ഒരിക്കലും ശപിക്കരുത് വെറുക്കരുത്. ആരൊക്കെ അവരെ ഉപേക്ഷിച്ചാലും നീയ്യുപേക്ഷിക്കരുത് , നിന്റെ ബാലന്റെ ആത്മാവിന്റ ശാന്തിക്ക് വേണ്ടി.

സ്വന്തം മാഷ് "
വായിച്ചു കഴിഞ്ഞപ്പോൾ രാജുക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
കത്ത് വായിച്ച് മടക്കി വെച്ച് അവൻ അച്ഛമ്മയുടെ അടുത്ത് പോയി. പടിയിലേക്കുള്ള നോട്ടം പിൻവലിക്കാതെ തന്നെ അമ്മ രാജുക്കുട്ടനോട് ചോദിക്കുന്നുണ്ടായിരുന്നു.
"ബാലാ, നീ തയ്യാറായോ, ഇന്ന് ഞാനും അച്ഛനും കൂടി നിന്നെ കൊണ്ടുപോയി സ്കൂളിൽ ചേർക്കും" ഇത്തവണ രാജുക്കുട്ടൻ ഞാൻ ബാലനല്ലെന്ന് തിരുത്തിയില്ല.
"അതാരാ ആ സ്ത്രീ ... " രാജുക്കുട്ടന്റെ പിന്നിൽ എത്തിയ എന്നെ നോക്കി അമ്മ ചോദിച്ചു.
"ഇന്ന് മുതൽ അമ്മേ സഹായിക്കാൻ അമ്മേടെ കൂടെ എപ്പോഴും ഞാനുണ്ടാവും" ഞാൻ പറഞ്ഞു.
മകളോ മരുമകളോ വേലക്കാരോ ആരുമായിക്കൊള്ളട്ടെ, അമ്മക്കിപ്പോൾ വേണ്ടത് സ്നേഹപൂർണ്ണമായ പരിചരണം ആണ്.. മറവിയുടെ നിലയില്ലാക്കയത്തിലേക്ക് അമ്മ മുങ്ങിത്താഴുമ്പോൾ ഓർമ്മയുടെ ലോകത്ത് നിന്ന് ഒരു താങ്ങും, തണലുമായ്..
Giri B Warrier
21 March 18
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo