Slider

കഥ തീർന്നു

0
സത്യമായിട്ടും അവളുടെ സൗന്ദര്യത്തിലാണ് ഞാൻ വീണു പോയത് .കണ്ടു കണ്ടിഷ്ടമായപ്പോൾ ഒരു ദിവസം ഞാൻ ഫോൺ നമ്പർ വാങ്ങി അവളെ വിളിച്ചു .
"ഇഷ്ടമല്ല "എന്നവൾ പറഞ്ഞാലോ .ഒരു പേടി .രണ്ടും കല്പിച്ചു ചോദിച്ചു .ഫോണിന്റെ അങ്ങേത്തലയ്ക്കൽ ആയതു കൊണ്ട് രണ്ടോ മൂന്നോ കൽപ്പിക്കാമല്ലോ
"ഇഷ്ടമാണ് .പക്ഷെ ചന്തുവിനെ കൂടെ അഡ്ജസ്റ്റ് ചെയ്യണം .ഞാൻ ഇത് വരെ അവനെ പിരിഞ്ഞു നിന്നിട്ടില്ല ."ഇത്രയും പറഞ്ഞു അവൾ 'അമ്മ വരുന്നു എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു .
"ചന്തുവോ " "അതാരാ "" ഇവൾ ഒന്ന് പ്രസവിച്ചതാണോ ദൈവമേ ?"
പിറ്റേന്ന് പക്ഷെ എല്ലാ കൺഫ്യൂഷനും മാറി ..അവൾ മൊബൈലിൽ ഫോട്ടോ കാട്ടി തന്നു .ഒരു വെളുത്ത പൊമറേനിയൻ പട്ടി കുട്ടി .
"പട്ടിയാണോ ഞാൻ പേടിച്ചു പോയി "
"അയ്യോ പട്ടി എന്ന് പറയല്ലേ "
"അതെന്താ പട്ടി അല്ലെ?"
"അങ്ങനെ വിളിക്കല്ലെന്നേ " ഗംഗ നാഗവല്ലിയാകുന്നു .ഞാൻ തത്കാലത്തേക്ക് നകുലനായി .
വിവാഹം കഴിഞ്ഞു
ആദ്യരാത്രി .മുല്ലപ്പൂ ഡെക്കറേഷൻ ഒക്കെ നോക്കി നിൽക്കുമ്പോൾ അവൾവന്നു. കയ്യിൽ പാലിന് പകരം പട്ടി
"പാലെവിടെ ?"
"പാവം ഇവൻ കുടിച്ചു ..ഇവനിന്നൊന്നും കഴിച്ചില്ല. ക്ഷീണിച്ചു പോയി കണ്ടില്ലേ ?"
സത്യായും ഒരു തോക്കു ഉണ്ടായിരുന്നേൽ ഞാൻ അതിനെ വെടിവെച്ച് കൊന്നേനെ .അവളുടെ മാറിൽ ഉറങ്ങി കിടക്കുന്നു അത് ..
"ഇന്നിവിടെ കിടത്താം..അവനിതു വരെ മാറി കിടന്നിട്ടില്ല ..ചിലപ്പോൾ പേടിച്ചാലോ ?"
മുല്ലപ്പൂ വിതറിയ മെത്തയിൽ പട്ടി
"വാ ഇവിടെ കിടക്കാം സ്ഥലം ഉണ്ടല്ലോ "അവളുടെ ഉലക്കമേലെ ക്ഷണം
"പിന്നെ നിന്റ പട്ടിയുടെ അടുത്തെന്റെ പട്ടി കിടക്കും പോടീ !@#$%^& മോളെ " മനസിലാട്ടോ പറഞ്ഞത്.
ഞാൻ നിലത്തൊരു ഷീറ്റ് വിരിച്ചു ..ഫസ്റ്റ് നൈറ്റ് സ്വാഹാ !
കൂടെ പട്ടിയില്ലാതെ അവളെ കാണാൻ കിട്ടാതായി .
"അതിനെ ഒന്ന് ഭൂമിയിൽ നിർത്തേടി അത് നടക്കാൻ മറന്നു പോകും "
പറഞ്ഞു നോക്കി .
ആര് കേൾക്കാൻ .
എന്റെ 'അമ്മ എന്നെ നോക്കുന്ന നോട്ടമുണ്ടല്ലോ സഹൃദയരെ പുച്ഛവും സഹതാപവും ഒക്കെ കൂട്ടികുഴച്ചു സമാസമം ..നീയെന്റെ വയറ്റിൽ ഉണ്ടായതാണോടാ എന്ന ഒരു ധ്വനിയും .
"ഏട്ടാ നാളെ ഒരു വിശേഷം ഉണ്ട് ഊഹിക്കാമോ ?നമുക്കു ആഘോഷിക്കാൻ ഉള്ള വകയുണ്ട് "അവളുടെ മുഖത്ത് പുഞ്ചിരി
ഞാൻ കലണ്ടറിൽ നോക്കി . ഈശ്വര !എന്റെ പിറന്നാൾ
കൊച്ചു കള്ളി സ്നേഹം ഉണ്ടല്ലേ ?
"നീയെങ്ങനെ അറിഞ്ഞു ? 'അമ്മ പറഞ്ഞോ ?'
"എന്ത് ?"
"നാളെ എന്റെ പിറന്നാൾ ആണെന്ന്"
"ഓ ഗ്രേറ്റ് ഏട്ടന്റെ പിറന്നാൾ നാളെയാണോ ? ചന്തുവിന്റെ പിറന്നാൾ നാളെയാ.വീട്ടിൽ ആണെങ്കിൽ ഞങ്ങൾ ഇത് കേക്ക് മുറിച്ചും ബിരിയാണി വെച്ചും ഒക്കെ ആഘോഷിക്കും .നമുക്കിത് ഒന്നിച്ചു ഇത് ആഘോഷിക്കാം " അവളുടെ സന്തോഷം കണ്ടാൽ ഇന്ത്യൻ പ്രസിഡന്റിന്റെ കൂടെയാ ഞാൻ പിറന്നാൾ ആഘോഷിക്കുന്നതെന്നു തോന്നും.
പട്ടിക്കൊപ്പം എന്റെ പിറന്നാൾ .ഇനി ഞാൻ ജീവിച്ചിരുന്നിട്ടെന്തു കാര്യം ! ദൈവമേ ഇവൾ മന്ദബുദ്ധിയാണോ ? കല്യാണം കഴിഞ്ഞിട്ടും പട്ടിയെ നോക്കിയിരിപ്പാണ് .ഇവൾക്ക് കുട്ടി വേണ്ടേ ?
വാതിൽക്കൽ മുട്ടു കേട്ട് ഞാൻ ചെന്ന് തുറന്നു 'അമ്മ കൈയിലൊരു പട്ടി കുട്ടി
എന്റെ സർവ്വനിയന്ത്രണവും പോയി
"യു ടൂ ബ്രുടസ്..ഒന്നിനെ കൊണ്ടേ ഇവിടെ മനുഷ്യൻ ആത്മഹത്യയുടെ വക്കിലാ അപ്പോളാണ് ഒന്ന് കൂടി "
'അമ്മ ഒരു ചിരിയോടെ അകത്തേക്ക് പോയി
രാത്രിഎന്റെ ഭാര്യയുമില്ല പട്ടിയുമില്ല
അവരെ അന്വേഷിച്ചു ചെന്ന ഞാൻ കണ്ടത് ചന്തു അന്ന് രാവിലെ കണ്ട പട്ടി കുട്ടിയുടെ ഒപ്പം സുഖം ആയുറങ്ങുന്നു അവൾ അടുത്തിരുപ്പുണ്ട്
"എന്താടി?"
" ചന്തു ...""ചന്തു വരുന്നില്ല "
" ചന്തുവാന്നോടീ നിന്റെ കഴുത്തിൽ താലി കെട്ടിയതു കേറി പോടീ മുറീല് ആ പട്ടിയുടെ ബുദ്ധി പോലും നിനക്കില്ലല്ലോ " കല്യാണം കഴിഞ്ഞ പുതുമോടിയാണെന്നതൊക്കെ ഞാൻ മറന്നു
അവൾ അന്തം വിട്ടെന്നെ നോക്കി പിന്നെ നേർത്ത ചിരിയോടെ മുറിയിലേക്ക്.
ങേ... അപ്പൊ ഇത്രേയുള്ളായിരുന്നോ ?ഈ ബുദ്ധി എനിക്ക് തോന്നിയില്ലല്ലോ
വാതിൽക്കൽ 'അമ്മ
ഞാൻ അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു
"അമ്മയാണ് അമ്മെ 'അമ്മ ..'അമ്മ വെറും അമ്മയല്ല അമ്മെ പൊന്നമ്മയാ പൊന്നമ്മ "
അമ്മയെന്നെ ചിരിയോടെ തള്ളിമാറ്റി
അങ്ങനെ ......അങ്ങനെ...
അങ്ങനെ ഒന്നുമില്ല കഥ തീർന്നു ..ശുഭം അല്ല പിന്നെ..

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo